Story by Dr. Charu panicker.
Submitted to kathaweb on 06/01/2022.© All rights reserved
Happy reading
"എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണമ്മേ..."
"നാണമില്ലേ നിനക്കിത് പറയാൻ. കെട്ടിക്കാൻ പ്രായമായി,എന്നിട്ടും അവൾക്ക് പേടി.കതക് നന്നായി അടച്ച് കിടക്ക്.കട്ടിലിന്റെ അടിയിൽ കൂടി നോക്ക്.നിന്നെ ആരും പിടിച്ചു തിന്നാൻ പോകുന്നില്ല." "എനിക്ക് കള്ളൻമാരേയും കൊലപാതികളേയും പേടി ഇല്ല."
"പിന്നെ നിനക്ക് എന്തിനേയാ പേടി?"
"പ്രേതം"
"പോടി പെണ്ണേ..! ഞാൻ രണ്ടു വീക്ക് തരും.മര്യാദയ്ക്ക് പോയി കിടന്നു ഉണങ്ങാൻ നോക്ക്."
പേടിച്ചു വിറച്ചാണെങ്കിലും തനിയെ കിടന്നു ഉറങ്ങാൻ തുടങ്ങി.പക്ഷേ ഉറക്കത്തിനിടയ്ക്ക് എപ്പോ കണ്ണു തുറന്നാലും ചുറ്റും കൂറേ രൂപങ്ങൾ. ഉടനെ തന്നെ കണ്ണടച്ച്,രാമനേയും ലക്ഷ്മണനെയും വിളിക്കും. വർഷങ്ങൾ കഴിഞ്ഞിട്ടും പേടി മാറിയില്ല. എങ്ങനെ മാറാനാണ്? ചെറുപ്പം മുതൽ
പ്രേതത്തിന്റെ കാര്യം പറഞ്ഞു പേടിപ്പിച്ചു വച്ചേക്കുവല്ലേ...മനസ്സിൽ ഉറച്ചു പോയി,മറക്കാൻ പറ്റുന്നില്ല. പേടി മാറ്റാൻ സ്വാമിയുടെ അടുത്ത് കൊണ്ട് പോയി.അവിടെ ചെന്നപ്പോൾ പുതിയ കണ്ടുപിടിത്തം. എന്റെ ദേഹത്ത് ബാധ ഉണ്ടത്ര. തീർന്നില്ലേ കഥ..! പിന്നെ ചൂരലായി,അടിയായി, ഒഴിപ്പിക്കലായി.അങ്ങനെ ബാധ ഒഴിപ്പിച്ചു. കുറച്ചു അടി കിട്ടിയതും മുടി
പോയതും മാത്രം മിച്ചം. കൂട്ടുകാരുടെ നിർബന്ധപ്രകാരം പേടി മാറാൻ കുറെ പ്രേത സിനിമ കണ്ടു. ഫലമോ..? അലർച്ച കേട്ട് നാട്ടുകാർ വീട്ടിലെത്തി.ആകെ നാണക്കേടായി.വീട്ടുകാർക്ക് മാത്രം അറിയാവുന്ന പ്രേതപേടി നാട്ടുകാരെല്ലാം അറിഞ്ഞു. അതുകൊണ്ട് പേടി മാറ്റണമെന്ന് ദൃഢ പ്രതിജ്ഞ എടുത്തു. ചെറിയ മുറിയാണ് എന്റെ.രാവിലെ സ്വന്തം മുഖം കണി കാണാതിരിക്കാൻ വേണ്ടി മുറിയിലെ കണ്ണാടികളെല്ലാം എടുത്തു മാറ്റി.
ഭിത്തി മുഴുവൻ പണ്ടേ ദൈവങ്ങൾ സ്ഥാനം പിടിച്ചിരുന്നു.ഒരു കട്ടിലും മേശയും മാത്രമേ മുറിയിൽ ഉള്ളൂ. പിന്നെ ജഗ്ഗ് നിറയെ വെളളവും. ' പതിവുപോലെ ഉറങ്ങാൻ കിടന്നു. എന്തായാലും രഹസ്യങ്ങളുടെ ചുരുൾ അഴിക്കണമെന്ന് കരുതിയാണ് കിടന്നത്. അതുകൊണ്ടാണ് 12.30 ന് ഫോണിൽ അലാറവും വച്ചത്. കൃത്യ സമയത്ത് തന്നെ അലാറം അടിച്ചു.
നല്ല ഉറക്കത്തിലായതുകൊണ്ട് കുറച്ചു സമയമെടുത്തു അലാറം ഓഫ് ചെയ്യാനും എന്തിനാണ് അലാറം വച്ചതെന്ന് ഓർത്തെടുക്കാനും. പതിയെ കണ്ണു തുറന്നു.ഒരു രൂപത്തെ
കണ്ടു. ഉണരാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു.കൈ നീട്ടി മേശപ്പുറത്തു വച്ചിരുന്ന കണ്ണട എടുത്തു വച്ചു. എല്ലാം വ്യക്തമായി കാണണമല്ലോ...!
ധൈര്യം സംഭരിച്ച് എഴുന്നേറ്റു. മുറിയുടെ മൂലയ്ക്കാണ് ആ രൂപം. മാരത്തൺ ഓടുന്ന ഹൃദയത്തെ വക വയ്ക്കാതെ സ്വിച്ച് ബോർഡിന്റെ അടുത്തേക്ക് നടന്നു. സ്വിച്ച് ഓൺ ആക്കി.കറന്റ് ഇല്ലായിരുന്നു എന്ന് അപ്പോഴാണ് അറിഞ്ഞത്.ചീവിടിന്റെ ശബ്ദമല്ലാതെ വേറെ ഒന്നും കേൾക്കാനില്ല.ചുറ്റുമുള നിശബ്ദത എന്റെ ഭയം കൂട്ടിയതേ ഉള്ളൂ.
കൈയിലുള്ള ഫോണിൽ ടോർച്ച് ഓണാക്കി.ഞാൻ പ്രതീക്ഷിച്ചത് വെളിച്ചത്തിൽ ആ രൂപം ഇല്ലാതാകുമെന്നായിരുന്നു.പക്ഷേ അത് തെറ്റായിരുന്നു.രൂപം മുഖം തിരിഞ്ഞു നിൽക്കുവായിരുന്നു. ഓരോ ചുവട് എടുത്തു വയ്ക്കുന്തോറും എന്നെ ആരോ പുറകോട്ടു വലിച്ചു. പെട്ടെന്നാണ് ആ രൂപം തിരിഞ്ഞു എന്നെ നോക്കിയത്. എന്റെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു. അതേ ആ രൂപം.. അതു ഞാൻ തന്നെയായിരുന്നു.