നിശാചിത്രം | Malayalam story for reading |



Story by  Vyshnavi Sajeev.

Submitted to kathaweb on 20/03/2022. © All rights reserved

Happy reading


 ഏറെ പണിപ്പെട്ടാണ് സത്യ എണീറ്റത് .ശരീരമാകെ നുറുങ്ങുന്ന പോലെ തോന്നി അവൾക്ക്. ഒരു വിധം അവൾ എഴുന്നേറ്റിരുന്നു. ആ വലിയ കണ്ണാടിയുടെ മുന്നിൽ അവൾ നിവർന്നു നിന്നു. അവൾ സുന്ദരിയായിരുന്നു. കൊലുന്നനെയുള്ള ശരീരവും നീണ്ട മുടിയും അവളുടെ ഭംഗി കൂട്ടി. ഇരുനിറമാണവൾക്ക്. 

അഴിഞ്ഞു കിടന്ന മുടി വാരി കെട്ടി അവൾ ബാത്റൂമിലേക്ക് കയറി. ശരീരത്തിൽ വീണ് ഓരോ തുള്ളി വെള്ളത്തിനും അഗ്നിയുടെ ചൂടായിരുന്നു. പുറത്തിറങ്ങിയപ്പോഴേക്കും അയാൾ പോയിരുന്നു. ടേബിൾ ലൈറ്റിന്റെ ചുവട്ടിൽ വെച്ച ആയിരത്തിന്റെ കെട്ട് അവൾ വാരിയെടുത്തു .മുറിക്ക് പുറത്തേക്കിറങ്ങി. ആരെയും ശ്രദ്ധിക്കാതെ അവൾ നടന്നു. 

"എത്തിയോ ആട്ടക്കാരി?" 

മൂലയിൽ പുകയില ചുരുട്ട് പോലെ ഉണങ്ങി ചുരുണ്ട ആ സ്ത്രീ ചോദിച്ചു .  

"ദേ തള്ളേ മിണ്ടാതിരുന്നില്ലേൽ എടുത്ത് കോർപ്പറേഷന്റെ കുപ്പത്തൊട്ടിയിൽ കളയും... കേട്ടല്ലോ?" 

സത്യ വേഗം അകത്തേക്ക് കയറി പോയി. അവൾ അന്ന് കിട്ടിയ പണം മുഴുവൻ സമ്പാദ്യപ്പെട്ടിയിലേക്ക് താഴ്ത്തി .വീട് മുഴുവൻ തൂത്തു തുടച്ച് വൃത്തിയാക്കി അന്ന് രാത്രിയിലേക്കുള്ള ഭക്ഷണം വരെ ഉണ്ടാക്കി  വെച്ചു. ജനലിനരികെയുള്ള കണ്ണാടിയിൽ വന്ന്  മുഖം നോക്കിയപ്പോൾ അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി. എത്രയെത്ര ആണുങ്ങളുടെ ഗന്ധമാണ് അവളുടെ ശരീരത്തിന് .ഓരോ 'രാത്രിയിലും ഓരോ കൂട്ടുമായി അവൾ ജീവിക്കാൻ 

തുടങ്ങിയിട്ട് പത്ത് വർഷത്തിലേറെയായി. മടുപ്പു തോന്നി എല്ലാം നിർത്താനൊരുങ്ങിയപ്പോഴെല്ലാം വിശപ്പ് അവളെ പിടിച്ചു നിർത്തി. തന്നെ ആട്ടക്കാരിയെന്ന് വിളിക്കുമെങ്കിലും പതിനേഴ് വർഷത്തോളം തന്നെ  വളർത്തിയ ശിവകാമിയമ്മയെ പട്ടിണിക്കിടാൻ  അവൾക്ക് തോന്നിയില്ല . ഒന്നോർത്താൽ താൻ അവരെ വെറുക്കേണ്ടതാണ്. 

പതിനേഴാം വയസിൽ അച്ഛന്റെ പ്രായമുള്ള ഒരാണിൽ തുടങ്ങി ഇന്ന് ഈ നിലയിൽ തന്നെ എത്തിച്ചത് അവരാണ്.ചവറുകൂനകൾക്കിടയിലേക്ക് പിഴച്ച പെറ്റ ആരോ വലിച്ചെറിഞ്ഞ ആ ചോര കുഞ്ഞിന് അത്രയെ ആഗ്രഹിക്കാവൂ. അത്രയേ ജീവിക്കാവൂ. . ഓർമ്മകൾക്ക്  വിരാമമിട്ടു കൊണ്ട് ആ വിളിയെത്തി 

"എടീ നിന്നെ എടുത്തു വളർത്തിയ എനിക്കൊരു ഗ്ലാസ് വെള്ളം കുടിച്ച് ചാവാനുള്ള വിധിയുണ്ടാവോ?" 

ആ വയസ്സി പരിതപിച്ചു. 

"ഓ..  തള്ള തുടങ്ങിയോ. അദ്ധ്വാനിച്ച് കൊണ്ട്  വന്ന് ഉണ്ടാക്കി വെച്ചാലും പോരാ വായിൽ വെച്ച് 

താഴേക്ക് ഒരു കോലിട്ട് കുത്തി തരാം ഞാൻ .വേണേൽ എട്ത്ത് കഴിക്ക് തള്ളേ" ... 

സത്യ കുളി കഴിഞ്ഞ്  ഡ്രസ്സമാറി .

"ഇന്ന് ഏത് കൊമ്പത്തെ രാജാവാണോ  ആവോ?" 

അവൾ മുറ്റത്തേക്കിറങ്ങി. മീരാ ഭായ് കോളനിയുടെ ഒരു വശം കോർപ്പറേഷൻ വക കുപ്പത്തൊട്ടിയാണ് .അവളും അവളെ പോലെ  ജീവിക്കുന്ന കോളനിയിലെ സ്ത്രീകളെല്ലാം അവിടെ നിന്നും ജീവിതം തുടങ്ങിയവരാണ്. 

ജനിപ്പിച്ച തന്തയ്ക്കും തള്ളയ്ക്കും വേണ്ടാതെ  തെരുവിൽ അലഞ്ഞ് നടക്കുന്ന നായ്ക്കൾക്ക് ഒരു 

നേരത്തെ ഭക്ഷണമായി എത്തപ്പെട്ടവർ .അവരുടെ ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ പല സ്ഥലങ്ങളിൽ പല സാഹചര്യങ്ങളിൽ ജീവിക്കേണ്ടി  വന്നവർ ..... 

സത്യ തിരക്കിട്ടു നടന്നു. ദൈവം പോലും സഹിക്കാത്ത ആ ദുർഗന്ധത്തിന് നടുവിലൂടെ അവൾ തലയുയർത്തി തന്നെ നടന്നു. - പെട്ടെന്നാണ് അവളത് ശ്രദ്ധിച്ചത് .ഒരു കുഞ്ഞിന്റെ 

കരച്ചിൽ. കുപ്പത്തൊട്ടിയിൽ നിന്നാണതെന്ന് മനസിലാക്കാൻ അവൾക്കധികം സമയം  വേണ്ടി വന്നില്ല. ഉടുത്ത സാരിയിൽ അഴുക്ക് പറ്റാതിരിക്കാൻ ഒന്നെടുത്തു കുത്തി അവൾ ആ വൃത്തികേടുകൾക്കിടയിൽ തിരയാൻ തുടങ്ങി. 

കണ്ടെത്തുന്നത് ഒരു ആൺകുട്ടിയെ ആവണേ  എന്നവൾ ഈശ്വരന്മാരോട് പ്രാർത്ഥിച്ചു. ഏറെ 

താമസിയാതെ അവൾ കണ്ടു. വെള്ളത്തുണിയിൽ പൊതിഞ്ഞ ആ കുഞ്ഞു 

ശരീരത്തെ . ചുറ്റം ആർത്തിയോടെ അടുക്കുന്ന നായ്ക്കളെ അവൾ ആട്ടിയോടിച്ചു. ഉറുമ്പുകളും പാറ്റകളും അരിച്ചു തുടങ്ങിയ ആ കുഞ്ഞു മുഖം അവൾ കണ്ടു.. ഒരു ചിത്രം പോലെ അവൾക്ക് മുന്നിൽ ഒരു കുഞ്ഞു ജീവൻ... വെളുത്ത് തുടുത്ത ഒരു കുഞ്ഞ്. അതിന്റെ  കുഞ്ഞി കണ്ണുകൾ വെള്ളാരം കല്ലപോലെ തോന്നിച്ചു . ' പൊക്കിളിനും കാൽമുട്ടിനുമിടയിൽ ആ ജീവനും  കാത്തു സൂക്ഷിക്കുന്നത് സ്ത്രീത്വമാണെന്ന തിരിച്ചറിവ്  സത്യയെ ഞെട്ടിച്ചു. കോളനിയിലേക്ക് തിരിച്ച്  നടക്കുമ്പോൾ ആ അനാഥ ജന്മം അവളുടെ മാറോട് പറ്റിക്കിടന്നു. 

"എന്തേ തിരിച്ച് പോന്നത്, നിനക്ക് പറ്റിയ ഗന്ധർവ്വന്മാരെ കിട്ടിയില്ലേ.?" ശിവകാമി തള്ളയാണ്.  ഉത്തരം പറയാതെ അവൾ അകത്തു കയറി. ഉറുമ്പും പാറ്റയും അരിക്കുന്ന ആ ശരീരത്തെ ചൂടുവെള്ളത്തിൽ കുളിപ്പിച്ചു . തുണി പാലിൽ നനച്ച് ആ കുഞ്ഞിന്റെ 

വിശപ്പാറ്റുമ്പോൾ വേശ്യയെങ്കിലും അവളിലെ അമ്മയും  ഉണർന്നു .അവളുടെ നെഞ്ചിന്റെ ചൂടിൽ അത്  ഉറക്കം പിടിച്ചപ്പോൾ സത്യയുടെ ചുണ്ടുകൾ പതിയെ  മന്ത്രിച്ചു.

"അമ്മയുടെ ചിത്ര മോളേ... "

പിറ്റേന്ന് പേരറിയാത്തൊരു നാട്ടിലേക്കുള്ള ട്രെയിനിൽ ഒരു കയ്യിൽ ചിത്ര മോളും. മറുവശത്ത് ' സഞ്ചിയിൽ അത്ര നാളത്തെ സമ്പാദ്യവും പിന്നെ  ആ വയസി തള്ളയെയും കൂട്ടി അവളിരുന്നപ്പോൾ 

ജീവിക്കാൻ തുടങ്ങിയ സന്തോഷമായിരുന്നു സത്യയ്ക്ക് . 

പേരറിയാത്തൊരു നാട്ടിൽ മറ്റെന്തെങ്കിലും ജോലി  ചെയ്ത് ചിത്ര മോളുടെ അമ്മയായി കഴിയാനുള്ള സന്തോഷം .പെണ്ണായി പിറന്നത് കൊണ്ടും അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടത് കൊണ്ടും കരിഞ്ഞു പോയ ജന്മമാണ് തന്റേത്. 

അതിന്  പുതിയ നാമ്പുകൾ വിടരാൻ സത്യയുടെ ജീവിതം ' അവസാനിക്കണം .പകരംചിത്ര മോളുടെ അമ്മ ജനിക്കണം.  ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ സത്യ 

ആ നാടിനോട് മൗനമായി യാത്ര പറഞ്ഞു. അവളുടെ പഴയ നാളുകളോടും. ജീവിക്കാനല്ല അതിജീവിക്കാൻ തീരുമാനിച്ച ഒരു പെണ്ണിന്റെ  കരുത്തുണ്ടായിരുന്നു അപ്പോഴവളുടെ 

കണ്ണുകൾക്ക് ..ഒന്നുമറിയാതെ  അപ്പൊഴും ചിത്ര മോളുറങ്ങുകയായിരുന്നു!

COMMENTS

Name *

Email *

Write a comment on the story നിശാചിത്രം *

വളരെ പുതിയ വളരെ പഴയ