ആരാണ് Casanova

 



Casanova എന്ന പേരുകേള്‍ക്കുമ്പോള്‍ പലരുടേയും മനസ്സില്‍ ഓടിവരുന്ന ചിത്രം ആഭാസ നൃത്തക്കൊഴുപ്പുകളുടെ അകമ്പടിയുളള ചൂതാട്ട കേന്ദമായിരിക്കും.

അതെ, ഇന്നത്തെ കാസിനോകൾക്ക് കാസനോവയുമായി അഭേദ്യമായ ബന്ധമാണുളളത്.
സത്യത്തില്‍ ആരാണ് Casanova......?
മനുഷ്യവംശത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ അപഥസഞ്ചാരി എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് കാസനോവ (Glovanni Clacomo Casanova).
1725 ല്‍ വെനീസിലാണ് ജനനം. സാഹസിക കഥകളില്‍ കാണുന്നതിനേക്കാള്‍ സാഹസികത നിറഞ്ഞതായിരുന്നു ജീവിതം.

ചെറുപ്പത്തില്‍, രോഗം ബാധിച്ചപ്പോള്‍, അധികകാലം ബാക്കിയാവില്ലെന്നായിരുന്നു മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്.
അല്‍ഭുതകരമായി രോഗശാന്തി ലഭിച്ചതിനാല്‍ വികാരിയാക്കാനായി അഛന്‍ കാസനോവയെ സഭയില്‍ ചേര്‍ത്തു. എന്നാല്‍ ചില കന്യാസ്ത്രീകളുമായി പ്രണയത്തിലായതിനെത്തുടര്‍ന്ന് സെമിനാരിയില്‍ നിന്നും പുറത്താക്കപ്പെട്ടു. 

പിന്നീട്, ജോലിക്കായി റോമിലേക്ക് അയക്കപ്പെട്ടെങ്കിലും അവിടുന്നും പുറത്താക്കപ്പെട്ട് വെനീസിലേക്കു തന്നെ തിരിച്ചെത്തി.
കാസനോവക്ക് 'കബാല' എന്ന യഹൂദമന്ത്രവാദം അറിയാമായിരുന്നത്രേ. അദ്ദേഹം തന്റെ ജീവിതത്തില്‍ അത് പ്രയോഗിക്കാനും ശ്രമിച്ചിരുന്നു. അതിനാല്‍ അദ്ദേഹമൊരു ദുര്‍മന്ത്രവാദിയാണെന്ന് നാടാകെ പരന്നു. മന്ത്രവാദം രാജ്യത്തിനാപത്താണെന്ന് വിശ്വസിച്ചിരുന്ന ഭരണാധികാരികള്‍ ഇയാളെ അറസ്റ്റ് ചെയ്ത് അഞ്ച് വര്‍ഷത്തേക്ക് ജയിലിലടച്ചു. 

പക്ഷെ രണ്ടാം വര്‍ഷം ജയില്‍ ചാടിയ കാസനോവ പാരീസിലെത്തി.
അതീവ സുരക്ഷാ സംവിധാനമുള്ള ജര്‍മ്മന്‍ ജയിലില്‍ നിന്നുമുള്ള രക്ഷപ്പെടല്‍ യൂറോപ്പിലാകെ സംസാരമായി. കാസനോവയ്ക്ക് പാരീസുകാര്‍ ഹീറോ പരിവേഷം നല്‍കുകയും ചെയ്തു.
ദസ്തയേവ്‌സ്‌കിയെപ്പോലെ വലിയ ചൂതാട്ടക്കാരനായിരുന്നു കാസനോവയും. പോരാത്തതിന് പാരീസില്‍ ആദ്യമായി ലോട്ടറി തുടങ്ങി കോടീശ്വരനായി എന്നും പറയപ്പെടുന്നു.

വോള്‍ട്ടെയര്‍, റൂസ്സോ, ലൂയി പതിനഞ്ച്, മൊസാര്‍ട്ട് തുടങ്ങിയവരുടേയൊക്കെ സുഹൃത്തായിരുന്ന കാസനോവ തികഞ്ഞൊരു സഞ്ചാരിയുമായിരുന്നു. യൂറോപ്പില്‍ അദ്ദേഹത്തിന്റെ കാല്‍ തൊടാത്ത ഒരിടവുമില്ല എന്നു വേണമെങ്കില്‍ പറയാം !
എന്നാല്‍ എല്ലാ രാജ്യത്തു നിന്നും ഏതെങ്കിലുമൊരു കാരണത്താല്‍ കാസനോവ പുറത്താക്കപ്പെട്ടു. പണത്തട്ടിപ്പ്, സ്ത്രീകളുമായുളള അവിഹിത ബന്ധങ്ങള്‍, ദുര്‍മന്ത്രവാദം... 

എന്നിങ്ങനെ എന്തെങ്കിലും കാരണത്താല്‍. ചിലപ്പോഴൊക്കെയും രാജാക്കന്മാര്‍ക്ക് വേണ്ടി ചാരപ്പണിയും എടുത്തിട്ടുണ്ട്.
ഹോമറിന്റെ ഇലിയഡും വോള്‍ട്ടയര്‍ കൃതികളുമൊക്കെ കാസനോവ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഇതിനേക്കാളൊക്കെ കാസനോവയെ വ്യത്യസ്തനാക്കുന്നത്, അയാളുടെ ലൈംഗികമായ അപധസഞ്ചാരമായിരുന്നു.

അതി സാഹസികം എന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇയാളിലെ അടങ്ങാത്ത കാമാഗ്നി ശമനം കണ്ടെത്തിയിരുന്നത്.
പാരീസില്‍ വെച്ച് ഒരു പതിനേഴുകാരിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാസനോവയുടെ പദ്ധതികള്‍ അവളുടെ അമ്മ ലുക്കേഷ്യ തകര്‍ത്തു കളഞ്ഞു.

കാരണം മറ്റൊന്നുമല്ല, വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസനോവയുടെ കാമുകിയായിരുന്നു ഈ ലുക്കേഷ്യ. കല്യാണം മുടങ്ങിയെങ്കിലും ബന്ധം തുടര്‍ന്നുവെന്ന് മാത്രമല്ല, ലുക്കേഷ്യയുമായുളള പഴയ പ്രണയം പുതുക്കിയെടുക്കുകയും ചെയ്തു കക്ഷി !!

1762 ല്‍ പണക്കാരിയായ ഒരു പ്രഭ്വിയെ തന്റെ മന്ത്രവാദ വിദ്യകള്‍ കൊണ്ട് പുരുഷനാക്കിത്തരാം എന്നു പറഞ്ഞ് കൂടെക്കൂടിയിരുന്നു.
അവകാശവാദം ഇങ്ങനെയായിരുന്നു: 

'ഞാന്‍ നിന്നെ ഗര്‍ഭിണിയാക്കും, നീ ഒരു ആണ്‍ കുഞ്ഞിന് ജീവന്‍ നല്‍കി മൃതിയടയും, എന്നാല്‍ നിന്റെ ജീവനാണ് അവനില്‍ കുടികൊളളുക, അങ്ങിനെ നിനക്ക് പുരുഷരൂപം കൈക്കൊളളാം...!'

എന്നാല്‍ ഇയാളില്‍ വിശ്വസിച്ച് ഏഴ് വര്‍ഷം കാത്തിരുന്നിട്ടും അവള്‍ ഗര്‍ഭിണിയായില്ല. ഇതിനിടയിൽ അവളുടെ സമ്പത്തിന്റെ സിംഹഭാഗവും കാസനോവ കൈക്കലാക്കിയെന്നു മാത്രമല്ല, ഇക്കാലയളവിൽകൂടെ സഹായത്തിനു നിന്നിരുന്ന പല പെണ്‍കുട്ടികളും ഗര്‍ഭിണികളാവുകയും ചെയ്തു !

ലണ്ടനിലെത്തിയ ശേഷം, മരിയ എന്ന വ്യഭിചാരിണി വന്‍ തുക സൂത്രത്തില്‍ കൈവശപ്പെടുത്തിയതോടെയാണ് കാസനോവയുടെ പതനം ആരംഭിക്കുന്നത്.
പിന്നീട് ബര്‍ലിന്‍, റഷ്യ, പോളണ്ട്, വിയന്ന, പാരിസ്, റോം, നേപ്പിള്‍സ്, സലേമോ, ഫ്‌ളോറന്‍സ് തുടങ്ങിയിവടങ്ങളിലെല്ലാം അലച്ചിലിലായിരുന്നു ഇയാള്‍.

ഇവിടങ്ങളിലൊക്കെ പ്രശ്‌നങ്ങളും പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. നൂറു കണക്കിന് കാമൂകീകാമുകന്മാരെ സമ്പാദിക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജാരസന്തതികളെ ഉണ്ടാക്കിക്കൂട്ടിയ കാസനോവയ്ക്ക് ചിലയിടങ്ങളില്‍ അപ്രതീക്ഷിതമായ പരിഗണനകള്‍ ലഭിക്കുകയും ചെയ്തിരുന്നു.

എന്തായാലും, സമൂഹത്തിലെ എല്ലാത്തരം അവിഹിതങ്ങള്‍ക്കും ആന്തരികമായ ബാന്ധവം ഉണ്ടാകും എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു കാസനോവയുടെ ജീവിതം. 

കൂടാതെ, അസാന്മാര്‍ഗ്ഗികതയിലൂടെ വളരാനുളള കുബുദ്ധികളുടെ സങ്കേതത്തിന്, അതേ മാര്‍ഗ്ഗത്തിലൂടെ ജയപരാജയങ്ങളുടെ രുചി ആവോളം അനുഭവിച്ച വ്യക്തിയുടെ പേരു തന്നെ നല്‍കിയതും അനുചിതമായി.
✍️Muhammad Rameez

COMMENTS

Name *

Email *

Write a comment *

വളരെ പുതിയ വളരെ പഴയ