നിശബ്ദ പ്രണയം | Malayalam audio story |


Authors

"Please use headset for better experience"

Story by Rashida

Copyright © kathaweb. Enjoy listening



പത്തു വർഷങ്ങൾക്ക് ഇപ്പുറം വീണ്ടുമൊരു കൂടിക്കാഴ്ച്ച.. കണ്ണിൽ തെളിഞ്ഞ അവളെന്നെ രൂപത്തെ കണ്ടതും ഹൃദയത്തിനടിത്തട്ടിൽ എവിടെയോ തണുത്ത മഴ ചാറുന്നു. കാറും കോളുമൊഴിഞ്ഞ നനയാൻ സുഖമുള്ള ചാറ്റൽ മഴ. മിഴികൾ അനുസരണക്കേട് കാണിച്ച് അവൾക്ക് പിന്നാലെ പായുന്നു. കെട്ടിയിട്ടിട്ടും ഇറുകെയടച്ചിട്ടിട്ടും ആ ബന്ധനങ്ങളെയെല്ലാം പാടെ തള്ളി നീക്കി അവ വീണ്ടും ആ മായാവലയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പോലെ.. 

 "ദേവേട്ടാ... അറിയോ .. കൃഷ്ണ.. കൃഷ്ണ പ്രിയ."  ഹൃദയത്തിൽ പെയ്തു കൊണ്ടിരുന്ന ചാറ്റൽ മഴക്ക് മേലെ തീ കോരിയിട്ടു കൊണ്ടായിരുന്നു അവളുടെ ആ ചോദ്യം. 

 നിന്നെ അറിയുമോന്നോ പെണ്ണെ.. നിന്നെ അറിയും പോലെ ഞാൻ വേറെ ആരെയെങ്കിലും അറിയോ.. നിന്നെ അറിയാൻ ആയിരുന്നില്ലേ പെണ്ണ എനിക്കേറ്റവും ഇഷ്ട്ടം..  എന്നൊക്കെ അവളോട് പറയണം എന്നുണ്ടായിരുന്നു. പക്ഷെ നാക്ക് എന്തോ എന്റെ കൂടെ തന്നെ നിന്നു വാക്കുകൾക്ക് വിലങ്ങിട്ടു. 

"ഹലോ.. ദേവേട്ടാ.. ഈ ലോകത്ത് ഒന്നുമല്ലേ..?" എന്റെ കണ്ണുകൾക്ക് നേരെ ഞൊടിയിട്ട് അവൾ വീണ്ടും പറഞ്ഞു.. 

 "ഹാ.. തന്നെ അറിയാതെ കൃഷ്ണ.. കുറെ കാലമായി കണ്ടിട്ട് അല്ലെ.. എവിടെയാ ഇപ്പൊ.? ഫാമിലി പ്രോഗ്രാമുകൾക്ക് ഒന്നും കാണാറില്ലല്ലോ.." 

 "അത് ശെരിയാ.. ഞാൻ ഇപ്പൊ ഒരു മാസമായിട്ടേ ഉള്ളു നാട്ടിൽ എത്തിയിട്ട്. ഏട്ടന്റെ കൂടെ തന്നെയാ ദുബായിൽ. ഇടക്ക് ഒന്ന് ഇത്പോലെ നാട്ടിൽ മുഖം കാണിച് പോവും. അത്രേ ഉള്ളു..നമ്മുടെ ഫാമിലിയിലെ മിക്ക പരിപാടികൾക്കും ഞാൻ നാട്ടിൽ ഉണ്ടാവാറില്ല.." 

 "കുട്ടികൾ..?" 

 "ദാ അവിടെ ഏട്ടന്റെ കൂടെ നിക്കണ കണ്ടില്ലേ, അതാ മോൻ.. ഒരാളെന്നെ ഉള്ളു.. നാലു വയസ്സായി.." 

 "ഏതായാലും ഇപ്പൊ വന്നത് കൊണ്ട് ഒന്ന് കാണാൻ ആയി ല്ലേ.. ഹസ്ബൻഡ് വന്നില്ലേ കൂടെ..?" 

 "ഉണ്ടല്ലോ.. ഏട്ടാ.. അവൾ ആരെയോ നീട്ടി വിളിച്ചു. സുമുഖനായ ഒരു യുവാവ് ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. 

 "ഹരിയേട്ടാ.. ഇത് ദേവേട്ടൻ.. മേമേടെ ഏട്ടന്റെ മോൻ.." 

 "Hi.. ദേവൻ.. ഞാൻ ഹരി.. ഹരി പത്മനാഭൻ.."  

"Hi ഹരി.." പരസ്പരം നീട്ടിയ കൈകൾ തമ്മിൽ പുണർന്ന ശേഷം ഒരു പുഞ്ചിരി കൈമാറി ഞാൻ അയാളെ തന്നെ നോക്കി നിന്നു.. എട്ട് വർഷം ഹൃദയത്തിൽ ഒളിപ്പിച്ചു നടന്നവളെ അയാളുടെ തോളോട് ചേർത്ത് പിടിച്ചിരിക്കുന്നു. പ്രണയം തുറന്ന് പറയാനുള്ള ധൈര്യം ഒരുപക്ഷെ താനന്ന് കാണിച്ചിരുന്നുവെങ്കിൽ ഇന്നവൾ ഈ തോളോട് ചേർന്ന് നിന്നേനെ.. പ്രണയം അത് ഭീരുക്കൾക് പറഞ്ഞിട്ടുള്ളതല്ല. 

 "പോകാം കൃഷ്ണ.." അയാൾ അവളോടായി ചോദിച്ചു.. 

 "മ്മ്.. പോകാം. അപ്പൊ ശെരി ദേവേട്ടാ.. വീണ്ടും കാണാം ട്ടോ..

" മ്മ്മ്.." ഉള്ളിലുയർന്നു വന്ന ഗദ്ഗദം അവൾ കേൾക്കാതെ മറുപടി ഒരു മൂളലിൽ മാത്രം ഒതുക്കി. അല്ലെങ്കിലും ഈ കാലത്തിനിടക്ക് അവളോട് ഇത്രയെങ്കിലും മിണ്ടാൻ സാധിച്ചതിൽ അവൻ സംതൃപ്തനായിരുന്നു... 

"പിന്നേയ്.. നിശ്ചയം കഴിഞ്ഞതൊക്കെ ഞാൻ അറിഞ്ഞു.. കല്യാണത്തിന് വിളിക്കണേ.. ഞങ്ങൾ വരാം.." അതിനുള്ള ഉത്തരമായി ഉള്ളറിഞ്ഞു അവനൊന്നു ചിരിച്ചു. പേടി കാരണം പല സന്ദർഭങ്ങളിലും കഴിയാതെ പോയ നീറുന്ന പുഞ്ചിരി.. 

 "ടോ കൃഷ്ണാ.. താൻ എന്തെങ്കിലും പറഞ്ഞാ അയാളോട്.. അതോ കണ്ട മരവിപ്പ് ഇത് വരെ മാറിയില്ലേ ?.." 

 "ഇല്ല ഹരിയേട്ടാ.. ഞാൻ എന്ത് പറയാനാ..അല്ലെങ്കിലും നിശബ്ദ പ്രണയത്തിൽ ഒരാൾക്ക് മാത്രമാണല്ലോ ആത്മനൊമ്പരം. മറ്റേയാൾ എന്തറിയുന്നു.. ദേവേട്ടന് ഞാൻ ആരാ.. വെറുമൊരു ബന്ധു. അങ്ങനെയുള്ള ആളോട് ഞാൻ എങ്ങനെയാ അഞ്ചാറു വർഷം ഹൃദയത്തിൽ കൊണ്ടു നടന്നിരുന്നു ന്ന് പറയാ. അല്ലെങ്കിലും ഈ കാലത്തിനിടക്ക് അദ്ദേഹത്തോട് ഞാൻ ഇത്ര മിണ്ടിയിട്ടുണ്ടാവില്ല.. ഇപ്പൊ തന്നെ ഞാൻ നിന്ന് വിയർക്കുന്നത് ദേവേട്ടൻ കാണാതിരിക്കാൻ പെട്ട പാട് എനിക്കല്ലേ അറിയൂ.. ഈ പ്രണയം എന്ന് പറയുന്നത് ഭീരുക്കൾക്ക് പറഞ്ഞിട്ടുള്ളതല്ല അല്ലെ ഹരിയേട്ടാ..." 

 "പോട്ടെടോ.. നീ ഒരു ഭീരു ആയത് കൊണ്ടല്ലേ എനിക്ക് നിന്നെ കിട്ടിയത്.. ഞാൻ അതിൽ ഹാപ്പി ആണ്.. എന്റെ കൃഷ്ണ കുട്ടി വന്നേ..." വാത്സല്യപൂർവ്വം അവളെ നോക്കുന്ന ഭർത്താവിനായി ഒരു പുഞ്ചിരി തൂകി അവൾ അവനോടൊപ്പം നടന്നു.. ഒരു കാലത്ത് തന്റെ ഉൾതുടിപ്പായിരുന്നവനെ ഒന്ന് കൂടെ തിരിഞ്ഞു നോക്കാൻ മനസ്സ് പലയാവർത്തി ഉരുവിട്ടെങ്കിലും സംയമനം പാലിച്ചവൾ മുന്നോട്ട് നടന്നു.. പക്ഷെ ഇത്തിരി ദൂരത്തിനിപ്പുറം അവനപ്പോഴും കൃഷ്ണയെന്ന ആ മായിക വലയത്തിനുള്ളിൽ പെട്ട് പിടഞ്ഞു കൊണ്ടിരിക്കുകയായിരുന്നു...!

COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ