Story by Bobish MP
ആൻസിയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ആദ്യം ഒന്ന് പകച്ചു പോയി. ഇതുവരെ ഇങ്ങനെയൊരു പ്രശ്നം ആൻസിയോ സെലിനോ എന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ല.
" ഏഹ് "
ആൻസി പറഞ്ഞത് കേട്ടിട്ടും ഞാൻ ഒന്നുകൂടെ മൂളി.
"നമ്മുടെ മോളെ ആരോ ഫോളോ ചെയ്യുന്നുണ്ടെന്ന്.."
സെലിൻ, ഞങ്ങളുടെ ഏക മകൾ. എപ്പോഴും സന്തോഷത്തിൽ ഇരിക്കുന്ന അവൾക്ക് ഈയിടെയായി എന്തെല്ലാമോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നിയിരുന്നു . ഈ നവംബറിൽ അവൾക്ക് 15 വയസ്സ് തികയും.
"സെലിൻ നിന്നോട് വല്ലതും പറഞ്ഞോ "
ഞാൻ മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ അവളോട് ചോദിച്ചു.
അവൾ മറുപടി പറയാതെ കയ്യിലെ മൊബൈൽ ഫോൺ എന്റെ നേരെ നീട്ടി. അതിൽ സെലിന്റെ മെസ്സേജ് ഫോൾഡർ ഓപ്പൺ ആയിരുന്നു. അതിൽ "Who" എന്ന് സേവ് ചെയ്ത നമ്പറിൽ നിന്ന് ഒത്തിരി മെസ്സേജ് ഉണ്ടായിരുന്നു.
ജൂൺ 19: 5:00 പിഎം
....
"ഹായ്.. ഞാൻ ആരാണെന്ന് മനസ്സിലായോ .. "
ജൂൺ 20: 4:00 പിഎം
.....
"നീ എന്താ ഒരു റിപ്ലൈ തരാത്തത്.. നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണെടോ "
ജൂൺ 22: 01:00 പിഎം
.....
"നീ എന്റെ ഒപ്പം വരുമോ.. ഐ ലവ് യു "
"ആൻസി.. നീ പേടിക്കേണ്ട , ഈ മെസ്സേജ് കണ്ടാലറിയില്ലേ...ഇത് അവളെ ഒപ്പം പഠിക്കുന്ന ഏതോ ഒരു പയ്യന്റെ പണിയാണ് .. ചെറിയ കുട്ടി അല്ലെ..അവനെ ഒന്ന് പേടിപ്പിച്ചാൽ മതിയാകും"
ആൻസിയെ സമാധാനിപ്പിച്ചെങ്കിലും അവളുടെ മുഖം ഇപ്പോഴും വാടിയിരിക്കുകയാണ്.
മെസ്സേജ് വന്ന നമ്പറിൽ ഞാൻ പല തവണ വിളിച്ചു നോക്കി.പക്ഷെ കാൾ കണക്ട് ആയിരുന്നില്ല. എന്താണെങ്കിലും അന്ന് സെലിനെ സ്കൂളിൽ നിന്നു വീട്ടിലേക്ക് കൊണ്ടുവരാൻ ഞാൻ പോകാമെന്നു ആൻസിയോട് പറഞ്ഞു . സ്‌കൂളിന് പുറത്ത് ആൻസിക്ക് പകരം എന്നെ കണ്ട സെലിൻ ഓടി അടുത്ത് വന്നു.
"പപ്പാ.. ആരോ... "
"മോളെ, നീ വണ്ടിയിൽ കയറ്, മമ്മി കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്, അവനെ പപ്പ നോക്കിക്കോളാം ."
ഇത്തരം ചെറിയ കാര്യങ്ങൾ പോലും അവൾക്ക് നേരിടാൻ കഴിയാത്തത് ഒരു പ്രശ്നം തന്നെ ആണ്.
ഞങ്ങളുടെ വീട് ഒരു ചെറിയ ഹിൽ സ്റ്റേഷനിലാണ്. അതുകൊണ്ട് തന്നെ വീട്ടിലേക്കുള്ള വഴി കൂടുതലും വിജനമാണ്.
സെലിൻ പുറത്തേക്ക് തന്നെ നോക്കി ദുഃഖത്തിൽ ഇരിക്കുകയാണ്.
"സെലിൻ, നീ എന്താ ആലോചിക്കുന്നത് .."
"പപ്പാ അവൻ.. അവൻ എന്നെ കൊല്ലും "
എനിക്ക് അത് കേട്ടപ്പോൾ സത്യത്തിൽ ദേശ്യം വന്നു.
"സെലിൻ, നീ വെറുതെ ഓരോന്ന് ഓർത്തു പരീക്ഷ കുളമാക്കരുത് "
അവൾ എന്റെ കൈ പിടിച്ചു മെല്ലെ തോളിൽ തല ചായ്ച്ചു. അപ്പോഴാണ് വഴിയിൽ മൂടൽ മഞ്ഞു പോലെ ഒരു പുക പടലം കണ്ടത്.
സെലിനെ കാറിൽ തന്നെ ഇരുത്തി ഞാൻ മെല്ലെ പുറത്തിറങ്ങി . മുന്നോട്ട് ചെന്നപ്പോൾ അവിടെ ഒന്നും തന്നെ കാണാനില്ലായിരുന്നു. തോന്നൽ അല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
ഏകദേശം ഒരു മൂന്നടി മാറി റോഡിൽ ഒരു കത്ത് കിടപ്പുണ്ടായിരുന്നു.
"വീട്ടുകാരെ നീ ഭയപ്പെടേണ്ട... നിന്നെ ഞാൻ കൊണ്ട് പോകും "
ആ കത്ത് കണ്ടപ്പോൾ ഞാനാകെ ഭയന്നു. കാലിൽ നിന്നൊക്കെ ഒരു തരിപ്പ് കയറുന്ന പോലെ. കത്തിന്റെ അടിയിൽ ഒരു ഹൃദയത്തിന്റെ ചിഹ്നം. അതും രക്തത്തിൽ.പക്ഷെ എന്നെ ഞെട്ടിച്ച കാര്യം അതൊന്നുമല്ലായിരുന്നു.
ആ കത്ത് എന്റെ കയ്യക്ഷരത്തിൽ ആയിരുന്നു.
അത് വരെ എന്റെ ഉള്ളിലുണ്ടായിരുന്ന ധൈര്യം ചോർന്നു പോയിരുന്നു.
കാറിലേക്ക് നോക്കിയപ്പോൾ സെലിൻ ഫോൺ ചെവിയിൽ വെച്ച് പേടിയോടെ ഇരിക്കുന്നതാണ് കണ്ടത്.
ഞാൻ ഓടി കാറിൽ കയറി.
അവൻ എന്നെ വിളിച്ചു .... "പപ്പാ.."
"സെലിൻ നീ പേടിക്കേണ്ട."
ഞാൻ ഫോൺ അവളുടെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി.
കാൾ കട്ട് ആയിരുന്നില്ല.
"ഹലോ.. നീ ആരാണ് സംസാരിക്കുന്നത് "
എന്റെ ചോദ്യത്തിന് അവൻ ഒരു മറുപടിയും പറഞ്ഞില്ല. പക്ഷെ മറുതലയ്ക്കൽ അവന്റെ ശബ്ദം കേൾക്കാം.
"എന്ത് വന്നാലും നിന്നെ ഞാൻ കൊണ്ട് പോകും, എനിക്ക് നിന്റെ മറുപടി കാത്തിരിക്കാൻ സമയം ഇല്ല "
"നീ ആരാ.. എന്താ നിന്റെ പേര് "
ഞാൻ അത്യാവശ്യം നല്ല ദേശ്യത്തിൽ തന്നെ ചോദിച്ചു.
"ജോയ്"
അതും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു. അത് കേട്ടതും ഞാനാകെ ഭയന്നു. എന്റെ പേര്.എന്റെ ശബ്ദം.
"Who" എന്ന് അവൾ സേവ് ചെയ്തത് എന്റെ പഴയ നമ്പർ ആണെന്ന് ഞെട്ടലോടെ ഞാൻ മനസ്സിലാക്കി.
സെലിനും എന്നെ പോലെ തന്നെ ഭയന്ന് കാറിൽ ഇരിക്കുക ആണ്. ഫോണിൽ കേട്ട ശബ്ദം എന്റേത് ആണെന്ന് അവൾക്ക് മനസ്സിലായില്ല.
സന്തോഷം നിറഞ്ഞ ഞങ്ങളുടെ വീട് ആകെ വിഷമത്തിൽ ആയിരുന്നു. എല്ലാവരെക്കാളും പേടി ഇപ്പോൾ എന്റെ ഉള്ളിലായിരുന്നു. പുറത്താണെങ്കിൽ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു.പെട്ടെന്ന് ചുറ്റിലാകെ ഇരുൾ പരന്നു.
കറണ്ട് പോയതോടെ ആൻസി എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.
"സെലിൻ..... " ആൻസി സെലിന്റെ മുറി നോക്കി ഉച്ചത്തിൽ വിളിച്ചു
പക്ഷെ മറുപടി ഒന്നും കിട്ടിയില്ല.പേടികൊണ്ട് ഞങ്ങൾ അവളുടെ റൂമിൽ ചെന്ന് നോക്കി. പക്ഷെ അവിടെ സെലിൻ ഉണ്ടായിരുന്നില്ല.
ആൻസി പേടിച്ച് കരയാൻ തുടങ്ങി.
ആപ്പോൾ അടുത്ത കാൾ വീണ്ടും വന്നു.
"തളർന്നു കിടക്കുന്ന ഒരു അച്ഛൻ മാത്രമേ നിനക്കുള്ളു.. നിന്നെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം.."
അതും പറഞ്ഞ് കാൾ കട്ട് ആയി.
"ജോയ്.. ഈ ശബ്ദം ഇത് നിന്റെ അല്ലെ "
ആലീസ് പേടിയോടെയും സംശയത്തോടെയും ചോദിച്ചു. അവളോട് എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. വർഷങ്ങൾക്ക് മുൻപേയുള്ള എന്റെ ശബ്ദം അവൾ തിരിച്ചറിഞ്ഞിരിക്കുന്നു.
അപ്പോൾ വീണ്ടും അടുത്ത കാൾ വന്നു. ഈ തവണ എൻറെ ശബ്ദം അല്ലായിരുന്നു. പകരം ഒരു സ്ത്രീ ശബ്ദം ആയിരുന്നു.
"ജോയ്..... നിനക്ക് ആ മെസ്സേജുകളും കത്തുകളും ഓർമ ഉണ്ടോ..."
"പ്ലീസ് എന്റെ മകളെ ഒന്നും ചെയ്യരുത് "
വീണ്ടും കാൾ കട്ട് ആയി. പുറത്ത് ആണെങ്കിൽ മഴയും മിന്നലും ശക്തി പ്രാപിച്ചു വരുക ആണ്.
"ജോയ്, ഇതൊക്കെ ആരാണ്, നിന്റെ ശബ്ദത്തിൽ ആരാണ് സംസാരിക്കുന്നത്,. എന്റെ മോളെവിടെ."
ആൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
അവളോട് എല്ലാം തുറന്നു പറയുക അല്ലാതെ വേറെ മാർഗം ഒന്നുമില്ലായിരുന്നു.
"ആൻസീ, എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയില്ല..ഈ കത്തുകൾ... മെസ്സേജ്...ഈ ഫോൺ കാൾ... ഇതൊക്കെ ഞാൻ ചെയ്തതതാണ്.. പക്ഷെ ഇപ്പോൾ എനിക്ക് എന്റെ മോളുടെ ജീവിതം ആണ് വലുത് .."
"ജോയ്. എന്താണ് എന്റെ മകൾക്ക് പറ്റിയത്... ഇതൊക്കെ..."
ആലീസിന് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അവൾ പേടിച് എന്നെ തന്നെ നോക്കി നിന്നു. എന്റെ പുറകിൽ വല്ലാത്ത ഒരു തണുപ്പ് വരുന്ന പോലെ തോന്നി.
നീണ്ട നഖമുള്ള തണുത്ത ഒരു കൈ എന്റെ കയ്യിൽ പിടിച്ചു മെല്ലെ അമർത്തി.
ചെളിയിൽ പുതഞ്ഞ നീണ്ട മുടി എന്റെ മുഖത്ത് സ്പർശിക്കുന്ന പോലെ തോന്നി ചെളിയുടെ രൂക്ഷ ഗന്ധം ആ മുറിയാകെ വ്യാപിച്ചിരുന്നു.
"ജോയ് അവൾ എന്റെ അടുത്തുണ്ട്.."
ആ രൂപം എന്റെ ചെവിയിൽ മെല്ലെ മന്ത്രിച്ചു .
കറന്റ് വന്നതും എല്ലാം ഒരു മായ പോലെ തോന്നിയിരുന്നു. റൂമിൽ ഞങ്ങളല്ലാതെ ആരുമില്ലായിരുന്നു .പുറത്തേക്ക് ഓടിയ എൻറെ പുറകെ ആൻസിയും വന്നു.
"ജോയ്.. നമ്മുടെ മകൾ എവിടെ "
ആൻസിയോട് മറുപടി പറയാൻ എനിക്ക് സമയമില്ലായിരുന്നു. വീടിന് പുറകിലെ ചായ്‌പ്പിന്റെ ഭാഗത്താണ് എനിക്ക് കുഴിക്കേണ്ടത്.
മഴ ശക്തി കൂടി വരുക ആയിരുന്നു.എന്ത് വന്നാലും എനിക്ക് സെലിനെ രക്ഷിക്കണം.
ഏകദേശം ഇരുപത് മിനിറ്റ് കുഴിച്ചപ്പോൾ പാതി ദ്രവിച്ച ഒരു ഇരുമ്പ് പെട്ടി കിട്ടി.
ഒരിക്കലും തിരികെ വരില്ലെന്ന് കരുതി വർഷങ്ങൾക്ക് മുന്നേ ഞാൻ അടച്ച ഇരുമ്പ് പെട്ടി.അതിൽ പക്ഷെ മണ്ണിൽ പുതഞ്ഞ് കിടന്ന ഒരു പെൺകുട്ടിയുടെ അസ്ഥി കൂടം മാത്രമേ ഉള്ളുവായിരുന്നു.
അപ്പോഴേക്കും പരിസരവാസികൾ അവിടെ എത്തിയിരുന്നു . എല്ലാം കൈ വിട്ടു പോയി എന്ന് എനിക്ക് മനസിലായി. കണ്ണിൽ മഴവെള്ളവും ചെളിയും നിറഞ്ഞു കാഴ്ച മങ്ങിയിരുന്നു.
വീടിന് മുന്നിൽ കരഞ്ഞു കൊണ്ടിരിക്കുന്ന ആൻസിയെയും സെലിനെയും കണ്ടപ്പോൾ ആണ് എനിക്ക് സമാധാനമായത്.എന്റെ മകൾ രക്ഷപ്പെട്ടിരിക്കുന്നു.
അവരുടെ പുറകിൽ മങ്ങിയ രൂപത്തിൽ ഒരു സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു.
അവളുടെ മുഖം അവ്യക്തം ആയിരുന്നെങ്കിലും എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത ഒരു രൂപം മനസ്സിൽ ഓടി വന്നു. തന്റെ മകളെ കാണാതെ കിടപ്പിൽ ഹൃദയം പൊട്ടി മരിച്ച അവളുടെ അച്ഛന്റെ മുഖവും മനസ്സിൽ മിന്നി മറഞ്ഞു.
എന്നെ തോൽപിച്ച സന്തോഷത്തിൽ അതൊരു മായ പോലെ അപ്രത്യക്ഷമായി.
എന്റെ ഭാര്യയും മകളും ഒരു രാക്ഷസ്സനെ കണ്ടപോലെ ആണ് എന്നെ നോക്കി നിൽക്കുന്നത്.
സെലിനോ ആൻസിയോ എന്നെ പഴയ പോലെ കാണില്ല എന്നെനിക്ക് ഉറപ്പായിരുന്നു.
സെലിന്റെ സൂപ്പർ ഹീറോ ഒരു രാക്ഷസൻ ആയിരുന്നെന്നു അവൾ തിരിച്ചറിഞ്ഞിരിക്കുന്നു.
ഒന്ന് കരയാൻ പോലും കഴിയാതെ ആ ശവക്കുഴിയിൽ പോലീസിനെയും കാത്ത് ഇരിക്കുക അല്ലാതെ എന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു.
( അവസാനിച്ചു )