
Story by Bobish MP . Read by Basil
Category- Mystery. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക .
0:00
0:00
repeat
skip_previous
play_arrow
skip_next
queue_music
queue_music
Music list
close
Dive into the written story here! ➡️ Part-1
എന്റെയും ആലീസിന്റെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം 2 വർഷം കഴിഞ്ഞു. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ
കാര്യങ്ങളും ഞാൻ ആദ്യമേ അവളോട് തുറന്ന് പറഞ്ഞിരുന്നു. സ്വത്ത് കൊണ്ടും പണം കൊണ്ടും ഞങ്ങൾ ഒത്തിരി ഉയർന്ന
നിലയിലായിരുന്നു. അതുകൊണ്ട് തന്നെ എഡ്ഗർ ഫാമിലിയിലേക്ക് വിവാഹം കഴിച്ചു നൽകാൻ അവളുടെ വീട്ടുകാർക്കും
സന്തോഷം ആയിരുന്നു.
ചെറുപ്പം മുതലേ അച്ഛനായിരുന്നു വീട്ടിലെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. ഞാനോ അമ്മയോ ഒരിക്കലും അച്ഛന്
എതിര് നിന്നിരുന്നില്ല. അച്ഛനെ ഞങ്ങൾക്ക് എന്തോ പേടിയായിരുന്നു. പക്ഷെ ഉള്ളിൽ അച്ഛന് എന്നെയും അമ്മയെയും
ഒത്തിരി ഇഷ്ടം ആയിരുന്നു. അമ്മയും വലിയ ഒരു തറവാട്ടിൽ നിന്ന് തന്നെ ആയിരുന്നു. പക്ഷെ അച്ഛനെ വിവാഹം
കഴിച്ചതോടെ അമ്മയും ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായി മാറി.
അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ നാളുകൾ ആലോചിക്കുമ്പോൾ വേദന കൊണ്ട് ഹൃദയം നുറുങ്ങുന്ന
പോലെ തോന്നും .ചെറിയ കുട്ടി ആയതുകൊണ്ടായിരിക്കാം. അച്ഛൻ
പറഞ്ഞ കാര്യങ്ങളൊന്നും അന്ന് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.
അമ്മയെ വീടിന് പുറത്താക്കിയ ദിവസം ആണ് അച്ഛൻ ആദ്യമായി കരയുന്നത് കണ്ടത്.
അന്ന് കനത്ത മഴയായിരുന്നു. വാതിലിന് പുറത്ത് നിന്ന് അമ്മ കരയുകയായിരുന്നു. വാതിൽ തുറക്കാൻ പോയ എന്റെ
മുന്നിൽ അച്ഛൻ ദേഷ്യത്തോടെ വന്ന് നിന്നു . അച്ഛന്റെ വായിൽ നിന്നുള്ള ചുരുട്ടിന്റെ ഗന്ധം
ഇപ്പോഴും എന്റെ ഉള്ളിൽ ഒരു വിറയൽ സ്വഷ്ടിച്ചിരുന്നു .
"ഞാൻ കാര്യങ്ങളൊക്കെ നിന്നോട് പറഞ്ഞതല്ലേ .. നീ അകത്തു പൊയ്ക്കോ..
അവൾ തിരിച്ചു പൊയ്ക്കോളും.. അവൾക്ക് വേറെ വഴിയില്ല"
അന്ന് ഭയത്തോടെ ഞാൻ കരഞ്ഞു കൊണ്ട് അകത്തു പോയി കിടന്നു. കട്ടിലിൽ അമ്മ തുന്നിയ കമ്പിളി
വസ്ത്രം കിടപ്പുണ്ടായിരുന്നു. അച്ഛൻ കൊണ്ട് വച്ച റൊട്ടിയും വീഞ്ഞും അതെ പോലെ തന്നെ അവിടെ
കിടപ്പുണ്ടായിരുന്നു. അമ്മയും ഞാനും കൂടെ ആയിരുന്നു വീഞ്ഞ് ഉണ്ടാക്കിയത്. ആ
കാര്യങ്ങളൊക്കെ ഓർത്തപ്പോൾ എനിക്ക് കരച്ചിൽ നിർത്താൻ സാധിച്ചില്ല.
"മോനെ, അച്ഛനോട് ഒന്ന് പറ മോനെ.. അമ്മയ്ക്ക് ഒറ്റക്ക് പേടിയാണ് മോനെ"
അമ്മയുടെ ശബ്ദം ജനാലക്കരികിൽ കേട്ട് ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി. അമ്മ നനഞ്ഞ്
വിറയ്ക്കുണ്ടായിരുന്നു
കൂപ്പു കയ്യോടെ പുറത്ത് നിൽക്കുന്ന അമ്മയുടെ രൂപം ഒരു മകനും താങ്ങാൻ ആകുന്നതല്ല . കരച്ചിൽ നിർത്താൻ
ഞാൻ നന്നേ പാട് പെട്ടു. ആ കമ്പിളി വസ്ത്രം കെട്ടിപ്പിടിച്ചു ഞാൻ കട്ടിലിൽ തന്നെ ഇരുന്നു
.എനിക്കിനിയും പിടിച്ചുനിൽക്കാൻ സാധിക്കുമായിരുന്നില്ല. ഞാൻ എന്തെങ്കിലും തീരുമാനിക്കുന്നതിനു
മുന്നേ അച്ഛൻ മുറിയിലേക്ക് കടന്നുവന്നു. അച്ഛൻ എന്നെ കുറെ ദേശ്വത്തോടെ നോക്കി. എന്നിട്ട് ജനവാതിൽ
ശക്തിയിൽ അടച്ചു.
"അവൾക്ക് ഇനി ഈ വീട്ടിൽ
സ്ഥാനമില്ല.. എഡ്ഗർ പാലസിൽ പോയി കിടക്കുകയല്ലാതെ അവൾക്ക് വേറെ മാർഗങ്ങളൊന്നുമില്ല "
അച്ഛൻ എന്നെ നോക്കി കണ്ണുരുട്ടി.വൈനിൽ അച്ഛൻ എന്തോ കലർത്തിയുട്ടുണ്ടെന്ന് എനിക്ക് പിന്നീടാണ്
മനസ്സിലായത്. അന്ന് ഞാൻ പെട്ടെന്ന് തന്നെ മയങ്ങിപ്പോയിരുന്നു . പല ദിവസങ്ങളിലും അമ്മ വന്നെങ്കിലും
അച്ഛൻ വീട് തുറന്ന് കൊടുത്തില്ല
ഒരു ദിവസം രാത്രി അച്ഛൻ മെല്ലെ മുറിയിലേക്ക് വന്നു.
"ഇന്നാണ് നമുക്ക് അമ്മയെ കാണാൻ പോകേണ്ടത്. വേഗം റെഡി ആകണം"
അമ്മയെ ഈ അവസ്ഥയിൽ കാണാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. പക്ഷേ വേറെ വഴിയില്ല എന്ന് എനിക്കറിയാം.
കാർ ഓടിക്കുമ്പോൾ അച്ഛൻ ഒന്നും സംസാരിച്ചിരുന്നില്ല. രാത്രി ഒരു മണി ആകുമ്പോഴാണ് അന്ന് ഞങ്ങൾ "എഡ്ഗർ
പാലസിൽ " എത്തിയത്. ഞങ്ങളുടെ പൂർവികരുടെ കുടുംബ വീട്. ഇപ്പോൾ പൊടി പിടിച്ചു ഒരു പ്രേത ഭവനമായി
മാറിയിരിക്കുന്നു.
മുത്തശ്ശിയെ കൊന്നപ്പോഴാണ് ഞാനാദ്യമായി ഇവിടെ വന്നത്.
അത് വളരെ വർഷങ്ങൾക്ക് മുന്നേ ആയിരുന്നു. ഇപ്പോൾ വീടാകെ വീഴാറായ അവസ്ഥയിൽ ആണ്.
Part-2
ഞങ്ങൾ മെല്ലെ മെയിൻ ഹാളിലേക്ക് കയറി. അച്ഛൻ കയ്യിൽ കരുതിയ ചെറിയ വിളക്കിന്റെ വെട്ടത്തിൽ
അവ്യക്തമായി എന്തൊക്കെയോ
കാണുന്നുണ്ടായിരുന്നു.
മെയിൻ ഹാളിൽ പണ്ട് മുത്തശ്ശി ഇരുന്നപോലെ തന്നെ ഒരു മൂലയിൽ ക്ഷീണിച് അവശയായി അമ്മ
ഇരിക്കുന്നുണ്ടായിരുന്നു മങ്ങിയ വെളിച്ചത്തിൽ ഒന്നും വ്യക്തമായിരുന്നില്ല.അച്ഛൻ എന്താണ് ചെയ്യാൻ
പോകുന്നതെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. അമ്മ തളർന്നു കിടക്കുക ആയിരുന്നു. ഇനി അമ്മയ്ക്ക്
എഴുന്നേൽക്കാൻ സാധിക്കില്ല. അമ്മ ദയനീയ ഭാവത്തിൽ ഞങ്ങളെ നോക്കി. അച്ഛൻ മെല്ലെ എന്റെ കൈ പിടിച്ചു.
അച്ഛന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു
"എഡ്ഗറിന്റെ കുടുംബത്തിൽ ആരും മരിക്കുന്നില്ല. സമയമാകുമ്പോൾ നമ്മൾ അവരെ യാത്രയാക്കുന്നു
" അച്ഛൻ എന്നോട് അത് ഏറ്റു ചൊല്ലാൻ പറഞ്ഞു.
"എഡ്ഗറിന്റെ..... കുടുംബത്തിൽ ആരും മരിക്കുന്നില്ല...
സമയമാകുമ്പോൾ.." എന്റെ
ചുണ്ടുകളും കാലുകളും വിറയ്ക്കുക ആയിരുന്നു.
അച്ഛൻ എന്നോട് തിരിഞ്ഞ് നിൽക്കാൻ പറഞ്ഞു. അമ്മയുടെ കരച്ചിൽ എനിക്ക് കേൾക്കാൻ സാധിക്കില്ല .കണ്ണടച്ചു
ചെവി പൊത്തി ഞാൻ നിലത്ത് ഇരുന്നു . അമ്മയുടെ വായ അച്ഛൻ പൊത്തിയിട്ടും വേദനകൊണ്ട് ഉണ്ടാക്കുന്ന ശബ്ദം
എന്റെ ചെവിയിലേക്ക് തുളച്ചുകയറി . പച്ച മാംസം മുറിക്കുന്നത് എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു
കുറച്ചു കഴിഞ്ഞപ്പോൾ കാലിന് ചുറ്റും ഒരു ദ്രാവകം ഒഴുകുന്ന പോലെ തോന്നി.
മങ്ങിയ വെളിച്ചത്തിൽ ആ കൊഴുത്ത രക്തം എനിക്ക് കാണാൻ സാധിച്ചു. മുറിയിലെ ഗന്ധം സഹിക്കാൻ വയ്യാതെ ഞാൻ
ഒത്തിരി ഛർദ്ദിച്ചു.ചോരയിൽ കുളിച്ച് നിൽക്കുന്ന അച്ഛൻ എന്നെയും കൂട്ടി പുറത്തേക്ക് നടന്നു. വേണ്ട
എന്ന് മനസ്സ് പറഞ്ഞിട്ടും ഞാൻ മെല്ലെ പുറകിലേക്ക് തിരിഞ്ഞു നോക്കിയിരുന്നു. മങ്ങിയ വെളിച്ചത്തിൽ
ഒന്നും വ്യക്തമായിരുന്നില്ല. മാംസക്കഷണങ്ങൾ അവിടെ ചിതറിക്കിടന്നിരുന്നപോലെ തോന്നി.
പുറത്തെത്തിയപ്പോൾ അച്ഛൻ ചെറുതായി കരയുന്നുണ്ടായിരുന്നു. അവിടെ ഒരു
പഴയ കിണറുണ്ട്.അച്ഛൻ കിണറിലേക്ക് എന്തൊക്കെയോ എറിഞ്ഞു.
"തല, ആമാശയം, ഇടത് കാൽപ്പാദം "അച്ഛൻ മെല്ലെ എന്നെ നോക്കി പറഞ്ഞു.
അമ്മയുടെ മരണം അവളോട് പറഞ്ഞപ്പോൾ ഒരു കെട്ടുകഥ ആയിട്ടാണ് ആദ്യം അവൾ അത് എടുത്തത് .. ചിലപ്പോൾ
ഇതെല്ലാം ഒരു തമാശയാണെന്ന് അവൾ കരുതിക്കാണും. പക്ഷേ അതു മാറാൻ അധിക ദിവസം എടുത്തിരുന്നില്ല.
കഴിഞ്ഞ ആഴ്ചയായിരുന്നു അത് സംഭവിച്ചത്. ആദ്യം ഞങ്ങൾ ആരും അത് ശ്രദ്ധിച്ചിരുന്നില്ല. അച്ഛൻ മെല്ലെ
ഭക്ഷണം ഒഴിവാക്കാൻ തുടങ്ങിയ പോലെ തോന്നിയിരുന്നു. അച്ഛന് വിശപ്പ് തീരെ ഇല്ല . അച്ഛൻ അത് പുറത്ത്
പറഞ്ഞിരുന്നില്ല .
പക്ഷേ ഒത്തിരി കാലം അത് ഞങ്ങളിൽ നിന്നും മറയ്ക്കാൻ അച്ഛന് കഴിഞ്ഞില്ല. ധീരനായ അച്ഛന് ഭയം വന്ന്
തുടങ്ങിയിരുന്നു.
ഒരു ദിവസം ഉറങ്ങുമ്പോൾ ഞാൻ അച്ഛനെ പരിശോദിച്ചു. അച്ഛൻ ശ്വാസം എടുക്കുന്നില്ലായിരുന്നു. അമ്മയെ
ടെസ്റ്റ് ചെയ്ത ഒരു പഴയ സ്റ്റെതസ്കോപ്പ് വീട്ടിൽ ഉണ്ടായിരുന്നു. അച്ഛൻ അത് അന്ന് എന്നെ
ഏൽപ്പിച്ചതായിരുന്നു. കൂടാതെ മറ്റു ചില ആയുധങ്ങളും ഞങ്ങളുടെ കുടുംബം പാരമ്പര്യമായി
കൈ മാറി വരുന്നതായിരുന്നു.
എന്റെ സംശയം ശരിയായിരുന്നു അച്ഛന് ഹൃദയമിടിപ്പും ഇല്ലാതായിരിക്കുന്നു.
ആലീസിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുവാൻ കുറച്ചു പാട് പെട്ടു പക്ഷേ അവൾക്ക് വിശ്വസിക്കുകയല്ലാതെ
വേറെ മാർഗം ഇല്ലായിരുന്നു.
അച്ഛനെ പുറത്താക്കി വാതിൽ അടച്ചിട്ടു ഇന്ന് ഏകദേശം ഒരാഴ്ച കഴിഞ്ഞു . പല ദിവസങ്ങളിലും അച്ഛൻ
ഇവിടെ വന്ന് കരഞ്ഞിരുന്നു. അച്ഛൻ ഇങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇപ്പോൾ
അച്ഛൻ ഇവിടെ വരാതായിരിക്കുന്നു അച്ഛൻ എഡ്ഗർ പാലസിൽ അഭയം തേടിയുട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി.
എഡ്ഗർ പാലസിൽ പോകാൻ സമയമായെന്ന് എനിക്ക് മനസ്സിലായി. രാത്രി ഞാനും ആലീസും മെല്ലെ കാറിൽ കയറി. എന്റെ
കയ്യിലെ ആയുധങ്ങൾ ആരോ കരയുന്നപോലെ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.
"തല, ആമാശയം, ഇടത് കാൽപ്പാദം "
കാർ സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ ഞാൻ അവളെ മെല്ലെ ഓർമിപ്പിച്ചു.
(അവസാനിച്ചു)