Story by Nithya MA
Submitted to kathaweb on 28/03/2022. © All rights reserved
Happy reading
"മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി ! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്നു മറഞ്ഞു."
വേദപുസ്തകം നെഞ്ചോട് ചേർത്ത് അപ്പാപ്പൻ വാവിട്ട് നൊലോളിച്ചു.
അക്കരെ കുന്നേൽ കരോളിന്റെ കൊട്ട് കേൾക്കാം. അഞ്ചു കൊല്ലത്തിനിപ്പുറം മുറ്റത്തൊരു കരോൾ പാടാൻ അപ്പാപ്പൻ സമ്മതിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം കരോള് കാര് വരുമ്പോ അപ്പാപ്പൻ കണ്ണു നിറച്ച് അപ്പനെ നോക്കും, അതോടെ അപ്പൻ അവരെ പറഞ്ഞു വിടും.
പണ്ടൊക്കെ അക്കരെ കുന്നേൽ മത്തായിച്ചന്റെ വീട്ടിൽ കരോൾ എത്തുമ്പോഴേ അമ്മച്ചി ഇഞ്ചിയൊക്കെ ഇട്ട് കാപ്പി വെക്കും. കപ്പയോ, കാച്ചിലോ പുഴുങ്ങി ഞങ്ങൾ ക്രിസ്മസ് അപ്പൂപ്പനെ കാത്തിരിക്കും.
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാ അവസാന കരോൾ വന്നത്. അപ്പാപ്പനും, കുഞ്ഞാഞ്ഞയും ആയിരുന്നു പുൽക്കൂടിന്റെ പണി മുഴുവൻ. വഴി നീളെ മാല ബൾബൊക്കെ
ഇട്ട് ഗംഭീരമായൊരു ക്രിസ്മസ് രാത്രി. സംഭവമെല്ലാം അടിപൊളിയാക്കി കുഞ്ഞാഞ്ഞയും, അപ്പനും കരോളിന് പോയി. ഞങ്ങളാണേൽ ഉണ്ണീശോയെം കൊണ്ട് വരുന്നത് കാത്തിരിപ്പായിരുന്നു.
"യഹൂദിയായിലെ ഒരു ഗ്രാമത്തിൽ " ചുവന്ന കുപ്പായമൊക്കെ ഇട്ട് അപ്പാപ്പനും സംഘവും വന്നപ്പോ കുഞ്ഞാഞ്ഞയെ മാത്രം കണ്ടില്ല.
"ചെറക്കനെന്തിയെടാ? എന്നപ്പാപ്പൻ ചോദിച്ചപ്പോ, വഴിയിലെ നക്ഷത്രങ്ങളുടെ ബൾബ് ഇടാൻ ഇങ്ങു പോന്നല്ലോന്ന് അപ്പൻ.
ടോർച്ചുമെടുത്ത് എല്ലാരും വഴീലോക്കെ നോക്കി.
" എന്റെ കർത്താവേ " എന്ന അപ്പാപ്പന്റെ നിലവിളി ഇപ്പോഴും കാതിലിങ്ങനെ മുഴങ്ങുന്നുണ്ട്. വഴിയരികിലെ പ്ലാവിന്റെ ചോട്ടിൽ കുഞ്ഞാഞ്ഞ കിടക്കുന്നു. ഷോക്കടിച്ചതാണെന്നാണ്
ഡോക്ടർമാരു പറഞ്ഞത്. പിന്നീട് ഇന്നേവരെ അപ്പാപ്പൻ പഴേ പോലെ പുൽക്കൂട് ഉണ്ടാക്കാൻ വന്നിട്ടില്ല, പിന്നീടൊരു പാതിരാ കുർബാനയും അപ്പാപ്പൻ കൂടിയിട്ടില്ല, നോമ്പ് വിടീലിനു പിന്നെയൊരിക്കലും അപ്പാപ്പൻ ഞങ്ങളോടൊപ്പം ഇരുന്നിട്ടില്ല.
എന്തുണ്ടേലും എന്റെ കറിയാച്ചനാദ്യം എന്നു പറഞ്ഞു മാറ്റി വെച്ചിരുന്ന അപ്പാപ്പൻ പിന്നെയൊരു ക്രിസ്മസിനും ചിരിച്ചതേയില്ല, ക്രിസ്മസ് രാത്രികളിലെല്ലാം പുൽക്കൂട് പണി കഴിഞ്ഞു കുഞ്ഞാഞ്ഞ അഴിച്ചിട്ട കരിനീല ബനിയൻ കെട്ടിപ്പിടിച്ചാണ് അപ്പാപ്പൻ
കിടക്കാറുള്ളൂ.
ഇന്നിപ്പോ അപ്പനോട് അപ്പാപ്പൻ ആവശ്യപ്പെട്ടതാ കരോള് മുറ്റത്തു കേൾക്കണം എന്ന്. ജനലിന്റെ മറവിലൂടെ ഞാൻ കണ്ടിരുന്നു, തോർത്ത് മുണ്ട് കടിച്ചമർത്തി വിങ്ങിപൊട്ടുന്ന അപ്പാപ്പനെ. ആ വയസ്സന്റെ കണ്ണിലിപ്പോഴും നീലിച്ച കൊച്ചുമകന്റെ ക്രിസ്മസ് രാത്രിയിലെ മുഖമായിരിക്കണം.
കരോള് കഴിഞ്ഞ പാടെ ആരോടുമൊന്നും പറയാതെ അപ്പാപ്പൻ മുറിയിൽ കയറി വാതിലടച്ചു. രാവിലെ നോമ്പ് വിടീലിന്റെ നേരത്തു അമ്മച്ചി കൊറേ മുട്ടി വിളിച്ചിട്ടും അപ്പാപ്പൻ വാതില്
തുറന്നില്ല. അപ്പൻ വന്നു വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോ വിറങ്ങലിച്ചു കിടക്കുകയാണാ കിഴവൻ. പതിവു പോലെ കൈപ്പിടിയിൽ കുഞ്ഞാഞ്ഞയുടെ കരിനീല ബനിയനും ഉണ്ടായിരുന്നു. അപ്പനൊന്നും പറയാതെ കണ്ണുകളിറുക്കി അടച്ചൊന്ന് നെടുവീർപ്പിട്ടു. കുഞ്ഞാഞ്ഞയപ്പോഴും ഭിത്തിയിലിരുന്നു മുഖം നിറഞ്ഞു ചിരിച്ചുകൊണ്ടേയിരുന്നു..!