Story by Ananthu Kalappurakkal.
Submitted to kathaweb on 05/01/2022. © All rights reserved
Happy reading
പോൻമാനികുടം..
അതാണ് എന്റെ നാടിന്റെ പേര്, 'കനോലി' കനാലിന്റെ തീരത്ത് ഉള്ള ചെറിയ ഒരു ഗ്രാമം.. ഞാൻ കളിച്ചതും വളർന്നതും ഒക്കെ ഇവിടെ ഉള്ളവരുടെ കൂടെയാ.. അതോണ്ട് തന്നെ ഇവിടെ ഉള്ള ഓരോരുത്തരും.. ഇവിടെ ഉള്ള ഓരോന്നും അത് എന്റെയും കൂടിയാ... പക്ഷേ ഇത് എന്റെ നാടിന്റെ കഥ ഒന്നും അല്ല. ഈ കഥ... അത് കുറച്ച് പഴയതാ .. പക്ഷേ.. എന്റെ നാട്ടില് തന്നെ നടന്ന ഒരു സംഭവം ആണോ??
പണ്ടൊക്കെ എന്റെ നാട്ടില് രാത്രി ഒരു ഏഴ് ഏഴര മണി
നേരത്ത് ഒരു പവർ കട്ട് പതിവായിരുന്നു . ഞാൻ അന്ന് മൂന്നിലൊ നാലിലൊ ഒക്കെ പഠിക്കുന്ന കാലം, രാത്രി ആയാ പിന്നെ കരണ്ട് പോവുന്നതും നോക്കി ഇരിക്കും, കരണ്ട് പോയാ പിന്നെ പഠിക്കണ്ട...
അന്ന് ഇൻവെർടർ ഉള്ള വീട് ഒക്കെ വളരെ കുറവാ, ഒരു അരമണിക്കൂർ നേരം നാട് മൊത്തം ഇരുട്ടിൽ ആയിരിക്കും . എല്ലാവരും വീടിനുള്ളിൽ ഒരു ചിമ്മിണി ഒക്കെ കത്തിച്ച് വച്ച് ചുമ്മാ എന്തേലും വർത്തമാനം ഒക്കെ പറഞ്ഞ് ഇരിക്കും.അക്കരെയുള്ള പൊട്ടൻ കുട്ടന്റെ പാട്ടും , നെടുള്ളാന്റ കരച്ചിലും, അച്ഛാച്ചൻ മുറുക്കാൻ ഇടിക്കുന്ന ഒച്ച ഒക്കെ അപ്പോ നല്ല വ്യക്തമായിട്ട് കേൾക്കാൻ പറ്റും..
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം രാത്രി എന്നത്തേയും പോലെ ഒരു ഏഴര ആയപ്പോൾ കരണ്ട് പോയി , അച്ഛമ്മ ഉമ്മറത്ത് ഇരുന്ന് നാമം ചൊല്ലുവായിരുന്നു അപ്പോഴാണ് ആ കാഴ്ച കണ്ടത്.. പുഴവക്കത്തുള്ള ഡേവിഡിന്റെ പറമ്പിലൂടെ എന്തോ ഒരു വെട്ടം പോവുന്നു, മണ്ണിലൂടെ വളരെ പതിയെ ആണ് അത് പോവുന്നത്.. ചുറ്റിനും ഇരുട്ടായത്
കൊണ്ട് എന്താണെന്ന് ശരിക്കും മനസ്സിലാവുന്നില്ല, കുറിച്ച് നേരം കഴിഞ്ഞപ്പോ അത് അണഞ്ഞും പോയി.സംഭവം എന്താണെന്ന് അറിയാതോണ്ട് അച്ഛമ്മക്ക് ആകെ ഒരു വീർപ്പുമുട്ടലായി.. ശരിക്കും കണ്ടതാണോ അതോ തോന്നിയത് ആണോ..
എന്തായാലും അച്ഛമ്മ വേറെ ആരോടും ഇത് പറഞ്ഞില്ല.. അങ്ങനെ പിറ്റേ ദിവസവും അതേ കാഴ്ച്ച തന്നെ വീണ്ടും കണ്ടു.ഉള്ളിൽ ഉള്ള പേടിയോണ്ട് എന്തോ അച്ഛമ്മ ഈ കാര്യം അച്ഛാച്ചന്റെ അടുത്തു പോയി പറഞ്ഞു.
"അതേ രാത്രി ആവുമ്പോ നമ്മടെ ഡേവിഡിന്റെ പറമ്പിലൂടെ എന്തോ ഒരു വെട്ടം പോണുണ്ട്"
"ഹാ .."
"താഴത്തൂടെ നെലം മുട്ടിച്ചാ പോണത് "
"മ്മ്."
"നിങ്ങൾ എന്താ ഒന്നും പറയാത്തെ? "
"അത് നിന്റെ അച്ഛൻ ചാത്തു ചൂട്ടും കത്തിച്ച് പോണത് ആവും"
"വെറുതെ എന്റെ അച്ഛനെ പറയരുത് "..
വേറെ കൂടുതൽ ഒന്നും പറയണ്ടല്ലോ അന്നത്തെ ദിവസം മൊത്തം ഇതും പറഞ്ഞ് അവര് തമ്മില് മുട്ടൻ തല്ലായിരുന്നു...
വീട്ടിലുള്ള എല്ലാവരും അന്നാണ് ഇതിനെ കുറിച്ച് അറിഞ്ഞത്. ഈ കാര്യം അമ്മ വല്ല്യമ്മയോട് പറഞ്ഞപ്പോ , ഡേവിഡിന്റെ പറമ്പിൽ രാത്രി ആവുമ്പോൾ ഒരു വിളക്ക് കത്തുന്നു എന്നായി.
വല്ല്യമ്മ വല്ല്യച്ഛനോട് പറഞ്ഞപ്പോ ആരൊ വിളക്കും കൊണ്ട് ഓടുന്നുന്നായി. അങ്ങനെ കഥകള് പലതരത്തില് വന്ന് തുടങ്ങി .
അങ്ങനെ ഒരു ദിവസം രാത്രി ചേട്ടൻ ട്യഷൻ കഴിഞ്ഞ് വരുവായിരുന്നു .. സാധാരണ ദൂരദർശനിലെ ആറരെടെ ന്യൂസ് തുടങ്ങുന്നതിനും മുൻപ് വീട്ടില് വരാറുള്ളതാ .. പക്ഷേ അന്ന് എന്തോ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരുന്നോണ്ട് നേരം വൈകി ..
ഇന്നത്തെ പോലെ ഫോൺ ഒന്നും ഇല്ലല്ലോ വിളിച്ച് ചോദിക്കാൻ .. വല്ല്യമ്മ ആകെ വെപ്രാളം പിടിച്ച് ചേട്ടനെയും നോക്കി ഉമ്മറത്ത് തന്നെ നിൽപ്പാണ്. അപ്പോഴാ.. കരണ്ട് പോയത്. വല്ല്യമ്മ വിളക്ക് കത്തിക്കാൻ അകത്തേക്ക് പോയപ്പോ .. ഡേവിഡിന്റെ പറമ്പിന് "അമ്മേന്ന് " ഒരു കരച്ചിൽ..
അത് കേട്ടതും അച്ഛമ്മയും വല്ല്യമ്മയും അച്ഛാച്ചനും ഒക്കെ അങ്ങോട്ട് ഇറങ്ങി ഓടി.. നോക്കുമ്പോൾ ചേട്ടൻ അവിടെ വീണ് കിടക്കുന്നു. ഇത് കണ്ടതും അച്ഛമ്മയും വല്ല്യമ്മയും കരച്ചില് തുടങ്ങി .. "എന്താ എന്റെ മോന് പറ്റിയേ.."
വിളിച്ചിട്ടാണെങ്കിൽ എണീക്കണും ഇല്ല.. ചേട്ടൻ ആകെ വിയർത്ത് ,ചുണ്ടാക്കെ വെളുത്തു, അച്ഛാച്ചൻ കണ്ണും കൈയും ഒക്കെ പിടിച്ച് നോക്കുന്നുണ്ടായിരുന്നു. ഒരു അനക്കവും ഇല്ല.. അപ്പോഴെക്കും അമ്മയും ചേച്ചിയും ഒക്കെ ഓടിയെത്തി. എല്ലാവരും കൂടി എങ്ങനെയൊക്കെയോ ചേട്ടനെ എടുത്ത് വീട്ടിലെ പിന്നാമ്പുറത്തെ ചായിപ്പിൽ കൊണ്ട് കിടത്തി.. അച്ഛമ്മ പാമ്പ് കടിച്ചതാവുന്നും എന്ന് പറഞ്ഞ് ആകെ കരച്ചിലാണ്..അമ്മ അപ്പോ കുറച്ച് വെള്ളം എടുത്ത് ചേട്ടന്റെ മുഖത്ത് തളിച്ചു. അപ്പോ കണ്ണ് തുറന്നെങ്കിലും പുള്ളി ആകെ പേടിച്ച് അരണ്ട അവസ്ഥയിൽ ആയിരുന്നു.. പിച്ചും പേയും ഒക്കെ പറയുന്നു...
എല്ലാവരും അവിടുന്നും ഇവിടുന്നും ഒക്കെ എന്തൊക്കെയോ ചോദിക്കുന്നുണ്ട്
"എന്താ പറ്റിയെ? നീ എന്താ ഒന്നും മിണ്ടാതെ? നീ ഇണ്ടായ കാര്യം എന്താന്ന് പറാ.."
പക്ഷേ ചേട്ടൻ ഒന്നിനും മറുപടി പറയാതെ കണ്ണും മിഴിച്ച്, കേൾക്കുന്നത് ഒന്നും മനസ്സിലാവാത്ത പോലെ ഒരു ഇരിപ്പാണ്. അത് കണ്ടപ്പോ അച്ഛാച്ചന് കാര്യം മനസ്സിലായി.
"ടാ.. നീ എണീറ്റ് പോയി കുറച്ച് നേരം കിടക്ക്.. ഒന്നും ഇല്ല അവൻ എന്തോ കണ്ട് പേടിച്ചതാണ് ..ഗീതേ..കുറച്ച് വെള്ളം എടുത്ത് കൊടുക്ക് അവന്.. “
സംഭവിച്ചത് എന്താണെന്ന് അറിയാതോണ്ട് ആർക്കും ഒരു സമാധാനം ഇല്ല.. അച്ഛമ്മയും അച്ഛാച്ചനും ചായിപ്പിൽ ഇരുന്ന് എന്തോക്കയോ സംസാരിക്കുന്നുണ്ട്.. അമ്മയും വല്ല്യമ്മയും ചേച്ചിയോക്കെ അടുക്കളയിൽ ഇരുന്നാണ് ചർച്ച...
ഞാൻ ആ നേരം ചേട്ടന്റെ മുറിയിൽ പോയി ഒന്ന് നോക്കി . പുള്ളി അവിടെ ഭിത്തിയും നോക്കി കിടപ്പാണ്, അത് കണ്ടപ്പോ എനിക്ക് എന്തോ ചിരിയാണ് വന്നത്. എന്റെ ഒച്ച കേട്ട് ചേട്ടൻ തിരിഞ്ഞ് നോക്കി.
"എന്തേടാ... ചിരിക്കണ്. "
"ആന പ്രേതത്തിനെ കണ്ട് പേടിച്ചല്ലെ.."
"ആന പ്രേതൊ ..??"
"ആഹാ. അപ്പോ അതൊന്നും അറിയില്ലെ."
"ഒന്ന് പോയെടാ.."
"വേണങ്കി.. വിശ്വസിച്ചാ മതി എന്റെ അടുത്ത് അച്ഛമ്മ പറഞ്ഞതാ.."
"എന്ത്?
അച്ഛമ്മ എനിക്ക് പറഞ്ഞ് തന്ന ആ കഥ ഞാൻ അങ്ങനെ തന്നെ ചേട്ടനും പറഞ്ഞ് കൊടുത്തു.
"പണ്ട് നമ്മുടെ അമ്പലത്തിലെ ഉത്സവത്തിന് ഒരു ആന വന്നിട്ട് ഇണ്ടായിരുന്നു...കാണാൻ നല്ല ചേല് ഉള്ള ഒരു കൊമ്പൻ ആന.നല്ല കറുത്ത് മേനിയും വലിയ ചെവിയും നെലം മുട്ടുന്ന തുമ്പികൈയും ഒക്കെ ആയിട്ട് ഒരു സുന്ദരൻ ആന. നമ്മുടെ ഈ പരിസരത്ത് എല്ലാ അമ്പലത്തിലും ആ ആന തന്നെ ആയിരുന്നു ഉത്സവത്തിന്...
അതോണ്ട് ആ ഉത്സവകാലം മുഴുവൻ ആന നമ്മുടെ നാട്ടില് തന്നെ ആയിരുന്നു... അങ്ങനെ ഉത്സവങ്ങൾ ഒക്കെ കഴിഞ്ഞ രാത്രി.. പാപ്പാൻ കുടിച്ച് ബോധമില്ലാതെ നമ്മുടെ ഈ ഉമ്മറത്തെ പറമ്പിലാണ് ആനയെ കൊണ്ട് കെട്ടിയത്.. പിറ്റെ ദിവസം കാലത്ത് നാട്ടുകാര് കണ്ടത് ആനയും പാപ്പാനും അവിടെ മരിച്ച് കിടക്കുന്നതാ...
എങ്ങനെ മരിച്ചെന്നോ എന്താ ഉണ്ടായതെന്നോ ഒന്നും ആർക്കും ഇപ്പോഴും അറിയില്ല... അതിപിന്നെ രാത്രി ആവുമ്പോ അവിടുന്ന് ചങ്ങലെടെ ഒച്ചയും.. ചൂട്ട് കത്തിച്ച പോലെ ഒരു വെളിച്ചം ഒക്കെ കാണാറുണ്ട് "..
ഞാൻ കഥ പറഞ്ഞ് കഴിയുന്നത് വരെ ഒന്നും മിണ്ടാതെ ചേട്ടൻ അത് മൊത്തം കേട്ട് ഇരുന്നു ..കഥ പറഞ്ഞ് കഴിഞ്ഞിട്ടും പുള്ളി ഒന്നും മിണ്ടുന്നില്ല ..
"ചേട്ടാ.."
"ഒന്ന് പോയെടാ.. കുറച്ച് നേരം ഒരു സമാധാനം താ.."
അപ്പോഴാണ് വിവരം അറിഞ്ഞ് വല്ല്യച്ഛൻ മുറിയിലേക്ക് കേറി വന്നത്
"നീ ഒരു ആൺകൊച്ചല്ലെടാ.....അവൻ പേടിച്ച് തല കറങ്ങി വീണുന്ന്.. നാണക്കേട്.. നീ എന്റെ വില കളയൂലോ.. വെറുതെ വീട്ടുകാരെ ടെൻഷൻ ആക്കാൻ ആയിട്ട്.. മ്മ് പറാ..എന്താ ഇണ്ടായെന്നു" "ഒന്നും ഇല്ല അച്ഛാ."
"നീ കാര്യം പറയടാ.."
“ഞാൻ വരുന്ന വഴിക്ക് ആ പറമ്പില് എന്തൊ കണ്ട പോലെ തോന്നി അതൊള്ളു."
"നീ ഉരുണ്ട് കളിക്കാണ്ട് ഇണ്ടായ കാര്യം വ്യക്തമായിട്ട് പറാ.."
"ഞാൻ ക്ലാസ് കഴിഞ്ഞ് വരുമ്പോ .. ആ പറമ്പിന്റെ അവിടെ ഒരു വെട്ടം കണ്ടു. എന്താണെന്ന് അറിയാതോണ്ട് കുറച്ച് നേരം ഞാൻ അത് നോക്കി നിന്നു. അപ്പോ ആരോ ചിലങ്ക ഇട്ട് ഓടുന്ന പോലെ ഒരു ശബ്ദം...
അപ്പോ തന്നെ ആ വിളക്കും കെട്ടു. പിന്നെ ആ ചിലങ്കേടെ ശബ്ദം എന്റെ അടുത്തേക്ക് വരുന്ന പോലെ തോന്നി അത്രെ എനിക്ക് ഓർമ്മ ഒള്ളു.."
"ആന പ്രേതാ.. വല്ല്യച്ഛാ.."
"പക്ഷേ ഞാൻ ചൂട്ട് കത്തിച്ച പോലത്തെ വെട്ടം ഒന്നും അല്ല കണ്ടത്.."
ഇത് കേട്ടതും വല്ല്യച്ഛൻ നിന്ന് ചിരി തന്നെ ചിരി , വല്ല്യച്ഛന്റെ ചിരി കേട്ട് വല്ല്യമ്മ കേറി വന്നു
" എന്തെ ..?"
"നിന്റെ മോൻ ആന പ്രേതത്തിനെ കണ്ട് പേടിച്ചതാ...പോഴൻ"
പക്ഷേ വീട്ടില് വല്ല്യച്ഛൻ ഒഴിച്ച് ബാക്കി എല്ലാവരും ആ കഥ വിശ്വാസിച്ചു......
.