Story by ഗോപിക കെ ഗോകുലൻ
Submitted to kathaweb on 04/01/2022. © All rights reserved
Happy reading
ആ വലിയ വീടിന്റെ തെക്കേ അറ്റത്തെ മുറിയിലാണ് കഴിഞ്ഞ കുറേ കാലങ്ങളായി മാളവിക.ജനലിലെ ഒരു കമ്പിയിൽ വലിയ ചങ്ങല കെട്ടിയിട്ടിരിക്കുന്നു, അതിന്റെ മറ്റേ അറ്റം അവളുടെ കാലിലും. മാളവിക, അവളാണ് പുതിയ കഥാനായിക ..
അർദ്ധമയക്കത്തിൽ ചരിഞ്ഞു കിടന്ന് മാളവികയുടെ ഭൂതകാലത്തെ ചികയുമ്പോഴാണ് എന്റെ നാഭിയിൽ ഒരു സ്പർശനം അനുഭവപ്പെട്ടത്. പിടഞ്ഞെണീറ്റ് നോക്കിയപ്പോൾ അരികിൽ അച്ഛൻ നിൽക്കുന്നു..
"ഈ ഷർട്ടൊന്ന് അയേൺ ചെയ്ത് വെക്ക്."
ഷർട്ടും കയ്യിലെടുത്ത് ഇടനാഴിയിൽ അയേൺബോക്സ്ന്റെ അരികിൽ നിന്നു, സ്വിച്ച് ഓൺ ചെയ്ത് എന്തോ ആലോചിച്ചു നിന്നു. എന്താണ് സംഭവിച്ചത്,ഒരു മന്ദഗതിയോടെ എത്രയോ നേരം ഒരേ നിൽപ്പ്.
"അയേൺബോക്സ് ചൂടായത് നീ കണ്ടില്ലേ"
എന്നു ചോദിച്ചുകൊണ്ട് പിറകിൽ പതിയെ തല്ലിയപ്പോഴാണ് വീണ്ടും ഉണർന്നത്.
അയേൺ ചെയ്ത ഷർട്ട് അവിടെ തന്നെ വെച്ച് വീണ്ടും മുറിയിലേക്ക് പോയി കട്ടിലിൽ കമിഴ്ന്ന് കിടന്നു.
ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ അറിയില്ല കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. എല്ലാം തലയണയിൽ കടിച്ചമർത്തിക്കൊണ്ട് കിടന്നു. എനിക്കു മാത്രമെന്താണിങ്ങനെ..
വല്ലാത്ത സങ്കടം തോന്നി. നല്ല കുട്ടിക്കാലമുള്ളവർക്കേ ജീവിതം നന്നായി ആസ്വദിക്കാൻ കഴിയൂ എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. എന്റെ ബാല്യത്തെക്കുറിച്ച് ഞാൻ ഓർക്കുമ്പോഴൊക്കെ മെലിഞ്ഞു അവശനായ, മുറിമുണ്ടുടുത്ത ആ വയസ്സന്റെ കൈകൾ എന്റെ തുടകൾക്കിടയിലേക്ക് വരുന്നതാണ് തികട്ടി
വരുന്നത്, ഓർക്കാനിഷ്ടമുള്ളതൊന്നും എന്റെ ബാല്യത്തിൽ ഉണ്ടായിട്ടില്ലെന്ന യാഥാർഥ്യത്തിൽ മനസ്സ് വിങ്ങിപ്പോയി.
പിന്നീടൊരിക്കൽ +2-ന് പഠിക്കുമ്പോൾ കൂട്ടുകാരോട് സൊറപറഞ്ഞിരിക്കുമ്പോൾ പാറു പറയുകയുണ്ടായി അവൾ കരഞ്ഞാൽ അവളുടെ അച്ഛനും കരയാറുണ്ടെന്ന്, അവളുടെ സന്തോഷമാണ് അച്ഛന്റെയും സന്തോഷമെന്ന്...
അതുകേട്ടപ്പോൾ പാറുവിനോടെനിക്ക് അസൂയ തോന്നി, ആ അച്ഛന്റെ മകളായി ജനിച്ചാ മതിയായിരുന്നെന്നു തോന്നിപ്പോയി.
വീണ്ടും ബാല്യവും കൗമാരവും കടന്ന് യൗവ്വനത്തിലെത്തി നിൽക്കുമ്പോൾ എല്ലാവരുടെം സ്റ്റാറ്റസുകളിലും പോസ്റ്റുകളിലും സ്റ്റോറികളിലും നിറഞ്ഞു നിൽക്കുന്നത് ഒന്നുമാത്രം..
ആ കൈകളിൽ കിട്ടുന്ന സുരക്ഷ മറ്റെവിടെയും കിട്ടില്ല, പെൺകുട്ടികളുടെ ഏറ്റവും നല്ല സുഹൃത്ത് അച്ഛനാണത്രെ, ഇതൊക്കെ പോരാത്തതിന് ബൈജൂസ് ആപ്പിന്റെ പുതിയ പരസ്യവും, പേരെന്റിൽ നിന്നും പാട്ട്നറിലേക്കുമാറൂ..
എന്നിട്ടും എനിക്കുമാത്രമെന്താ ഈ സ്നേഹവും കരുതലും വാത്സല്യവും ഒന്നും കിട്ടാത്തത്..? വലിയ വേദന തോന്നി, എനിക്കെന്നാടുതന്നെ ദേഷ്യം തോന്നി..
ആരോ വിളിക്കുന്നപോലെ തോന്നിയിട്ടാണ് എണീറ്റത്.
നോക്കിയപ്പോൾ മുറിയുടെ വാതിൽക്കൽ അച്ഛൻ.
“ഒരു ഗ്ലാസ്സ് ചായയുണ്ടാക്ക്"
അടുക്കളയിൽ അമ്മയുണ്ടല്ലോ എന്നു ചോദിക്കണമെന്നു തോന്നി,പക്ഷെ നേരത്തെ രണ്ടാളും മുട്ടൻ വഴക്കിടുന്നതു കേട്ടിരുന്നു. വീണ്ടും എഴുന്നേറ്റു അടുക്കളയിൽ ചെന്നു,പാലടുപ്പത്തു വെച്ചു ഒരു ഗ്ലാസ്സിൽ ചായയും ഒരു പ്ലേറ്റിൽ പാർലേ-ജി ബിസ്ക്കറ്റും എടുത്തു കോലായിലെ അറ്റത്തെ ചാരുകസേരയിലിരിക്കുന്ന അച്ഛനെ ലക്ഷ്യമാക്കി നടന്നു.
അരികിലുള്ള മേശയിൽ അത് വയ്ക്കുമ്പോൾ ആ മുഖത്തേക്കു നോക്കാൻ ദേഷ്യം തോന്നി.വീണ്ടും മുറിയിലെ കട്ടിലിൽ കമിഴ്ന്ന് കിടന്നു.. പക്ഷെ ഉറങ്ങാൻ കഴിഞ്ഞില്ല, തൃസന്ധ്യ നേരത്ത് പെൺകുട്ടികൾ കിടന്നാൽ വീടിനു ദോഷമാണെന്നാണ് അമ്മയുടെ വാദം.
വെറുതെ വഴക്കുകേൾക്കേണ്ടെന്നു കരുതി എഴുന്നേറ്റു ടി വി ഓൺ ചെയ്തു. വെറുതെ ചാനലുകൾ മാറ്റിക്കൊണ്ടിരുന്നു...ഒന്നും കാണാൻ തോന്നിയില്ല, അപ്പോഴാണ് സൂര്യ മൂവീസിലെ ആ സിനിമ ശ്രദ്ധിച്ചത് " മഞ്ഞുപോലൊരു പെൺകുട്ടി."
ഒരുപാടു വട്ടം കണ്ടതായതുകൊണ്ട് അതും കണ്ടില്ല.
ഒരു തരത്തിൽ പറഞ്ഞാൽ എന്റെ അനുഭവങ്ങൾ തന്നെ പകർത്തി വെച്ചിരിക്കുന്ന പോലെ തോന്നി...പക്ഷെ ഒന്നുണ്ട് ; അവിടെ നിതിക്ക് അയാളുമായി രക്തബന്ധമൊന്നുമില്ലല്ലോ...
വല്ലാത്ത അസ്വസ്ഥത തോന്നി, ടി വി ഓഫ് ചെയ്ത് മുറിയിലെ മേശമേലിരുന്ന ഫോണും നോട്ടുബുക്കും പേനയുമെടുത്ത് കോലായിലേക്ക് നടന്നു. ശൂന്യമായ കോലായിലെ ചാരുകസേരയിലിരുന്നു. മറ്റൊന്നുമോർക്കണ്ട മാളവികയെക്കുറിച്ച് എഴുതിത്തുടങ്ങാം..
പക്ഷെ അങ്ങുമിങ്ങും തൊടാതെ എന്തൊക്കെയോ മനസ്സിൽ കയറി വന്നു. എന്റെ മാളവിക എനിക്കു നഷ്ടമായെന്നു തോന്നി..
പുസ്തകം മടക്കിവച്ച് ഫോണെടുത്തു ഡാറ്റ ഓൺ ചെയ്തു..
ഫെയ്സ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും വാട്ട്സാപ്പിലെയും നോട്ടിഫിക്കേഷൻ കലപില വന്നുകൊണ്ടിരുന്നു.
ഒന്നിനോടും താൽപര്യം തോന്നിയില്ല.വാട്ട്സാപ്പിലെ പുതിയ മെസ്സേജുകൾ ഓപ്പൺ ചെയ്തുനോക്കി മറുപടി കൊടുക്കാൻ തോന്നിയില്ല.
എനിക്കു ജാഡയാണെന്നു വിചാരിച്ചോട്ടെ എനിക്കെന്താ..,
ബേക് അടിച്ച് ഇൻസ്റ്റഗ്രാമിൽ റീൽസ് കാണാൻ തുടങ്ങി.
പക്ഷെ എന്തോ, വല്ലാതെ എന്തോ അലട്ടുന്നപോലെ, മനസ്സെവിടെയും ഉറച്ചു നിൽക്കുന്നില്ല..
"24 മണിക്കൂറും ഒരു ഫോൺ",
ഇതിനും മാത്രം എന്താ ഈ കുന്തത്തിൽ..
ഫോണല്ലെങ്കിൽ ബുക്ക്.
ഏത് നേരവും എന്നെക്കൊണ്ട് ഒന്നും കേൾപ്പിക്കണ്ട. മരിയാതയ്ക്ക് മിണ്ടില്ല... എന്തേം പറഞ്ഞാൽ മുഖവും വീർപ്പിച്ച് ഒറ്റ ഇരുപ്പ്, വല്ല ഏടാകൂടത്തിലും പോയി പെട്ടാൽ നിന്നെ ഞാൻ വച്ചേക്കില്ല.
ഓടിവന്ന് അമ്മ എന്തൊക്കെയോ പറഞ്ഞപ്പോഴാണ് സമയം 8:35 ആയെന്ന് കണ്ടത്, അമ്മ പറഞ്ഞതത്രയും മനസ്സിൽ നിന്നു വീണ്ടും കേൾക്കുന്നപോലെ.
അതെ,ആരോടും മിണ്ടാറില്ല...സത്യമാണ്. ആരോടേലും മിണ്ടാനോ സംസാരിക്കാനോ പേടിയാണ്
ഫോണെടുത്ത് ആരെയെങ്കിലും വിളിച്ചാൽ തൊട്ടടുത്തിരുന്ന് ചെവികൂർപ്പിച്ച് അമ്മയുടെ ഒരു നിൽപ്പുണ്ട്. അത് കാണുമ്പോൾ തന്നെ പല്ല് ഞെരിക്കാൻ തോന്നും.
പാറുവിന്റെ വീട്ടിലേക്കൊന്നു പോട്ടെന്നു ചോദിച്ചാലോ അപ്പോഴും നൂറുകൂട്ടം മൊടന്തൻ കാര്യങ്ങൾ പറയും. ഒന്നുറക്കെ സംസാരിക്കാൻ കൂടെ പറ്റാത്ത അവസ്ഥയാണ്. എനി ഇതെല്ലാം ആരോടെലും പറഞ്ഞാലോ എല്ലാം എന്റെ തെറ്റ്, എന്റെ തോന്നൽ എന്നു പറയും.
ആരും ഒന്നും മനസ്സിലാക്കില്ല. നഴ്സറി മുതൽ കൂടെക്കൂടിയ പാറു പോലും..
ഡാറ്റ ഓഫ് ചെയ്ത് ഫോണും ബുക്കുമെടുത്ത് മുറിയിൽ കൊണ്ടുവെച്ചു. കിടക്കാൻ പേടി തോന്നി, തേനീച്ചക്കൂടിനരികിൽ വട്ടമിട്ടു പറക്കുന്നപോലെ അമ്മയുടെ ചീത്തവിളികൾ കേൾക്കേണ്ടി വരുമല്ലോ എന്ന പേടി. നേരെ ടി വി കാണാനിരുന്നു, പക്ഷെ ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല.
കണ്ണില്ലാത്തപ്പോഴെ കണ്ണിന്റെ വിലയറിയൂ എന്നു കേട്ടിട്ടുണ്ട്, പക്ഷെ കണ്ണുണ്ടായിട്ടും സങ്കടം മാത്രമാണല്ലോ എന്നോർത്തപ്പോൾ ഉള്ളം വല്ലാതെ വിങ്ങി,
അനാഥത്വത്തോട് വല്ലാത്ത ഇഷ്ടം തോന്നി... ലൈറ്റണച്ച് ഉറങ്ങാൻ കിടന്നപ്പോൾ വല്ലാതെ
ഒറ്റപ്പെട്ടപോലെ തോന്നി... ഫോണെടുത്തു ഡാറ്റ ഓൺ ചെയ്തപ്പോൾ വീണ്ടും ഒരുപാട് പുതിയ മെസ്സേജുകൾ, ഒരുപാടു മിണ്ടണമെന്നു തോന്നിയവരോടു പോലും ഒന്നും മിണ്ടാൻ തോന്നിയില്ല, പോരാത്തതിനു വല്ലാത്ത ദേഷ്യവും ഫോൺ സ്വിച്ചോഫ് ചെയ്ത് കണ്ണടച്ചു കിടന്നപ്പോഴും
നെഞ്ചിൽ വല്ലാത്ത ഭാരം പോലെ. എന്തൊക്കയോ ലോകത്തോടു വിളിച്ചു പറയണമെന്നു തോന്നി, പക്ഷെ പറഞ്ഞതത്രയും ഹൃദയ അറകളിൽ മാത്രം പ്രതിധ്വനിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യത്തെക്കുറിച്ച് അനുവുമായി ഒന്നും രണ്ടും പറഞ്ഞു വഴക്കുണ്ടാക്കി. എന്തിനു വേണ്ടി..?
പറഞ്ഞതൊന്നും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയാതെ പോവുകയാണല്ലോ എന്നോർത്തപ്പോൾ വീണ്ടും വീണ്ടും വേദനിച്ചു. എല്ലാറ്റിൽ നിന്നുമൊളിച്ചോടാൻ മരണം മാത്രമാണോ പോംവഴി.? പക്ഷെ അവിടെയും നഷ്ടം എനിക്കുമാത്രമാണല്ലോ..
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. ഈ നിമിഷം വരെയുള്ള എന്റെ ഓർമ്മകൾ മരിച്ചുപോയിരുന്നെങ്കിൽ, ഒന്നും ഓർക്കാതെ, ഒന്നിനെക്കുറിച്ചുമാലോചിക്കാതെ എന്നു ഞാനാഗ്രഹിച്ചു, ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി, എങ്ങോട്ടെലും ഓടിപ്പോവണമെന്നു തോന്നി,ആരും കാണാതെ എവിടേലും ഒളിച്ചിരിക്കണമെന്നു തോന്നി.
അപ്പോഴാണ് ഓർത്തത് "അതു മാളവികയായിരുന്നില്ലല്ലോ ഞാൻ തന്നെയല്ലേ.."
(അവസാനിച്ചു)