✍Balakrishnanunni
പേ വിഷബാധയിൽ നിന്നും രക്ഷിക്കുന്ന 'മാഡ് സ്റ്റോൺ': മാനുകളുടെ ഉദരത്തിൽ നിന്നുള്ള മാന്ത്രികക്കല്ലുകൾ(Treatment exist in 19th century in US)
മനുഷ്യ സമൂഹങ്ങളെ പല കാലങ്ങളിലായി പ്രതിസന്ധിയിൽ ആക്കിക്കൊണ്ടിരുന്ന പേ വിഷ ബാധ എന്ന വലിയ പ്രശ്‌നത്തിൻ്റെ മേൽ ശാസ്ത്രം വിജയം കൈവരിച്ച നിമിഷമായിരുന്നു, വിശ്വ വിഖ്യാത ശാസ്ത്രജ്ഞനായിരുന്ന ലൂയി പാസ്ചറുടെ 1885ലെ പേ വിഷ ബാധയ്‌ക്ക് എതിരെയുള്ള ആൻ്റി റാബീസ് വാക്‌സീൻ്റെ കണ്ടുപിടുത്തം.
എന്നാൽ ഇതിനും വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ പേ വിഷ ബാധ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് 2000BC യിലെ ഒരു ചരിത്ര രേഖയിലെ പരാമർശം തെളിവേകുന്നു. അക്കാലത്ത് റാബീസ് വൈറസിന് എതിരായ യാതൊരു വാക്‌സീനുകളും നിലവിൽ ഇല്ലാതിരുന്നതിനാൽ പട്ടിയുടെ കടിയേറ്റ് പേ ബാധിക്കുന്നവരുടെ മുന്നിൽ മരണത്തിന് കീഴടങ്ങുക എന്നതല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല.
അക്കാലത്ത് ലോകത്ത് പലയിടത്തും റാബീസിന് എതിരായി ഒറ്റമൂലി ചികിത്സ എന്ന വ്യാജേന ചില ചികിത്സാ സമ്പ്രദായങ്ങൾ നിലനിന്നിരുന്നു. ഇത്തരം ഒറ്റമൂലികളിൽ പ്രശസ്തമായ ഒന്നാണ് മാഡ് സ്റ്റോൺ എന്ന് അറിയപ്പെട്ടിരുന്ന കല്ലുകൾ.
19ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ USലെ ചില ഗ്രാമ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ഈ ചികിത്സാ രീതിയിൽ ഉപയോഗിക്കപ്പെട്ടിരുന്ന മാഡ് സ്റ്റോണുകൾ വെറും കല്ലുകൾ ആയിരുന്നില്ല. മാനുകളുടെ ഉദരത്തിൽ നിന്നും ലഭിക്കുന്ന കല്ലുകളെ പോലെയുള്ള വസ്തുക്കളായിരുന്നു ഇവ.
പേ വിഷത്തിന് എതിരെ മാത്രമല്ല, പാമ്പു വിഷത്തിന് എതിരെയും ഈ ഒറ്റമൂലി ചികിത്സ പ്രയോഗിച്ചിരുന്നു. ഏറെ ആവശ്യക്കാർ ഉണ്ടായിരുന്നതിനാൽ പുള്ളി മാനുകളിൽ നിന്നും ലഭിക്കുന്ന മാഡ് സ്റ്റോണുകൾക്ക് ആയിരുന്നു കൂടുതൽ വില.
ഈ കല്ലുകൾ വച്ച് കടിയേറ്റ ഭാഗം നല്ലപോലെ ഉരച്ച ശേഷം കല്ലിനെ പാലിൽ മുക്കി വെയ്ക്കുകയാണ് ചെയ്തിരുന്നത്. പാലിൻ്റെ വെള്ള നിറം പച്ച കലർന്ന മഞ്ഞ നിറമായി മാറിയാൽ പേ വിഷ ബാധ മാറി എന്ന് ഒറ്റമൂലി ചികിത്സകർ വിധി കൽപ്പിക്കും. അതിനു ശേഷം ചികിത്സയ്ക്കായി ഉപയോഗിച്ച മാഡ് സ്‌റ്റോണിനെ പാലിൽ നിന്നും പുറത്തെടുത്ത് കഴുകി വൃത്തിയാക്കി, പിന്നീട് വീണ്ടും ഉപയോഗിക്കാനായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്യും.
വളരെ വിലയുള്ള വസ്തുക്കളായിരുന്ന ഈ മാഡ് സ്‌റ്റോണുകൾ ചില കുടുംബങ്ങൾ തലമുറകളിലേക്ക് കൈമാറി അനേകം നൂറ്റാണ്ടുകൾ സൂക്ഷിച്ചു പോന്നിരുന്നു. ഇത്തരം മാഡ് സ്‌റ്റോണുകൾക്ക് ചികിത്സാപരമായി യാതൊരു കഴിവുകളും ഇല്ലാത്തതിനാൽ, ഇത് ഉപയോഗിച്ച് ചികിത്സിച്ചാൽ പേ വിഷ ബാധ ഉള്ളയാൾക്ക് ശമനം ലഭിക്കുകയില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
US പ്രസിഡൻ്റായിരുന്ന ഏബ്രഹാം ലിങ്കൺ തൻ്റെ പുത്രനായ റോബർട്ടിന് ഒരിക്കൽ വീട്ടിലെ വളർത്തു നായയുടെ കടിയേറ്റപ്പോൾ മാഡ് സ്‌റ്റോൺ ചികിത്സ നൽകാനായി അവനെ ടെറി ഹോട്ടി എന്ന പ്രദേശത്ത് എത്തിച്ചതായി ഇലിനോയ് ഹെറിറ്റേജ് മാഗസിൻ റിപ്പോർട്ടു ചെയ്തിരുന്നു.