പക- Malayalam story for reading



Story by  Gopika K Gokulan

Submitted to kathaweb on 20/03/2022. © All rights reserved

Happy reading


 "പ്രേമിക്കാൻ വേണ്ടിയാണോടീ നിന്നെ ഞങ്ങള് പഠിപ്പിക്കാൻ വിട്ടെ.... മതി നിന്റെ പഠിത്തം... "

എന്റെ ഒടുക്കത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു അവിടെ. 

പിന്നീട് ജാതി, മതം, കുടുംബം, സമ്പത്ത്, ജോലി, നിറം, ശരീരഭംഗി എന്നുവേണ്ട ലോകത്തുള്ള സകലമാന കാര്യങ്ങളിലും കുറ്റവും കുറവും കാണിച്ച് ഒടുക്കം കണ്ണീര്, വിഷം, ആത്മഹത്യ, മരണം എന്നിവയുടെ പേരിൽ ഏതോ മനുഷ്യന്റെ താലി കഴുത്തിലണിയിച്ചു. 

അച്ഛൻ അയാളുടെ കയ്യിലേക്കെന്റെ കൈകൾ ചേർത്തുവെച്ചപ്പോ, ആ മനുഷ്യനെന്റെ കൈകൾ മുറുകെ പിടിച്ചപ്പോളെനിക്കുനൊന്തു. അതു കണ്ണീരായ് മിഴികളിലൂടെ ഇറങ്ങി വന്നപ്പോ, വിവാഹം കഴിഞ്ഞുപോവുന്ന എല്ലാ പെണ്ണും കരയുന്ന ആനന്ദാശ്രുവാണതെന്നവര് കരുതി. 

ആദ്യരാത്രിയുടെ കാമാലസ്യത്താൽ അയാളെന്റെയരികെ വന്നപ്പോൾ, കോണ്ടം ഉപയോഗിക്കാതെന്റെ ശരീരത്തിൽ തൊടരുതെന്നു പറഞ്ഞതിന് ഒരു പരിഹാസച്ചിരിയോടെ അയാൾ പറഞ്ഞതിങ്ങനെ, 

"പിന്നേ.....ഒരു കോണ്ടം, മാനം മര്യാദക്ക് നാലാളറിഞ്ഞ് താലികെട്ടിയാ നിന്നെ ഇവിടെ കൊണ്ടോന്നത്, അതോണ്ട് കോണ്ടം ഉപയോഗിക്കേണ്ട ഗതികേടൊന്നും എനിക്കില്ല."

എന്നും പറഞ്ഞന്റെ സാരി ഞൊറികൾ അയ്യാൾ വലിച്ചൂരിയപ്പോ, 

“എനിക്കിതൊന്നും ഇഷ്ടമല്ല, എനിക്കു നിങ്ങളെ ഇഷ്ടമല്ല.."

 എന്നാവർത്തിച്ചാവർത്തിച്ച് പറഞ്ഞതിനെന്റെ ചുണ്ടുകളെ അയാൾ ശിക്ഷിച്ചത് അയാളുടെ വൃത്തികെട്ട രുചിയില്ലാത്ത ഉമിനീരു കാംഷിച്ചുകൊണ്ടാണ്ടായിരുന്നു. ഒടുവിൽ കാമമൊടുങ്ങിയ അയാൾ വേട്ടയവസാനിപ്പിച്ച ഒരു കടുവയെപ്പോലെ എന്നിൽ നിന്നും അടർന്നു കിടന്നപ്പോൾ ഇരുട്ടിൽ ഞാനെന്റെ സാരിത്തുണികൊണ്ടെന്റെ ദേഹം മറയ്ക്കാൻ ശ്രമിക്കുകയായിരുന്നു. 

പകലുകളിലൊരു നോട്ടം കൊണ്ടുപോലും എന്നെ ആശ്ലേഷിപ്പിക്കാത്ത അയാളുടെ മുറിയിലേക്ക് രാത്രികളിൾ കയറിച്ചെല്ലാനെനിക്ക് അറപ്പുതോന്നി. 

വൃത്തികെട്ട രുചിയില്ലാത്ത ഉമിനീരും ദുർഗന്ധം പിടിച്ച കക്ഷത്തിലെ വിയർപ്പും എനിക്ക് മനം  പുരട്ടലുണ്ടാക്കി. ഒടുവിൽ അയാളുടെ കാമത്തിന്റെ വിത്ത് ഉദരത്തിൽ മുളച്ച് പൊന്തിയെന്നറിഞ്ഞപ്പോൾ ചുറ്റും കൂടിയവർ തലമുറ കാത്തതിന്റെ ഭംഗിവാക്കുകൾ പറഞ്ഞപ്പോൾ സഹിച്ചില്ല. 

തുടക്കിടയിൽ നിന്നും ചോരക്കട്ടകളായി ആ കാമത്തിന്റെ വിത്ത് ഒലിച്ചിറങ്ങിയപ്പോ ആദ്യമായി വീണ്ടും ഞാൻ സന്തോഷിച്ചു. പിന്നീടയാളെന്റെ മുഖത്തടിച്ചപ്പോ ഞാൻ ആനന്ദിച്ചു. പിന്നീടോരോ തവണ അയാൾ കാമക്കൊതിയോടെ എന്റെയടുക്കെ വന്നതിനും അയാളോടും മറ്റെല്ലാരോടും ഞാൻ പകരം വീട്ടിയത് ചോരക്കട്ടകളായി കഴുക്കിക്കളഞ്ഞ ഭ്രുണത്തിലൂടെയാണ്. 

എന്റെ സ്വപ്നങ്ങൾ തകർത്ത് ഒരു ബലിമൃഗമായി എറിഞ്ഞുകൊടുത്ത അമ്മയോട്, അച്ഛനോട്, മറ്റെല്ലാരോടും വാക്കുകൾകൊണ്ട് പ്രതികരിക്കുവാനെനിക്ക് കഴിഞ്ഞില്ല. 

പകരം, സ്വയം എരിച്ചുകളയുകയാണെന്നറിഞ്ഞുകൊണ്ട് ഞാൻ പകരം വീട്ടുകയായിരുന്നു..!


COMMENTS

Name *

Email *

Write a comment on the story പക *

വളരെ പുതിയ വളരെ പഴയ