കടലിനു നടുവിലെ ഞങ്ങളുടെ ഖനന ഫാക്ടറിയിൽ ഏകദേശം മുപ്പതോളം തൊഴിലാളികൾ ഉണ്ട്. പല
നാടുകളിൽ നിന്ന് വന്നവർ. ആറ് മാസം വരുന്ന ഷിഫ്റ്റ് കഴിഞ്ഞാൽ എല്ലാവരും തിരികെ പോകും. വീണ്ടും അടുത്ത മുപ്പത് പേർ
വരും.
ഇന്ന് ഏപ്രിൽ 20. ഒരാഴ്ച കൂടെ കഴിഞ്ഞാൽ എന്റെ ഷിഫ്റ്റ് അവസാനിക്കും.
വാക്കി ടോക്കി ഓൺ ചെയ്തപ്പോഴേക്കും താഴെ നിന്ന് ഓപ്പറേറ്റർ മെസ്സേജ് തരാൻ തുടങ്ങിയിരുന്നു.
"സാർ, ജെയിംസ് ഹിയർ ഓപ്പറേറ്റർ നമ്പർ 2, ഗ്രൗണ്ട് 3 എല്ലാം ക്ലിയർ
ആണ്"
"ജെയിംസ്, പ്രഷർ ലെവൽ നോർമൽ അല്ലെ "
"അതെ സർ, പിന്നെ ഓക്സില്ലറി അൽട്രനേറ്റർ സെർവിസിൽ ആണ്. "
"ജെയിംസ്, അത് പെട്ടെന്ന് തന്നെ ക്ലിയർ ചെയ്യണം "
"യെസ്, സർ "
"ഓക്കെ ജെയിംസ്.. ഒരു റൂട്ടീൻ പോലെ പറയുന്നത് ആണ് കാര്യങ്ങൾ എല്ലാവർക്കും
അറിയാം.. നമ്മൾ കടലിനു നടുവിലെ ഒരു സെമി സബ്മേഴ്‌സിബിൽ പ്ലാറ്റ്ഫോമിലാണ്, മറ്റു ഫാക്ടറി പോലെ അല്ല.. നമ്മൾ കൂടുതൽ
ജാഗ്രത ആയി ഇരിക്കേണ്ടതാണ്, എന്ത് അബ്നോർമാലിറ്റി കണ്ടാലും റിപ്പോർട്ട് ചെയ്യണം.. ഓക്കേ "
"യെസ് സാർ "
"ജെയിംസ്, നീ ROUV ഉപയോഗിച്ച് ഒന്നുകൂടെ ചെക്കപ്പ് ചെയ്യണം.. ഞാൻ അലന്റെ റൂമിൽ
ഒന്ന് ചെല്ലട്ടെ "
"ഓക്കേ, സർ,പിന്നെ അലൻ നല്ല വിഷമത്തിൽ തന്നെ ആണെന്നാണ് തോന്നുന്നത് ,അവൻ ഇന്ന്
ഒന്നും സംസാരിച്ചിട്ടില്ല "
"ഒകെ ജെയിംസ്, അലന്റെ കാര്യം ഞാൻ മാനേജ് ചെയ്യാം "
പരിചയപ്പെട്ടതിൽ മികച്ച ഒരു ടെക്‌നിഷ്യൻ ആണ് ജെയിംസ്. അലനും അതേ പോലെ തന്നെ
ആയിരുന്നു.
ഒരു ഓപ്പറേറ്റർക്ക് അനിവാര്യമായി വേണ്ടത് ശ്രദ്ധയാണ്. ആളുകളെ ജോലിക്ക് എടുക്കുമ്പോൾ ഏറ്റവും അധികം പരിഗണിക്കേണ്ട
കാര്യവും അതുതന്നെയാണ്. അലന്റെ കാര്യത്തിൽ കമ്പനിക്ക് ഒരു വലിയ പിഴവ് തന്നെയാണ് സംഭവിച്ചത്. ഒത്തിരി ടെസ്റ്റുകൾക്ക്
ശേഷമാണ് ഒരു ഓപ്പറേറ്ററെ ജോലിക്ക് എടുക്കുന്നത്. പക്ഷെ അതിലൊന്നും അലൻ മെന്റലി അൺസ്റ്റേബിൾ ആണെന്ന് കമ്പനിക്ക്
തോന്നിയിരുന്നില്ല.
അലന്റെ റൂമിലേക്ക് പോകുന്ന വഴി ആണ് സെൻട്രൽ പാനലുകൾ എല്ലാം സ്ഥിതി ചെയ്യുന്നത്. അസാധാരണമായി ഒന്നും കണ്ടിട്ടില്ല.
പ്രഷർ ഗേജ് നോർമൽ ആയിരുന്നു. സെമിനുമറ്റിക് കംപ്രസ്സർ ഗ്രീൻ ഗേജ് കാണിക്കുന്നുണ്ട്.
സത്യം പറഞ്ഞാൽ അലനെ ഫേസ് ചെയ്യാൻ ഒരു മടി ഉണ്ടായിരുന്നു.
"അലൻ, വാതിൽ ഒന്ന് തുറക്കാമോ"
ഞാൻ വരുമെന്ന് പ്രതീക്ഷിച്ചു ഇരുന്ന പോലെ പെട്ടെന്ന് തന്നെ അലൻ വാതിൽ തുറന്നു.
അവൻ എന്നെ കണ്ടതും വാച്ച് നോക്കി
" വൗ, പെർഫെക്ട് ടൈം. "
അവൻ വല്ലാത്ത അത്ഭുതത്തോടെ എന്നെ നോക്കി.
അലൻ ജോലിയിൽ നല്ല ഉത്സാഹവാനായിരുന്നു.പിന്നീട് അലന്റെ സ്വഭാവത്തിൽ എന്തെല്ലാമോ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു.
ഒരിക്കൽ ഡ്യൂട്ടിക്ക് ഇടയിൽ അലൻ എന്നോട് ഒരു കഥ പറഞ്ഞു. അവന്റെ അമ്മയുടെ മരണത്തെ പറ്റി. ആദ്യം കരുതിയത് അവൻ ഒരു തമാശ
പോലെ പറയുക ആണെന്നാണ്.
ഒരിക്കൽ രാവിലെ അലൻ ഉണർന്നപ്പോൾ അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് ജോലിക്ക് പോയതായിരുന്നു അമ്മ. അന്ന് വൈകുന്നേരം
നടന്ന ഒരു ബസ് ആക്സിഡന്റിൽ അവന്റെ അമ്മ മരണപ്പെട്ടു. അത് അവനെ ആകെ മാനസികമായി തളർത്തി.
അന്ന് സങ്കടത്തിൽ അവൻ തളർന്നു കിടന്നു ഉറങ്ങി. പക്ഷെ പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ വീണ്ടും അമ്മയെ കണ്ടു. ഒന്നും
സംഭവിക്കാത്ത
പോലെ അവന്റെ നെറ്റിയിൽ ഒരു ഉമ്മ തന്ന് വീണ്ടും യാത്രയായി.അലന്റെ കാഴ്ചപ്പാട് പ്രകാരം ആ സംഭവം അഞ്ചോ ആറോ തവണ
നടന്നെന്നാണ് . കുട്ടി ആയത് കൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് അവന് മനസ്സിൽ ആയിരുന്നില്ല.
പിന്നീട് അവൻ അതെല്ലാം മറന്നു.
ഒത്തിരി വർഷങ്ങൾക്ക് ശേഷം അവന് ഞങ്ങളുടെ കമ്പനിയിൽ ജോലിക്ക് സെലക്ഷൻ കിട്ടി.
ആദ്യ ദിവസം ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും ഉത്തരം അവൻ എഴുതിയിരുന്നില്ല. പക്ഷെ പിറ്റേ ദിവസം അവനു വീണ്ടും അവിടെ തന്നെ
വരേണ്ടി വന്നു. അവനു അതൊക്കെ ഈസി ആയി ചെയ്യാൻ പറ്റി.
അന്നത്തെ ദിവസം അവന്റെ ജീവിതത്തിൽ വീണ്ടും വീണ്ടും സംഭവിച്ചു കൊണ്ടിരുന്നു .
അലൻ പറയുന്നത് ചില പ്രത്യേക ദിവസം അവന്റെ ജീവിതത്തിൽ ആവർത്തിക്കും എന്നാണ്.
ആദ്യമൊക്കെ ഒരു തമാശയായി കരുതിയെങ്കിലും ഇത്തരം കാര്യങ്ങൾ അവൻ വീണ്ടും പറഞ്ഞു തുടങ്ങിയപ്പോൾ കമ്പനിയിൽ റിപ്പോർട്ട്
ചെയ്യുകല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു. പിന്നീട് അവൻ പറഞ്ഞ പല കാര്യങ്ങളും ഞങ്ങളെ ജോലിയെ തന്നെ ബാധിക്കും വിധം
ആയിരുന്നു.
"അലൻ, ഹൌ ആർ യു "
അലൻ മറുപടി പറഞ്ഞില്ല. അവൻ ഒന്നും മിണ്ടാതെ ഒരു പേപ്പറും കയ്യിൽ വച്ച് കട്ടിലിൽ ചെന്നിരുന്നു. ചെറിയ ഗ്ലാസ്
ജാലകത്തിലൂടെ അവൻ കടൽ നോക്കി ഇരിക്കുക ആണ്.
"അലൻ, എന്നോട് വിഷമം ഒന്നും തോന്നരുത്.. നിന്നെ ഒരിക്കലും ജോലിയിൽ നിന്ന്
പിരിച്ചുവിടുകയല്ല.. നിനക്ക് ഒരു ബ്രേക്ക് ആവശ്യമാണ് "
അലൻ മറുപടി ഒന്നും പറയാതെ എന്നെ നിസ്സഹായതയോടെ ഒന്ന് നോക്കി.
"സാർ, ഞാൻ എന്ത് പറഞ്ഞാലും നിങ്ങളാരും വിശ്വസിക്കില്ല . പിന്നെ സാർ എന്നോട് ഈ
പറയുന്നതും എന്നെ വന്നു കാണുന്നതും ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുകയാണ് .."
"അലൻ, പ്ലീസ് സ്റ്റോപ്പ് ദിസ് .. നമുക്ക്.... നമുക്ക് മറ്റു വല്ലതും
പറഞ്ഞിരിക്കാം..
"അലന്റെ ഈ ഷിഫ്റ്റിലെ ലാസ്റ്റ് ഡേ അല്ലെ ഇന്ന്.. ഇതല്ലേ സർ പറയാൻ വന്നത്
..."
എന്റെ വാക്കുകൾ അവൻ ബാക്കി പറഞ്ഞപ്പോൾ ഇനിക്ക് ചെറുതായി ഒരു അമ്പരപ്പ് തോന്നി.
അലൻ അപ്പോഴും ചിരിച്ചു.
" സാർ ഞാൻ ഒരിക്കലും നിങ്ങളെ കുറ്റപ്പെടുത്തില്ല .. ചില കാര്യങ്ങൾ ഒരിക്കലും
മാറ്റാൻ പറ്റില്ലെന്ന് മനസിലായി..അങ്ങനെ പറ്റുമെങ്കിൽ ഞാൻ എന്റെ അമ്മയെ അന്ന് രക്ഷിച്ചേനെ "
"അലൻ..നിന്റെ വിഷമം എനിക്ക് മനസ്സിൽ ആകും..."
"ഇല്ല.. സാർ, സാറിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും ഇതൊന്നും
വിശ്വസിക്കില്ല..."
"അലൻ, നീ റെസ്റ്റ് എടുക്ക്.. നീ ആകെ ക്ഷീണിച്ചിരുന്നു.."
"സാർ,
എനിക്ക് മുന്നോട്ട് ജീവിക്കാൻ ഒരു ആഗ്രഹവും ഇല്ല.. ഇതും പല തവണ ഞാൻ പറഞ്ഞതാണ്.. ചിലപ്പോൾ ഇന്നത്തെ ദിവസം ഇന്നത്തോടെ
തന്നെ തീരും അങ്ങനെ ആണേൽ ഇനി ഒരിക്കലും ഇതൊന്നും പറയേണ്ടി വരില്ല "
" നീ ഓരോന്ന് ചിന്തിച്ചു ഇരുന്നിട്ടാണ് ഓരോരോ ഇല്ലാത്ത കാര്യങ്ങൾ തോന്നുന്നത്
"
" സാർ, സമയം ആയിതുടങ്ങി, എല്ലാവരെയും രക്ഷിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ
പറഞ്ഞാൽ വീണ്ടും എന്നെ ഈ മുറിയിൽ പൂട്ടിയിടുക അല്ലാതെ ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ പരിഗണിക്കില്ല എന്ന്
മനസ്സിലായി."
"അലൻ..ലെറ്റസ് സ്റ്റോപ്പ് ദിസ്, നാളെ സ്പെഷ്യൽ ബോട്ടിൽ അലനെ നാട്ടിൽ
എത്തിക്കും.. നീ ഒന്ന് റസ്റ്റ് എടുത്തു വരുമ്പോഴേക്കും എല്ലാം ശരിയാകും "
"നാളെ, നാളെയോ , ഒരിക്കലും ഇല്ല സാർ, ഇപ്പോൾ തന്നെ സമയമായി
തുടങ്ങിയിരിക്കുന്നു "
"അലൻ.. നീ.."
എനിക്കത് പൂർത്തിയാക്കാൻ പറ്റിയില്ല. അപ്പോഴേക്കും താഴെ അലാറം അടിക്കുന്ന ശബ്ദം കേട്ടിരുന്നു. വാക്കി ടോക്കി ഓഫ്
ആയിരുന്നു. അത് ഓൺ ചെയ്തപ്പോൾ ജെയിംസിനെ കണക്ട് ആയി..
"ജെയിംസ്.. ഈസ് എവെരി തിങ് ഒകെ?"
വാക്കി ടോക്കിയിൽ ഭീതിയോടെ ഉള്ള ജെയിംസിന്റെ ശബ്ദം കേട്ടു
തുടങ്ങിയിരുന്നു.
"സാർ, ഞങ്ങൾ ഒരു ROUV അയച്ചിരുന്നു..ഹെവി ഓയിൽ സ്പിലിങ് ഉണ്ട് "
"ജെയിംസ്.. എത്ര റേറ്റിൽ .." എന്റെ മനസ്സിൽ ടെൻഷൻ കൂടിയിരുന്നു.
ഞാൻ പറഞ്ഞു കമ്പ്ലീറ്റ് ആകുമ്പോഴേക്കും അലൻ വാക്കി ടോക്കി തട്ടി എടുത്തു.
"സാർ ഈ പേപ്പർ കണ്ടോ, ഏകദേശം 7000 ബാരൽ ഓയിൽ സ്പിലിങ് ഉണ്ട്.. എല്ലാ
ഡീറ്റൈൽസും ഇതിൽ ഉണ്ട്.. "
"അലൻ.. "
"ആദ്യ ബ്ലാസ്റ്റിൽ നമ്മൾ എല്ലാവരും കൊല്ലപ്പെട്ടു.. പക്ഷെ കണ്ണ് തുറന്നപ്പോൾ
പണ്ടത്തെ പോലെ വീണ്ടും ഈ ദിവസം തന്നെ..ഈ കാര്യം പറഞ്ഞപ്പോൾ എനിക്ക് മാനസിക പ്രശ്നം ആണെന്ന് പറഞ്ഞ് നിങ്ങൾ എന്നെ
ഒഴിവാക്കി.. ഇന്ന് ചിലപ്പോൾ അവസാന ദിവസം ആയേക്കാം.. ഇനി ചിലപ്പോൾ ഈ കാഴ്ചകൾ കാണാൻ നമ്മൾ ഉണ്ടാവില്ല "
അലന്റെ വാക്കുകൾ എന്നെ ആകെ ഒരു കൺഫ്യൂഷൻ ആക്കി. അലൻ അവന്റെ കയ്യിലെ വാച്ചിൽ
നോക്കി. അവന്റെ മുഖത്ത് ഒരു സങ്കടം നിഴലിച്ചിരുന്നു..
"സർ നമ്മൾ അഞ്ചാമത്തെ തവണ ആണ് കത്തിയമരുന്നത്.. മെ ബീ ഇത് അവസാന തവണ
ആയിരിക്കും "
ഞങ്ങളെ റൂം ആകെ ചൂട് പിടിച്ചിരുന്നു.
"സാർ, ഹെർ വീ ഗൊ " അവന്റെ ശബ്ദം ഇടറിയിരുന്നു.
അലന്റെ മുഖത്തെ തൊലി ചൂടുകൊണ്ട് ഉരുകുന്നപോലെ തോന്നി. എനിക്കും വേദന സഹിക്കാൻ വയ്യായിരുന്നു.
ഞങ്ങളുടെ ഭീമാകാരമായ പ്ലാറ്റഫോം കടലിനു നടുവിൽ ഒരു ഉഗ്ര ശബ്ദത്തോട് കൂടെ പുകപടലത്തിൽ ഉൾപ്പെട്ടു കഴിഞ്ഞിരുന്നു.
ശക്തമായ ചൂടുകൊണ്ട് ലോഹ ഭാഗങ്ങൾ വരെ ഉരുകിത്തുടങ്ങിയിരുന്നു.
എന്റെയും അലന്റെയും ഇടയിൽ ഭീമാകാരമായ ഒരു തീഗോളം പ്രത്യക്ഷപ്പെട്ടു.
നിമിഷ നേരം കൊണ്ട് ഞങ്ങൾ മുപ്പത്തോളം ആളുകൾ ഭൂമിയിൽ നിന്ന് തുടച്ചു നീക്കപ്പെടും എന്ന് ഉറപ്പായി.
ചൂടുകൊണ്ട് ശരീര ഭാഗങ്ങൾ വേർപെട്ട് പോകുന്നത് കണ്ണടയുന്നതിന് മുന്നേ കാണാൻ സാധിച്ചു. ഒപ്പം കത്തി തെറിച്ചു പോയ അലന്റെ
ശരീരവും.
****
( അവസാനിച്ചു )