കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by Ananthu Kalappurakkal.
Happy reading
"വെറുതെ ഒന്നും അവൻ ബോധം കെട്ട് വീഴില്ല ..എന്തൊ കണ്ടിട്ടുണ്ട് അത് ഉറപ്പാ.. പലപ്പോഴും
ഞാൻ എന്റെ സ്വപ്നത്തിൽ അവരെ കണ്ടിട്ടുണ്ട്.. അലറി വിളിക്കുന്ന ആ ആനയും പിടഞ്ഞ് മരിക്കുന്ന ആ പാപ്പാനും.. അന്ന് ഞാനും നിങ്ങളുടെ അച്ഛാച്ചനും ഇവിടെ ഉണ്ടായിരുന്നെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കില്ലായിരുന്നു"
അച്ഛമ്മ അങ്ങനെ ഒക്കെ പറഞ്ഞപ്പോ എല്ലാവരും അത് ശരിവെച്ചു..
നാട്ടില് ഈ കഥ പെട്ടെന്നാണ് പടർന്നു പിടിച്ചത്..
"ചന്ദ്രന്റെ മോൻ രാത്രി ഡേവിഡിന്റെ പറമ്പില് എന്തൊ കണ്ട് പേടിച്ച് തല കറങ്ങി വീണു"
പീടിക തിണ്ണയിലും അടുക്കള പുറത്തൊക്കെ ഇതിനെ കുറിച്ചായി ചർച്ച അപ്പോഴാണ് ഓരോരുത്തരും അവർക്ക് ഉണ്ടായ അനുഭവങ്ങൾ ഓരോന്നായി പുറത്ത് പറയാൻ തുടങ്ങിയത്..
മീൻ പിടിക്കാൻ പോവുന്ന മൊയ്‌ദു രാത്രി വലയിടാൻ പോയപ്പോ ഇതു പോലെ തന്നെ ഒരു വെട്ടം അവിടെ വെച്ച് കണ്ടിട്ടിണ്ട്. സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോ അപ്പുവും അഖിലും എന്തോ ഒരു ശബ്ദം കേട്ട് വണ്ടി അവിടെ ഇട്ട് ഓടി പോയിന്ന് . കഥകള് അങ്ങനെ കുറേ വന്നു...പിന്നെ പിന്നെ രാത്രി കാലങ്ങളിൽ ആൾക്കാർക്ക് അതിലെ പോവാൻ തന്നെ പേടി ആയി തുടങ്ങി..
ഇരുട്ടത്ത് പതിയിരിക്കുന്ന അപകടം ഓർത്ത് എല്ലാവരുടെയും ഉള്ളിൽ ഒരു തീ ആയിരുന്നു. എന്റെ വീട്ടില് അപ്പോ അച്ഛമ്മയും ചേട്ടനും മാത്രം അല്ല ഒട്ടുമിക്ക എല്ലാവരും തന്നെ രാത്രി ആവുമ്പോ ആ ഒരു വെട്ടം കണ്ട് തുടങ്ങി, ഇരുട്ടായി കഴിഞ്ഞ് പിന്നെ ഉള്ളിൽ ഒരു ആവലാതിയാ..
പക്ഷേ വല്ല്യച്ഛൻ മാത്രം ഇത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല, കരണ്ട് പോവുമ്പോ മാത്രം വരുന്ന
പ്രേതോ ?? വല്ല്യച്ഛന്റെ യുക്തിക്ക് ശരി വെക്കുന്ന ഒന്ന് ആയിരുന്നില്ല അത് .
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം രാത്രി കരണ്ട് പോയപ്പോ ഭയങ്കര ഒരു മഴ പെയ്യാൻ തുടങ്ങിയത്.. തോരാത്ത മഴയും ഇടിവെട്ടും.. ചുറ്റിലും ഉള്ള ഇരുട്ട് മുറിക്കുള്ളിലെക്ക് തുളച്ച് കയറാൻ തുടങ്ങി.. പണിയും കഴിഞ്ഞ് അപ്പോഴാണ് വല്ല്യച്ഛൻ വീട്ടില് കേറി വന്നത്.
"നോക്കിയിരുന്നിട്ടു കാര്യം ഒന്നും ഇല്ല .. വല്ലതും കഴിച്ച് ഒരു മൂലയിൽ കിടക്കാൻ നോക്ക്.. പുറത്ത് ആളെ കൊല്ലുന്ന മഴയാ.."
അന്ന് രാത്രി ഞാനും അമ്മയും ചേച്ചിയും ചേട്ടനും ഒക്കെ അകത്തളത്തില് പായ വിരിച്ചാണ് കിടന്നത് .. ഒറ്റയ്ക്ക് കിടക്കാൻ എല്ലാവർക്കും പേടി ആയിരുന്നു. ഇരുട്ട് ഓരോരുത്തരുടെയും ശത്രുവായി തീർന്നിരിന്നു. പിറ്റേ ദിവസം കാലത്ത് ആയപ്പോഴേക്കും മഴ തോർന്നു..
വല്ല്യച്ഛൻ സൊസൈറ്റിയിലേക്ക് പാലും കൊണ്ട് പോവാൻ ഇറങ്ങിയതാ അപ്പോഴതാ... ഉമ്മറത്ത് ഒരു സാധനം കിടക്കുന്നു.. കണ്ടപ്പോ തന്നെ വല്ല്യച്ഛന് കാര്യം മനസ്സിലായി...
അപ്പൊ തന്നെ അച്ഛമ്മേനേം വല്ല്യമ്മേനേം ഒക്കെ വിളിച്ച് കൂവി
"അമ്മേ..,ഗീതേ..
"എന്തുട്ടാണ്ടാ നീ ഈ വിളിച്ച് കൂവുന്നെ?"
"ദേ.. കെടുക്കുന്നു നിങ്ങടെ പ്രേതം
"പ്രേതോ ... "
നോക്കുമ്പോൾ അതാ ഒരു ആമ, അതിന്റെ മുകളിലായിട്ട് ഒരു മെഴുകുതിരിയും കുത്തി വെച്ചിട്ടുണ്ട് കാര്യം എന്താണ് മനസ്സിലാവാതെ അച്ഛമ്മ വായും പൊളിച്ചു നിൽക്കാണ്. വല്ല്യച്ഛന്റെ ഒച്ച കേട്ട് വല്ല്യമ്മേം അമ്മേം അച്ഛാച്ചനും ഒക്കെ വന്നു .
"ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നിങ്ങളൊട് ഇത് പ്രേതോം കോപ്പും ഒന്നും അല്ലാന്ന്, ഇത് കണ്ടാ... ഏതോ ശവി കരണ്ട് പോവുന്ന നേരത്ത് ആമേടെ മേത്ത് മെഴുകുതിരിയും കത്തിച്ച് വെച്ച്
വിടുന്നതാണ്.... എന്നിട്ട് അവൻ തന്നെ ചിലങ്കേം കെട്ടി ഓടി നടന്ന് നാട്ടാരെ ഒക്കെ പേടിപ്പിച്ചു . ഇതിനെയാണ് ഇത്ര നാളും നിങ്ങളൊക്കെ പേടിച്ച് നടന്നിരുന്നത്... "
"അത് ഇപ്പോ നമ്മുക്ക് അറിയായിരുന്നൊ..ഇത് ഇപ്പോ എവിടന്ന് വന്നു ?"
" ഇന്നലെ മഴ പെയ്തപ്പോ അവന്റെ മെഴുകുതിരി കെട്ടു കാണും, കരണ്ട് വരാത്തോണ്ട് ആമ എങ്ങോട്ടാ പോയെന്ന് അവൻ കണ്ടിട്ടും ഇല്ല.. "
"എന്നാലും ഏത് നാറിയാണാവോ ഇത് ചെയ്തത്."
"അറിഞ്ഞിട്ട് ഇപ്പോ എന്ത് ചെയ്യാൻ പുവാ.. തെളിവുണ്ടോ.. ഇല്ലല്ലോ...മിണ്ടണ്ടാ.. ഇന്നിപ്പോ വായും പൊളിച്ച് നിന്നിട്ട് കാര്യം ഒന്നും ഇല്ല... അഹാ.... പ്രേതം ചീയുന്നേനും മുമ്പ് വെട്ടി കീറി അടുപ്പില് വെക്ക്.. ഉച്ചയ്ക്ക് പ്രേത ചാറ് കൂട്ടി ചോറുണ്ണാ..."
സംഭവം എന്റെ വീട്ടുകാർക്ക് കാര്യം മനസിലായെങ്കിലും, ഇപ്പോഴും നാട്ടുകാര് പലരും അത് വിശ്വസിച്ചിട്ടില്ല. കാരണം.... അത് ചെയ്തത് ആരാണെന്ന് ഇന്നും തെളിയാത്ത ഒരു സത്യം ആണ്.
കാലം കടന്നു പോയി..
“എന്നാലും വല്ല്യച്ഛാ.. ആരാവും അന്ന് അത് ചെയ്ത്? "
"വേറാര് ഊതുള്ളി ചന്ദ്രൻ "
"അത് ആരാ.?"
"ഈ ഞാൻ"
എന്നെ നോക്കി ഒരു ചിരി ചിരിച്ചു , എന്നിട്ട് ഒന്നും മിണ്ടാതെ പോയി..
ആ ചിരിക്ക് വേറെ എന്തൊക്കെയോ അർഥങ്ങൾ ഉള്ള പോലെ... ഏയ്... വല്യച്ഛൻ ചുമ്മാ കളിപ്പിക്കാൻ പറഞ്ഞത് ആവും..
അതോ.. ഇനിപ്പോ...
എന്നും രാത്രി വൈകിയാ വല്ല്യച്ഛൻ വീട്ടിൽ വരാറ് .. അന്ന് രാത്രി മഴ പെയ്തോണ്ട് ആണ് വല്ല്യച്ഛൻ
നേരത്തെ വന്നത്. ഇനി കളിച്ചാ കൈ വിട്ട് പോവുന്ന് തോന്നിയത് കൊണ്ട്, വീട്ടുകാരെ വിശ്വസിപ്പിക്കാൻ കളിച്ച ഒരു നാടകം ആയിരുന്നോ അത്.
ശരിക്കും വല്ല്യച്ഛൻ തന്നെ ആണോ അത് ചെയ്തത് ??
(അവസാനിച്ചു)