Story by Paurnami.
Submitted to kathaweb on 28/12/2021. © All rights reserved
Happy reading
.
"മോളെ... ആരതി..എഴുന്നേൽക്ക്".
അവൾ പതുക്കെ കണ്ണുകൾ തുറന്നു.
"Good morning... "
"GOOD MORNING കമലമ്മ."
"വേഗം കുളിച്ചൊരുങ്ങി വരുട്ടോ.. രേവതി, മോളെയും കാത്ത് ഇരിക്കെയാ അവിടെ."
ധൃതിയിൽ ഇത്രയും പറഞ്ഞ് കമലമ്മ ജനലിലെ കർട്ടൻ നീക്കി. സൂര്യഭഗവാന് മുറിക്കകത്തേയ്ക്ക് കടക്കാനുള്ള അനുവാദവും നൽകി പുറത്തേക്ക് പോയി.
ആരതി പതുക്കെ ജനൽകമ്പികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി.
"സ്നേഹ സദനം"
അനാഥാലയത്തിന്റെ ബോർഡ്. തൊട്ട് താഴെ തന്റെ പനിനീർ ചെടി.
അവൾക്കും ആ പനിനീർ ചെടിക്കും ഒരേ പ്രായമാണത്രെ. അവളെ ആ അനാഥാലയത്തിന്റെ മുറ്റത്ത് കിടന്ന് കിട്ടിയതിന്റെ അന്നേ ദിവസം അവളുടെ കൈകളാൽ നട്ട ചെടിയാണത് എന്ന് കമലമ്മ തന്നോട് പലപ്പോഴായി പറയാറുണ്ട്.
'അയ്യോ... സമയം ഏറെയായി. പാവം രേവതി എന്നെയും കാത്തിരുന്ന് ക്ഷീണിച്ചിട്ടുണ്ടാവും.' ആരതി വേഗം റെഡിയായി. ഭക്ഷണം വിളമ്പുന്ന ഹാളിനെ ലക്ഷ്യമാക്കി നീങ്ങി. അതാ
രേവതി ഇരിക്കുന്നു. തൊട്ടടുത്ത സീറ്റ് എനിക്കായി കരുതിവച്ചിരിക്കുന്നു. അവൾ തന്റെ പ്രിയകൂട്ടുകാരിയുടെ അടുത്തെത്തിയപ്പോഴേക്കും അടുത്ത് ഇരുന്ന മറ്റുചില കുട്ടികൾ അവിടെനിന്നും മനഃപൂർവം മാറി പോവുന്നത് ആയി കണ്ടു. അത് അവൾക് പുതുമയുള്ള കാര്യമല്ല. എന്നാലും ഉള്ളിലെവിടേയോ വീണ്ടും വേദനയുടെ ചീള് തറച്ചപോലെ. തന്റെ രൂപം കൊണ്ടാവാം ആരും തന്നോട് മിണ്ടാൻ താൽപ്പര്യം കാണിക്കാത്തത്.
എന്തോ വിഴുങ്ങാൻ പാകത്തിൽ മുന്നിലേക്ക് ഉന്തി നിൽക്കുന്ന പല്ലുകൾ, കണ്ടാൽ തന്നെ പേടിപ്പെടുത്തുന്ന ഉണ്ടക്കണ്ണുകൾ, പിന്നെ കാക്കയുടെ നിറവും..
തന്നോട് തന്നെ അവൾക്കു അപ്പോൾ വെറുപ്പ് തോന്നി. പക്ഷെ എന്നിരുന്നാലും രേവതിക്ക് തന്നോട് സ്നേഹം ഉണ്ടല്ലോ. തന്നോടൊപ്പം കളിക്കാനും, കിട്ടുന്നതൊക്കെ പങ്കിടാനും ഒരു സഹോദരിയെപോലെ...! ആരതി വന്ന് രണ്ടുമാസം കഴിഞ്ഞാണ് രേവതി സ്നേഹസദനത്തിൽ എത്തുന്നത്. എല്ലാവരും തന്റെ മുഖം കണ്ടിട്ടും കാണാത്തഭാവത്തിൽ മുഖം ചുളുക്കി പോവാറാണ് പതിവ്.
പക്ഷെ താൻ പോലും വികൃതരൂപമെന്ന് വിശേഷിപ്പിക്കുന്ന മുഖത്ത് നോക്കി നല്ലൊരു ചിരി പാസ്സാക്കിയത് രേവതിയാണ്. അന്നുമുതലുള്ള കൂട്ടാണ്..!! അവളുടെ അമ്മക്ക് കാമുകൻ നൽകിയിട്ട് പോയ സമ്മാനമാണവൾ. വീട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകൾ കേട്ടിരിക്കവയ്യാതെ ആ അമ്മ ജീവനൊടുക്കി. അമ്മയുടെ ചില ബന്ധുക്കൾ ചേർന്നാണ് അവളെ ഇവിടെ കൊണ്ടാക്കിയത്. ഇക്കാര്യം കമലമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്, പിന്നെ അതിനെ പറ്റി ഒന്നും അവളോട് ഞാൻ ചോദിച്ചിട്ടില്ല...
അവൾ രേവതിയുടെ അടുക്കൽ ചെന്നിരുന്നു. കമലമ്മ ഭക്ഷണം വിളമ്പി തന്നു.
"രേവതി, എന്തുപറ്റി.? നിന്റെ മുഖം എന്താ വല്ലാണ്ടിരിക്കുന്നെ? തലവേദനയാണോ.? അതോ പനിയാണോ.? എന്താ നിനക്ക്... എന്തുപറ്റി...? പറ എന്നോട് പറ..."
ആരതി നിർത്താതെ അവളുടെ വിഷമത്തെ പറ്റി അനേഷിച്ചുകൊണ്ടേയിരുന്നു.
"ഏയ്യ് ഒന്നുല്ല."
തൃപ്തികരമായൊരു മറുപടി അവൾക്ക് കിട്ടിയില്ല. പക്ഷേ എന്തോ കാരണം ഉണ്ടെന്ന് അറിയാം. ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷം പനിനീർ ചെടിക്കു വെള്ളമൊഴിച്ചുകൊണ്ടിരിക്കുമ്പോഴും അവളോട് ചോദിച്ചു. അവൾ മറുപടി നൽകിയില്ല. തനിക്ക് പരിചയമുള്ള രേവതി ഇങ്ങനെയല്ലല്ലോ. താൻ പിണങ്ങി മാറിയിരുന്നാലും അടുത്ത് വന്ന് ഓരോ തമാശകൾ പറഞ്ഞു കളിക്കാൻ കൂട്ടികൊണ്ട് പോകുന്നവളായിരുന്നു..!
"രേവതി ഇങ്ങുവാ..."
പെട്ടെന്ന് കമലമ്മ അവളെ അകത്തയ്ക്ക് വിളിച്ചു. കമലമ്മ എന്തിനാവും അവളെ വിളിച്ചത്.? പിന്നെ ആരതിയ്ക്ക് ഇരുപ്പുറച്ചതേയില്ല...
കുറച്ചു കഴിഞ്ഞപ്പോ അവൾ ഇതാ കരഞ്ഞുകൊണ്ട് ഇറങ്ങി വരുന്നു.
ഓടിവന്ന് അവൾ തന്നെ കെട്ടിപിടിച്ചു കരയുന്നു. എന്തെന്ന് തിരക്കിയപ്പോ അവൾ ഇങ്ങനെ മറുപടി നൽകി.
"എന്നെ കൂട്ടികൊണ്ട് പോകാനായി ആരൊക്കയോ വന്നിരിക്കുന്നു.."
പെട്ടെന്ന് ആരതിയ്ക്ക് തലകറങ്ങുന്നതുപോലെ തോന്നി.
"എന്താ നീ പറയുന്നെ.? "
അതെ ആരതി..എന്നെ കൊണ്ട് പോകാനായി ഒരു അച്ഛനും അമ്മയും എത്തിയിരിക്കുന്നു. രാവിലെ മുതലേ ഇത് എങ്ങനെ നിന്നോട് പറയുമെന്ന ആലോചനയിലായിരുന്നു ഞാൻ.
അപ്പോഴേക്കും അവളുടെ പുതിയ അച്ഛനും അമ്മയും മുറ്റത്തേക്കിറങ്ങി. അവരിരുവരും എന്നെയൊന്നു നോക്കി. പിന്നാലെ കമലമ്മയും ഇറങ്ങി വന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തരിച്ചു നിന്നുപോയി. ഞാൻ ജീവനായി സ്നേഹിച്ചവൾ ഇന്നിതാ എന്നെ വിട്ട് പോകുന്നു.
കാൽ കിഴിലെ മണ്ണ് എങ്ങോട്ടൊക്കോ ഒഴിഞ്ഞുമാറുന്നത് പോലൊരു തോന്നൽ. അവളുടെ പടിയിറക്കം എന്നെ തന്നെ നഷ്ടമാകുന്നത് പോലെ. എന്നിരുന്നാലും വേദനയുള്ളിൽ ഒതുക്കി അവൾക്കായി ചിരിക്കാൻ ശ്രമിച്ചു. അപ്പോഴും രേവതിയുടെ കണ്ണുനീർ വറ്റിയിരുന്നില്ല.
അവൾക്കായി ഞാൻ എന്താ നൽകാ.. ആരതി ഒരുനിമിഷം ചിന്തിച്ചു.
എന്റെ കുപ്പിവളകളായാലോ..? അതോ..മഞ്ഞ പുള്ളികളുള്ള ഉടുപ്പായാലോ...?
ശോ..! എന്താണവൾക്ക് കൊടുക്കാ..
പെട്ടെന്ന് എവിടെനിന്നോ ഒരു ഇളംകാറ്റ് എന്നെ തലോടി. ആ കാറ്റിന് പനിനീരിന്റെ സുഗന്ധമായിരുന്നു. എന്തുകൊണ്ട് എന്റെ പനിനീർ ചെടി കൊടുത്തുകൂട... അത് ഞാൻ തന്നെയല്ലേ...
അവൾ തന്റെ പനിനീർ ചെടി രേവതിയുടെ കൈകളിലേക്ക്
നൽകി.
ഇമകൾ വെട്ടാതെ ഒരുനിമിഷം അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി.
എന്നിട്ട് രേവതി അവളെ കെട്ടിപ്പുണർന്ന് ഒരു മധുരചുംബനം നൽകി. അവളുടെ കണ്ണുനീരിന്റെ ചൂട് എനിക്ക് അപ്പോഴാണ് തിരിച്ചറിയാൻ കഴിഞ്ഞത്. അവൾ അവർക്കൊപ്പം കാറിൽ കയറി.. കാർ മെല്ലെ നീങ്ങി തുടങ്ങി. കൈകൾ വീശി അവളും..
കാർ സ്നേഹ സദനത്തിന്റെ കവാടം കഴിഞ്ഞ് പാതയോരത്തേക്ക് നീങ്ങി മറഞ്ഞു.
വീണ്ടും ഒരു ഇളംകാറ്റ് വീശി. അതിന് പനിനീരിന്റെ സുഗന്ധമുണ്ടായിരുന്നില്ല..
(അവസാനിച്ചു)