പള്ളിപ്പറമ്പിലെ രാത്രി Malayalam story for reading

 



Story by  Bobish MP

Submitted to kathaweb on 20/03/2022. © All rights reserved

Happy reading


കണ്ടക്ടറുടെ ശബ്ദം കേൾക്കുന്ന വരെ ഞാനൊരു സ്വപ്നലോകത്തിൽ ആയിരുന്നു. നല്ല തണുപ്പുള്ള രാത്രിയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലെ സൈഡ് സീറ്റിലെ യാത്ര തരുന്ന ഒരു സുഖം. അത് അനുഭവിച്ചവർക്കേ അറിയൂ. 

വണ്ടിക്കെന്തോ ചെറിയ പ്രശ്നം പറ്റിയിട്ടുണ്ട്. പുറത്തിറങ്ങി നോക്കിയപ്പോളാണ് പള്ളിപ്പാറ എന്ന ബോർഡ് കണ്ടത്. കൃത്യ സ്ഥലത്ത് വച്ചാണ് ബസ് കേടു വന്നത്. വായിൽ നിന്ന് സംസാരിക്കുമ്പോൾ പുക വരുന്നുണ്ടായിരുന്നു. അത്രയ്ക്കും തണുപ്പായിരുന്നു. ഈ സ്ഥലം പകൽ വെളിച്ചത്തിൽ മാത്രമാണ് കണ്ടത്. രാത്രി ഇവിടെ നിന്നപ്പോൾ ഉള്ളിൽ ചെറിയ പേടി തോന്നി.

മുന്നോട്ട് വരുമ്പോൾ റേഞ്ച് കുറവാണെന്ന് അനിത പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ റൂട്ട് ഒക്കെ ഏകദേശം പഠിച്ചിട്ടായിരുന്നു വന്നത്. ബസ് സ്റ്റോപ്പിന് പിന്നിലൂടെ നടന്നപ്പോൾ ചെറിയ ഒരു ഇടവഴിയിൽ എത്തി. അവൾ പറഞ്ഞപോലെ തന്നെ എവിടെയും വെളിച്ചമില്ലായിരുന്നു. ഫോണിന്റെ വെളിച്ചം ഏൽക്കാത്ത സ്ഥലം എല്ലാം ഒരു കറുത്ത കമ്പിളി കൊണ്ട് മൂടിയ പോലെ തോനുന്നു.
ചെറിയ ഒരു ഭയം മനസ്സിൽ ഇരച്ചു കയറുന്ന പോലെ തോന്നി. ഹൃദയമിടിപ്പിന്റെ വേഗത വർധിച്ചിരുന്നു.എന്തെല്ലാമോ പുകയ്ക്കുന്ന പോലെ ഒരു ഗന്ധം. ആകെ ഒരു അസാധാരണമായ അന്തരീക്ഷം. മുന്നോട്ട് നടന്നപ്പോൾ ഇടവഴിയിൽ നിന്ന് അല്പം മാറി ഒരു പറമ്പിലാണ് എത്തിപ്പെട്ടത്. ടോർച്ച് അടിച്ചപ്പോൾ ആണ് അതൊരു പള്ളിപ്പറമ്പ് ആണെന്ന് മനസ്സിൽ ആയത്.

അവൾ പറഞ്ഞപോലെ തന്നെ അവിടം ആകെ കാട് പിടിച്ചു കിടപ്പുണ്ടായിരുന്നു. ഇപ്പോൾ ശരിക്കും കൈ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ബാങ്ക് കൊടുക്കൽ അല്ലാതെ ആളുകൾക്ക് ഇവിടെ നിസ്കരിക്കാൻ അനുവാദം ഇല്ല. ഇവിടെ മൊത്തം ജിന്നുകളാണത്രേ. കാട്ടിലെ ആ പള്ളിയും താഴത്തെ ചങ്ങലകൾ ഉള്ള പറമ്പിനെ പറ്റിയും എനിക്ക് അറിയാമായിരുന്നു. ഞാൻ നിൽക്കുന്ന സ്ഥലം ഇപ്പോൾ എവിടെയാണെന്ന് എനിക്ക് മനസിലായി. അത് ആലോചിക്കാൻ കൂടെ പേടിയായത് കൊണ്ട് അല്പം വേഗത്തിൽ മുന്നോട്ട് നടന്നു.

അനിത പറഞ്ഞ പോലെ തന്നെ ആളുകളുടെ സംസാരം കേൾക്കാൻ പറ്റുന്നുണ്ട്. ചെറിയ വെളിച്ചവും ദൂരെ കാണാം. ആരെങ്കിലും കണ്ടാലോ എന്ന പേടി ഉള്ളിൽ ഉണ്ടായിരുന്നു.

വിറകു പുരയുടെ മറവിൽ നിന്നാൽ വീട് നന്നായി കാണാം. വീടിന്റെ പിന്നിൽ ഉള്ള പറമ്പിൽ നിന്നാണ് സംസാരം കേൾക്കുന്നത്. ഉമ്മറത്തു അവളുടെ മുത്തശ്ശി ഇരിപ്പുണ്ടായിരുന്നു. അടുക്കള വാതിൽ തുറന്ന് അവൾ മെല്ലെ പുറത്തേക്ക് വന്നു. പക്ഷേ അവളുടെ രൂപം കണ്ടപ്പോൾ ഒരു വല്ലായ്മ തോന്നി. ആകെ ഒരു ചുവപ്പ് മയം. 
ചുവന്ന പട്ടു സാരിയും ചുവന്ന പൊട്ടും അഴിച്ചിട്ട മുടിയും. അവൾ മെല്ലെ അടുത്തെത്തി കൈ പിടിച്ചപ്പോൾ ആണ് അല്പം ആശ്വാസം ആയത്. അപ്പോൾ തന്നെ പാടുപെട്ടു മുഖത്ത് നിന്ന് ഭയം മായ്ച്ചു കൊണ്ട് ഞാൻ ചിരിച്ചു. അനിത തന്നെ ആണോ ഇതെന്ന് വരെ ഇടക്ക് സംശയം തോന്നിയിരുന്നു.

അവൾ ഒന്നും സംസാരിക്കുന്നില്ലായിരുന്നു. അവിടെന്ന് വേഗം പുറത്ത് കടക്കാൻ എന്നെക്കാളും ആവേശത്തിൽ ആയിരുന്നു അവൾ. അവളുടെ വീട്ടുകാർ പറഞ്ഞ കാര്യം ആദ്യം കാര്യമാക്കി എടുത്തില്ലായിരുന്നെങ്കിലും ഇപ്പോൾ മനസ്സിൽ എന്തൊക്കെയോ സംശയം തോന്നിയിരുന്നു. വേഷത്തിലും ഭാവത്തിലുമൊക്കെ അവൾ ആരെയോ അനുകരിക്കുന്നപോലെ തോന്നി. ഞാൻ അവളെയും കൊണ്ട് പള്ളിയുടെ മുന്നിൽ എത്തി. അത് വരെ സംസാരിക്കാതെ ഇരുന്ന അനിത മെല്ലെ സംസാരിച്ചു തുടങ്ങിയിരുന്നു.

"എടാ.. നിന്നോട് പറഞ്ഞതല്ലേ ഇങ്ങോട്ട് വരേണ്ട എന്ന്.."

ഇവിടെ ആകെ പ്രശ്നം ആണ്... ഒരു പ്രായമായ സ്ത്രീ ശബ്ദം പോലെ തോന്നി അവളുടേത്. ഞാൻ ആകെ പേടിച്ചിരുന്നു.

"അനിത.. നീ തത്കാലം ക്ഷമിക്കണം.. എനിക്ക് വിശ്വാസം ഉണ്ടായിട്ടല്ല... നിന്റെ വീട്ടുകാർ പറഞ്ഞത് തള്ളിക്കളയാൻ എന്നിക്ക് ..."

ഞാൻ പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുന്നേ കാലിൽ ആരോ ഒന്ന് അമർത്തിപ്പിടിച്ചു. തണുത്ത കൈകൾ. ഞാൻ പെട്ടെന്ന് പേടിച്ച് ഞെട്ടി പെട്ടെന്ന് നിലത്തു വീണു പോയി. കയ്യിൽ നിന്ന് ഫോണും തെറിച്ചു പോയിരുന്നു.

"ഉമ്മയെ കൂടെ ഒന്ന് കൊണ്ട് പോടാ ഇവിടുന്ന്.."

മതിലിന്റെ താഴെ നിന്ന് ഒരു പ്രായമായ സ്ത്രീയുടെ ശബ്ദം കേട്ടു. ഇരുളിൽ ഒന്നും കാണാൻ പറ്റുന്നില്ല. ഫോൺ ചരിഞ്ഞു വീണത് കൊണ്ട് ചുറ്റുമുള്ള പുല്ലുകൾ അല്ലാതെ ഒന്നും വ്യക്തമല്ല.

"അനിതാ .. അനി.."

ഭയം കൊണ്ട് ശബ്ദം അടഞ്ഞ പോലെ തോന്നി.. "ഉമ്മയെ കൂടെ കൊണ്ട് പോടാ.."

താഴെ നിന്ന് കുറെ പ്രായമായ ആളുകളുടെ ശബ്ദം മാത്രം
സീൽകാരം പോലെ കേൾക്കാം. തലക്ക് ഒരു കറക്കം പോലെ തോന്നി. മുഖത്ത് ആരോ വെള്ളം തളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്. മുന്നിൽ വെള്ള വസ്ത്രം ധരിച്ച ഒരു ഉസ്താദ് നിൽപ്പുണ്ടായിരുന്നു. കയ്യിലുള്ള നീറ്റൽ സഹിച്ചു കൊണ്ട് ഞാൻ മെല്ലെ എഴുന്നേറ്റു. ഫോൺ ക്യാമറ ഓൺ ആവുന്നില്ലായിരുന്നു.

ഡിസ്പ്ലേ വെളിച്ചത്തിൽ താഴെ കണ്ട കാഴ്ച. ഒത്തിരി ആളുകൾ തല കുമ്പിട്ടു നിൽക്കുന്നുണ്ടായിരുന്നു. അധികവും വെളുപ്പും കറുപ്പും തട്ടമിട്ട സ്ത്രീകൾ ആയിരുന്നു. അവർ എന്തെല്ലാമോ മന്ത്രിക്കുന്ന പോലെ മുഴക്കം കേൾക്കാമായിരുന്നു. നിലവിളിക്കാൻ പോലും കഴിയാത്തവിധം ശ്വാസം നിലച്ച പോലെ തോന്നി.
ഫോൺ ടോർച് ഓൺ ആക്കിയപ്പോൾ പള്ളിപ്പറമ്പ് വ്യക്തമായി കണ്ടു. ഇപ്പോൾ അനിത അല്ലാതെ ആരും അവിടെ ഇല്ലായിരുന്നു. കുറച്ചു ചങ്ങലകൾ മാത്രം.

"പേടിക്കണ്ട.. കൂട്ടം തെറ്റിപ്പോയ ജിന്നായിരുന്നു അനിതയുടെ ഒപ്പം.. നിങ്ങളുടെ കൂടെ ഇവിടുന്ന് രക്ഷപ്പെടാൻ ആയിരുന്നു അത് തീരുമാനിച്ചത്.. ഇനി അതിന് പത്തു ദിന രാത്രം കഴിയാതെ ഇവിടുന്ന് പോകാൻ ആകില്ല" ഉസ്താദ് ചിരിച്ചു കൊണ്ട് പറഞ്ഞു.

"അനിതയെ അപ്പോൾ... "
"വീട്ടിൽ കൊണ്ട് പൊയ്ക്കോളൂ.. ആ കുട്ടി കഴിഞ്ഞ മാസം ഇരുൾ സമയത്ത് ഈ വഴി വന്നതാണ് പ്രശ്നം ആയത് ... "

ഞാൻ വിളിച്ചപ്പോൾ അവൾ മെല്ലെ തല ഉയർത്തി..  എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാതെ അവൾ സംശയത്തിൽ ആയിരുന്നു. അവൾ എങ്ങനെയോ എന്റെ കൈ പിടിച്ചു മുകളിൽ കയറി. അവൾ ആകെ വയ്യാതായിരുന്നു. അവൾ മെല്ലെ എന്റെ തോളിൽ തല ചായ്ച്ചു..

"ഉസ്താദെ.. ഞങ്ങൾ പോവട്ടെ.. അവളുടെ വീട്ടിൽ അവർ പൂജയിലാണ്.. അവർ ഞങ്ങളെയും കാത്ത് ഇരിക്കുന്നുണ്ടാകും"

"ധൈര്യമായി പൊയ്ക്കോളൂ.. ഈ നാട്ടിലെ പ്രേതങ്ങളെയെല്ലാം മാന്ത്രിക ചങ്ങല കൊണ്ട് ബന്ധിച്ചതാണ്.. പിന്നെ അവ എല്ലാം ഉപദ്രവകാരികളും അല്ല. അവർക്ക് ശല്യം ഉണ്ടാകാത്തിടത്തോളം കാലം ഒരു പ്രശ്നവുമില്ല "

"താങ്കൾ ഒപ്പം വരുന്നില്ലേ"

"ഇല്ല.. ഞാൻ ഇവിടെ കാവലാണ്.. പിന്നെ ഒരാൾ മൂന്ന് പ്രാവശ്യം പിശാചിൽ നിന്നും കാവൽ തേടിയ ശേഷം സൂറത്തുൽ ഹശ്റിന്റെ അവസാന ഭാഗം ഓതിയാൽ അവനിലേക്ക് എഴുപതിനായിരം മലക്കുകളെ നിയോഗിക്കും.
അവർ മനുഷ്യ ജിന്നുകളിലെ പിശാചുക്കളുടെ ഉപദ്രവത്തിൽ നിന്നും സംരക്ഷിക്കും. രാത്രിയിലാണെങ്കിൽ പ്രഭാതം വരെയും പകലിലാണെങ്കിൽ വൈകുന്നേരം വരെയും ഇത് ഉണ്ടാവും.."

ഞാൻ അനിതയുടെ കൈ പിടിച്ചു മെല്ലെ നടന്നു.

അവളുടെ വീട്ടിൽ എത്തിയപ്പോൾ പൂജ കഴിഞ്ഞു അവർ ഞങ്ങളെയും കാത്ത് ഇരുപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും ഉമ്മറത്തിരുന്ന ഉസ്താദ് മുന്നോട്ട് വന്നു.

"ആ ജിന്നിനെ അവിടെ വിട്ടു അല്ലെ.... ഇനി പേടിക്കേണ്ട.. നിങ്ങൾ ചെയ്തത് വലിയ ഒരു കാര്യമാണ്.. അനിതയെ അവിടെ എത്തിക്കാൻ വേറെ ഒരു മാർഗവും ഇല്ലായിരുന്നു "

ആദ്യം അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല. അവളെയും കൊണ്ട് വേഗം സ്ഥലം വിടാമെന്നാണ് കരുതിയത്. പക്ഷെ നേരിൽ അവളെ കണ്ടപ്പോൾ ആണ് എല്ലാം മനസ്സിൽ ആയത്. പേടിയിൽ നിന്ന് പൂർണമായും മുക്തി നേടിയില്ലായിരുന്നു.

"ഉസ്താദേ..അവിടെ ഞാൻ കണ്ടത്..."

"എന്റെ ഉപ്പയാണ്.. ഈ നാട്ടിലെ ദുർശക്തികളെ എല്ലാം ബന്ധിച്ചത് അദ്ദേഹമാണ്.."

എന്നെ പേടിപ്പിക്കേണ്ട എന്ന് കരുതി അവർ ചില കാര്യങ്ങൾ മറച്ചു വച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായിരുന്നു. പള്ളിപ്പറമ്പിലെ ഉസ്താദ് ഞങ്ങൾ തിരികെ നടന്നപ്പോൾ കാലിൽ ചങ്ങലയുമായി ഇരുളിലേക്ക് നീങ്ങുന്നത് ഞാൻ കണ്ടിരുന്നു. അനിതയുടെ വീട്ടിൽ അവളുടെ മുത്തശ്ശി ഇരുന്ന സ്ഥലത്ത് വെറും ചങ്ങല മാത്രമായിരുന്നു ഉള്ളത്.

എന്താണെങ്കിലും ചില കാര്യങ്ങൾ എന്റെ വിശ്വാസത്തിലും അപ്പുറത്താണെന്ന് എനിക്ക് മനസ്സിലായി.

അധികം ചിന്തിക്കുമ്പോഴേക്കും എന്റെ ഭാവി ഭാര്യവീട്ടുകാർ ഭക്ഷണം തയ്യാറാക്കി വിളിക്കുന്നുണ്ടായിരുന്നു..!

COMMENTS

Name *

Email *

Write a comment on the story പള്ളിപ്പറമ്പിലെ രാത്രി *

വളരെ പുതിയ വളരെ പഴയ