Story by Sandra Rose
Submitted to kathaweb on 28/03/2022. © All rights reserved
Happy reading
ഒട്ടും ഇഷ്ടമില്ലാതെയാണ് ഞാൻ കോളേജിൽ ചേർന്നത്. വീട്ടിൽ നിന്ന് ഒരു മണിക്കൂർ ബസ്സിൽ പോയാലേ കോളേജ് എത്തു, പഠിക്കാൻ ഇഷ്ടമില്ലാതെയല്ല... കിട്ടിയ വിഷയമാണ് എന്നെ കോളേജ് തന്നെ ഇഷ്ടമില്ലാതെയാക്കിയത്. ഞാൻ എന്നെ പരിചയപ്പെടുത്തിയിലല്ലോ, എന്റെ പേര് പൂജ എന്റെ സ്വഭാവം മറ്റുള്ളവരിൽ നിന്ന് കുറച്ചു വ്യത്യാസമാണ്.
അധികം ആരോടും സംസാരിക്കില്ല. ഒരു തരത്തിൽ ഇൻട്രോവെർട് ആണ്. അതുകൊണ്ട് തന്നെ ഫ്രണ്ട്സും കുറവാണ്. എന്റേതു മാത്രമായ ഒരു ലോകമുണ്ട് എന്റെ ചുറ്റിലും അവിടെ പുസ്തകങ്ങളും ചിത്രങ്ങളും കഥകളും, കവിതകളുമായിരിക്കും. ഒന്നാം ക്ലാസ്സ് മുതൽ ബസ്സിൽ പോയി പരിചയം ഇല്ലാത്ത എനിക്ക് ആദ്യ ദിവസങ്ങളിലെ ബസ്സിലെ സഞ്ചാരം ഏറെ ബുദ്ധിമുട്ടുള്ളതായി തോന്നി.
8.30 നുള്ള ക്ലാസ്സിന് ഏഴരയ്ക്ക് മുൻപ് എങ്കിലും വീട്ടിൽ നിന്നിറങ്ങണം, രാവിലെ ഒരു ചായ കുടിച്ചാൽ ആയി, അതും കഴിഞ്ഞ് പിന്നെയൊരു ഓട്ടമാണ്. റെയിൽവേ പാളം കടന്ന് വേണം സ്റ്റോപ്പിൽ എത്താൻ ആദ്യമൊക്കെ സൈക്കിളിൽ ആയിരുന്നു ഇവിടെ വരെ വന്നിരുന്നത്. പിന്നെ നാട്ടിൽ സൈക്കിൾ മോഷണങ്ങൾ കൂടിയപ്പോൾ നിർത്തിയതാണ്.
ബസ്സിൽ ഒടുക്കത്തെ തിരക്കായിരിക്കും മിക്കവാറും. കാൽ കുത്താൻ പോലും സ്ഥലമില്ലാതെ ഞാൻ സാൻവിച് പരവത്തിലാവും. കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞാൽ മാത്രമെ സ്ഥലം പിടി കിട്ടുകയുള്ളു .കോളേജിന്റെ വഴി എത്തിയെന്ന് അറിഞ്ഞാൽ ഞാൻ വേഗം ഇറങ്ങും, അതിന്റെ പാട് പറയണോ ബസ്സിറങ്ങി ഒരു മുപ്പത് മിനിറ്റ് വീണ്ടും നടക്കണം നല്ല സുഖം അല്ലേ... നല്ല സ്പീഡിൽ നടന്നാൽ ഇരുപതു മിനിറ്റ് മതി.
ഞാൻ പതുക്കെ നടക്കും , വിജനമായ വഴിയിലൂടെയാണ് ഞാൻ നടക്കുന്നത്. കശുമാങ്ങകൾ അവിടെയിവിടെയായി വീണു കിടക്കുമായിരുന്നു. മരത്തിന്റെ തണൽ, കാറ്റ് ഇതൊക്കെ മനസ്സിനെ സന്തോഷിപ്പിച്ചിരുന്നു. കോളേജിൽ എന്റെ ആകെയുള്ള സന്തോഷം ഈ നടത്തമായിരുന്നു.
കോളേജിന് അടുത്തുള്ള പാനിപൂരി കടയിൽ നിന്ന് ഞാൻ ഇടയ്ക്ക് പാനിപൂരിയും, മസാലപൂരിയും കഴിക്കാറുണ്ട്. മുപ്പതു രൂപയാണ് വില എങ്കിലും അടിപൊളിയാണ്. കോളേജിൽ എത്തിയാൽ വീണ്ടും മടുപ്പിക്കുന്ന സംഭവങ്ങൾ തന്നെ.. കൂട്ടുകാർ ഉണ്ടെങ്കിലും എന്നോട് അവർക്ക് ഇഷ്ടമുള്ളതായി തോന്നിയിട്ടില്ല. ഞാൻ നേരത്തെ പറഞ്ഞിരുന്നില്ലേ എനിക്ക് അധികം കൂട്ടുകാർ ഒന്നുമില്ലെന്ന് കാരണം എന്താണെന്ന് ചോദിച്ചാൽ അറിയില്ലെന്ന് പറയേണ്ടി വരും, ചിലപ്പോൾ എന്റെ സ്വഭാവം കൊണ്ടാവും.
സത്യം പറഞ്ഞാൽ എങ്ങനെയാണ് ഒരാളോട് നല്ല കമ്പനിയാവുക എന്നത് എനിക്ക് അറിയില്ല.
വീണ്ടും ദിവസങ്ങൾ കടന്ന് പോയി.ജീവിതം തന്നെ മടുപ്പം, വെറുപ്പും ഒക്കെ തോന്നുന്ന നിമിഷങ്ങൾ എന്തിനാണ് കോളേജിൽ വരുന്നതെന്ന് അറിയാതെ ഞാൻ എന്നും വന്നു കൊണ്ടിരുന്നു. അങ്ങനെയൊരു ദിവസമാണ് ഞാൻ അവളെ ആദ്യമായി കണ്ടത്.... ആ തൊപ്പിക്കാരിയെ.
അവൾ തലയിൽ നീല നിറമുള്ള തൊപ്പിയായിരുന്നു വെച്ചിരുന്നത്. കണ്ടാൽ തനി പാവമെന്ന് തോന്നുന്ന കുട്ടി. ഞാൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. മുകളിലേക്കുള്ള കോണി കയറുകയായിരുന്നു അവൾ, പെട്ടെന്ന് തന്നെ അവൾ അവിടെ വിഴുകയാണ്. ഞാനോടി ചെന്ന് അവളെ താങ്ങി ,എന്റെ കൈയിൽ ചോര കണ്ടപ്പോഴാണ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയത് അവളുടെ മൂക്കിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നു.
അപ്പോഴേക്കും ടീച്ചർമ്മാർ അവിടെ എത്തി. അവൾക്ക് വെള്ളം കൊടുത്തു, തലയിൽ മുടിയില്ലാത്ത അവളുടെ മൊട്ട തല ഞാൻ നോക്കി നിന്നു, പെട്ടെന്നാണ് ഞാൻ ശ്രദ്ധിച്ചത് അവൾ എന്തോ നോക്കുകയാണ് അത് ആ നീല തൊപ്പിയാണെന്ന് എനിക്ക് മനസ്സിലായി ഞാൻ വേഗം തന്നെ അതെടുത്തു കൊടുത്തു. അപ്പോൾ അവളുടെ മുഖത്ത് ചെറിയൊരു ചിരി വന്നു. ഞാനവളെ കൂടുതൽ ചിരിപ്പിക്കാൻ ആഗ്രഹിക്കുന്നു.
എനിക്ക് അവളോട് ഒരു പ്രേത്യേക ഇഷ്ടം തോന്നി. പിന്നെ പിന്നെ എന്നും ഞാൻ നേരത്തെ ക്ലാസ്സിൽ എത്തിയിരുന്നു അവളെ കാണാൻ, അവളെ ചിരിപ്പിക്കാൻ, അവൾ എന്നോട് വേഗം കമ്പനിയായി. ഞാൻ ഓരോ തമാശകൾ പറയുമ്പോൾ അവൾ ശബ്ദമുണ്ടാക്കി ചിരിക്കും. ആ ചിരിയിലും അവൾ ഉള്ളിൽ കൊണ്ട് നടക്കുന്ന വേദന ഞാൻ കണ്ടിരുന്നു.
കടുത്ത നിരാശ ആ കണ്ണിലുണ്ട്. ആരും കൂട്ടില്ലാതെയിരുന്ന എനിക്ക് അവൾ നല്ലൊരു കൂട്ടുക്കാരിയായി. ചിരിക്കാൻ മടിച്ച അവളെ ഞാൻ ചിരിപ്പിച്ചിരുന്നു. ചിരി അല്ലെങ്കിലും നല്ലതല്ലേ ചിരി മനുഷ്യന്റെ ആയുസ്സ് കൂട്ടും . കോളേജ് കാന്റീനിൽ നിന്ന് അവൾക്കിഷ്ടമുള്ള മസാലചായയും സമൂസയും ഞങ്ങൾ കഴിക്കുമായിരുന്നു. ക്ലാസ്സ് കഴിഞ്ഞ് ഞാൻ അവൾക്കൊപ്പമായിരുന്നു
പോയിരുന്നത്. ഓരോ ദിവസവും പല നിറങ്ങളിലുള്ള തൊപ്പികൾ വെച്ച്
സുന്ദരിയായാണ് വരാറുള്ളത്. പക്ഷെ ആ തൊപ്പി അവൾക്ക് ഇഷ്ടമില്ലാത്തതു പോലെ തോന്നി. റോഡിലുടെ ധാരാളം പൈൻ മരങ്ങളുടെ നടുവിലൂടെ ഞാൻ അവളുടെ കൈകോർത്തു നടക്കും, ചിലപ്പോൾ ഒക്കെ ഞാവൽപഴങ്ങളും, വെളുത്തതും ചുവന്നതുമായ പൂക്കളും വഴിയിൽ കാണും.
ഞാൻ ഒരിക്കൽ പോലും ആരുടെയും കെ പിടിച്ചു നടന്നിട്ടില്ല. തൊപ്പി വെച്ച എന്റെ സുഹൃത്തു എന്നെയും ഞാൻ അവളെയും മനസിലാക്കിയെന്ന് തോന്നുന്നു. അവൾ എങ്ങനെയാണ് എന്റെ പ്രിയ കൂട്ടുകാരിയായി മാറിയത്? ഇടക്കൊക്കെ ചോര ഛർദിച്ചു അവൾ എന്നെ വിഷമിപ്പിക്കും. അവൾ എന്നോട് പറയുമായിരുന്നു. ജീവിതം ഒന്നാണ് അതിൽ നമുക്ക് നല്ല സൗഹൃദങ്ങൾ ലഭിച്ചാൽ ആയുസ്സ് കുറവാണെങ്കിലും സാരമില്ലയെന്ന് പറയും അത് കേൾക്കുമ്പോൾ എന്റെ മനസ്സിലും ചെറിയ വിഷമം തോന്നും. എന്നോടുള്ള സൗഹൃദം അവളുടെ അസുഖത്ത കുറിച്ചുള്ള ചിന്തയെ വരെ ഇല്ലാതാക്കിയിരുന്നു. ഞാൻ ഇടയ്ക്ക് ചിന്തിക്കും എന്റെ ദൈവമെ എന്റെ സുഹൃത്തിന് എന്തിനാണ് ഇത്രയും വലിയ വേദന കൊടുത്തത്. അവൾ സഹിക്കുന്ന വേദന.. ഓഹ് എനിക്ക് ഓർക്കാനെ വയ്യ. ഞാൻ അവളെ ഇപ്പോൾ മാക്സിമം സന്തോഷിപ്പിക്കുന്നു. അവൾക്കു എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് സഹിക്കാൻ ആവുമോ..... അറിയില്ല.
പിന്നെയും ദിവസങ്ങൾ കടന്ന് പോയി. അന്നവൾ എനിക്ക് കേക്ക് തന്നു നല്ല മധുരമുള്ള കേക്ക് ആയിരുന്നു ഉച്ചയ്ക്ക് ട്രീറ്റ് അവളുടെ വകയെന്ന് പറഞ്ഞു. പിന്നെ അവൾ കരയുന്നുണ്ടായിരുന്നു, മൂക്കിൽ നിന്ന് ചോര വന്നത് അവൾ ഞാൻ കാണാതെ ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു.
"നീ വിഷമിക്കുകയില്ലെങ്കിൽ ഞാനൊരു കാര്യം പറയാം നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും കീമോ ചെയ്യാൻ, ലാസ്റ്റ് കീമോയാണ്.
ഇതിലും ശരിയായില്ലെങ്കിൽ പിന്നെ....... അവൾക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു. കണ്ണിൽ നിന്ന് കണ്ണുനീർ വന്നു തുടങ്ങി. "
ഞാൻ പറഞ്ഞു "മതി മതി നിർത്തിക്കോ, നിനക്ക് ഒന്നും സംഭവിക്കുകയില്ല.."
"ജീവിതം അവസാനിക്കുമോ എന്ന തോന്നൽ ആണ് ഇപ്പോൾ "
"ദേ നീ എന്റെ കൈയിൽ നിന്നും വാങ്ങിക്കും" അവളോട് അങ്ങനെ പറഞ്ഞെങ്കിലും ആ പേടി എനിക്കും ഉണ്ടായിരുന്നു. ഇത്രയും നാളുകൾ ഒരു കിലുക്കാംപെട്ടി പോലെ കൂടെയുണ്ടായിരുന്നവൾ പെട്ടെന്ന് ആ കിലുക്കം നിർത്തി പോയാൽ ഞാൻ ശരിക്കും തകരും.
അവളുടെ പിറന്നാൾ ആഘോഷത്തിനു ശേഷം ഞങ്ങൾ നടക്കുന്ന വഴിയിലൂടെ നടന്നു. കാറിൽ കയറുമ്പോൾ എന്നെ കെട്ടിപ്പിടിച്ച കൊണ്ട് അവൾ കരഞ്ഞു. അവൾ പോയി. അവളുടെ മനസ്സിൽ
ധൈര്യമില്ലായിരുന്നു.... പേടിയാണ്. അവൾ പോകുന്നതിനു മുൻപ് ഞാൻ അവളോട് പറഞ്ഞു,
"ഇനി ഞാൻ നിന്നെ വിളിക്കുന്നത് നീലതൊപ്പിക്കാരിയെന്നല്ല കേട്ടോ.." അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ അവൾ തിരിച്ചു വരുമെന്ന സൂചനയും ഉണ്ടായിരുന്നു.
അവൾ പോയിട്ട് ദിവസങ്ങൾ കഴിഞ്ഞു. അവളെ കുറിച്ചു ഒരു വിവരവും ഇല്ല ഞാൻ എന്നും പ്രാർഥിച്ചു അവൾക്ക് വേണ്ടി. ഒരാഴ്ചയ്ക്ക ശേഷം അവൾ എന്നെ വിളിച്ചു പേടിയോടെയാണ് ഞാൻ ഫോൺ എടുത്തത്. എന്റെ കൈ വിറയ്ക്കുന്ന പോലെ.. അത് അവൾ ആയിരുന്നു.
"ഡാ ഓപ്പറേഷൻ കഴിഞ്ഞു. എന്റെ ക്യാൻസർ ഇനിയില്ല എന്നാണ്
ഡോക്ടർ പറഞ്ഞത്."
അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. റസ്റ്റ് കഴിഞ്ഞു അവൾ തിരിച്ചെത്തി. ഞാൻ അവളെ കാണാൻ പോയി. ആ കുടുംബം എന്നെ സന്തോഷത്തോടെയും സ്നേഹത്തോടെയും സ്വികരിച്ചു അവരോട് ഒപ്പം ഭക്ഷണം കഴിച്ചു. എനിക്കൊരു ഗിഫ്റ്റം തന്നു.
ഞാൻ അവളോട് പറഞ്ഞു "ഹെലോ തൊപ്പിക്കാരി ഇനി തൊപ്പികൾക്ക് കുറച്ചു വിശ്രമം കൊടുക്കാം ലെ.."
സാറ എന്നെ നോക്കി ചിരിച്ചു... എന്റെ തൊപ്പിക്കാരിയായിരുന്ന കൂട്ടുകാരിയുടെ പേര് സാറ എന്നാണ്.
സാറ എന്നോട് പറഞ്ഞു "ആ ഗിഫ്റ്റ് ബോക്സ് നീ ഇപ്പോൾ തുറക്കരുത് കേട്ടോ, ചോക്ലേറ്റ് നീ തിന്നോ.."
"ഓഹ് ശരി, ആ ബോക്സിൽ എന്താണ്.?"
"അതൊരു കത്ത് ആണ്. പക്ഷെ അടുത്ത എന്റെ പിറന്നാളിനെ നീ ആ കത്ത് വായിക്കാവു.. "
"ohkk" ഞാൻ ബൈ പറഞ്ഞ് ഇറങ്ങി.
ഒരു വർഷത്തിന് ശേഷം..
ഇന്ന് സാറയുടെ പിറന്നാൾ ആണ്. ഞാൻ കാത്തിരുന്ന ദിനം. ആ കത്ത് വായിച്ചാലോന്നു ഇടയ്ക്ക് വിചാരിക്കും പക്ഷെ പിന്നെ എന്തോ അവൾ പറഞ്ഞ വാക്കുകൾ ഓർക്കും അപ്പോൾ വായിക്കാനുള്ള രസവും പോവും. അങ്ങനെ ഒരോ ദിവസങ്ങളും, മാസങ്ങളും കഴിഞ്ഞ് ആ ദിവസം വന്നെത്തി. ഇന്ന് അവളുടെ പിറന്നാൾ ആഘോഷം കഴിഞ്ഞ് കത്ത് വായിക്കാമെന്ന് കരുതി.. സാറയുടെ തിരിച്ചു വരവിൽ ഗംഭിരമായ പിറന്നാൾ ആഘോഷമാണ് നടക്കുന്നത്. ഞാൻ അവൾക്ക് ചുവന്ന നല്ല
ഭംഗിയുള്ള ഉടുപ്പാണ് സമ്മാനമായി കൊടുത്തത്. പക്ഷെ ഒരിക്കലും വിചാരിച്ചിരുന്നില്ല അവൾ അത് ഇടുമെന്ന്. എനിക്ക് സന്തോഷമായി അവൾ ആ ഉടുപ്പിൽ സുന്ദരിയായിരുന്നു.
പിറന്നാൾ ആഘോഷം നല്ല ഭംഗിയായി അവസാനിച്ചു. ഇപ്പോൾ നമ്മുടെ സാറ ആ പഴയ തൊപ്പിക്കാരി സാറ അല്ല അവൾക്ക് നല്ല ഭംഗിയുള്ള മുടി ഉണ്ട്. അതിൽ തൊപ്പിയ്ക്ക് പകരം ചുവന്ന പൂക്കൾ വെച്ചിരിക്കുന്നു.
എല്ലാം കഴിഞ്ഞു മടങ്ങിയപ്പോൾ ആണ് വീണ്ടും ആ കത്തിനെ കുറിച്ചു ഓർത്തത്.. ഞാൻ കത്ത് വായിച്ചു
ഡിയർ പൂജ.. ഈ കത്ത് വളരെ മുൻപ് നിനക്ക് തരണമെന്ന് കരുതിയതാണ്. പക്ഷെ എന്തുകൊണ്ടോ അതിന് സാധിച്ചില്ല. നീ എന്റെ എല്ലാമാണ്. ജീവിതം തന്നെ അവസാനിക്കുമെന്ന് കരുതിയപ്പോഴാണ് നീ എനിക്ക് ആത്മ വിശ്വാസം തന്നത്. ക്യാൻസർ പുല്ല് പോലെ ഞാൻ നേരിടാൻ കാരണം നീയാണ്. ഒരിക്കലും ഞാൻ നിന്നെ മറക്കുകയില്ല........
യുവർ ലവിങ് തൊപ്പിക്കാരി
- സാറ
ആ കത്ത് വായിച്ചപ്പോൾ എനിക്ക് ചിരിയാണ് വന്നത്... ശരിയാണ് സാറ പറഞ്ഞത് പോലെ ക്യാൻസറിനെ പുല്ല് പോലെ കാണുക, അതിനെ നമ്മുടെ ശരീരത്തിൽ നിന്ന് പറിച്ചു കളയുക..
...കേരള ക്യാൻ.....
*Thottol Sadanandan
I liked the story Once you start reading, will not stop till the end Happy ending Thanks and regards
.