ഇന്ത്യയിൽ ഇന്ന് ആർക്കും ഈ വിദ്യ അറിയില്ല. 19-ാം നൂറ്റാണ്ടും ,20-ാം നൂറ്റാണ്ടിന്റെ ആദ്യവും ഇന്ത്യയുടെ ഗ്രാമങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന തെരുവ് മാജിക് ഐറ്റം. കണ്ണഞ്ചിപ്പിക്കുന്ന ലേസർ വെളിച്ചം, കർട്ടൻ, സംഗീതം, വേഷവിധാനം , ഉച്ചഭാഷിണി എന്നിവയൊന്നുമില്ലാതെ നാട്ടുകവലയിൽ വളരെ പരസ്യമായി നാടോടി മാന്ത്രികർ ഇതവതരിപ്പിക്കുന്നു - വിശപ്പടക്കാനുള്ള ചില്ലറയ്ക്കായി .
വിദ്യ ഇതാണ്. മാന്ത്രികൻ ഒരു കയർ എടുത്ത് ആകാശയുയരത്തിൽ മുകളിലേക്ക് എറിയുന്നു. മേലെ നിന്നും കൊളുത്തിൽ തൂങ്ങി നിൽക്കുന്നതു പോലെ ഈ കയർ താഴേക്ക് ഞാന്നു കിടക്കും. ഒരു സഹായി ബാലൻ കയറിൽ പിടിച്ചു കയറി ഏറ്റവും മുകളിലെത്തി അപ്രത്യക്ഷ്നാകുന്നു. തുണി സഞ്ചിയിൽ നിന്നും മൂർച്ചയുള്ള വാളെടുത്ത് മാന്ത്രികൻ കയറിൽ കേറി മുകളിലെത്തി വാൾ അന്തരീക്ഷത്തിൽ ആഞ്ഞു വീശുന്നു. അപ്പോൾ നേരത്തെ മറഞ്ഞ ബാലന്റെ മുറിഞ്ഞ വിരൽ, കൈപ്പത്തി ,കണ്ണ്, മൂക്ക്, ചെവി, മുഖം ,കഴുത്ത് തുടങ്ങി ഓരോരോ ശരീര ഭാഗങ്ങൾ താഴേക്ക് ചോരയോടെ വീഴുന്നു. ഒടുവിൽ തലയും വീഴും. താഴേക്കിറങ്ങി വന്ന് മാന്ത്രികൻ ചോരമയമായ ഈ ഇറച്ചി ഭാഗങ്ങൾ എടുത്ത് മറ്റൊരു തുണി സഞ്ചിയിൽ നിക്ഷേപിക്കുന്നു. വാൾ കഴുകി പഴയ സഞ്ചിയിൽ ഇടുന്നു. അന്തം വിട്ട് ഭയചകിതരായ കാണികളുടെ പിറകിലൂടെ സഹായി ബാലൻ ശരി രൂപത്തിൽ മാന്ത്രികന്റെ അടുത്ത് എത്തുന്നു. മാജിക് പ്രദർശനം പൂർത്തിയാകുന്നു.
അന്നും ഇന്നും ഈ വിദ്യ അവതരിപ്പിക്കാൻ ലോക മാന്ത്രികർ കിണഞ്ഞു പരിശ്രമിച്ചിട്ടും നടന്നിട്ടില്ല. തീർത്തും പരാജയമായിരുന്നു. നമ്മുടെ തെരുവ് മാന്ത്രികർ ഈ മാന്ത്രിക രഹസ്യം ആർക്കും കൈമാറിയതുമില്ല. ഇപ്പോൾ ഇതറിയുന്ന പാരമ്പര്യ തലമുറക്കാരുമില്ല.
ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിതമായ ആദിശങ്കരാചാര്യരുടെ വേദാന്തസൂത്രം അഥവാ ബ്രഹ്മസൂത്രം ആണ് ഈ മാജിക് രഹസ്യത്തിന്റെ അടിസ്ഥാനം എന്നു പറയുന്നുണ്ട്. സൂര്യപ്രകാശത്തെ പ്രധാനമായും അവലംബിച്ചാണ് മാജിക് നടത്തുന്നതെന്ന് പറയുന്നു. അതിന്നാൽ തുറസ്സായ സ്ഥലങ്ങളിൽ വെച്ച് ഇതു നടത്തുന്നു.
പത്തുവർഷം മുൻപ് മജീഷ്യൻ ശ്രീ.ഗോപിനാഥ് മുതുകാടിനോട് ഇക്കാര്യം പ്രത്യേകം സംസാരിച്ചതിൽ , നടത്തിപ്പ് സാധ്യതയെപ്പറ്റി കൃത്യമായ മറുപടി അദ്ദേഹം പറഞ്ഞില്ല. ഇതേ സമയത്ത് ഈ മായാജാലാ വിദ്യയുടെ പശ്ചാത്തലത്തിൽ ഡബിൾ റോളായി അഭിനയിച്ച് ഒരു ഫീച്ചർ സിനിമയുടെ കഥ ശ്രീ.മമ്മൂട്ടിയോട് സംസാരിച്ചതിൽ , രാത്രി ഒരു മണിക്കൂർ പ്രത്യേക താൽപര്യപൂർവ്വം സംസാരിച്ച് , നിലവിലെ ആറോളം കരാറായ പ്രൊജക്ടുകൾ കഴിഞ്ഞ് ഈ സിനിമ ചെയ്യാൻ അദ്ദേഹം സമ്മതിച്ചിരുന്നു. സിനിമാ പ്രൊജക്ട് അല്പം വൈകിയെങ്കിലും തയ്യാറാക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നു.
✍️ചരിത്രാന്വേഷികൾ