രക്തം ഒഴുകിയ ലൈബ്രറി | Malayalam story for reading |


Story by TPM JUNAID

HAPPY READING

എന്തിനായിരിക്കും മാഷ് എന്നെ ഒറ്റക്ക് ലൈബ്രറിയിലേക്ക് വിളിച്ചത്. ഞാൻ പുസ്തകമൊന്നും കൊടുക്കാനില്ലല്ലോ ലൈബ്രറി ഫീസും അടച്ചതാണ്. പിന്നെന്തിനാണാവോ. അവളുടെ ഓരോ ചുവടുകൾക്കൊപ്പവും സംശയങ്ങൾ കുന്ന് കയറി. പാതി അടഞ്ഞു കിടന്നിരുന്ന വാതിൽ 'തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ മാഷ് പറഞ്ഞു. 
 
“ആ വാതിലൊന്ന് ചാരിയേക്ക്". 
 
സൂര്യന്റെ ശക്തിയേറിയ പ്രകാശം അകത്തേക്ക് തള്ളിക്കയറുന്നുണ്ട് അതിനാലാവണം. മാഷ് അവളെ അടുത്തേക്ക് വിളിച്ചു. 

“നീ പുസ്തകമൊന്നും വായിക്കാറില്ലേ?" 
 "ഉം".
 
അവളൊന്ന് മൂളി. പുസ്തകങ്ങളൊക്കെ വായിക്കണം അതിൽ നിന്നും ഒരുപാട് അറിവുകൾ ലഭിക്കും ". മാഷ് അവളുടെ മുടി ഇഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു. "ഇവിടെ നല്ല നല്ല ഒരുപാട് പുസ്തകങ്ങൾ ഉണ്ട്". മാഷിന്റെ കൈകൾ മുടിയിൽ നിന്നുമിറങ്ങി അവളുടെ കുഞ്ഞുകവിളിൽ എത്തിയിരുന്നു. 

 “ഈ കാണുന്ന പുസ്തകങ്ങൾ ഒക്കെ നിങ്ങൾക്ക് വായിക്കാൻ വേണ്ടിയാണ്". 

പെട്ടെന്ന് ബെൽ മുഴങ്ങി. അവളുടെ തോളിൽ കിടന്നിരുന്ന തന്റെ കൈെ എടുത്തുകൊണ്ട് അയാൾ പറഞ്ഞു. 

 “നീ ഇപ്പോൾ പൊയ്ക്കോ നാളെ ആവുമ്പോഴേക്കും നല്ല പുസ്തകം എടുത്ത് വെക്കാം". 

 "ഉം ഞാൻ വരാം". 

 മറുപടി പറഞ്ഞ് പുറത്തേക്കിറങ്ങി. ക്ലാസിലേക്ക് നടന്നപ്പോൾ അവൾ ഓർത്തു.. മാഷിന്റെ കരങ്ങൾ സ്പർശിച്ചപ്പോൾ എന്തോ ഒരു സുഖം. പക്ഷെ... അത് പാടില്ലല്ലോ. പിറ്റേ ദിവസവും ആളൊഴിഞ്ഞ ലൈബ്രറിയിൽ അവളെത്തി. മാഷ് അവൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. 

"ആ മോള് വന്നോ ?" 

 അയാൾ കസേരയിൽ നിന്നും എഴുന്നേറ്റു.അവളുടെ തോളിൽ കയ്യിട്ട് വലിയൊരു ഷെൽഫിന്റെ മുമ്പിൽ ചെന്ന് നിന്നു. അവളെ ഒന്നുകൂടെ തന്റെ ശരീരത്തോട് അടുപ്പിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു. 

 “ഇതൊക്കെ നല്ല പുസ്തകങ്ങൾ ആണ് , മോൾക്ക് ഇഷ്ടപ്പെടും." 

അവൾ പുസ്തകങ്ങളിൽ കണ്ണോടിച്ചു.. അയാൾ അപ്പോൾ അവളുടെ പിന്നിൽ നിന്ന് കൊണ്ട് കുറച്ച് മുകളിലുള്ള തട്ടിൽ നിന്നും ഒരു പുസ്തകമെടുത്തു കൊണ്ട് അവൾക്ക് കൊടുത്തു. അവളത് മറിച്ചു നോക്കുമ്പോളും അയാൾ അവളെ ചാരി പിറകിൽ നിന്നു. 

"സാർ ഇതുമതി". 

എന്ന് പറഞ്ഞ് അവൾ അയാൾക്ക് നേരെ തിരിഞ്ഞു. 

"ആ ശരി". 

അയാൾ എന്തോ ആലോചിച്ചു. നിൽക്കെ പെട്ടെന്ന് മറുപടി പറഞ്ഞു. രജിസ്ട്രർ ബുക്കിൽ പേര് രേഖപ്പെടുത്തും നേരം അവളെ നോക്കി അയാൾ പറഞ്ഞു. 

"യൂണിഫോമിലൊക്കെ അപ്പാടെ പൊടിയാണല്ലോ. ഞാൻ തട്ടിത്തരാം". അയാൾ യൂണിഫോമിന്റെ അങ്ങിങ്ങായി തട്ടിക്കൊടുത്തു.  മാഷ് ഇപ്പൊ സ്പർശിച്ചത് തന്റെ ആവശ്യമില്ലാത്തയിടങ്ങളിലൊക്കെ അല്ലേ. അവളുടെ മനസിൽ ചെറിയൊരു വീർപ്പുമുട്ടൽ.  എന്തായിരിക്കും ഉദ്ദേശം. ഇതിനൊക്കെയാണോ ക്ലാസിലെ കുട്ടികളെയൊക്കെ ഒറ്റക്ക് വിളിക്കുന്നത്. പുസ്തകം അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് അയാൾ പറഞ്ഞു. 

"മോള് ധരാളം വായിക്കണം എന്നിട്ട് വല്യ കുട്ടിയാവണം. ഞാൻ മോൾക്കൊരു സ്നേഹസമ്മാനം തരട്ടെ". 

അയാൾ അവളുടെ ഇരു കവിളുകളും തന്റെ കരങ്ങളിൽ ഒതുക്കി  അവളെ ചുംബിച്ചു. ഇതൊക്കെ അവൾ പ്രതീക്ഷിച്ചിരുന്നതാണ്. വീണ്ടും ചുംബിക്കാനായി അയാളുടെ നേരെ അടുപ്പിച്ചപ്പോൾ അവളുടെ കൈകൾ കോട്ടിന്റെ കീശയിൽ ഇറങ്ങി ഒരു കോമ്പസുമായി പുറത്തിറങ്ങി. അത് അയാളുടെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങി. ഒന്നല്ല ഒരുപാട് തവണ. അയാൾ പിടി വിട്ടു. രക്തം പുരണ്ട കരങ്ങളുമായി അവൾ പുറത്തിറങ്ങിയപ്പോൾ അയാളും അവളെടുത്ത പുസ്തകവും രക്തത്തിൽ   കിടന്ന് പിടയുകയായിരുന്നു...

COMMENTS

Name *

Email *

Write a comment on the story രക്തം ഒഴുകിയ ലൈബ്രറി *

വളരെ പുതിയ വളരെ പഴയ