2003-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ ആണ് ദ ഡാവിഞ്ചി കോഡ്. ഡാൻ ബ്രൌൺ എഴുതിയ ഈ നോവൽ കുറഞ്ഞ കാലം കൊണ്ട് ലോകമെമ്പാടും ധാരാളം വായനക്കാരെ നേടി. നിഗൂഢത, ചരിത്രപരമായ ഫിക്ഷൻ, ഗൂഢാലോചന സിദ്ധാന്തം എന്നിവയുടെ ഘടകങ്ങൾ സമന്വയിപ്പിക്കുന്ന ഒരു ഫിക്ഷൻ സൃഷ്ടിയാണ് ഈ നോവൽ. ക്രിസ്തീയസഭകളിൽ നിന്നും വലിയ എതിർപ്പ് നേരിടേണ്ടി വന്ന ഈ ത്രില്ലർ നാല്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ഈ നോവലിനെ അടിസ്ഥാനമാക്കി സോണിയുടെ കൊളംബിയ പിക്ച്ചേഴ്സ് 2006 -ൽ ഇതേ പേരിൽ ഒരു ചലച്ചിത്രം പുറത്തിറക്കിയിരുന്നു.
പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ രഹസ്യം ചുരുൾ നിവർത്താൻ ശ്രമിക്കുന്ന റോബർട്ട് ലാങ്ഡൺ എന്ന ചിഹ്നശാസ്ത്രജ്ഞനാണ് നായകൻ. ഇതിനിടെ കൊല്ലപ്പെട്ട ഴാക് സൊനീയറുടെ ചെറുമകളായ സോഫി നെവെ ലാങ്ഡണോടൊപ്പം കൂടുന്നു. ഡാവിഞ്ചിയുടെ വിട്രൂവിയൻ മനുഷ്യന്റെ ആകൃതിയിൽ കിടക്കുന്ന മൃതശരീരത്തിൽ നിന്നും തുടങ്ങുന്ന അന്വേഷണം നായകനേയും നായികയേയും കൊണ്ടെത്തിക്കുന്നത് ക്രിസ്തുവിന്റെ കാലത്തോളം ചെന്നെത്തുന്ന ഒരു രഹസ്യത്തിലേക്കാണ്. യേശു ക്രിസ്തുവും മഗ്ദലനമറിയവും വിവാഹിതരായിരുന്നുവെന്നും അവരുടെ സന്തതിപരമ്പരകൾ ഇന്നും ജീവിച്ചിരിക്കുന്നുവെന്നും നോവലിലൂടെ ബ്രൗൺ പറയുന്നു. ഡാവിഞ്ചിയും ഐസക് ന്യൂട്ടണും ഉൾപ്പെടുന്ന മഹാന്മാർ പ്രയറിയുടെ മഹാഗുരുക്കന്മാരായിരുന്നുവെന്നും നോവൽ പറയുന്നു.......ലിയനാർഡോ ഡാ വിഞ്ചിയുടെ പ്രശസ്ത കലാരചനയാണ് വിട്രൂവിയൻ മാൻ.(Vitruvian Man) പ്രഗല്ഭനായ റോമൻ വാസ്തുശില്പി മാർകസ് വിട്രൂവിയസിന്റെ പേരിൽ നിന്നാണ് ഈ പേരിട്ടിരിക്കുന്നത്. മനുഷ്യ ശരീരഘടനയിലുള്ള അനുപാതങ്ങളെക്കുറിക്കുന്നത് എന്ന നിലയിലാണ് ഡാവിഞ്ചിയുടെ ഈ രചനയുടെ പ്രശസ്തി. വെനീസിലെ അക്കാഡമിയ ആർട്ട് ഗ്യാലറിയിലാണ് നിലവിൽ ഇത് സൂക്ഷിക്കുന്നത്.
പേന കൊണ്ട് പേപ്പറിൽ വരച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു നഗ്നപുരുഷൻ കൈകളും കാലുകളും വിരിച്ചുവെച്ച് ഒരു ചതുരത്തിലും വൃത്തത്തിലും കൃത്യമായി വരത്തക്കവിധം നിൽക്കുന്നു. 🔺
COMMENTS