ആത്മാവിന്റെ സഞ്ചാരം- Malayalam story for reading




 Story by  inkstain.97

Submitted to kathaweb on 08/01/2022. © All rights reserved

Happy reading

ഇരുപത്തി ഒന്നാം വയസിൽ ശരീരത്തിൽ നിന്നും വേർപിരിഞ്ഞ ആത്മാവ് അതിന്റെ തുടക്കം മുതലുള്ള യാത്രയേ ഒന്ന് ഓർത്തു നോക്കി എന്താണ് താൻ ഇതുവരെ ചെയ്തതെന്ന്. ആദ്യത്തെ നോട്ടം അവൻ അധിവസിച്ചിരുന്ന ആ ശരീരത്തിലേക്കായിരുന്നു. കാണാൻ വലിയ തരക്കേടില്ലാത്ത ഒരു മുഖവും അതിനൊത്ത ശരീരവും. തണുത്തു മരവിച്ച ഞാൻ ആ ശരീരത്തിൽ നിന്നും 

അടർന്നുമാറി. രക്തം കട്ടപിടിച്ചുതുടങ്ങിയിട്ടില്ല, എങ്ങനെ തന്റെ ശരിരം മരണത്തിന് കീഴടങ്ങി എന്നതായിരുന്നു എന്റെ അടുത്ത സംശയം (ആത്മാവിനും സംശയിക്കാം). അടച്ചിട്ട മോർച്ചറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ അടക്കിപ്പിടിച്ച ചില സംസാരങ്ങളും ചില 

തേങ്ങലുകളും ചെവിയിൽ ഇരച്ചുകയറി. വല്ലാത്ത അസ്വസ്ഥത. വേറെ രണ്ട് ആത്മാക്കളെ ലക്ഷ്യമാക്കി ഞാൻ നടന്നു നീങ്ങി. 

"പുതിയ ആളാണല്ലേ.? ഞങ്ങൾ രണ്ടു ദിവസമായി, പേടിക്കേണ്ട" എന്നും അവർ പറഞ്ഞു. വീട്ടുകാർ വന്നിട്ടുണ്ട് ഞാൻ പോകുവാണ് എന്ന് പറഞ്ഞ് അതിനിടയിൽ ഒരു സ്ത്രി കടന്നുവന്നുപോയി. അവർ ആ മരച്ചുവട്ടിലിരുന്ന് രാഷ്ട്രിയം പറയാൻ തുടങ്ങിയപ്പോൾ ഞാൻ വീണ്ടും എന്റെ ശരീരത്തിനെ ഒന്നു കാണാൻ പോയി. തണുത്ത് മരവിച്ച് വിങ്ങിയ മുഖത്ത് അവിടിവിടെയായി കുറച്ച് പാടുകൾ കാണാം. 

ഇരുട്ടിൽ കൂടുതൽ വ്യക്തമായില്ലെങ്കിലും അത് മുറിവുകളായിരുന്നു. പുറത്തിരുന്ന് രാഷ്ട്രീയം പറയുന്നവരുടെ ശരീരങ്ങളെ വെച്ച് നോക്കുമ്പോൾ എന്റെ ശരീരമെത്ര ഭാഗ്യവാനാണെന്ന് തോന്നിപ്പോയി. 

പലരേയും കാണാൻ പലരും വന്നു പോകുന്നുണ്ട്. ഇത്ര നേരമായിട്ടും എന്റെ ശരീരത്തെ നോക്കി കരയാൻ ആരും വരാത്തതിൽ വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ. 

നേരം വെളുക്കാറായി. അപ്പോഴാണ് രണ്ട് പേര് എന്നെ കാണാനായി എത്തിയത്. മോർച്ചറിയുടെ 

അകത്തേക്ക് പോകാതെ അവർ എന്നെ ലക്ഷ്യമാക്കി നടന്നു. 

വീടിന്റെ ചുമരിൽ പുഞ്ചിരിച്ചിരിക്കുന്ന ഒരു ചിത്രത്തിൽ മാത്രമേ അവരെ കണ്ടതായി ഓർക്കുന്നുള്ളൂ. ഞാൻ ആറ് മാസം പ്രായമുള്ളപ്പോൾ മരണപ്പെട്ട എന്റെ അമ്മയും അച്ഛനും. കുഞ്ഞേച്ചിയുടെ കയ്യിൽ എന്നെയും ഏൽപ്പിച്ച് വീട്ടിൽ നിന്നും ഇറങ്ങിയവർ പിന്നെ ഇതുപോലെ ഒരു മോർച്ചറിയിലാണ് കണ്ടത് എന്ന് കുഞ്ഞേച്ചി എപ്പോഴും സങ്കടപ്പെട്ട് പറയുമായിരുന്നു. 

എന്നും സങ്കടത്തോടെയല്ലാതെ അവരെ ഞാൻ ഓർത്തിരുന്നില്ല. എന്തൊക്കെയോ ചോദിച്ചു ഞാനും 

ആ അമ്പരപ്പിൽ എന്തൊക്കെയോ മറുപടിയും പറഞ്ഞു. അവർ വരാമെന്ന് പറഞ്ഞ് തിരികെ നടന്നകന്നു. 

അപകടമായിരുന്നു, എന്റെയും പ്രിയ കൂട്ടുകാരനുമായി രാത്രി സഞ്ചാരം. കുഞ്ഞേച്ചിയുടെ കല്യാണം കഴിഞ്ഞതോടേ രാത്രി കറക്കം കൂടുതലായിരുന്നു. ഒടുവിൽ ഏതോ വണ്ടിയുടെ ചക്രങ്ങൾക്കിടയിലുടെ കയറിയിറങ്ങിയപ്പോൾ ജീവിതവും അവസാനിച്ചു. ചങ്ങാതി, ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ചു വളർന്നവൻ പിന്നെ ചിന്തിച്ചത് മുഴുവൻ അവനെക്കുറിച്ചായിരുന്നു. മരണത്തിന് ശേഷമുള്ള എന്റെ ആദ്യ പ്രാർഥന തന്നെ ദൈവം കേട്ടു. അവന് കാര്യമായി കുഴപ്പങ്ങളൊന്നുമില്ല.  

വരാന്തയിലിരിക്കുന്ന ജീവനുള്ള ഒരു മനുഷ്യൻ പറയുന്നുണ്ടായിരുന്നു തെറിച്ചുവീണതുകൊണ്ട് ഇവനെങ്കിലും രക്ഷപ്പെട്ടു എന്ന്. ആശുപത്രി പടിക്കൽ അവന്റെ അമ്മയും അച്ഛനും കുഞ്ഞു പെങ്ങളും നിൽപുണ്ടായിരുന്നു. മുഖം കണ്ടാൽ തന്നെ അറിയാം ഇനിയൊരിറ്റ് കണ്ണീർപോലും ബാക്കിയില്ലെന്ന്. 

ചെറിയ മുറിവുകളുമായി ആശുപത്രിക്കിടക്കയിൽ അവനെ കണ്ടു. ബോധം വന്നിട്ടില്ല. വന്നാലും എന്നെ ഇനി കാണാനാകില്ലല്ലോ. 

വീണ്ടും മോർച്ചറിയുടെ മുന്നിലുള്ള ആ മരത്തിന്റെ ചുവട്ടിൽ വന്ന് കുറച്ച് നേരം ഇരുന്നു. അനുക്കുട്ടി അവന്റെ കുഞ്ഞു പെങ്ങൾ, അവളാണ് ഞാൻ ഇവിടെയുണ്ട് എന്ന് ആരോ പറയുന്നത് കേട്ട് ഇങ്ങോട്ട് ആദ്യം ഓടിയെത്തിയത്. ഒരുപക്ഷെ അവനെക്കാളേറെ അവളെ കൊഞ്ചിച്ചതും ഞാൻ തന്നെയായിരിക്കാം. 

എന്നാലും അവളെ ആരും ആ ഇരുളടഞ്ഞ മുറിയിലേക്ക് കടത്തിവിട്ടില്ല. അവൾ തിരിച്ചറിയുന്നില്ലായിരുന്നെങ്കിലും അവൾക്കരികിൽ തന്നെ ഞാനും നിൽപ്പുണ്ടായിരുന്നു. എന്റെ ശരീരത്തെ കാണാനുള്ള അനുമോളുടെ ശ്രമത്തെ അവൾടെ അച്ഛൻ പരാജയപ്പെടുത്തി. എന്തിനേറെ പറയുന്നു വലിച്ചിഴച്ചാണ് ഏങ്ങലടിച്ച് കരയുന്ന അവളെ അച്ഛൻ അവിടെ നിന്നും കൊണ്ടുപോയത്. 

അത്രയും നാളും ഞാൻ കരുതിയിരുന്നത് - അവൾക്ക് എന്നോടുള്ളതിലേറെ സ്നേഹം 

എനിക്കവളോടായിരുന്നു എന്നാണ്. ആ ഒരു നിമിഷം തന്നെ എന്റെ ആ കാഴ്ച്ചപ്പാടിനെ അനുമോൾ 

മാറ്റിമറിച്ചു. 

ഞാൻ ജനിക്കുമ്പോൾ കുഞ്ഞേച്ചിക്ക് അഞ്ചു വയസ് പ്രായമുണ്ട് . ഞാൻ ജനിച്ച് ആറ് മാസങ്ങൾക്കുള്ളിൽ അമ്മയുടെ വേർപാടും കൂടിയായപ്പോൾ കുഞ്ഞേച്ചിയും 

ഞാനും തനിച്ചായി. അമ്മ എന്ന് ഞാൻ വിളിച്ച് ശീലിച്ചത് ചിറ്റമ്മയെയായിരുന്നു. എനിക്ക് മൂന്ന് വയസായപ്പോഴാണ് ചിറ്റയ്ക്ക് വാവയുണ്ടാക്കുന്നത്. സത്യത്തിൽ എന്നെയും അവനേയും ചിറ്റ ഒരു 

പോലെയാണ് നോക്കിയത്. എന്നാൽ കുഞ്ഞേച്ചി ചിറ്റമ്മേ എന്ന് തന്നെയാണ് 

വിളിച്ചിരുന്നത്. കാരണം അവൾ അമ്മയെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. 

മറ്റാരുമില്ലാത്തത് കൊണ്ടാവാം എന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും കുഞ്ഞേച്ചി എന്റെ ജീവനായിരുന്നു.ആകെ ഞാൻ ഏകന്താത അനുഭവിച്ചത് അവൾ 

പഠിക്കാൻ പോകുമ്പോഴായിരുന്നു. 

കുഞ്ഞച്ചിയെ കൊണ്ടുപോകാനായി രാവിലെ ഓട്ടോ വരുമ്പോൾ അതിലും ഉറക്കെ ഞാൻ കരയുമായിരുന്ന് എന്ന് ചിറ്റ പറയാറുണ്ട്. ചിറ്റയ്ക്ക് രണ്ടാമത് ഒരു പെൺകുഞ്ഞ്കൂടി പിറന്നതോടെ വീട്ടിൽ കരച്ചിൽ ഒരു സംഗീതമായി മാറി. ചേച്ചിയില്ലാത്തതിനാൽ ഉച്ചഭക്ഷണം കഴിക്കുക 

വിരളമായിരുന്നു. ചിറ്റയോ മറ്റാരോ വാരിത്തന്നാലും എനിക്കിറങ്ങില്ല. എന്നതായിരുന്നു സത്യം. 

ഓട്ടോയിൽ കറക്കം മതിയായതോടെ അടുത്ത വീട്ടിലെ ചേച്ചിയുടെ സൈക്കിളിന്റെ പിന്നിലിരുന്നായിരുന്നു കുഞ്ഞേച്ചിയുടെ സ്കൂളിൽ പോക്ക്.. ഞാൻ നന്നായി നടക്കാൻ തുടങ്ങിയതോടെ വിടിന്റെ ഉമ്മറത്ത് കുഞ്ഞേച്ചിയേയും നോക്കി നിൽക്കുമായിരുന്നു. 

സമയം നോക്കാൻ അറിയാത്തതിനാൽ ഊണ് കഴിഞ്ഞ് ചിറ്റമ്മ ഉറങ്ങാൻ പോകുമ്പോഴാണ് ഞാൻ മുറ്റത്തേക്ക് ഇറങ്ങുന്നത്. ചില ദിവസങ്ങളിൽ കുഞ്ഞച്ചി വരുമ്പോൾ കയ്യിൽ ഒരു നാരങ്ങാ മിഠായിയുണ്ടാകും , സ്കൂളിന്റെ മുന്നിലത്തെ കടയിൽ നിന്നും വാങ്ങി വീടുവരെയെത്തുമ്പോൾ കയ്യിലിരുന്ന് അത് അലിഞ്ഞിട്ടുണ്ടാകും.. 

എന്നാൽ ഇന്നുവരെ മറ്റൊന്നിനും അത്രയും രുചിയുള്ളതായി തോന്നിയിട്ടുമില്ല. 

അങ്ങനെ അവസാനം എന്നെയും പഠിക്കാൻ കൊണ്ട് ചേർത്തു. മറ്റെല്ലാ കുട്ടികളിലും വിഷമവും കരച്ചിലുമാണ് കണ്ടതെങ്കിലും ഞാൻ വളരെ സന്തോഷത്തിലായിരുന്നു. ആദ്യത്തെ ദിവസമായതിനാൽ ചിറ്റമ്മയും കുഞ്ഞേച്ചിയും ഞാനും ഒന്നിച്ചാണ് സ്കൂളിലേക്ക് 

പോയത്. എന്നാൽ പിന്നീടങ്ങോട് ഞാനും ചേച്ചിയും ഒന്നിച്ച് നടക്കാൻ തുടങ്ങി. 

ഉച്ചഭക്ഷണം ശീലമാക്കിയത് സ്കൂളിൽ പോകാൻ തുടങ്ങിയതിൽപ്പിന്നെയാണ്. അരിയൂറിക്കഴിയുമ്പോൾ അടുപ്പിലെ കനലിൽ വാഴയില പൊള്ളിച്ച് അതിൽ ചോറു പൊതിഞ്ഞു തരുമായിരുന്നു ചിറ്റമ്മ. 

മറ്റെല്ലാ കുട്ടികളും പരസ്പരം പരിചയപ്പെട്ടെങ്കിലും എനിക്ക് മാത്രം ആരെയും കൂട്ടായി കിട്ടിയില്ല. ഇന്റർവെൽ സമയങ്ങളിലും ഉച്ചയ്ക്കുമെല്ലാം കുഞ്ഞേച്ചിയുടെ ക്ലാസിന്റെ വാതിക്കൽ 

അവളുമായി കഥപറഞ്ഞിരിക്കുമായിരുന്നു.

ഏറ്റവും കൂടുതൽ കളിയാക്കൽ ഏറ്റവാങ്ങേണ്ടി വന്നത് ഉച്ചഭക്ഷണത്തെച്ചൊല്ലിയായിരുന്നു. ഭക്ഷണത്തിനായുള്ള മണി മുഴങ്ങുമ്പോൾ കുഞ്ഞേച്ചിയുടെ ക്ലാസിലേക്ക് ഒരു ഓട്ടമാണ്, 

ഒരു പൊതിയിലാണ് ചിറ്റമ്മ ചോറ് പൊതിഞ്ഞ് തരുന്നത്. 

ബാഗ് നിലത്ത് വെയ്ക്കാൻ മടിയുള്ള കൂട്ടത്തിലായിരുന്നു ചേച്ചി. ഞാൻ ചെന്നയുടൻ ഡസ്കിൽ നിന്ന് ബാഗ് എടുത്ത് നിലത്ത് വെച്ച്. ഡസ്കിൽ കേറിയിരിന്നു കഥപറച്ചിൽ തുടങ്ങും. അവൾ ബഞ്ചിലിരുന്ന് അതും കേട്ട് ചേറുവാരിത്തരും. അമ്മയും മോനും എന്ന് കുഞ്ഞേച്ചിയേയും എന്നെയും കളിയാക്കി 

വിളിക്കുന്നവരോട് ഞങ്ങൾക്ക് യാതൊരു ദേഷ്യവും തോന്നിയിട്ടില്ല. ഞാൻ രണ്ടാം വർഷത്തിലേക്ക് കടന്നപ്പോൾ കുഞ്ഞച്ചി അഞ്ചാം ക്ലാസിലേക്കായി. 

അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികൾ എന്ന രീതിയിൽ ആരും ഞങ്ങളെ നോക്കിക്കണ്ടിരുന്നില്ല, അതിന് കാരണം ചിറ്റമ്മ തന്നെയാണ്. 

കല്യാണ ശേഷം കൊച്ചച്ചന്റെ ബിസിസസ് തകർന്ന് നിന്നപ്പോൾ അച്ഛനായിരുന്നു വിദേശത്ത് നല്ലൊരു ജോലി ശരിയാക്കി കൊടുത്തത്. എന്നാൽ അവർക്ക് രണ്ടു പേർക്കും എന്നോടായിരുന്നു സ്നേഹക്കൂടുതൽ. 

ഞാൻ കുഞ്ഞായത് കൊണ്ടായിരിക്കാം എന്ന് കരുതാനേ അന്നെനിക്ക് കഴിഞ്ഞിരുന്നുള്ളൂ... 

അന്നൊക്കെ മണിയടിച്ചു കഴിയുമ്പോൾ ആരാണ് ആദ്യം ഓടി ക്ലാസിൽ കയറുക എന്ന് 

നോക്കുമായിരുന്നു.. ഞാനും ഓടി പടികൾ ചാടിക്കയറി കട്ടളപ്പടിയുടെ അടുത്തെത്തിയപ്പോഴാണ് പിന്നിൽ നിന്നും കൂട്ടുകാരന്റെ കരസ്പർശമേറ്റ് നിലംപതിച്ചത്. 

ഓട്ടത്തിന്റെ വേഗതയൽപ്പം കൂടുതലായിരുന്നതിനാൽ ക്ലാസിന്റെ ഉള്ളിലേക്ക് നിരങ്ങി നീങ്ങി ബഞ്ചിൻമേൽ പോയി കാലിടിച്ച് നിന്നു. 

ആദ്യമായാണ് ചോര കാണുന്നത്. കാൽമുട്ടിലേക്ക് നോക്കിയപ്പോൾ ചിരട്ട വരെ തെളിഞ്ഞു കാണാമായിരുന്നു. ചോര പോയതുകൊണ്ടാണോ ചോര കണ്ടതുകൊണ്ടാണോ എന്നറിയാത്ത ഒരു 

തലകറക്കവും മനം തികട്ടലുമായിരുന്നു അപ്പോൾ. ആരോ പോയി ടീച്ചറിനെ വിളിച്ചു കൊണ്ടുവന്നു. എന്നെ എടുത്ത് സ്റ്റാഫ് റൂമിൽ കൊണ്ടിരുത്തി കാലിലേയും കയ്യിലേയും മുറിവിൽ മരുന്നും വെച്ചു.. മോൻ ഇവിടെ കിടന്നോ അമ്മയെ വിളിച്ചുപറയാം എന്നിട്ട് വീട്ടിൽ പോകാമെന്ന് പറഞ്ഞു. 

ഉച്ചയ്ക്ക് എന്നും അങ്ങോട്ട് ചെല്ലുന്ന കുഞ്ഞനെ കാണാതായപ്പോൾ ചേച്ചി എന്നെയും തിരക്കി എന്റെ ക്ലാസ് റൂമിലേക്ക് ചെന്നു.. അവിടന്ന് സംഭവിച്ചതിന്റെ ഇരട്ടിയും കേട്ടുകൊണ്ട്  കരഞ്ഞ് അവൾ സ്റ്റാഫ് റൂറൂമിലേക്ക് എത്തി.. 

ഞാൻ ഉറങ്ങി എണീറ്റപ്പോൾ കുഞ്ഞച്ചി അടുത്തിരുപ്പുണ്ട്.. വേദന മാറി ഒരു വിങ്ങൽ മാത്രമേ ഉണ്ടായിരുന്നുള്ളു. ടീച്ചർ വന്നിട്ട് ആഹാരം കഴിക്കാൻ പറഞ്ഞു.. 

"നിലത്തു വീണ ഇവനെക്കാളും കരച്ചിലാണല്ലോ പെണ്ണേ നീ പോയി കഴിക്കാൻ എടുത്തോണ്ട് വാ" എന്ന് പറഞ്ഞും കുഞ്ഞച്ചിടെ പ്രിയ കൂട്ടുകാരി ചോറുമായി അവിടേയ്ക്ക് വന്നു.. എനിക്ക് വാരിത്തന്നു പക്ഷെ അവൾ കഴിച്ചില്ല. എപ്പോഴത്തേം പോലെ ഇനി ചേച്ചി എന്ന് പറയാൻ എനിക്കും കഴിഞ്ഞില്ല...

ചേച്ചിയുടെ കയ്യിൽ നിന്നും നമ്പർ വാങ്ങിയ ശേഷം ടീച്ചർ ചിറ്റയെ വിളിച്ച് കാര്യം അറിയിച്ചു. ടീച്ചർ 

വൈകിട്ട് ആ വഴിക്കാണെന്നും കുട്ടികളെ അങ്ങോട്ട് കൊണ്ട് വിട്ടേക്കാം എന്നും പറയുന്നത് കേട്ടു. ഉച്ചഭക്ഷണത്തിന്റെ സമയം കഴിഞ്ഞ് മണിശബ്ദം മുഴങ്ങി ചേച്ചി ദയനീയമായി ടീച്ചറുടെ മുഖത്തേക്ക് 

നോക്കി. 

ടീച്ചർ: നീ ക്ലാസിലേക്ക് പൊയ്ക്കാ ഞങ്ങളൊക്കെ ഇല്ലേ..! മനസില്ലാമനസോടെ കുഞ്ഞേച്ചി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഞാൻ കരഞ്ഞുകൊണ്ട് പോകല്ലേ എന്ന് പറഞ്ഞു. എന്റെ കരച്ചിൽ കണ്ടാകണം ടീച്ചറും പറഞ്ഞു എന്നാ നീ ഇവിടെ ഇരുന്നോളാൻ. എനിക്ക് ഒരു ഗുളികയും തന്ന് ടീച്ചർ ക്ലാസിലേക്ക് പോയി. ഗുളിക കഴിച്ചതും കുഞ്ഞേച്ചിയുടെ മടിയിൽ തലചായ്ച്ച് ഞാൻ വീണ്ടും ഉറങ്ങി... 

ഉറക്കം എണീറ്റത് വൈകുന്നേരമാണ് കുഞ്ഞേച്ചി അപ്പോഴും എന്റെ തലയിൽ തലോടുകയായിരുന്നു. മുഖമുയർത്തി ഞാൻ അവളെ നോക്കി, കരഞ്ഞു കലങ്ങിയ കണ്ണുകളും കണ്ണീരണിഞ്ഞ കവിൾത്തടവും കണ്ട് ഞാൻ എഴുന്നേറ്റു. വേറെ ഏതോ ചിന്തയിലിരുന്ന അവൾ എഴുന്നേൽക്കണ്ട എന്ന ഭാവത്തിൽ മുഖം ചരിച്ച് എന്റെ കവിളിൽ ഒരുമ്മയും തന്നു.. 

എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ കൂട്ട് കിടന്ന കുഞ്ഞേച്ചി അവളുടെ തലയണ അവൾക്ക് പകരമായി എന്റെ കൈക്കുള്ളിലാക്കിയിട്ടാണ് പോകാറുള്ളത്. 

ഉറക്കമെഴുന്നേറ്റ് കുഞ്ഞേച്ചിയെ കാണാതാകുമ്പോൾ മുറ്റത്തേയ്ക്ക് ഇറങ്ങും. അടുക്കളയിലെ പണിയൊന്നും ചിറ്റ അവളെക്കൊണ്ട് ചെയ്യിപ്പിക്കില്ലായിരുന്നു. എന്നും ഞാൻ എഴുന്നേൽക്കുമ്പോൾ ചൂലും പിടിച്ച് മുറ്റത്ത് ഉണ്ടാക്കും. അങ്ങനെ തൂണും ചാരിയിരിക്കുമ്പോൾ എന്നും രാവിലെ എന്റെ കൊച്ച് എഴുന്നേറ്റോ എന്നും ചോദിച്ചോണ്ട് കവിളത്ത് ഒരു ഉമ്മ പതിവാണ്. 

പക്ഷെ ആദ്യമായാണ് അവൾ കരഞ്ഞുകൊണ്ടാണ് തരുന്നത്. പക്ഷെ അതിൽ കൂടുതൽ സ്നേഹവും പരിചരണവും തോന്നി. നേരം വൈകി എല്ലാ കുട്ടികളും വീടണഞ്ഞിട്ടുണ്ട്. വീട്ടിൽ പോകണ്ടേ മക്കളേ എന്നും ചോദിച്ച് ടീച്ചറും വന്നു. 

എന്നെ എടുക്കാനായി ടീച്ചർ മുതിർന്നപ്പോൾ കുഞ്ഞേച്ചി ഞാൻ എടുത്തോളാമെന്ന് പറഞ്ഞ് മറ്റൊന്നും പറയാൻ ടീച്ചർക്ക് സമയം നൽകാതെ എന്നെയും ഒക്കത്ത് വെച്ച് 

നടന്നിറങ്ങി. ടീച്ചർ വണ്ടിയുമായെത്തി കാറിന്റെ പുറകുവശം തുറന്ന് എന്നെ അവിടെ ഇരുത്തി കുഞ്ഞേച്ചിയും ടീച്ചറും മുന്നിൽ കയറി ഒരു 10 മിനിറ്റിനുള്ളിൽ വീട്ടിൽ എത്തിച്ചു.ചിറ്റ 

വാതിക്കൽ തന്നെ നിപ്പുണ്ടായിരുന്നു കാറിന്റെ ശബ്ദം കേട്ടയുടൻ ചിറ്റയും മുറ്റത്തേക്ക് ഓടി വന്നു.ടീച്ചറേയും അകത്തേക്ക് ക്ഷണിച്ച് ചിറ്റ എന്നെയും എടുത്ത് മുറിയിലേക്ക് നടന്നു. 

ടീച്ചർ ചായ കുടിയും കഴിഞ്ഞ് 2 ദിവസം ഇവനെ കാസിലേക്ക് വിടണ്ട എന്നും പറഞ്ഞ് പടിയിറങ്ങി. വന്നയുടൻ കുഞ്ഞച്ചി കാലിൽ മരുന്നും വെച്ച് കെട്ടിയിട്ട് പറഞ്ഞു. ഇന്ന് കൊച്ച് കളിക്കാൻ ഒന്നും പോകാണ്ട് ഇവിടെ തന്നെ ഇരിക്കണം എന്ന് പറഞ്ഞിട്ട് പോയി. 

ഒരിക്കലും എന്നോട് ദേഷ്യപ്പെട്ട് സംസാരിക്കാനുള്ള അവസരം ഞാൻ നൽകിയിട്ടില്ല എന്നതാണ് സത്യം. 

കുഞ്ഞേച്ചിക്ക് 10ൽ നല്ല മാർക്കുണ്ടായിരുന്നതിനാൽ എന്റെ 

റിസൾട്ട് വന്നപ്പോൾ ചിറ്റയുടെ കയ്യിൽ നിന്നും നന്നേ തല്ല കിട്ടി. 

വർഷങ്ങൾ എത്ര പെട്ടന്നാണ് പോയതെന്നറിയില്ല പണ്ട് സ്കൂൾ കഴിഞ്ഞ് ഓടി വന്ന് കുഞ്ഞച്ചിടെ മടിയിൽ കേറിയിരിക്കുന്ന ആ ചെറുപ്രായമായിരുന്നാൽ മതിയായിരുന്നു എന്ന് പലപ്പോഴും തോന്നും. ചേച്ചിം പറയാറുണ്ട് നീ ഇത്രം പെട്ടന്ന് വളരണ്ടായിരുന്നു എന്ന്.കാര്യം അവളെക്കാൾ ഒരൽപ്പം പൊക്കം എനിക്ക് 

കൂടുതലുണ്ട് എന്നതാണ്. അതുവരെ ഒന്നിച്ച് സ്കൂളിൽ 

പോയിരുന്ന ഞങ്ങൾ പിന്നീട് രണ്ട് വഴിക്ക് പോകാൻ തുടങ്ങി.റോഡുവരെ സൈക്കിളിൽ കൊണ്ടാക്കണമെന്ന് എന്നും കുഞ്ഞേച്ചി വാശിപിടിക്കും. പറ്റില്ലെന്ന് പറയുമെങ്കിലും അവളെ കോളേജിലേക്കുള്ള ബസ്സ് കയറ്റി വിട്ടിട്ടേ ഞാൻ സ്കൂളിലേക്ക് പോകാറുള്ളായിരുന്നു. 

ആശുപത്രി വരാന്തയിൽ ഓരോരോ പുതിയ പുതിയ  സുഹൃത്തുക്കൾ മരണപ്പെട്ട് എത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ അവിടെ നിന്നും പതിയെ നടന്നുതുടങ്ങി. എന്നെ 

കൊണ്ടുപോകാൻ വന്നവരെല്ലാം കരച്ചിൽ കഴിഞ്ഞു എന്ന രീതിയിൽ ശാന്തമായിരിക്കുന്നു. വീണ്ടും കൂട്ടുകാരന്റെ അടുത്തേക്ക് ചെന്നു. അവിടെ കുഴപ്പമൊന്നുമില്ല. 

മരണപ്പെട്ടതിന് ശേഷവും നെഞ്ചിന്റെ താളം ഉയർന്നു വരുന്നു. ഇത്രമാത്രം ശബ്ദത്തിൽ ഇതിനുമുമ്പേ നെഞ്ചിടിച്ചത് ബസ്സ്യുടെ കല്ല്യാണത്തിനാണ്. 

അന്ന് പക്ഷെ ആ ബഹളങ്ങൾക്കിടയിൽ അത് മറ്റാരും കേൾക്കാതെപോയി. ഇന്നും ആരും കേൾക്കുന്നില്ല. വിവാഹ പന്തലിൽ നിന്നിറങ്ങി പോകാൻ നേരം ഏങ്ങലടിച്ച് കരഞ്ഞപ്പോൾ അവൾ മാത്രം ആ ശബ്ദം കേട്ടു. പക്ഷെ കരയാനാകാതെ കലങ്ങിയ കണ്ണുമായ് അവളെ യാത്രയയച്ചപ്പോൾ ഞാൻ തിരിച്ചറിഞ്ഞു ഇത്രയും നാളത്തെ എന്റെ എല്ലാ സന്തോഷങ്ങൾക്കും കാരണമായവളാണ് 

പോകുന്നതെന്ന്. ആദ്യ ദിവസങ്ങൾ വളരെ കഷ്ടപ്പാടായിരുന്നെങ്കിലും പിന്നീട് അവൾ അടുത്തില്ല എന്ന തിരിച്ചറിവ് എന്നിൽ രൂപപ്പെട്ടു വന്നു. എങ്കിലും ഉറക്കമെഴുന്നേൽക്കുമ്പോൾ പലപ്പോഴും. "എടി ചേച്ചീ ചായ " എന്ന് പറയുന്നെ കേട്ട് ചിറ്റ കളിയാക്കാറുണ്ട്. ഡിഗ്രി അവസാനവർഷത്തെ മാർക്ക് വന്നപ്പോൾ വലിയ കുഴപ്പമില്ലാത്ത മാർക്ക് വാങ്ങി ഞാനും ജയിച്ചു. രണ്ട് ദിവസം വീട്ടിൽ വന്ന് നിൽക്കാനുള്ള അനുവാദവും വാങ്ങി ചേച്ചി അന്ന് വീട്ടിൽ എത്തി.നാളെ എന്റെ പിറന്നാളാണ് 21 തികയുന്നു.കേക്കും വാങ്ങിയാണ് കുഞ്ഞേച്ചി എത്തിയത്. കാണാതിരുന്ന് കണ്ടതിനാലാകാം അത്രയും സന്തോഷിച്ച മറ്റൊരു ദിവസം ജീവിതത്തിലുണ്ടായിട്ടില്ല. ഇടയ്ക്കൊക്കെ വരാടാ എന്ന് പറഞ്ഞ് അവൾ 2 ദിവസങ്ങൾക്ക് ശേഷം യാത്രയായി. അതിന് ശേഷമുള്ള മൂന്നാമത്ത ദിവസമാണിന്ന്. 

നെഞ്ചിടിപ്പ് കൂടിക്കൂടി വന്നപ്പോൾ ഞാൻ എന്റെ ശരിരത്തിന്റെ അടുത്തേക്ക് തന്നെ പോയി. കുഞ്ഞച്ചി അരികിൽ ഇരിപ്പുണ്ട്, അളിയൻ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളുടെ ബലത്തിനെ മറികടക്കാനാകുന്നില്ല. എന്റെ നെഞ്ചിൽ ഇടിക്കുകയാണ് പിന്നെ എന്തോക്കെയോ പറയുന്നുമുണ്ട്. 

അരികിൽ ചെന്ന് നിന്ന് ഒന്നു തൊടാൻ പോലും കഴിയുന്നില്ല. ഒടുവിൽ അവൾ കരഞ്ഞു തളർന്നപ്പോൾ മറ്റുള്ളവർ എന്നെയെടുത്ത് വണ്ടിയിൽ കയറ്റി 

യാത്രയായി. പക്ഷെ ഞാൻ ഇപ്പോഴും കുഞ്ഞേച്ചിടെ അരികിലാണ്. കുറച്ച് നേരം തോളിൽ ചാരിയെന്നവണ്ണം അവൾക്കരികിൽ ഇരുന്നു.. 


ദഹിപ്പിക്കാനുള്ള ചടങ്ങുകളെല്ലാം നടന്നുകഴിഞ്ഞു. അവസാനത്തെ കുളിയും അഹാരവും കഴിഞ്ഞ് 

വിറക് കൊള്ളികൾക്കിടയിൽ കിടന്ന് ശരീരം എരിഞ്ഞ് തുടങ്ങിയപ്പോൾ ആത്മാവിനോട് ദൈവം പറഞ്ഞു, അവസാനിച്ചു നിന്റെ സഞ്ചാരം.!


COMMENTS

Name *

Email *

Write a comment on the story ആത്മാവിന്റെ സഞ്ചാരം *


.
Afsal: അടിപൊളി
വളരെ പുതിയ വളരെ പഴയ