ആകാശ ദീപങ്ങൾ | Malayalam audio story |


Authors

"Please use headset for better experience"

Story by Bobish MP

Copyright © kathaweb. Enjoy listening



"ഹാപ്പി ന്യൂ ഇയർ" 

 എന്റെ ശബ്ദം കേട്ടപ്പോൾ അവൾ മെല്ലെ കണ്ണ് തുറന്നു 

 "സെയിം ടു യു " ചിരിച്ചു കൊണ്ട് അവൾ വീണ്ടും തോളിൽ തല ചായ്ച്ച് കിടന്നു അവളുടെ ശബ്ദത്തിൽ ഇന്നത്തെ യാത്രയുടെ ക്ഷീണം നന്നായി പ്രതിഫലിച്ചിരുന്നു. ജീവിതത്തിൽ സംഭവിച്ച ഏറ്റവും മനോഹരമായ ഒരു ദിവസം കൂടെ അങ്ങനെ കടന്നുപോയി. പട്ടണത്തിലെ ഏറ്റവും വിലകൂടിയ മാളുകളിൽ തന്നെയായിരുന്നു ഇന്ന് പോയത്. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ, ആഭരണങ്ങൾ അങ്ങനെ അവൾ പറഞ്ഞ ഒരുവിധം എല്ലാം കിട്ടിയിരുന്നു. 

പരിചയപ്പെട്ട ദിവസം തന്നെ അവൾ മനസ്സിൽ കയറിയിരുന്നു. അതീവ സുന്ദരിയായിരുന്നു അവൾ.ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു എന്നല്ലാതെ അവൾ ഒരു മറുപടി പറഞ്ഞിരുന്നില്ല. പുതുവത്സരത്തിൽ മാത്രമേ മറുപടി പറയൂ എന്നായിരുന്നു വാശി. പക്ഷെ ഇന്ന് രാത്രി ഇങ്ങനെ ഒരുമിച്ച് ഇരിക്കാൻ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പുറത്ത് ചെറുതായി മഴ പെയ്യുന്ന ശബ്ദം കേട്ടപ്പോൾ അവൾ മെല്ലെ കണ്ണ് തുറന്നു. 

 "പുറത്ത് മഴ ആണോ " അവളുടെ ശബ്ദം ഇടറിയിരുന്നു. 

 "നീ കിടന്നോ. ചെറിയ ചാറ്റൽ മഴയാണ് ." 

പുറത്ത് കാറ്റിന്റെ ശക്തി കൂടി വന്നിരുന്നു. 

 "ഇന്ന് നമ്മളുടെ യാത്ര ആലോചിക്കുമ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തോനുന്നു ..." 

 അവൾ മെല്ലെ എഴുന്നേറ്റ് ഇരുന്നു. അവൾ പറഞ്ഞത് ശരി ആയിരുന്നു. ജീവിതത്തിൽ ആരും ഇങ്ങനെ ഒരു യാത്ര ചെയ്തിട്ടുണ്ടാകില്ല.ഒരു പക്ഷെ ഇനി ഒരിക്കലും അവളുടെ ഒപ്പം ഒരു യാത്ര ഉണ്ടാകില്ല എന്ന് ഏകദേശം ഉറപ്പായിരുന്നു. കുറെ പൊരുതിയെങ്കിലും അവൾക്കും അത് മനസ്സിലായിത്തുടങ്ങിയിരുന്നു. നല്ല ക്ഷീണമുണ്ടെങ്കിലും നേരം പുലരുവോളം ഞങ്ങൾ സംസാരിച്ചിരുന്നു. 


 പുറത്തെ ശബ്ദം കേട്ടാണ് ഞങ്ങൾ പിറ്റേന്ന് ഉണർന്നത്. മുറിയിൽ വെളിച്ചം എത്തിയിരിക്കുന്നു. കാൽ നേരെ നിൽക്കുന്നില്ല എഴുന്നേറ്റപ്പോൾ കാലിന് നല്ല നീറ്റൽ . അവൾ മെല്ലെ എന്റെ കൈ പിടിച്ചു എഴുന്നേറ്റു. അവളുടെ മുഖം കണ്ടപ്പോൾ ഹൃദയത്തിൽ വല്ലാത്ത ഒരു വേദന തോന്നി. അവളുടെ മുടിയിഴകൾ എല്ലാം കൊഴിഞ്ഞിരിക്കുന്നു. കണ്ണുകൾ പാതിയെ തുറക്കാൻ സാധിക്കുന്നുള്ളു. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങൾ ആയി. സുന്ദരമായ അവളുടെ മുഖത്ത് പൂക്കൾ വിരിഞ്ഞ പോലെ ചെറിയ ചുവന്ന കുത്തുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എന്റെ മൂക്കിൽ നിന്നും ചെറിയ രക്തത്തുള്ളികൾ വരുന്നുണ്ടായിരുന്നു. ശ്വാസം എടുക്കാൻ ബുദ്ദിമുട്ട് തോന്നി തുടങ്ങിയിരുന്നു. 

 "അവർ നമ്മളെ കണ്ടെത്തിയിരിക്കുന്നു " ഞങ്ങൾ മെല്ലെ പുറത്തേയ്ക്ക് നടന്നു. ഇന്നലെ പെയ്ത മഴയിൽ പരിസരം ആകെ ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. സൾഫൂരിക്ക് ആസിഡിന്റെ മണം മൂക്കിലേക്ക് ഇരച്ചു കയറി. ചുറ്റിലും തകർന്നടിഞ്ഞ കെട്ടിടങ്ങൾ മാത്രം. വളരെ തിരക്കേറിയ ഞങ്ങളുടെ പട്ടണം ഇപ്പോൾ വിജനമായി മാറിയിട്ട് മൂന്ന് ദിവസം ആയി. മിന്നൽ പോലെ ആയിരുന്നു അന്ന് ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടത്. അന്ന് അത് നേരിൽ കണ്ട ഒത്തിരി ആളുകളുടെ കാഴ്ചയും കേൾവിശക്തിയും നഷ്ടപ്പെട്ടു. പലരും തൽക്ഷണം മരിച്ചു വീണു. എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിനു മുന്നേ എല്ലാവരും കൊല്ലപ്പെട്ടിരുന്നു. 

ആസിഡ് മഴയും ശക്തമായ റേഡിയേഷൻ കിരണങ്ങളും ഞങ്ങളുടെ ചെറിയ പട്ടണം പെട്ടെന്ന് നാമാവശേഷമാക്കി. ഞങ്ങൾ രണ്ടുപേരും രക്ഷപ്പെട്ടെന്ന് കരുതിയെങ്കിലും ഇനി ഒരു ജീവിതം സാധ്യമല്ല എന്ന് ഉറപ്പായിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ എത്ര നാൾ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് ഉറപ്പില്ല. അവർ കണ്ടെത്തുമെന്ന് ഉറപ്പുണ്ടായിട്ടും വിശപ്പ് സഹിക്കാൻ പറ്റാതെ ആണ് ഞങ്ങൾ പുറത്തിറങ്ങിയത്. ഒരുമിച്ച് പോകാൻ ആഗ്രഹിച്ച പല സ്ഥലങ്ങളിലും യാത്ര ചെയ്തു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പുതുവത്സരം ആഘോഷിക്കാൻ സാധിച്ചു. 

 പുറത്തിറങ്ങിയപ്പോൾ അവിടെ അവർ ഞങ്ങളെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവരെ ഞങ്ങൾ ഇതുവരെ നേരിട്ട് കണ്ടിരുന്നില്ല. കഥയിൽ മാത്രം വായിച്ച ഭീമാകാരമായ ഒരു വാഹനം ഞങ്ങളുടെ വീടിന് മുന്നിൽ ഉണ്ടായിരുന്നു. ചുവന്ന നിറത്തിലുള്ള എന്തോ ഒരു ലോഹം കൊണ്ടായിരുന്നു അതിന്റെ നിർമിതി. ഏകദേശം ഒരു കൊച്ചു വീടിന്റെ വലുപ്പത്തിലുള്ള ഒരു ചുവന്ന ഗോളം. പ്രതീക്ഷിച്ച പോലെ അവർ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ല. അവൾ ദയനീയതയോടെ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ അവളുടെ കൈകൾ മെല്ലെ പിടിച്ചു. അവൾ മെല്ലെ ചിരിച്ചു. 

 അവരുടെ വാഹനത്തിൽ നിന്ന് പുറത്തുവന്ന റേഡിയേഷൻ ഞങ്ങൾക്ക് താങ്ങാൻ പറ്റുന്നതിലുമപ്പുറം ആയിരുന്നു. അവളുടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന് തുടങ്ങിയിരിന്നു എനിക്കും വേദന സഹിക്കാൻ പറ്റുന്നില്ല . പട്ടണത്തിലെ അവസാന മനുഷ്യ ജീവികളെയും കൊന്നൊടുക്കിയ സന്തോഷത്തിൽ ആ ബഹിരാകാശ വാഹനം ആകാശത്തേക്ക് ഉയർന്നു. മരിക്കുന്നതിന് മുന്നേ അവൾ വായിലെ രക്തം കടിച്ചമർത്തിക്കൊണ്ട് ഇടറിയ ശബ്ദത്തിൽ മറുപടി തന്നിരുന്നു ഇനി ഒരു ജന്മത്തിൽ കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ ഞാനും കണ്ണുകൾ അടച്ചു. 

 "ലവ് യു ടൂ "

COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ