കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by Anupalkichu.
Happy reading.
"ഏട്ടൻ.. !!!"
അജു മുന്നിലേക്ക് നോക്കിയതും അയാൾ വളരെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു..
എന്ത് ചെയ്യണം. അല്ലെങ്കിൽ എന്ത് പറയണം എന്ന് തീരുമാനം എടുക്കാൻ കൂടി പറ്റാത്ത അത്രയും അടുത്തേക്ക് അയാൾ നടന്നെത്തിയപ്പോൾ നിസ്സഹായനായി നോക്കി നിൽക്കാനേ അവനു കഴിഞ്ഞുള്ളു... അയാളുടെ ചുവന്ന കണ്ണുകളിൽ അഗ്നിയേക്കാളും ചൂടിന്റെ പക അവർ കണ്ടു.. ദേഷ്യത്താൽ ചുവന്നു തുടുത്ത മുഖത്ത് നോക്കാൻ തന്നെ ഇരുവരും ഭയന്നു.
പേടി കാരണം ഗീതു അജുവിന്റെ പിന്നിലേക്ക് മറഞ്ഞിരുന്നു. അയാൾ പിന്നെയും അടുത്തേക്ക് നടന്നു... ഇരുവരുടെയും ഹൃദയമിടിപ്പുകൾ ഉയർന്നു. അയാൾ എന്തും ചെയ്യും... ഒരേയൊരു പെങ്ങൾ അല്ലെ.. തറവാടിന് മാനക്കേട് ഉണ്ടാക്കിയെടുക്കുന്ന പണിയല്ലേ എടുത്തുവച്ചിരിക്കുന്നത്... അപ്പൊ പിന്നെ അയാൾ എന്തായാലും പറഞ്ഞു തീർത്തു മനസിലാക്കി തരാൻ വഴി ഇല്ല...
ഒന്നുകിൽ അജു... അല്ലെങ്കിൽ ഞാൻ.. രണ്ടിലൊരാളോട് ഏട്ടൻ മുഴുവൻ ദേഷ്യവും
തീർക്കും ... കൃഷ്ണാ ... അത് ഞാൻ ആയിരിക്കണേ. അജുവിനെ ഒന്നും ചെയ്യല്ലേ...
അയാൾ ആ സൈക്കിൾ തടഞ്ഞു വച്ചു...
"ഗീതൂ... നീ..."
അയാളുടെ കണ്ണുകളിൽ സങ്കടവും ദേഷ്യവും കലർന്നൊരു മുഖം മാറിയകലുന്നത് കണ്ടു... അജു വിയർത്തു തുടങ്ങിയിരുന്നു. ചിലപ്പോ ഗീതുവിനെക്കാളും പേടിച്ചത് അവനായിരിക്കും.. പ്രണയം എന്തെന്ന് അറിഞ്ഞു തുടങ്ങും മുൻപ് തന്നെ അറുത്തു മാറ്റേണ്ടി വരുന്ന അവസ്ഥയെ ഓർത്ത് അവന്റെ കുഞ്ഞു മനസ്സ് പിടഞ്ഞു കൊണ്ടേ ഇരുന്നു...
അയാൾ വന്ന് ഗീതുവിനെ സൈക്കിളിൽ നിന്നും വലിച്ചിറക്കിയ ശേഷം സൈക്കിൾ ചവിട്ടി നിലത്തിട്ടു... നോക്കി നിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ അജുവിന് പറ്റുന്നുണ്ടായിരുന്നില്ല...
ഗീതുവിന്റെ കണ്ണുകളിൽ നിസ്സഹായാവസ്ഥയാണോ വേദനയാണോ എന്നൊന്നും മനസിലാവാതെ അവൻ അവളെ തന്നെ നോക്കി നിന്നു. അയാൾ അവളെയും വലിച്ചു നടന്നകന്നു...
മുറിയിലേക്ക് തള്ളിയിട്ടു വാതിൽ വലിച്ചടച്ച്കൊണ്ട് അയാൾ പുലമ്പിത്തുടങ്ങി..
"പഠിത്തം... മതി ഇവളുടെ പഠിത്തം... ഇത്രയൊക്കെ പഠിത്തം മതി.. "
"എന്താ മുകുന്ദാ..... നിനക്കെന്ത് പറ്റി..? കുട്ടിയെ എന്തിനാ പൂട്ടി ഇടണേ.. "
അടുക്കളയിൽ നിന്നും അമ്മ ഓടി കിതച്ചു എത്തി..
"പൂട്ടി ഇട്ടാൽ പോരാ.. തല്ലിക്കൊല്ലണം ഇവളെ.. കുടുംബത്തിന് പേരുദോഷം കേൾപ്പിക്കാൻ ഇറങ്ങിയേക്കുന്നു. ഒരുക്കങ്ങൾ ഒക്കെ തുടങ്ങിക്കോ... കെട്ടിച്ചു വിടാൻ പോകുകയാണ്പു ന്നാരമോളെ.. "
അത്രയും പറഞ്ഞു കൊണ്ട് അയാൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി...
ഉള്ളിൽ കിടന്ന് ഗീതു സങ്കടങ്ങൾ കടിച്ചമർത്തി... അവൾ വാവിട്ടു കരഞ്ഞില്ല... വാതിലുകൾ തുറക്കാൻ വാശി പിടിച്ചില്ല.
മനസ്സിൽ അവൻ തന്നെ ചുറ്റി വരിഞ്ഞതിനാൽ അവൾക്ക് മറ്റൊന്നും മനസ്സിൽ വന്നതേയില്ല ...
ഓടിച്ചെന്നു അവൾ തന്റെ ഡയറിയിൽ നിന്നും പേജ് ഒരെണ്ണം കീറിയെടുത്തു...
എഴുതി തുടങ്ങുന്നു....
അടുത്ത വീട്ടിലെ നന്ദുവിനെ അയച്ച് അവൾ അജുവിനെ കാര്യം അറിയിച്ചു...
കേട്ട പാതി കേൾക്കാത്ത പാതി അജു ഓടിപ്പിടിച്ച് അവളെ കാണാൻ എത്തി... വീട്ടിൽ ഏട്ടനുണ്ടാവുമെന്നോ അമ്മയുണ്ടാവുമെന്നോ അവൻ ഭയന്നില്ല.. വീടിന്റെ പിൻവശത്തുള്ള ഗീതുവിന്റെ ജനലിനരികിൽ അവൻ നെടുവീർപ്പോടെ അവളെ നോക്കി നിന്നു..
ഗീതുവിന്റെ മുഖത്തൊക്കെ തല്ലു കിട്ടിയ പാടുണ്ട്...
"ഏട്ടൻ ഒരുപാട് തല്ലിയോ നിന്നെ? "
"സാരമില്ല.. ഏട്ടൻ അല്ലെ... അവൻ അല്ലാണ്ട് ആരാ തല്ലുവാ.. "
ഗീതു കണ്ണീർ തുടച്ചു...
"ഞാൻ കാരണം.... "
അജു ഒരു നിമിഷം കുറ്റബോധക്കാരനായി.
"ഏയ്.. ഇല്ല അജു. ഇങ്ങനൊക്കെ ഉണ്ടാവുമെന്ന് നന്നായി അറിയാമായിരുന്നു എനിക്ക്.. പക്ഷെ ഇത്ര വേഗത്തിൽ ആവുമെന്ന് വിചാരിച്ചില്ല. "
"സാരമില്ല... ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്. ഈ വരുന്ന ശനിയാഴ്ച വൈകുന്നേരം നി ഇറങ്ങി വാ. കണ്ണൂര് എനിക്കൊരു മൂത്തുമ്മ ഉണ്ട്.. അവിടേക്ക് പോവാം നമുക്ക്... "
അജു പ്രതീക്ഷയുടെ ഒരു കൊട്ടാരം അവൾക്ക് തുറന്ന് നൽകി.
"ഇതാ.. ഇത് വായിക്കണം... മറുപടി വേണ്ട. അതിലുള്ളത് ചെയ്താൽ മതി"
അവനിലേക്ക് ഒരു കത്ത് നീട്ടികൊണ്ട് ഗീതു പറഞ്ഞു..
"നിന്നെയല്ലാതെ മറ്റൊരാളുടെ കൂടെയുള്ള ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല അജു... അങ്ങനെ ഏട്ടൻ നിർബന്ധിച്ചാൽ... പിന്നെ ഗീതു ജീവിച്ചിരിക്കില്ല."
അവൾ കരയാൻ തുടങ്ങി..
"ഗീതു... നി ഇപ്പൊ അങ്ങനൊന്നും ചിന്തിക്കേണ്ട... എല്ലാം നമുക്ക് ശരിയാക്കാം.. തല്ക്കാലം 2 ദിവസം പിടിച്ചു നിൽക്ക്.. "
"ഇല്ല.... അജു... വൈകിപ്പോയിരിക്കുന്നു. "
അവൾ കരഞ്ഞുകൊണ്ട് ജനൽ വലിച്ചടച്ചു...
വഴിയരികിലെ മരച്ചുവട്ടിൽ എത്തിയ ശേഷം അവൻ ആ കത്ത് തുറന്നു...
"അജു..
നാളെ അവിടെ ഉണ്ടാവണം.
എനിക്ക് കണ്ടേ പറ്റു.."