കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by Pangalees.
Happy reading
"സുമിത്രേ....മോളേ സുമിത്രേ.. അകത്തുണ്ടോ നീ.."
പുറത്തു നിന്നും ഉച്ചത്തിലുള്ള ആ ശബ്ദം കേട്ടാണ് അവൾ ഉണർന്നത്, സ്റ്റിച്ചിട്ട തന്റെ വയറും താങ്ങിയവൾ പതിയെ ഉമ്മറത്തെത്തി.
"ഹാ.. മൂസാക്കാ ആയിരുന്നോ എന്താ മൂസാക്കാ.."
"അല്ല മോളേ അന്റെ ഓപ്പറേഷൻ കഴിഞ്ഞ് എല്ലാം സബൂറായില്ലേ?.
ഇപ്പം വേറെ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ...?"
"ഇല്ല മൂസാക്കാ.." അവൾ മറുപടി നൽകി..
"ഹാ പടച്ചോൻ കാത്തു ,അല്ല മോളെ നമ്മുടെ വിനയനെ കാണാനേ ഇല്ലല്ലോ.. ഓൻ
ഈ സമയത്ത് ഇവിടെ ഉണ്ടാവൂലാന്നറിയാം, എന്നാലും നിന്നെ കൂടെ കാണാൻ വേണ്ടിയാണ് നമ്മള് വന്നത് . ഓൻ മൂസാക്കാന്റെ കയ്യിന്ന് കുറച്ച് കായ് വാങ്ങീനും, അത് വാങ്ങീട്ടിപ്പൊ രണ്ട് രണ്ടര മാസം കഴിയാറായി.. പ്രശ്നം അതല്ല...ഓനിപ്പം മൂസാക്ക വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ല, ഓനെ കാണാനും പറ്റണില്ല...
അപ്പൊ മോളൊന്ന് പറയണം ഈ വയസ്സാംകാലത്ത് മൂസാക്കാനെ ഇങ്ങനെ കളിപ്പിക്കരുതെന്ന്.. ഇനി ഓന്റെ ഇഷ്ടം അതാണെങ്കില് ഈ മൂസാക്ക, മൂസാക്കേന്റേതായ ഒരു വഴി നോക്കും.. അത് ചിലപ്പോ ഓന് താങ്ങാൻ പറ്റില്ലാന്നും വരും, അപ്പൊ നമ്മള് പോട്ടെ മോളെ..."
അയാൾ പറയാതെ പറഞ്ഞുപോയ ഭീഷണിയിൽ സുമിത്ര ശരിക്കും പേടിച്ചു..
വയറു കീറി തുന്നി കെട്ടിയപ്പോൾ അനുഭവിച്ച വേദനയേക്കാളും നീറ്റലുണ്ടതിന് എന്നവൾക്ക് തോന്നിപോയ്.... എന്നാൽ അത് ഉള്ളിൽ താങ്ങി നിർത്താൻ അധികനേരം അവൾക്ക് കഴിഞ്ഞില്ല. മെല്ലെ വിനയന്റെ സമാധാനമില്ലായ്മയായത് പരിണമിച്ചു....
"ഹലോ ജയാ.. നീ എവിടാ... നിനക്കൊന്ന് പെട്ടന്ന് തങ്ങൾ മുക്കിലേക്ക് വരാൻ പറ്റുമോ, മനുവിനെയും കൂട്ടിക്കോ..."
വിനയൻ ഫോൺ കട്ട് ചെയ്തപ്പോൾ മറുതലക്കുള്ള ജയന് എന്തോ ഒരു പന്തികേട് തോന്നി. കാര്യമായ് എന്തോ ഉണ്ട്, അല്ലാതെ വിനയേട്ടൻ ഇങ്ങനെ സംസാരിക്കില്ല.. അവരെ തേടി വിനയൻ തങ്ങൾ മുക്കിൽ എത്തുമ്പോഴേക്കും ജയനും മനുവും അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു.
"വിനയേട്ടാ എന്താ പ്രശനം. എന്തിനാ പെട്ടന്നു വരാൻ പറഞ്ഞത്." മനുവാണ് ചോദിച്ചത്.. "എടാ...അത്.. പിന്നെ.. ആ മൂസാക്കാ വീട്ടിൽ വന്നു എന്തൊക്കെയോ പറഞ്ഞു.. സുമിത്ര ആകെ പേടിച്ചു പോയ്..
അയാള് വീട്ടില് വന്ന സ്ഥിതിക്ക് എത്രയും പെട്ടന്ന് നമുക്കയാളുടെ പണം തിരികെ കൊടുത്തേ പറ്റുള്ളൂ.. അല്ലെങ്കിൽ നിധിയുടെ പേരും പറഞ്ഞ് നമ്മൾ അയാളെ പറ്റിച്ചത് നാട്ടിൽ എല്ലായിടത്തും ഫ്ലാഷാവും.. ചിലപ്പോ നമ്മൾ ജയിലിലും ആവും...
അയാളുടെ കൈയിൽ നിന്നും അഡ്വാൻസ് വാങ്ങിയപ്പോൾ നിങ്ങൾക്കു കൂടെ കൂട്ടി വാങ്ങിയതാണ് പറ്റിച്ചത്.. ഇല്ലെങ്കിൽ ഇത്ര വലിയ തുക വരില്ലായിരുന്നു."
വിനയൻ ഒറ്റ ശ്വാസത്തിൽ എന്തൊക്കെയോ പറഞ്ഞു തീർത്തു...
"മൂന്ന് ലക്ഷം രൂപ പെട്ടന്ന് വേണംന്ന് പറഞ്ഞാൽ നമ്മൾ എന്തു ചെയ്യും വിനയേട്ടാ.. കിട്ടിയത് വെച്ചാണ് ഞാനാ ബാങ്കിലെ കുടിശ്ശിക തീർത്തത് "
ജയന്റെ മുഖത്ത് അവന്റെ നിസ്സഹായാവസ്ഥ തെളിഞ്ഞു നിന്നു..
"എന്തു ചെയ്യും വിനയേട്ടാ.. എന്റെ അവസ്ഥയും ഇതൊക്കെ തന്നെ."
മനുവും കൂടെ അവരോട് ചേർന്നപ്പോൾ മൂന്ന് പേരും കലുങ്കിൽ ഒരേ പോലെ തലയിൽ കൈവെച്ചിരുന്നുപോയ്..
അൽപ നേരത്തെ ആ നിശബ്ദതക്ക് വിരാമമിട്ടത് വിനയാനാണ്.
"ഡാ നമുക്ക് മനയിൽ ഒന്നു കയറി നോക്കിയാലോ.. ഇതിലും വലുത് എന്താ നമുക്കിനി വരാൻ ഉള്ളത്. നമ്മുടെ ഭാഗ്യത്തിന് ചിലപ്പോൾ നിധിയെങ്ങാനും കിട്ടിയാലോ..."
"ആ തമ്പ്രാൻ ചിലപ്പോ അയാളുടെ സ്വത്ത് വഹകളൊക്കെ ആരും എടുക്കാതിരിക്കാൻ ഉണ്ടാക്കിയ കള്ള കഥകളാണെങ്കിലോ ഈ ഭൂതത്തിന്റെയും പ്രേതത്തിന്റെയുമൊക്കെ... നിങ്ങളെന്ത് പറയുന്നു.."
വിനയൻ ആ ചോദ്യം രണ്ട് പേരുടേയും മുമ്പിലേക്കിട്ടു കൊടുത്തു.. പക്ഷേ ആ ചോദ്യത്തിന് രണ്ട് പേർക്കും ഒരു ഉത്തരം മാത്രമായിരുന്നു ഉണ്ടായിരുന്നത്..
"അതെ.. അതെ വിനയേട്ടാ നമുക്കൊന്നു കയറി നോക്കാം ഞങ്ങൾ റെഡി.."
“പക്ഷേ വേറെ ഒരു പ്രശ്നം കൂടെ ഉണ്ടല്ലോ ആ മനയിലെ ആരെങ്കിലും നമ്മളുടെ കൂടെ വേണ്ടേ, എന്നാലല്ലേ അത് കാണാൻ പറ്റുള്ളൂ..."
വിനയൻ സംശയം പ്രകടിപ്പിച്ചു...
"അല്ല വിനയേട്ടാ നിങ്ങള് പറഞ്ഞ പോലെ ഇതൊക്കെ കളവാണെങ്കിൽ അങ്ങനെ ഒരാളുടെ ആവശ്യം ഉണ്ടാ..?
"വേണം മനു.. അതുകൊണ്ട് മാത്രമല്ല, എങ്ങാനും ഇതൊക്കെ പിടിക്കപെട്ടാൽ ആ മനയുമായ് ബന്ധമുള്ള ആരേലും നമ്മുടെ കൂടെ ഉണ്ടെങ്കിൽ നല്ലതല്ലെ..?"
വിനയന്റെ ആ ഉത്തരത്തിൽ അവൻ തൃപ്തനായിരുന്നു.. എന്നാലും അവിടെ മറ്റൊരു സംശയം ഉടലെടുത്തു..
"ആര്...? അങ്ങനെ ഇപ്പൊ ആരാ ഉള്ളത്...?"
"ദേവൻ"... ജയനാണ് അത് പറഞ്ഞത്...
"ഏത് ആ അരവട്ടനോ...?" മനു അറിയാതെ ചിരിച്ചു പോയ്.
"അരവട്ടനൊക്കെ നിങ്ങൾക്ക്, അവനൊരു പ്രശ്നവുമില്ല. അവന്റെ കുടുംബത്തിലെ ദുരാചാരങ്ങൾക്കും കാരണവൻമാരുടെ വേണ്ടാദീനങ്ങൾക്കുമെതിരെ പ്രതികരിച്ചതുകൊണ്ട് അവരെല്ലാവരും കൂടി അവനെ വട്ടനാക്കി തീർത്തതാണ് അല്ലാതെ അവനൊരു പ്രശ്നവുമില്ല.
"ശരിയാണോ ജയാ.. അവൻ നമ്മുടെ കൂടെ നിൽക്കുമോ..?"
"അതെ വിനയേട്ടാ.. എനിക്കവനെ നന്നായറിയാം"...
"അപ്പൊ നമുക്കൊന്നു ശ്രമിച്ചു നോക്കാലെ ജയാ..."
"തീർച്ചയായും വിനയേട്ടാ, ആദ്യം ഞാൻ ദേവനെയൊന്ന് കാണട്ടെ.. അവൻ സമ്മതിക്കും, എനിക്കുറപ്പുണ്ട്."
മൂന്നുപേരുടെയും മനസ്സിൽ പ്രതീക്ഷയുടെ ഒരു നേർത്ത വെട്ടം തെളിഞ്ഞു വന്നു..