കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by Pangalees.
Happy reading
അമരാപുരിക്കാർക്ക് അന്നൊരു നശിച്ച ദിവസമായിരുന്നു. കാലം തെറ്റി പെയ്ത മഴയിൽ ആ നാട് നനഞ്ഞു കുതിർന്നു.
"ദേവാ.. മോനേ ദേവാ... പ്രാർത്ഥിച്ചു. കഴിഞ്ഞില്ലെ ഇതുവരെ..."
രാവിലെ പൂജാമുറിക്കകത്ത് കയറിയിരിക്കുന്ന ഇരിപ്പാണ് ഇതുവരെ പുറത്തോട്ട് വന്നില്ല.. അമ്മയുടെ ഉള്ളിൽ വല്ലാത്തൊരാധി നിറഞ്ഞു...
"ഈശ്വരാ വീണ്ടും ഏനക്കേട് വല്ലതും തുടങ്ങുവാണോ... ന്റെ ശിവപുരത്തപ്പാ എന്റെ കുട്ടിക്ക് ഒരാപത്തും വരുത്താതെ കാത്തോളണേ.."
അമ്മ മനസ്സുരുകി പ്രാർത്ഥിച്ചു. അമ്മയുടെ വിളികേട്ട് പുറത്തേക്കിറങ്ങി വന്ന
ദേവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..
"എന്തു പറ്റി മോനെ..അമ്മക്ക് ആകെ ഒരു പേടി പോലെ...
"ഒന്നുമില്ലമ്മേ ഞാൻ അച്ഛനെ ഓർത്തു പോയതാ, അച്ഛൻ ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഈ ഗതിയൊന്നും വരില്ലായിരുന്നു അല്ലേ..."
ദേവന്റെ വാക്കുകൾ അമ്മയുടെ നെഞ്ചിലേക്കാഴ്ന്നിറങ്ങി... ഉള്ളിലടക്കിപ്പിടിച്ച വികാരങ്ങൾ നിയന്ത്രിക്കാനാവാതെ ആ അമ്മ പൊട്ടിക്കരഞ്ഞു പോയ്.
"ശാപം കിട്ടിയ ജന്മമാണ് മോനേ നമ്മുടേത്.. ഇല്ലെങ്കിൽ നമ്മളിങ്ങനെയൊക്കെ ജീവിക്കേണ്ടവരാണോ..."
"ഇല്ലമ്മേ...അമ്മ സങ്കടപ്പെടേണ്ട..നമ്മുടെ എല്ലാ ശാപങ്ങളും ഞാനിന്ന് മാറ്റാൻ
പോവുകയാണ്.. പക്ഷേ എല്ലാം അറിയുമ്പോൾ അമ്മ എന്നെ വെറുക്കരുത്..."
പറഞ്ഞു തീർന്നതും നിറഞ്ഞൊഴുകിയ കണ്ണീർ തുള്ളികൾ അമ്മ കാണാതെ മറച്ചു പിടിച്ച് ദേവൻ മുറ്റത്തെ മഴയത്തേക്കിറങ്ങി നടന്നു..അമ്മ തടയാൻ ശ്രമിച്ചെങ്കിലും അവർക്കതിന് കഴിഞ്ഞില്ല... "എന്റെ കുട്ടിക്കൊരാപത്തും വരുത്തരുതേ ദൈവങ്ങളേ..."
കാർമേഘങ്ങൾ മൂടിയ ആകാശത്തിലൂടെ സൂര്യൻ ഒളിച്ചു കടന്നു.. അമരാപുരിയെ പതിയെ ഇരുട്ട് വിഴുങ്ങി തുടങ്ങി....പറഞ്ഞുറപ്പിച്ച പോലെ നാലുപേരും ആലൂർ മനക്കടുത്തുള്ള ആൾത്താമസമില്ലാത്ത പഴയ വീട്ടിലേക്കെത്തിച്ചേർന്നു.
"എന്താ മഴ, ഇതിങ്ങനെ തുടർന്നാൽ നമ്മുടെ പ്ലാനിംഗ് നടക്കോ വിനയേട്ടാ..."
"മഴയല്ലെടോ പ്രളയം തന്നെ വന്നാലും നമ്മളിന്നത് പൊക്കിയിരിക്കും അല്ലേടാ മനൂ..."
"പിന്നല്ലാ, അല്ലാ ദേവേട്ടനെന്താ മാറി നിൽക്കുന്നേ..."
ദേവൻ ദൂരെയുള്ള ആലൂർ മനയിലേക്ക് തന്നെ നോക്കി
നിൽക്കുകയായിരുന്നു.. തകർത്ത് പെയ്യുന്ന മഴയുടെ ശബ്ദം അകലെ മനയിൽ നിന്നും ആരോ ഉച്ചത്തിൽ നിലവിളിക്കുന്നത്പോലെ അവന് തോന്നി.
"ഡാ ദേവാ.. എന്താടാ?"
വിനയൻ പുറകിലൂടെ വന്ന് അവന്റെ തോളിൽ കയ്യിട്ടു...
"ഏയ് ഒന്നൂല്ലാ... വിനയേട്ടാ നമ്മളിപ്പം എവിടെയാ നിൽക്കുന്നെന്ന് അറിയോ...?"
"ഇല്ലാ, എന്തുപറ്റി...."
"പണ്ട് ഈ നിധി ഒളിപ്പിക്കാൻ പോയ സമയത്ത് മനക്കലെ മുത്തശ്ശൻ, രാമൻ എന്നൊരു സഹായിയെ കൂടെ കൂട്ടിയിരുന്നു...നിധി ഒളിപ്പിച്ചു കഴിഞ്ഞപ്പോൾ രഹസ്യങ്ങളൊന്നും പുറത്താവാതിരിക്കാൻ രാമനെ മുത്തശ്ശൻ അവിടെ വച്ചുതന്നെ കൊന്നുകളഞ്ഞു... അതിനു പ്രായശ്ചിത്തമായ് അവന്റ കുടുംബത്തിന് മുത്തശ്ശൻ പണികഴിപ്പിച്ചു കൊടുത്ത വീടാണിത്.... പാവം രാമൻ അവന്റെ ആത്മാവ് ഇവിടെയൊക്കെ അലഞ്ഞ് തിരിഞ്ഞ് നടപ്പുണ്ടാവണം..."
ചായ്പ്പിലേക്ക് കാലും നീട്ടി മഴ ആസ്വദിച്ച് ഇരിക്കുകയായിരുന്ന ജയനും മനുവും ഇത് കേട്ട പാടെ മെല്ലെ അവിടെ നിന്നും എഴുന്നേറ്റ് അവർക്കരികിലേക്ക് വന്നു....
"ഒന്നൂടെ ആലോചിച്ചിട്ട് മതിയോ വിനയേട്ടാ?.. ഈ വീട്ടിലേക്ക് നമ്മൾ എത്തിയത് തന്നെ എന്തൊക്കെയോ ഓർമ്മപ്പെടുത്തി തരാനാണെന്ന് ഉള്ളിലൊരു തോന്നൽ...."
"ശരിയാ വിനയേട്ടാ എനിക്കും ഉള്ളിൽ വല്ലാത്തൊരു പേടി പോലെ.."
മനുവും കൂടെ ദേവനോടൊപ്പം ചേർന്നപ്പോൾ വിനയൻ ആകെ സമ്മർദത്തിലായ്..
"നിങ്ങളിങ്ങനെ കൊച്ചു കുട്ടികളെ പോലെ പേടിക്കാതെ.. നിർത്തണമെങ്കിൽ ദേ ഇവിടെ വച്ച് നമുക്കെല്ലാം നിർത്താം....പക്ഷേ തിരിച്ച് നമ്മുടെയൊക്കെ വീട്ടിൽ ചെല്ലുമ്പോഴുള്ള അവസ്ഥ.. അത്കൂടെ നമ്മളോർക്കണം..."
വിനയന്റെ വാക്കുകൾക്ക് മറുപടി കിട്ടാതെ മൂവരും മിണ്ടാതെ നിന്നു... സമയം പതിയെ
കടന്നു പോയ്.. മഴ മാറി തെളിഞ്ഞ ആകാശത്ത് മെല്ലെ നക്ഷത്രങ്ങൾ പൂവിട്ട് തുടങ്ങി...
" നമുക്കിറങ്ങിയാലോ.. ഇതാണ് പറ്റിയ സമയമെന്ന് തോന്നുന്നു..."
വിനയൻ വാച്ചിലേക്ക് നോക്കികൊണ്ട് പറഞ്ഞു. അത്യാവശ്യം വേണ്ട ആയുധങ്ങളൊക്കെ കയ്യിലെടുത്ത് അവർ ആലൂർ മന ലക്ഷ്യം വച്ച് മെല്ലെ നടന്നു....അകലെ നേരിയ നിലാ വെട്ടത്തിൽ അവരുടെ വരവും പ്രതീക്ഷിച്ച് ആലൂർ മനയും നിൽപ്പുണ്ടായിരുന്നു.. ഒപ്പം അവിടുത്തെ നിഗൂഢതകളും.
Next part will upload soon.