കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by Pangalees.
Happy reading
തങ്ങൾ മുക്കിലെ ഒരു സായാഹ്നം.. അങ്ങാടിയിലെ ചന്ത പിരിഞ്ഞ് ആളുകളൊക്കെ മെല്ലെ ഒഴിഞ്ഞു പോയികൊണ്ടിരിക്കുന്നു..
"വിനയേട്ടാ.. പറഞ്ഞ വാക്ക് ഞാൻ പാലിച്ചുട്ടോ..ഇതാരാ വന്നതെന്ന് നോക്കിയേ..."
വിനയന്റെയും മനുവിന്റെയും കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ജയനും ദേവനും അവർക്കിടയിലേക്ക് കയറി വന്നു...
"ഡാ ദേവാ.. നിന്നെ കാണാനേ കിട്ടുന്നില്ലല്ലോ..."
"ഇവിടെയുണ്ട് വിനയേട്ടാ.. പിന്നെ എന്റെ പ്രശ്നങ്ങളൊക്കെ നിങ്ങൾക്കും അറിയാലോ..."
"മം.. എല്ലായിടത്തും അതൊക്കെ തന്നെയാടാ, അല്ലാ ജയാ നീ ദേവനോട് കാര്യങ്ങൾ എന്തെങ്കിലും സൂചിപ്പിച്ചോ..?"
"ഉവ്വ്, എല്ലാം പറഞ്ഞിട്ടുണ്ട്.... സത്യം പറഞ്ഞാൽ ഇവനും മനസ്സിൽ ആ ഒരു ചിന്തയും കൊണ്ട് നടക്കുകയായിരുന്നു...."
"ശരിയാ വിനയേട്ടാ.. ഇല്ലത്തൂന്ന് ഇറങ്ങിയ മുതൽ കാര്യങ്ങൾ ഒക്കെ മോശമാണ്.. അച്ഛൻ മരിച്ചതിന്
ശേഷം കുടുംബവക കിട്ടാനുള്ളതൊക്കെ അച്ഛന്റെ ജേഷ്ഠൻമാര് തന്നെ ഓരോ കാരണങ്ങൾ പറഞ്ഞ് തടഞ്ഞുവെച്ചേക്കുവാണ്.. അപ്പൊ പിന്നെ ഞാൻ എന്റെതായ വഴികൾ നോക്കുകയല്ലാതെ വേറെന്ത് ചെയ്യും..."
"വിനയേട്ടാ നമ്മൾ മനയിൽ കയറിയതും താളിയോല എടുത്തതും അതു ഭാസ്കരേട്ടനെ കൊണ്ട് വായിപ്പിച്ചതും ഒക്കെ ഇവനോട് ഞാൻ പറഞ്ഞിട്ടുണ്ട്, ഇനി ആ സാധനം എടുക്കാൻ നമ്മളെപ്പോഴാ പോകുന്നത് എന്ന് മാത്രം പറഞ്ഞാൽ മതി...,
ജയന്റെ അമിതാവേശം കണ്ട ദേവൻ അവനെ വിലക്കി..
"ജയാ.. നിന്നോട് നേരത്ത പറയണം എന്നു കരുതിയതാ.. നമുക്കങ്ങനെ എല്ലാ സമയത്തും ' അവിടേക്ക് പോവാൻ പറ്റില്ല.. അതിന് കുറച്ച് കർമ്മങ്ങളൊക്കെ ചെയേണ്ടതുണ്ട്. കാരണവൻമാർ
പറഞ്ഞുകേട്ടത് വച്ച് നോക്കിയാൽ അതൊന്നും അത്ര എളുപ്പവുമാവില്ല.. പിന്നെ ഏതെങ്കിലും പൗർണ്ണമി നാളിലല്ലാതെ നമ്മളത് സ്പർശിക്കാനേ പാടില്ല. പണ്ടാക്കെ മുത്തശ്ശി ഇതേ പറ്റി ഒരു പാട് കഥകൾ പറഞ്ഞു തരുമായിരുന്നു.. നിധിയെടുക്കാൻ പോയ് ജീവൻ നഷ്ടപെട്ട തമ്പ്രാക്കന്മാരുടെ കഥ..."
"അല്ല ദേവാ നിനക്കിതിലൊന്നും വിശ്വാസം ഇല്ലാന്ന് പറഞ്ഞിട്ട് ".
"വിശ്വാസം ഇല്ലാതിരിക്കോ ജയാ.. അങ്ങനെ ഒരു നിധി അവിടെ ഉണ്ട് എന്നുള്ളത് പരമമായ ഒരു ' സത്യമാണ്. പക്ഷേ ഇത്ര കാലമായിട്ടും ആർക്കും അത് എടുക്കാൻ പറ്റിയില്ല എങ്കിൽ അവിടെ കാര്യമായ കാരണം എന്തെങ്കിലും ഉണ്ടാകില്ലേ..."
ദേവൻ ഇത്രയും പറഞ്ഞപ്പോഴേക്കും കൂടി നിന്ന മനുവിന്റെയും ജയന്റെയും മുഖഭാവം മാറുന്നത് വിനയൻ ശ്രദ്ധിച്ചു. ഈശ്വരാ. ഇവൻമാര് പേടിച്ചാൽ കാര്യങ്ങൾ കൈവിട്ട് പോകുമല്ലോ..
"ഡാ ദേവാ.. നീ ആദ്യം ഇവിടെ ഒന്ന് വന്നിരിക്ക്."
വിനയൻ അവനെ കലുങ്കിലേക്ക് പിടിച്ചിരുത്തി.
"നീ പറഞ്ഞതൊക്കെ ശരി തന്നെ... കുറേ കഥകൾ ഞങ്ങളും കേട്ടിട്ടുണ്ട്, പക്ഷേ അടുത്ത പൗർണ്ണമി വര്യോ, വ്രതം എടുത്ത് കാത്തിരിക്കാനോ ഉള്ള സമയം എന്തായാലും ഞങ്ങൾക്കിപ്പം ഇല്ല. അത്രക്ക് പ്രശ്നങ്ങളാണ് ചുറ്റും... നിന്റെയും അവസ്ഥ അതൊക്കെ തന്നെയാണല്ലോ.. അത് കൊണ്ട്
കൂടുതൽ ചിന്തിക്കാതെ നമുക്കതെടുക്കാം..പിന്നെ ഒന്നുമില്ലെങ്കിലും നമ്മൾ നാല് ആണുങ്ങളല്ലേടാ... ബാക്കിയൊക്കെ വരുന്നിടത്ത് വച്ച് കാണാം... മാത്രമല്ല മൂസാക്ക അറിഞ്ഞ സ്ഥിതിക്ക് ഇനി അധികം വൈകുന്നത് റിസ്കാണ്.. അതുകൊണ്ട് ഇന്നല്ലെങ്കിൽ നാളെ നമുക്കത് എടുക്കണം ....ഒരു പൂച്ചക്കുഞ്ഞു പോലും അറിയാതെ..."
വിനയന്റെ ആ ഉറച്ച തീരുമാനത്തിനൊപ്പം നിൽക്കണം എന്നല്ലാതെ ആ നേരത്ത് അവർക്ക് വേറൊന്നും തോന്നിയില്ല.. ഉടുവിൽ അവന്റെ നിർബന്ധത്തിനു വഴങ്ങി മനയിൽ കയറേണ്ട ദിവസം വരെ അവർ തിരഞ്ഞെടുത്തു... കോർത്തു പിടിച്ച കൈകളിലേക്ക് കൈ ചേർത്ത് പിന്തുണ പ്രഖ്യാപിക്കുമ്പോഴും ദേവന്റെ ഉള്ളിൽ നിന്ന് അരോ അരുതെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു...
.