Story by Anupalkichu.
Submitted to kathaweb on 25/12/2021. © All rights reserved
Happy reading
ക്ലാസ്സ് കഴിഞ്ഞ് വരും നേരം ഇന്നലെ കണ്ട ആ കുട്ടിയെ വീണ്ടും കണ്ടു... എന്തോ.. അവളുടെ കണ്ണുകൾക്ക് പ്രത്യേക ഭംഗി തോന്നിപ്പോവുന്നു...
പേരോ വീടോ നാടോ ഒന്നും അറിയില്ല... പക്ഷെ ഒന്നറിയാം...
ഈ അജുവിന്റെ മനസ്സിൽ ഒരു പെൺകുട്ടി കയറിയിട്ടുണ്ടെങ്കിൽ അവളെ ഞാൻ അത്രയും
സ്നേഹിക്കുന്നുണ്ടെന്ന്....!! തിരിഞ്ഞുനോട്ടം പതിവായപ്പോൾ അവൻ മെല്ലെ മനസ്സിൽ ഉറപ്പിച്ചു.. അവൾക്കും ഇഷ്ടമായിട്ടുണ്ടാവണം.പലപ്പോഴും ഒരു നേർത്ത പുഞ്ചിരി അവളിൽ എവിടെയൊക്കെയോ മിന്നി മായുന്നത് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.
.
"ഇന്ന് രണ്ടിൽ ഒന്ന് അറിയണം... "
"എന്നാലും.. നായര് കുട്ടിയായ ഞാൻ ... അതും ... ഇസ്ലാംമതക്കാരനായ അജുവിനെ..... വേണ്ട അജു... ശരിയാവില്ല."
"അതിനിപ്പോ ന്താ, സൂഫി സുജാതയെ പ്രണയിച്ചിട്ടില്ലേ...
മൊയ്ദീൻ കാഞ്ചനയെ പ്രണയിച്ചിട്ടില്ലേ... റസൂൽ അന്നയെയും, വിനോദ് ആയിഷയെയും പ്രണയിച്ചിട്ടില്ലേ..."
"കൊറേ സിനിമകളും കൊണ്ട് ഇറങ്ങിയേക്കുവാണല്ലേ" അവൾ ചിരിച്ചു...
"തമാശയല്ല ഗീതു. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം ആണ്... നാളെ കൂടി സമയം തരാം... ആലോചിച് ഒരു തീരുമാനം പറ..വൈകുന്നേരം ക്ലാസ്സ് വിടുന്ന സമയം ഞാൻ ഇവിടെ തന്നെ ഉണ്ടാവും.."
"ആരും സമ്മതിച്ചില്ലെങ്കിലോ...?"
"സമ്മതിക്കും ... നമുക്ക് സമ്മതിപ്പിക്കാമെന്നേ... പടച്ചോൻ മ്മളെ കൈ വിടുല... നീ ബേജാർ ആവണ്ട "
അജു ഒന്നുകൂടെ അവളുടെ കൈകളിൽ മുറുകെ പിടിച്ചു...
"ഏട്ടൻ എങ്ങാനും അറിഞ്ഞാൽ എന്റെ കഥ കഴിഞ്ഞത് തന്നെ...ഓർക്കുമ്പോ തന്നെ പേടിയാവുന്നു... "
ഗീതു ഒരു നെടുവീർപ്പോടെ പൂർത്തിയാക്കി.
"ഏട്ടനും അമ്മയും മാമന്മാരും ഒക്കെ സമ്മതിക്കുന്നൊരു സമയം വരും... അന്ന് ഈ മേഘങ്ങൾ നമുക്കായി മഴപെയ്യിക്കും .. അന്ന് ഈ മരങ്ങൾ നമുക്കായി ഇലകൾ പൊഴിക്കും. അന്ന് ഈ പുഴകൾ നമുക്കായി കുത്തിയൊഴുകും... അങ്ങനെയങ്ങനെ നമ്മുടെ ഒന്നുചേരലിൽ ഈ ഭൂമി
നമ്മുടെ കൂടെ നിൽക്കും..."
"അജു.. 5 മണിയായി. ഞാൻ പോവാ ട്ടോ "
"നാളെ വരൂലേ...? "
"വേണ്ട അജു.. എന്നും ഈ ഒത്തുകൂടൽ വേണ്ട...ആരേലും കണ്ടാൽ.. അറിഞ്ഞാൽ... വേണ്ട... നമുക്ക് വല്ലപ്പോഴും മിണ്ടാം.. "
"ഇങ്ങനെ പേടിച്ചാലോ എന്റെ ഗീതു. എനിക്കിനിയും ഒത്തിരി സംസാരിക്കാൻ ഉണ്ടെടോ.. "
"അതൊക്കെ പിന്നീടാവാം... ഇപ്പൊ ഞാൻ പോവട്ടെ... സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു കള്ളം എപ്പോഴാണാവോ വീട്ടിൽ പിടിക്ക്യ...ന്നാ ഞാൻ പോവാണ്.."
"ശെരി എന്നാൽ... "
പുസ്തകങ്ങൾ സൈക്കിളിന്റെ ബാസ്കറ്റിൽ ഇട്ട് ഗീതു വേഗത്തിൽ ചവിട്ടാൻ ഒരുങ്ങി...
"ഗീതു .... "
പോവേണ്ട ധ്യതിയോടെ അവൾ തിരിഞ്ഞു നോക്കി.
"എന്താ അജു... ?"
"ഒന്നുല്ല. ഈ തിരിഞ്ഞുനോട്ടം കാണാൻ വിളിച്ചതാ "
ഒന്ന് ചിരിച്ചശേഷം അവൾ ദൂരേക്ക് മായുന്ന വരെ അവൻ നോക്കി നിന്നു. നല്ലൊരു നാളെയുടെ പ്രണയത്തിനായി കാത്തിരിപ്പ്..
"ആ മലനിരകൾ കാണുന്നുണ്ടോ നീ. അവിടെ നമുക്കൊരു വീട് വെക്കണം. അവിടെയാവുമ്പോ ആരും നമ്മളെ തിരക്കി വരില്ല... വാപ്പയുടെയും ഇക്കാക്കമാരുടെയും കണ്ണുകൾ എത്താത്ത നിന്റെ ഏട്ടന്മാരുടെയും മാമന്മാരുടെയും ചെവികൾ എത്താത്ത അത്രയും ദൂരത്തേക്ക് നമുക്ക് പോവാം... "
ദുരേക്ക് അജു വിരൽ ചൂണ്ടി. ഗീതു അജുവിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. ഒരു 20 വയസുകാരന്റെ പക്വത അല്ലായിരുന്നു അവനിൽ അവൾ കണ്ടത്...
എന്നെ പൊന്നുപോലെ നോക്കുമെന്നതിനു യാതൊരു സംശയവും ഇല്ല...
"അജു... എന്നെ ..... എന്നെ അവസാനം ചതിക്കുവോ നീ...? " ഗീതുവിന്റെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞിരുന്നു...
"തുടങ്ങി.. ഇതാ എനിക്ക് ദേഷ്യം വരണേ ട്ടോ ഗീതുവേ... അങ്ങനെ ചതിക്കാൻ ആയിരുന്നേൽ നിന്റെ പുറകെ നടക്കണമായിരുന്നോ നിന്റെ തിരിഞ്ഞുനോട്ടങ്ങൾക്ക് കാത്തു നിൽക്കണമായിരുന്നോ...?"
സൈക്കിൾ ബ്രേക്ക് ഇട്ടിട്ട് അജു ചോദിച്ചു.
"എന്നാലും... എനിക്കൊരു... ഒരു പേടി... . ഇങ്ങനെ വിജയിച്ചൊരു പ്രണയം ഇല്ല അജു... ഇങ്ങനൊരു പ്രണയം ഇന്നേ വരെ വിജയിച്ചിട്ടില്ല... "
"അത് നമ്മൾ മാറ്റിയെഴുതും.. നമ്മുടെ പ്രണയം ചരിത്രമാകും. നി കണ്ടോ..."
അജു അവൾക് കൂടുതൽ ആത്മവിശ്വാസം നൽകി...
"അജു..."
"എന്താ ഗീതു? "