വൈറൽ | Malayalam thriller story for reading |



Story by  Bobish MP

Submitted to kathaweb on 04/01/2022. © All rights reserved

Happy reading


 ഏകദേശം ഒരു രണ്ട് രണ്ടര ലക്ഷത്തോളം ചെലവ് വരുന്ന ഇന്റീരിയർ ആണ് ആ മുറിയിൽ ഉള്ളത്. എല്ലാം അവളുടെ സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയതാണ്. 

അവളുടെ അച്ഛനും അമ്മയും വിദേശത്താണ്. അവളുടെ വളർച്ച എന്നെ വളരെയധികം അത്ഭുതപ്പെടുത്തിയിരുന്നു. ഒത്തിരി ആളുകൾ യൂ ട്യൂബിൽ നിന്ന് പണം സാമ്പാദിക്കാറുണ്ട്. എന്നെ പോലെ ഉള്ള ആളുകൾക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ട്. പക്ഷെ അവളുടെ ചാനലിന്റെ പ്രേഷണം, സോഷ്യൽ മീഡിയയിൽ ഹീറോയും റിയൽ ലൈഫിൽ സീറോയുമായ ആളുകളെ പറ്റി ഒരു റോസ്റ്റിംഗ് ചാനൽ. 

അവൾ വീട്ടിൽ തനിച്ചായത് കൊണ്ട് ആ മുറിയിൽ എത്തുക എന്നത് എളുപ്പമായിരിന്നു . അബദ്ധത്തിൽ വാതിൽ തട്ടി ചെറിയ ഒരു ശബ്ദം ഉണ്ടായെങ്കിലും അവൾ അതറിഞ്ഞിരുന്നില്ല. അവൾ ഫോണിൽ പാട്ട് കേട്ടു കൊണ്ടിരിക്കുക ആണ്. അത് എനിക്ക് ഒരു സഹായം ആയിരുന്നു. കാരണം അവൾ ചുറ്റിലും നടക്കുന്നത് ഒന്നും അറിയുന്നില്ല. എന്റെ അടുത്ത ടാസ്ക് വളരെ എളുപ്പമായിരുന്നു. 

വാതിൽ തുറന്ന് അകത്ത് എത്തിയപ്പോൾ അപ്രതീക്ഷിതമായി അവൾ തിരിഞ്ഞു നോക്കി. ഭാഗ്യം! എന്തെങ്കിലും ശബ്ദം ഉണ്ടാക്കുന്നതിന് മുന്നേ തന്നെ കയ്യിലെ ചുറ്റിക കൊണ്ട് അവളുടെ തലയ്ക്ക് ആഞ്ഞടിക്കാൻ പറ്റി.ഡാർക്ക് വെബിലെ വിഡിയോയിൽ കണ്ട പോലെ തന്നെ ആ അടി പെർഫെക്ട് ആയിരുന്നു. ഒരു ശബ്ദം പോലും ഉണ്ടാക്കാതെ അവൾ നിലത്തു വീണു. അവൾ ശബ്ദം ഉണ്ടാക്കുന്നതിന് മുന്നേ അവളുടെ കഴുത്തിൽ കത്തി വയ്ക്കാൻ പറ്റി.

"ശബ്ദിച്ചു പോകരുത് "

"നിങ്ങൾ..ആരാ...പ്ലീസ്.. എന്നെ ഒന്നും.."

അവൾ പാതി തുറന്ന കണ്ണുകളോടെ എന്നെ നോക്കി മെല്ലെ സംസാരിക്കാൻ തുടങ്ങി.അവളുടെ രക്തം നിലത്ത് പടർന്നു പിടിക്കാൻ തുടങ്ങി. ശ്വാസമെടുക്കുമ്പോൾ മൂക്കിൽ നിന്നുള്ള രക്തം മെല്ലെ പുറത്തേക്ക് ഒലിക്കാൻ തുടങ്ങിയിരുന്നു

"നീ വലിയ ബ്ലോഗ്ഗറും, യൂ ട്യൂബ് സെൻസെഷനും ആയിരിക്കും.. പക്ഷെ ഞാനൊരു ക്രിമിനൽ ആണ് "

മുഖം മൂടി ധരിച്ചിട്ടുണ്ടെങ്കിലും എന്റെ ശബ്ദം അവൾക്ക് മനസ്സിലായി.

"അലക്സ് "

"യെസ് ..ഒത്തിരി പേരുടെ മുഖം മൂടി നീ തുറന്ന് കാട്ടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ചെറിയ ഒരു വാക്പൊരിലൂടെ അതെല്ലാം അങ്ങ് അവസാനിക്കും.. പക്ഷെ എന്റെ കാര്യത്തിൽ നിനക്ക് തെറ്റി"

"അലക്സ്.. പ്ലീസ്... അവളുടെ നാവ് കുഴഞ്ഞിരുന്നു.കണ്ണ് ചുവന്ന് കലങ്ങിയിരുന്നു. അവളുടെ ബോധം ഏതു നിമിഷവും പോകും എന്ന് ഉറപ്പാണ്.ചുറ്റികയിലെ കൊഴുത്ത രക്തം ഒലിച്ചിറങ്ങിയത് കൊണ്ട് ഗ്ലൗസിൽ നിന്ന് വഴുതി ചുറ്റിക നിലത്തു വീണു. അവൾ എടുക്കാതെ ഇരിക്കാൻ ഞാനത് മെല്ലെ ദൂരേക്ക് നീക്കി. അവളുടെ കഴുത്തിൽ കത്തി മെല്ലെ വീണ്ടും അമർത്തി.

"നീ എന്താ ടൈറ്റിൽ ഇട്ടത്.. പ്രമുഖ യൂ ട്യൂബർ ഒരു ക്രിമിനലോ..ആളാരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും എന്നല്ലേ.. യെസ് നീ പറഞ്ഞത് എല്ലാം സത്യമാണ് "

"അലക്സ്.. പ്ലീസ് ഹെല്പ് മീ.. എന്നെ ഒന്നും ചെയ്യരുത് "

"നീ ബുദ്ദിമതിയാണ്.. അഞ്ജലീന എന്ന പേരിൽ ഒരു ഫേക്ക് അക്കൗണ്ട് "

"അത്.. അതെ ഞാനാണ് "

"എത്ര വിദഗ്ദമായാണ് നീ എന്റെ വിവരങ്ങൾ ചോർത്തിയത്..."

"അലക്സ്.. നീ ചെയ്യുന്നതെല്ലാം തെറ്റാണ്.. നിന്നെ പറ്റിയുള്ള രഹസ്യങ്ങൾ ഈ ലോകത്തോട് എനിക്ക് വിളിച്ചു പറയണമായിരുന്നു "

"ഓഹോ ...എന്തെല്ലാം.. ഡാർക്ക് വെബിൽ മയക്കു മരുന്ന് വില്പന.. ഇതല്ലേ നീ അന്ന് പറഞ്ഞത് " "ഞാൻ അത് ഡിലീറ്റ് ചെയ്യാം.. പ്ലീസ്.. എന്നെ.."

"നല്ല അഭിനയം ... നിന്റെ മുഖം മൂടി അണിഞ്ഞ വൈറൽ സ്റ്റാർ എന്ന പ്രോഗ്രാം എന്നെ പറ്റി ആയിരുന്നില്ലേ..."

"അലക്സ്.. ഞാൻ അങ്ങനെ ഒരു പ്രോഗ്രാം അന്നൗൺസ് ചെയ്തത് സത്യമാണ്.. പക്ഷെ അത് നിന്നെ പറ്റിയല്ല"

"ഞാനിത് വിശ്വസിക്കണം അല്ലെ?"

"അലക്സ്.. നിനക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം.. എന്നെ വെറുതെ വിടൂ"

അവൾക് അനങ്ങാൻ പറ്റില്ലെങ്കിലും മെല്ലെ സംസാരിക്കാൻ പറ്റുമായിരുന്നു.

"അപ്പോൾ ഈ നടന്നത്.."

"ഇല്ല അലക്സ്.. ഞാനാരോടും ഒന്നും പറയില്ല.. എനിക്ക് ജീവിക്കണം "

"സോറി ഡിയർ.. എനിക്കും ജീവിക്കണം..."

വെറും മയക്ക് മരുന്ന് വില്പന മാത്രമല്ല. ഞാൻ ചെയ്ത കാര്യങ്ങൾ മുഴുവൻ അവൾ കണ്ടെത്തിയിരുന്നു. ലോകം മുഴുവൻ വെറുക്കുന്ന ഒരു കുറ്റവാളിയാക്കാൻ അവളുടെ കണ്ടെത്തലുകൾ ധാരാളാമാണ്. തലച്ചോറിൽ രക്തം ഇരച്ചു കയറുന്ന പോലെ തോന്നി എനിക്ക്. അവളെ വെറുതെ വിടുന്നത് മണ്ടത്തരമാണെന്ന് എനിക്കറിയാമായിരുന്നു . 

അതെ അവളുടെ ചാപ്റ്റർ അവസാനിപ്പിക്കാൻ സമയമായി. ഗ്ലൗസ് കൊണ്ട് അവളുടെ വായ പൊത്തി ആ സ്വിസ്സ് മെയ്ഡ് കത്തി അവളുടെ നെഞ്ചിൽ മെല്ലെ കുത്തിയിറക്കി . അതോടെ ചെറിയ ഒരു ഞെരുക്കത്തോടെ. അവൾ നിശ്ശബ്ദമായി. ഒരു തെളിവ് പോലും ആർക്കും കണ്ടെത്താൻ കഴിയില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഞാൻ വാച്ചിൽ നോക്കി. ഒരു മൂന്ന് മിനിറ്റ് കൊണ്ട് അവൾ മരിക്കും എന്നുറപ്പായിരുന്നു. 

അതിന് ശേഷം അവിടെ നിന്നിറങ്ങാം എന്ന് കരുതി. നാളെ ലക്ഷക്കണക്കിന് ആരാധകരുള്ള എന്റെ ചാനലിൽ ഇവളുടെ മരണത്തെ പറ്റി ഒരു വീഡിയോ ഇടണം. മറ്റെന്നാൾ അമേരിക്കയിലെ അണ്ബോക്സിങ്, സുഹൃത്തും ആയുള്ള ഒരു വീഡിയോ. ബിസി ലൈഫ്. ഇറങ്ങുന്നതിനു മുന്നേ ഒരു നിമിഷം ഞാൻ അവളെ നോക്കി. അവസാനമായി അവൾ എന്നെ നോക്കി എന്തോ പറയാൻ വെമ്പുന്നുണ്ടായിരുന്നു... "അലക്സ്.. ഐ ആം.."

അവൾ കുറച്ചു എന്തൊക്കെയോ പിറുപിറുത്തെങ്കിലും ഒന്നും വ്യകതമായിരുന്നില്ല . അവളുടെ വായിൽ നിറയെ രക്തമായിരുന്നു. പക്ഷെ ..... മരിക്കുന്നതിന് മുന്നേ അവൾ അത് എങ്ങനെയോ പറഞ്ഞ് പൂർത്തിയാക്കി.

"ഐ ആം ലൈവ് അലക്സ്...

"വാട്ട്??"

"അലക്സ്..ഐ ആം ഓൺ ആൻ ഇൻസ്റ്റ ലൈവ്"


(അവസാനിച്ചു)

COMMENTS

Name *

Email *

Write a comment on the story വൈറൽ *

വളരെ പുതിയ വളരെ പഴയ