അന്റാർട്ടിക്കൻ ഭൂഖണ്ഡത്തിൽ ജോലി ചെയ്യാൻ സന്നദ്ധരാണോ നിങ്ങൾ .?





✍- ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം

അന്റാർട്ടിക്കയിൽ ജോലി വേണോ ? മെഡിക്കൽ ഫിറ്റ്നസ് കിട്ടാൻ രണ്ട് അവയവങ്ങൾ ഓപ്പറേറ്റ് ചെയ്ത് മാറ്റേണ്ടി വരും...!!! അന്റാർട്ടിക്കൻ ഭൂഖണ്ഡത്തിൽ ജോലി ചെയ്യാൻ സന്നദ്ധരാണോ നിങ്ങൾ .? എങ്കിൽ ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരത്തിൽ നിന്ന് ഒരു ഓർഗനും ഒരു എക്ടോഡെർമൽ ഓർഗനും ആയി രണ്ടു തരം അവയവങ്ങൾ ഓപ്പറേറ്റ് ചെയ്ത് നീക്കം ചെയ്താലേ നിങ്ങൾക്കവിടെ ജോലി ചെയ്യാനുള്ള മെഡിക്കൽ ഫിറ്റ്നസ് കിട്ടൂ. നിങ്ങൾ ഒരു ചികിത്സാ വിദഗ്ദനായ ഡോക്ടറായിട്ടാണ് പോകുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ ആ രണ്ട് അവയവങ്ങൾ നിങ്ങളുടെ ഉടലിൽ നിന്ന് നീക്കം ചെയ്യേണ്ടിവരും. അവ ഏതെന്നല്ലേ ? 

ഒന്ന് നിങ്ങളുടെ അപ്പൻഡിക്സ് . രണ്ടാമത്തേത് നിങ്ങളുടെ വിസ്ഡം ടൂത്തുകളും . അതെന്തിനെന്നല്ലേ ? വിശദമാക്കാം ഏഴ് ഭൂഖണ്ഡങ്ങളാണ് ഇന്ന് ഭൂമിയിൽ . അതിൽ ഏറ്റവും വലിയ അഞ്ചാമത്തെ ഭൂഖണ്ഡം അന്റാർട്ടിക്കയാണ്. ഏഷ്യയും ആഫ്രിക്കയും വടക്കെ അമേരിക്കയും തെക്കെ അമേരിക്കയും കഴിഞ്ഞാൽ അടുത്ത സ്ഥാനം. 13660000 ചതുരശ്ര കിലോമീറ്റർ ആണ് അന്റാർട്ടിക്കയുടെ വലിപ്പം. ധ്യവ പ്രദേശത്തോട് ചേർന്ന് കിടക്കുന്നതിനാൽ ഭൂമിയിൽ ഏറ്റവും തണുപ്പ് നിറഞ്ഞ ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. അതി ശൈത്യം നിറഞ്ഞ കാലാവസ്ഥയായതിനാൽ അന്റാർട്ടിക ഒട്ടും ജനവാസ യോഗ്യമല്ല. കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാൽ അവിടെ താമസിക്കാൻ അധികം പേരും തയ്യാറല്ല. ആസ്ത്രേലിയയുടെ ഇരട്ടി വലിപ്പമുണ്ടെങ്കിലും അന്റാർട്ടിക്കയിലെ ആകെ ജനസംഖ്യ എത്രയെന്നോ ? കേരളത്തിലെ രണ്ടോ മൂന്നോ മുനിസിപ്പൽ വാർഡുകളിലെ ആൾക്കാരുടെ അത്ര പോലും വരില്ല അത്. കേവലം 2000 മുതൽ 5000 വരെ ആളുകൾ മാത്രമാണവിടെ. അത് തന്നെ 27 ഓളം രാജ്യങ്ങളിൽ നിന്നായി അന്റാർടിക്കയിൽ എത്തി പഠനങ്ങൾ നടത്തുന്ന പല വിഭാഗത്തിൽ പെട്ട സയന്റിസ്റ്റുകളും അവരെ സഹായിക്കാനുള്ള മെഡിക്കൽ സംഘവും മറ്റു സഹായികളുമൊക്കെയാണ്. 

 സീസൺ അനുസരിച്ച് അവിടെ തങ്ങുന്നവരുടെ എണ്ണത്തിൽ കുറവും കൂടുതലും വരും എന്നതിനാലാണീ ഏറ്റക്കുറച്ചിൽ . ഗ്ലേസിയോളജിസ്റ്റുകൾ ,ജിയോളജിസ്റ്റുകൾ കാലാവസ്ഥാനിരീക്ഷകർ ,രസതന്ത്രജ്ഞർ ,ഭൗതിക ശാസ്ത്രജ്ഞർ , സമുദ്രശാസ്ത്രജ്ഞർ എന്നിങ്ങനെയുള്ളവരാണ് അന്റാർടിക്കയിൽ ഉള്ള സയന്റിസ്റ്റുകൾ . അവരുടെ ഗവേഷണത്തിന് തുണ നൽകുന്നവരാണ് മറ്റുള്ളവർ . ഇവരൊക്കെത്തന്നെയും മൂന്ന് മുതൽ 6 മാസം വരെയാണ് തുടർച്ചയായി അവിടെ തങ്ങുക. അങ്ങേ അറ്റം പോയാൽ 15 മാസം വരെയും തങ്ങിയേക്കാം. അത്രമാത്രം മനുഷ്യ വാസത്തിന് യോജിക്കാത്ത സങ്കീർണമായ ഒരു കാലാവസ്ഥയാണവിടെ അന്റാർട്ടിക്കയിൽ പലപ്പോഴായി രേഖപ്പെടുത്തിയത് പ്രകാരം മൈനസ് -89.2 ഡിഗ്രി സെൽഷ്യസിൽ വരെ അവിടത്തെ താപനില താഴുമെന്ന് കണ്ടിട്ടുണ്ട്. എപ്പോഴും മൈനസ് ഡിഗ്രി ആയിരിക്കുന്ന അവിടെ ഒരിക്കൽ മാത്രമാണ് താപനിലയിൽ ഒരു മാറ്റം രേഖപ്പെടുത്തിയത്. 2015 ൽ ആണത് . അന്നൊരിക്കൽ 17.5 ഡിഗ്രി സെൽഷ്യസ് താപനില ഉയർന്നു. പിന്നെ പഴയ പടി മൈനസ് ഡിഗ്രിയിലേക്ക് തന്നെ എത്തി. അന്റാർട്ടിക്ക ഏറ്റവും തണുപ്പുള്ള ഭൂഖണ്ഡം മാത്രമല്ല, മണിക്കൂറിൽ 200 മൈലിലധികം വേഗതയിൽ കാറ്റ് വീശുന്ന ഇടം കൂടിയാണ്. ആ കാറ്റ് സഹിക്കാനും പ്രയാസമാണ്. 

അന്റാർട്ടിക്കയിൽ രണ്ട് ഋതുക്കളേ ഉള്ളൂ. സമ്മറും വിന്ററും . ആറു മാസത്തോളം നീളുന്ന വേനൽക്കാലത്ത് രാപകൽ ഭേദമില്ലാതെ എല്ലായ്പ്പോഴും സൂര്യപ്രകാശമുണ്ടാകും. ആറുമാസമുള്ള ശൈത്യകാലത്ത് രാത്രി, പകൽ എന്ന ഭേദമില്ലാതെ ഇരുട്ട് മാത്രവും . സൂര്യനെ കാണാനേ കിട്ടില്ല. മഞ്ഞ്, തണുപ്പ്, ശക്തമായ കാറ്റ്, ആറു മാസം നീളുന്ന ഇരുട്ട് എന്നിവയാൽ അന്റാർട്ടിക്കയിലേക്ക് ഉള്ള പോക്കു - വരവുകൾ ഒട്ടും എളുപ്പമല്ല. ഉദ്ദേശിക്കുന്ന സമയത്ത് യാത്ര ചെയ്യാൻ പോലും പറ്റാത്തതാവും കാലാവസ്ഥ . ഈ ഒരു സാഹചര്യമായതിനാൽ അന്റാർട്ടികയിൽ വച്ച് ഒരാൾക്ക് രോഗം വന്നാൽ അവിടത്തെ പരിമിതമായ ചികിത്സാ സംവിധാനമേ രക്ഷയ്ക്കുള്ളൂ. രോഗം ഗുരുതരമാണെങ്കിൽ മറ്റു ഭൂഖണ്ഡത്തിൽ വേഗത്തിൽ എത്തിക്കാൻ ഒരു നിർവ്വാഹവുമില്ല. മരണം ഉറപ്പ് എന്നർത്ഥം. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ചിലി, അർജന്റീന എന്നിവയൊക്കെയാണ് അടുത്ത രാജ്യങ്ങൾ . അവ തന്നെ അനേകായിരം കിലോമീറ്ററകലെയാണ്. ഒരു രോഗിയെയും കൊണ്ട് പ്രതികൂല കാലാവസ്ഥയിൽ അത്രയും ദൂരം താണ്ടുക എളുപ്പമല്ല. ഈ ഒരു സാഹചര്യം കണക്കിലെടുത്ത് അന്റാർട്ടിക്കയിലേക്ക് പോകുന്നവരുടെ ഫിസിക്കൽ ഫിറ്റ്നസ് ഉറപ്പാക്കിയേ യാത്രയ്ക്ക് അനുമതി നൽകൂ . ഹൃദയ സംബന്ധമോ മറ്റോ ആയ അസുഖ മുള്ളവർക്ക് അനുമതിയേ കിട്ടില്ല. 

ഇങ്ങനെ ചികിത്സാ സൗകര്യങ്ങൾ ഒട്ടുമില്ലാത്തതിനാലാണ് അന്റാർട്ടിക്കയിൽ പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ജ്ഞാനപല്ലുകളും അപ്പൻഡിക്സും നീക്കം ചെയ്യേണ്ടി വരുന്നത്. ഭൂഖണ്ഡത്തിൽ വച്ച് അപ്പൻഡിക്സ് തകരാറിലായാൽ ഉടനടി ഓപ്പറേറ്റ് ചെയ്ത് മാറ്റാൻ അവിടെ സംവിധാനമില്ല. രോഗിയെ ഉടനടി മറ്റേതെങ്കിലും ഭൂഖണ്ഡങ്ങളിലേക്കെത്തിക്കാമെന്ന് വച്ചാലോ അതിന് വിമാനമുണ്ടാകണമെന്നില്ല. ഉണ്ടെങ്കിൽ തന്നെ വിമാനത്തിന് പറക്കാൻ പറ്റിയ അനുകൂല കാലാവസ്ഥ ഉണ്ടാകണമെന്നില്ല. കപ്പൽമാർഗം എത്തിക്കാൻ ശ്രമിച്ചാലും മാസങ്ങൾ നീണ്ട യാത്ര വേണ്ടി വരും. അതും പ്രതികൂല കാലാവസ്ഥയിൽ . വൈദ്യസഹായം പരിമിതമായ ഈ സാഹചര്യത്തിൽ ഒരാൾക്ക് അപ്പൻഡിക്സ് തകരാറായി പ്രതിസന്ധി വരാതിരിക്കാനാണ് അന്റാർട്ടിക്കയിലേക്ക് പോകും മുമ്പ് തന്നെ ആ അവയവം നീക്കം ചെയ്യുന്നത്. ഇത് അപകടസാധ്യത കുറയ്ക്കും. വെറുതെ റിസ്ക് വേണ്ടല്ലോ. നമ്മുടെ ശരീരത്തിൽ ആമാശയത്തോട് ചേർന്നുള്ള ഒരു അവയവമാണ് അപ്പൻഡിക്സ് . നിറയെ നല്ല ബാക്ടീരിയകളെ ശേഖരിച്ചു വച്ച ഒരു അറയായി ആമാശയത്തിനരികെ അതുണ്ട് . *Appendix acts as a storehouse for good bacteria, “rebooting” the digestive system after diarrheal illnesses* വേണമെങ്കിൽ മാത്രം ശരീരത്തിന് ഉപയോഗിക്കാവുന്ന ബാക്ടീരിയകളെയും വഹിച്ചാണ് അതിന്റെ നില്പ്. *Some experts believe the appendix is just a useless remnant from our evolutionary* അതവിടെ ഇല്ലെങ്കിലും നമ്മുടെ ശരീരത്തിന് വലിയ കുഴപ്പമൊന്നുമില്ല. എന്നാൽ അതിന് Damage വന്ന് പൊട്ടിയാൽ ആൾ മരിക്കാനും ഇടയുണ്ട്. ഈ ഒരു സാഹചര്യമായതിനാൽ സാധാരണ തന്നെ ഇവിടത്തെ പല ഡോക്ടർമാരും ചില രോഗികളോട് അപ്പൻഡിക്സ് നീക്കം ചെയ്യാൻ നിർദ്ദേശിക്കാറുണ്ട്. പലരും ചെയ്യാറുമുണ്ട്. 

പരിണാമ പ്രക്രിയക്കിടയിൽ നമ്മുടെ ഉടലിന് വേണ്ടാതാവുകയോ പ്രവർത്തനം നിലച്ചതോ ആയ ഒരു വെസ്റ്റീജ് ആണ് അപ്പൻഡിക്സ് . അപ്പോൾ പിന്നെ അത് മുറിച്ചു മാറ്റുന്നത് കൊണ്ടു കുഴപ്പമില്ലല്ലോ എന്നതിനാലാണ് അന്റാർടിക്കയിൽ പോകുന്നവരോട് അത് മുറിച്ചു മാറ്റാൻ പറയുന്നത്. Wisdom Tooth ന്റെ കാര്യവും അങ്ങനെ തന്നെ. മനുഷ്യന്റെ വായിൽ പതിനാറോ പതിനേഴോ വയസ്സിന് ശേഷം അണപ്പല്ലുകൾക്ക് സമീപം ഉണ്ടാകുന്ന രണ്ട് ജോഡി പല്ലുകളാണ് Wisdom Tooth . മുമ്പ് നായാടിയായി നടന്ന കാലത്തെ മനുഷ്യർക്ക് വേവിക്കാത്ത മാംസവും എല്ലും കാട്ടിലെ കട്ടിയേറിയ ഫലമൂലാദികളും ഭക്ഷിക്കാൻ ആ പല്ലുകൾ വേണ്ടിയിരുന്നു. എന്നാൽ വേവിച്ചതും മൃദുവായതുമായ ആഹാരം കഴിക്കുന്ന ഇന്നത്തെ ആൾക്കാർക്ക് ആ പല്ലുകൾ ഒരനാവശ്യ വസ്തുവാണ്. അനാവശ്യമാണ് എന്നതിനപ്പുറം പലപ്പോഴും ആ പല്ലുകൾ വളരെ വേഗം കേട് വന്ന് പഴുപ്പ് മോണയിലേക്കിറങ്ങി ഗുരുതരമായ അസുഖങ്ങൾക്കും കാരണമാകും. അതിനാൽ അവ രോഗമില്ലെങ്കിൽ പോലും നീക്കം ചെയ്താലും നമ്മുടെ ശരീരത്തിന് തകരാറില്ല . ദന്ത ഡോക്ടർമാർ അത് നിർദ്ദേശിക്കാറുമുണ്ട്. ഈ വിസ്ഡം ടൂത്തുമായി ഒരാൾ അന്റാർട്ടിക്കയിൽ ജോലിക്ക് പോയാൽ അവിടെ വച്ച് ദന്തരോഗം പിടിപെട്ടാൽ അത് പറിച്ചു കളയാനുള്ള വിദഗ്ദനായ Dentist അവിടെയില്ല എന്നതിനാലാണ് ഇവിടെ നിന്നേ അത് നീക്കം ചെയ്യിച്ച് അയക്കുന്നത്. ഇനി ഡോക്ടർമാരായവർക്ക് Appendix ഉം Wisdom Tooth ഉം നീക്കം ചെയ്താലേ അന്റാർട്ടിക്കയിലേക്ക് യാത്രയ്ക്ക് അനുമതി നൽകൂ എന്ന് പറയാനുള്ള കാര്യമറിയണ്ടേ. ഡോക്ടർമാരും മനുഷ്യരാണ്. രോഗം അവർക്കും വരാം. അന്റാർട്ടിക്കയിലേക്ക് ഡോക്ടർമാരെ അയക്കുന്നത് അവിടെ ജോലി ചെയ്യുന്ന മറ്റുള്ളവർക്ക് രോഗം വന്നാൽ ചികിത്സിക്കാനാണ്. അതിനിടെ ഡോക്ടർക്ക് തന്നെ പല്ല് വേദന വന്നാലോ അപ്പൻഡിക്സ് തകരാറ് വന്നാലോ ആര് ചികിത്സിക്കും. ? സർജറി ആവശ്യമായി വന്നാൽ ആര് ചെയ്യും ?. അത്തരമൊരു പ്രതിസന്ധി വരാതിരിക്കാനാണ് ഡോക്ടർമാരായവർ ജ്ഞാനപ്പല്ലും അപ്പൻഡിക്സും നീക്കം ചെയ്തവരായിരിക്കണം എന്ന് പ്രത്യേകം നിർദ്ദേശിക്കുന്നത്. ഇവ നീക്കം ചെയ്തവരും മറ്റെല്ലാ തരത്തിലും ഫിസിക്കലി ഫിറ്റായവരും ആയ ഡോക്ടർമാരെയേ അന്റാർട്ടിക്കയിലേക്കയക്കൂ. 



COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ