Story by Bobish MP
Submitted to kathaweb on 04/01/2022. © All rights reserved
Happy reading
പരിചയമില്ലാത്ത ഈ സ്ഥലത്തുകൂടെ പാതിരാത്രി എന്ത് ധൈര്യത്തിലാണ് നടന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. വീട്ടിന് മുന്നിൽ അയാൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അയാൾക്ക് ഏകദേശം ഒരു 50 നോടടുത്ത് പ്രായം കാണും. എന്നെ കണ്ടതും അയാൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു.
"നിങ്ങൾ വന്നത് നന്നായി.. 8:30 ആയാൽ പവർകട്ട് ആണ്."
നാളെ എക്സാം ആയതുകൊണ്ടുതന്നെ ലോഡ്ജുകൾ എല്ലാം ഫുൾ ആയിരുന്നു. പിന്നെ എങ്ങനെയൊക്കെയോ നെറ്റിൽ കണ്ട ഒരു ഫോൺ നമ്പറിൽ വിളിച്ചാണ് ഈ ചെറിയ വീട് ശരിയായത്. അയാളും ഭാര്യയും മാത്രമേ ഇവിടെയുള്ളൂ. ഒരു ദിവസം ഒരു പെയിങ് ഗസ്റ്റ് പോലെ ഇവിടെ താമസിക്കാം. എക്സാം സെൻറർ ഇവിടെ അടുത്താണ്. അതുകൊണ്ടുതന്നെ പോകാനും സുഖമാണ്.
ചെറിയ ഒരു വീടാണിത്. മുന്നിലുള്ള ബൾബിന് പ്രകാശം കുറവായതുകൊണ്ട് തന്നെ ചുറ്റും അത്ര വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ല. ഞാനും ചിരിച്ചുകൊണ്ട് ഒപ്പം അകത്തേക്ക് കയറി. ലിവിങ് റൂമിന് അടുത്തുള്ള ചെറിയൊരു മുറി അയാൾ എനിക്ക് കാണിച്ചുതന്നു.
"നിങ്ങൾ വേഗം കുളിച്ച് റെഡിയായിക്കോളു.. യാത്രാക്ഷീണം കാണും ഭക്ഷണം കഴിക്കാം.."
എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു.. കരണ്ട് പോയാൽ പിന്നെ അരമണിക്കൂർ വീണ്ടും കാത്തിരിക്കണം.. അയാളുടെ ഭാര്യ കുറച്ചു ഫ്രൂട്സ് ഒക്കെ ഡൈനിങ് ടേബിളിൽ കൊണ്ടു വെക്കുന്നുണ്ടായിരുന്നു. അവരും എന്നെ നോക്കി ഒന്ന് ചിരിച്ചു. നല്ല വിശപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വേഗം കുളിച്ച് റെഡിയായി.
ഞാൻ എത്തിയപ്പോഴേക്കും അവർ ടേബിളിൽ റെഡിയായി ഇരിക്കുന്നുണ്ടായിരുന്നു.
ഞാൻ കയ്യിലുള്ള ഹോൾടിക്കറ്റ് അവരെ കാണിച്ചു.
"ഈ സ്ഥലം ഇവിടെ അടുത്ത് തന്നെയല്ലേ..." അയാളും ഭാര്യയും അതൊന്നു നോക്കി.
"ഞങ്ങൾക്ക് രണ്ടാൾക്കും കണ്ണടയില്ലാതെ വായിക്കാൻ പറ്റില്ല മോനേ.."
അത് കേട്ടപ്പോൾ എനിക്ക് എന്തോ വിഷമമായി. ഒടുക്കം സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ അവിടെ അടുത്ത് ആണെന്ന് മനസ്സിലായി. പവർകട്ടിന് മുന്നേ ഫോൺ കുത്തി ഇടാം എന്ന് കരുതി.
"ഒരു മിനിറ്റ്.. ഞാനിപ്പോൾ വരാം.."
അവർ ഭക്ഷണം കഴിക്കാൻ റെഡിയായി ഇരിക്കുകയായിരുന്നു. ഞാൻ അവർ തന്ന റൂമിൽ പോയി. കൈയിലുള്ള വാച്ച് ഊരി മേശയിൽ വെക്കാമെന്ന് കരുതി. മേശ തുറന്നപ്പോൾ അതിലൊരു കടലാസ് ചുരുട്ടി കൂട്ടി വെച്ചിട്ടുണ്ട്. അത് ഞാൻ വെറുതെ കയ്യിലെടുത്തു. അതുകണ്ടപ്പോൾ അയാൾ അയാളുടെ ഭാര്യയെ വഴക്ക് പറയാൻ തുടങ്ങി.
"നിന്നോട് പറഞ്ഞതല്ലേ ഗസ്റ്റ് പോയാൽ പിന്നെ റൂമൊക്കെ വൃത്തിയാക്കണമെന്ന്.."
അയാളുടെ മുഖഭാവം മാറിയിരുന്നു.. ഭാര്യയും ഒരു ഭീതിയോടെ നോക്കി.. അവർ രണ്ടുപേരും എന്റെ കൈയിലുള്ള പേപ്പറിലേക്ക് നോക്കി.
"എന്താണ് മോനെ അത്..? "
"അത് മുന്നേ എക്സാമിന് വന്ന ഏതോ കുട്ടികൾ എഴുതിയതാണ് എന്ന് തോന്നുന്നു. ഇക്വേഷൻസ് ആണ്.."
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
പക്ഷേ സത്യത്തിൽ എൻറെ കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു. അതൊരു കത്തായിരുന്നു.
"നിങ്ങൾ ഈ കത്ത് വായിക്കുന്നുണ്ടെങ്കിൽ ദയവായി എത്രയും പെട്ടെന്ന് ഇവിടെ നിന്ന് രക്ഷപെടുക. അവർക്ക് ഈ കത്ത് വായിക്കാൻ സാധിക്കില്ല. കാരണം അവർക്ക് ഒന്നും വായിക്കാൻ പറ്റില്ല. ഈ വീട്ടിലെ ഭാര്യയും ഭർത്താവും മരിച്ചിട്ട് അഞ്ചുവർഷമായി. ഈ കാണുന്നത് മനുഷ്യരാണോ ചെകുത്താൻ ആണോ എന്നറിയില്ല. എനിക്കിവിടെ നിന്നു ജീവനോടെ പുറത്തുപോകാൻ സാധിക്കുമോ എന്ന് ഉറപ്പില്ല..."
ആ കത്ത് വായിച്ചതും എന്റെ ശ്വാസം നിലയ്ക്കുന്ന പോലെ തോന്നി. ഡൈനിങ് ടേബിളിലേക്ക് അടുത്ത അവർ രണ്ടുപേരും എന്നെ നോക്കി ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
അവരുടെ തൊട്ടടുത്തുതന്നെ ആണ് പുറത്തേക്കുള്ള വാതിൽ. ഒറ്റ ഓട്ടത്തിന് അതിലൂടെ പുറത്തേക്ക് പോകാമെന്ന് കരുതി.
എന്റെ മുഖഭാവത്തിൽ വന്ന വ്യത്യാസം കണ്ട് അവർ രണ്ടു പേരും എഴുന്നേറ്റു.
ഞാൻ ഓടാൻ തയ്യാറായി. ഇത്രയും നേരം ഉള്ള അവരുടെ പ്രകൃതം ആകെ മാറിയിരുന്നു.
അവർ നാവുനീട്ടി എന്നെ നോക്കി, ശക്തിയിൽ ശ്വാസമെടുത്ത് നിൽക്കുകയാണ്.
അവരുടെ അടുത്തുകൂടെ എങ്ങനെ പുറത്തു കടക്കും എന്ന് അറിയില്ല. രണ്ടും കൽപ്പിച്ച് ഞാൻ ഓടി.
പക്ഷേ സമയം 8:30 ആയിരുന്നു..
ലൈറ്റ്സ് ഓഫ്
ബൂ...!