Last supper | Malayalam audio story |


Authors

"Please use headset for better experience"

Story by Gibin

Copyright © kathaweb. Enjoy listening



ടീച്ചർ കാര്യമായി എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ട്.. ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികളും പാതിമയക്കത്തിലാണ്.. എനിക്കാണെങ്കിൽ വിശന്നിട്ട് കണ്ണ് കാണുന്നില്ല.. വയറിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഒരു മണിക്കൂർ കൂടി എങ്ങനെയെങ്കിലും പിടിച്ചിരിക്കണം. അത് കഴിഞ്ഞാൽ വീട്ടിൽ പോകാം.. ബോറടി മാറ്റാൻ ആകെ ഉള്ള വഴി ജനലിലൂടെ പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കുക എന്നത് മാത്രമാണ്.. കാഴ്ചകൾ എന്ന് പറയുമ്പോ കുറേ മരങ്ങൾ, പക്ഷികൾ, കാറ്റ് വീശുമ്പോൾ കൊഴിഞ്ഞു വീഴുന്ന ഇലകൾ, ഇതൊക്കെയാണ്..എന്നും കാണുന്നത് തന്നെ..എങ്കിലും വേറെ വഴി ഒന്നും ഇല്ലാത്തത്കൊണ്ട് ഞാൻ പതിവ് കാഴ്ചകളിലേക്ക് തന്നെ കണ്ണ് നട്ടിരുന്നു.. 

അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്.. മരങ്ങൾക്കിടയിൽ രണ്ടുപേർ ചുംബിച്ചുകൊണ്ട് നിൽക്കുന്നു. ഞാൻ സൂക്ഷിച്ചു നോക്കി. സീനിയേഴ്സായ ആൽബർട്ടും എലിസബത്തും ആയിരുന്നു അത്. രണ്ടാളും പരിസരം മറന്ന് പ്രണയിക്കുകയാണ്. ദിവസങ്ങൾ പട്ടിണി കിടന്നിട്ട് ഭക്ഷണം കഴിക്കുന്ന ഒരാളെ പോലെ ആയിരിന്നു അവൻ. അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഓടി നടന്നു. കൊതിയോടെ അവളുടെ ചുണ്ടുകൾ അവൻ നുകരുന്നത് ഞാൻ നോക്കി ഇരുന്നു. ഉറപ്പായും അവളുടെ ചുണ്ടുകൾ മുറിഞ്ഞിട്ടുണ്ടാകണം, അതിൽ നിന്ന് രക്തം പൊടിഞ്ഞു കാണണം, ആ രക്തത്തിന് മധുരമായിരിക്കണം.. അവളുടെ ചുണ്ടുകൾ അവൻ കടിച്ചു. തിന്നുമോ എന്ന് പോലും എനിക്ക് തോന്നിപ്പോയി.. പ്രണയം മനുഷ്യനെ നരഭോജികൾ ആക്കുമോ? അതും ഒരുതരം വിശപ്പ് ആണല്ലോ. അവരുടെ വിശപ്പിനെക്കുറിച്ചുള്ള ചിന്തകൾ അവസാനം എന്റെ വിശപ്പിനെ കുറിച്ച് എന്നെ ഓർമപ്പെടുത്തി. തിരിച്ചു ചെല്ലുമ്പോൾ കഴിക്കാൻ എന്തെങ്കിലും കിട്ടുമോ? ഇന്ന് ഭക്ഷണം കൊണ്ടുചെല്ലേണ്ടത് ഞാനാണ്.. ദൈവമേ, ഭക്ഷണത്തിനുള്ള വഴി നീ തന്നെ കാണിച്ചു തരണേ.. ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ഭീമൻ ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് ക്ലാസ്സ് കഴിയാൻ പത്ത് മിനുറ്റ് കൂടെ ഉള്ള എന്ന് മനസിലായത്.. പ്രണയിക്കുമ്പോഴും പ്രണയിക്കുന്നവരെ നോക്കി ഇരിക്കുമ്പോഴും സമയം വളരെ വേഗത്തിൽ കടന്നുപോകും എന്ന് തോന്നുന്നു.. 

ഞാൻ പതിയെ എന്റെ സാധനങ്ങൾ എല്ലാം ബാഗിൽ എടുത്ത് വെക്കാൻ തുടങ്ങി.. 

"നാളെയാണ് പ്രൊജക്റ്റ് റിപ്പോർട്ട് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം..എല്ലാരും അക്കാര്യം മറന്നിട്ടുണ്ടാവും എന്നറിയാം.. നാളെ സബ്മിറ്റ് ചെയ്യാത്തവർക്ക് പണിഷ്മെന്റ് ഉണ്ടായിരിക്കും. എല്ലാരുടെയും ടീം ഒക്കെ ഓർക്കുന്നുണ്ടല്ലോ ? " 

 ഇത്രയും പറഞ്ഞ് ടീച്ചർ ക്ലാസ്സിൽ നിന്ന് പോയി. പെട്ടെന്ന് തന്നെ ക്ലാസ്സിലെ കുട്ടികൾ ചെറിയ ഗ്രൂപ്പുകളായി ഡിസ്കഷൻസ് തുടങ്ങി. ജോണും ടോമും ആണ് എന്റെ ടീം മേറ്റ്സ്. എന്റെ കണ്ണുകൾ അവരെ തേടി അലഞ്ഞു. ക്ലാസ്സിന്റെ ഒരു മൂലയ്ക്ക് നിന്ന് കൊണ്ട് കാര്യമായി എന്തോ സംസാരത്തിലാണ് കക്ഷികൾ. പതിയെ ബാഗ് എടുത്ത് ഞാൻ അവരുടെ അടുത്തേക്ക് നടന്നു. രണ്ടാളും കോളേജ് ഫുട്ബോൾ ടീമിൽ ഉള്ളവരാണ്. ഒരുമിച്ചുള്ളപ്പോഴെല്ലാം ഫുട്ബാളിനെക്കുറിച്ചായിരിക്കും അവരുടെ സംസാരം. ഇപ്പോഴും അതിനു മാറ്റം ഇല്ല എന്ന് അടുത്തെത്തിയപ്പോൾ എനിക്ക് മനസിലായി. അവരുടെ ശ്രദ്ധ ആകർഷിക്കാനായി ഞാൻ രണ്ട് വട്ടം ചുമച്ചു. ശബ്ദം കേട്ട് അവർ എന്നെ നോക്കി.. 

"നിനക്കെന്താ വേണ്ടത് ? ശല്യപെടുത്താതെ ഒന്ന് പോയിതരാമോ.." 

ജോൺ എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.. "നമ്മൾ ഒരു ടീമാണ്.. നാളെ പ്രൊജക്റ്റ് റിപ്പോർട്ട് സബ്മിറ്റ് ചെയ്യണ്ടേ? ഞാൻ കരുതി നിങ്ങൾ അതിന്റെ ഡിസ്കഷൻ ആയിരിക്കുമെന്ന്.." 

മുഖത്തേക്ക് വീണു കിടന്ന മുടികൾക്കിടയിലൂടെ അവരെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു. 

" ആ ബെസ്റ്റ്..നിന്നെപോലൊരു മന്ദബുദ്ധിയുടെ കൂടെ പ്രൊജക്റ്റ് ചെയ്യാൻ ഞങ്ങളെ കിട്ടില്ല.. വെറുതെ നിന്ന് സമയം കളയാതെ വീട്ടിൽ പോവാൻ നോക്ക് പെണ്ണെ.." 

ജോൺ വീണ്ടും എന്നെ പുച്ഛത്തോടെ നോക്കികൊണ്ട് പറഞ്ഞു. 

"അയ്യോ..അങ്ങനെ പറയല്ലേ.. പ്ലീസ്.. റിപ്പോർട്ട് നാളെ സബ്മിറ്റ് ചെയ്തില്ലെങ്കിൽ ടീച്ചർ ഇന്റെർണൽ മാർക്ക് കുറയ്ക്കും. നിങ്ങൾ എന്റെ വീട്ടിലേക്ക് വരുവാണെങ്കിൽ നമുക്ക് അവിടെ വെച്ച് പ്രൊജക്റ്റ് ചെയ്യാം. എനിക്ക് വൈകി വീട്ടിൽ ചെല്ലാൻ പറ്റില്ല..പ്ലീസ്.. " 

"ഇനി ഇതിന്റെ പേരിൽ കരയാൻ നിക്കണ്ട..ഞങ്ങൾ വരാം." 

 ടോം പറഞ്ഞത് കേട്ട് എനിക്ക് സന്തോഷമായി. "നിന്നെ പോലൊരു വിചിത്രജീവിയുടെ കൂടെ ഞങ്ങളെ ആരേലും കണ്ടാൽ ഞങ്ങൾക്കാണ് നാണക്കേട്.. അത്കൊണ്ട് നീ മുൻപിൽ നടന്നോ.. ഞങ്ങൾ പിറകെ വന്നോളാം"

 ജോൺ പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യം വന്നെങ്കിലും അവർ കൂടെ വരേണ്ടത് എന്റെ ആവശ്യം ആയത്കൊണ്ട് വീടെത്തുന്നതുവരെ എതിർത്തൊന്നും പറയേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ക്ലാസ്സിൽ നിന്ന് ഇറങ്ങി കോളേജിന്റെ പുറകിലുള്ള വഴിയിൽ അവരെ ഞാൻ കാത്തു നിന്നു. അല്പം കഴിഞ്ഞപ്പോൾ അവർ എത്തി. ഞാൻ മുന്നിലായും അവർ പിന്നിലായും ഞങ്ങൾ വീട്ടിലേക്ക് നടന്നു. നടക്കുംതോറും വിശപ്പിന്റെ കാഠിന്യം കൂടിവന്നു. വീടെത്തുന്നതിനുമുൻപ് തളർന്നു വീഴുമോ എന്നുപോലും ഞാൻ ഭയപ്പെട്ടു. പ്രധാന വഴിയിൽ നിന്നും എന്റെ വീട്ടിലേക്ക് പോകാനുള്ള ചുറ്റും മരങ്ങൾ തിങ്ങി നിറഞ്ഞ വിജനമായ വഴിയിലേക്ക് നടന്നെത്തിയപ്പോഴേക്കും അവർ രണ്ടുപേരും എന്റെ ഒപ്പം എത്തിയിരുന്നു. 

മുന്നോട്ട് നീങ്ങുംതോറും ജോൺ എന്നോട് കൂടുതൽ ചേർന്ന് നടക്കുന്നതായി എനിക്ക് തോന്നി. അവൻ പതിയെ എന്റെ തോളിൽ കൈ ഇട്ട് നടക്കാൻ തുടങ്ങി. ഓരോ ചുവട് വെയ്ക്കുംതോറും അവന്റെ കൈ എന്റെ മാറിലേക്ക് അടുത്തുകൊണ്ടിരുന്നു. ഞാൻ അവനെ തട്ടിമാറ്റികൊണ്ട് വേഗത്തിൽ മുന്നോട്ട് നടന്നു.. 

"നിനക്ക് ഞങ്ങളെ പേടിയുണ്ടോ ? " പൊട്ടിച്ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു. 

"എന്തിന്?ഞാൻ എന്തിനു നിങ്ങളെ പേടിക്കണം..ഞാൻ നിങ്ങളുടെ കൂടെ അല്ല, നിങ്ങൾ എന്റെ കൂടെ അല്ലെ വന്നിരിക്കുന്നത്..നിങ്ങൾക്ക് പേടിയുണ്ടോ?"

  നടത്തം നിർത്തികൊണ്ട് അവരുടെ നേരെ തിരിഞ്ഞ് അവരെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. 

"പേടിയോ,ഞങ്ങൾക്കോ..ഇവിടെ ഇപ്പോൾ പേടിക്കാൻ എന്തിരിക്കുന്നു?" 

"ഏയ് ഒന്നുമില്ല..ഞാൻ ചോദിച്ചെന്നെ ഉള്ളു.." 

"ഇനി എത്ര ദൂരം ഉണ്ട് നിന്റെ വീട്ടിലേക്ക്..നടപ്പ് തുടങ്ങിയിട്ട് കുറേ ആയല്ലോ..ഇത്ര ദൂരം ഉണ്ടെന്ന് അറിഞ്ഞിരുന്നേൽ ബൈക്ക് എടുക്കാമായിരുന്നു."  

" ഇനി കുറച്ചുകൂടി നടന്നാൽ മതി..നിങ്ങൾ ആദ്യമായിട്ട് വീട്ടിൽ വരുന്നതല്ലേ..എന്തായാലും അത്താഴം ഒക്കെ കഴിച്ചിട്ട് തിരിച്ചു പോയാൽ മതി. ലേറ്റ് ആയാൽ ഡാഡിയോട് നിങ്ങളെ കൊണ്ടുവിടാൻ പറയാം " 

" അങ്ങ് ദൂരെ കാണുന്നതാണോ നിന്റെ വീട്?"  മരങ്ങൾക്കിടയിലൂടെ ദൂരെയായി കണ്ട വീടിനു നേരെ കൈ ചൂണ്ടികൊണ്ട് ടോം ചോദിച്ചു. 

"അതെ..അതാണ് എന്റെ വീട്..നമുക്ക് വേഗം നടക്കാം.." അൽപനേരം കൊണ്ട് ഞങ്ങൾ വീടിന്റെ അടുത്ത് എത്തി..ചുറ്റിനും വലിയ മതിൽ കെട്ടിയ,തടികൊണ്ടുണ്ടാക്കിയ പഴയൊരു വീടാണ് എന്റേത്.. 

" ഇവിടെയാണോ നീ താമസിക്കുന്നത്...കാടിനുള്ളിൽ ഇങ്ങനൊരു വീട്ടിൽ മനുഷ്യന്മാർ ആരേലും താമസിക്കുമോ? വെറുതെ അല്ല നിന്നെ എല്ലാരും വിചിത്ര ജീവിയെന്നു വിളിക്കുന്നത് "  പൊട്ടിച്ചിരിച്ചുകൊണ്ട് ജോൺ പറഞ്ഞു.. 

"മനുഷ്യരുടെ കാര്യം എനിക്കറിയില്ല..ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നത്."  പോക്കറ്റിൽ നിന്ന് താക്കോൽ എടുത്ത് ഗേറ്റ് തുറക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.. "നീ തമാശ ഒക്കെ പറയുമല്ലേ..കൊള്ളാം.." 

ഞാൻ അവരെ വീടിനകത്തേക്ക് ക്ഷണിച്ചു..ഞങ്ങൾ സ്റ്റെപ് കയറി വാതിൽക്കൽ എത്തിയപോഴേക്കും വാതിൽ തുറന്ന് എന്റെ ചേട്ടൻ ആൽബർട്ട് പുറത്തേക്ക് വന്നു..അതിഥികളെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി.. 

"അകത്തേക്ക് വരൂ..മമ്മ അത്താഴം ഉണ്ടാക്കുന്നുണ്ട്..നിങ്ങൾ കഴിച്ചിട്ടേ പോകാവൂ" 

അവൻ അവരെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി. ഞാൻ വാതിൽ അകത്തുനിന്നും പൂട്ടിയതിനു ശേഷം എന്റെ മുറിയിലേക്ക് നടന്നു..ആൽബർട്ട് മുറിയുടെ പുറത്ത് ഒരു കാവൽക്കാരനെപോലെ നിൽക്കുന്നുണ്ടായിരുന്നു. 

"നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ആ എലിസബത്തും ആയിട്ടുള്ള ബന്ധം വേണ്ട എന്ന്. അവളുടെ അപ്പൻ സർക്കിൾ ഇൻസ്പെക്ടർ ആണെന്നുള്ള കാര്യം നീ മറക്കണ്ട..നിങ്ങളുടെ ഇന്നത്തെ കലാപരിപാടികൾ ഞാൻ കാണുന്നുണ്ടായിരുന്നു."  

"ഓ..അത് നീ കണ്ടിരുന്നോ..?..ഇന്നെനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല..എത്ര ദിവസമെന്ന് വെച്ചാണ് പിടിച്ചുനിൽക്കുന്നത്..അവളുടെ ചുണ്ടുകൾക്ക് എന്ത് മധുരമാണെന്നോ...അതിലും മധുരമാണ് അവളുടെ ചുണ്ടിൽനിന്നും പൊടിയുന്ന രക്ത തുള്ളികൾക്ക്.." 

 അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ പ്രണയത്തിന്റെയും വിശപ്പിന്റെയും തീവ്രമായൊരു ഭാവം ഞാൻ കണ്ടു.. "സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം..അല്ല എല്ലാർക്കും കൊള്ളാം..അത് നീ മറക്കണ്ട.." അതും പറഞ്ഞു ഞാൻ മുറിയിലേക്ക് പോയി.. ടോമും ജോണും എന്നെ കാത്തിരിക്കുകയായിരുന്നു..ഒട്ടും സമയം കളയാതെ തന്നെ ഞങ്ങൾ പ്രൊജക്റ്റ് വർക്ക് ചെയ്യാൻ തുടങ്ങി..അത് ഏകദേശം കഴിയാറായപ്പോഴേക്കും ആൽബർട്ട് വന്നു. 

"അത്താഴം റെഡി ആയിട്ടുണ്ട്..വരൂ..കുഴിച്ചിട്ടാകാം ബാക്കി വർക്ക്."

 ആൽബർട്ട് എല്ലാവരെയും അത്താഴം കഴിക്കാൻ ക്ഷണിച്ചു. ടോമും ജോണും ആൽബർട്ടിനൊപ്പം ഡൈനിങ് റൂമിലേക്ക് പോയി..ഞാൻ അവരെ അനുഗമിച്ചു..അവിടെ ഡാഡി ഞങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു..ഡാഡി അവർക്ക് കസേര നീക്കി ഇട്ടു കൊടുത്തു..ആൽബർട്ട് അവർക്ക് അത്താഴം കഴിക്കാനുള്ള പാത്രങ്ങൾ നിരത്തി വെച്ചു.. 

"നിങ്ങൾ കഴിക്കുന്നില്ലേ? ഇത് രണ്ടാൾക്കുള്ള പ്ലേറ്റ് ഉള്ളല്ലോ?" 

ടോം ചോദിച്ചു. " നിങ്ങളല്ലേ അതിഥികൾ..നിങ്ങൾ ആദ്യം കഴിക്ക്..ഞങ്ങൾക്കുള്ള ഡിന്നർ തയാറാകുന്നതേ ഉള്ളു.."  

 ഡാഡി അത് പറഞ്ഞു കഴിഞ്ഞതും വാതിലിനു പിന്നിൽ വച്ചിരുന്ന ഇരുമ്പ് കമ്പി എടുത്ത്  ജോണിന്റെ തലയിൽ അടിച്ചു..ആദ്യത്തെ അടിയിൽ തന്നെ അവൻ താഴെ വീണു..അവന്റെ തലയിൽ നിന്ന് ചോര നിർത്താതെ ഒഴുകി..അത് തറയിലാകെ പടർന്നു.. അവൻ എന്നെ കളിയാക്കിയതും എന്നോട് ചെയ്തതുമെല്ലാം എന്റെ മനസിലേക്ക് കടന്നുവന്നു..ദേഷ്യത്തോടെ ഞാൻ അവനെ വീണ്ടും വീണ്ടും അടിച്ചു..അവന്റെ അലർച്ച ഞാൻ ആസ്വദിച്ചു..എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പേടിച്ചു നിൽക്കുന്ന ടോമിനെ ആൽബർട്ട് കൈകാര്യം ചെയ്തു. വൈകാതെ തന്നെ അവനും നിലത്തുവീണു..പൈപ്പ് തുറന്നു വിട്ടതുപോലെ അവന്റെ കഴുത്തിൽനിന്ന് ചോര ചീറ്റുന്നുണ്ടായിരുന്നു..ആൽബർട്ടിന്റെ മുഖമാകെ രക്തത്താൽ നിറഞ്ഞു..എന്റെ കയ്യിലും കഴുത്തിലും രക്തത്തുള്ളികൾ ഇറ്റ് വീഴുന്നുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു: 'ഡിന്നർ ഈസ് റെഡി'  ഉടനെ തന്നെ മൂർച്ചയുള്ള കത്തികളുമെടുത്ത് മമ്മ അടുക്കളയിൽ നിന്നും വന്നു.. 

"എങ്കിൽ നമുക്ക് തുടങ്ങാം..എത്ര ദിവസമായി നമ്മൾ വല്ലതും കഴിച്ചിട്ട്. ഇത് എല്ലാവർക്കും തികഞ്ഞാൽ മതിയായിരുന്നു." വയറിൽ കൈവെച്ചുകൊണ്ട് അമ്മ പറഞ്ഞു..താഴെ കിടക്കുന്ന രണ്ടു ശവശരീരങ്ങളെ നോക്കി ഞാൻ നെടുവീർപ്പിട്ടു.. 'സോറി ടോം..നീ ഒരു പാവമാണ്..പക്ഷെ എനിക്ക് വലുത് എന്റെ വിശപ്പാണ്..' മനസ്സിൽ ടോമിനോട് സോറി പറഞ്ഞുകൊണ്ട് ഞാനും അവരോടൊപ്പം തറയിൽ കിടന്നു..

തറയിലാകെ പടർന്നിരുന്ന ചുടുചോര എന്റെ ശരീരത്തെ നനച്ചു..ആ ഗന്ധം എന്നെ മത്തുപിടിപ്പിച്ചു..ഒട്ടും താമസിക്കാതെ തന്നെ മറ്റുള്ളവരും തറയിൽ കിടന്നു. വെള്ളത്തിൽ കളിക്കുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെ ആൽബർട്ട് ആ ചൂടു ചോരയിൽ കിടന്ന് ഉരുണ്ടു..അവന്റെ വെള്ള ഷർട്ട് ചുവന്നു തുടുക്കാൻ അധികം നേരം എടുത്തില്ല..ആ ശരീരങ്ങളിലേക്ക് ഞങ്ങളുടെ കൈകൾ പാഞ്ഞു.. ഞാൻ തല്ലി പൊട്ടിച്ച ജോണിന്റെ തലയ്ക്കുള്ളിലേക്ക് കൈകൾ ഇട്ടുകൊണ്ട് ആർത്തിയോടെ ഞാൻ അവന്റെ തലച്ചോർ വാരിതിന്നു..പച്ച മാംസം വലിച്ചു കീറുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു..അവന്റെ കഴുത്തിൽ നിന്നൊരു ഭാഗം ഡാഡി കടിച്ചെടുത്തു..ഡാഡിയുടെ പല്ലിൽ നിന്ന് ഒലിച്ചിറങ്ങിയ ചോരത്തുള്ളികൾ മമ്മ നാക്കുകൊണ്ട് നക്കിയെടുത്തു..പിന്നെ മമ്മ ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടറുടെ വൈദഗ്ധ്യത്തോടെ ഒരു കത്തിയെടുത്ത് ജോണിന്റെ ശരീരം കീറിമുറിച്ചു. എന്നിട്ട് അവന്റെ ഹൃദയം കയ്യിലെടുത്തു...കൊതിയോടെ അതെടുത്തു തന്റെ വായിലേക്ക് വെച്ചു..അല്ലെങ്കിലും മമ്മയ്ക്ക് ഹൃദയത്തോടാണ് കൂടുതൽ താൽപര്യം. ആൽബർട്ട് ആകട്ടെ കയ്യിൽ കിട്ടിയതെല്ലാം വായിൽ കുത്തികേറ്റുന്നുണ്ടായിരുന്നു..ഡാഡി ആ ശരീരത്തിൽ നിന്ന് കരൾ എടുത്ത് കൈകൊണ്ട് ഞെക്കി പിഴിഞ്ഞ് മമ്മയുടെ വായിലേക്ക് ഇറ്റിച്ചു കൊടുത്തു..അവരുടെ ചുവന്ന പ്രണയം പ്രകടിപ്പിക്കുന്ന ഓരോ രീതികൾ..

മമ്മയുടെ മുഖം രക്തത്താൽ നിറഞ്ഞിരുന്നു..അവരെ നോക്കി സമയം കളയാതെ ഞാൻ ജോണിന്റെ കണ്ണുകൾ ചൂഴ്നെടുത്തു ചവച്ചരച്ചു തിന്നു..അവനൊരു കണ്ണിൽച്ചോര ഇല്ലാത്തവനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ടെങ്കിലും അവന്റെ കണ്ണുകൾക്കും അതിൽനിന്ന് ഇറ്റ് വീഴുന്ന ചോരത്തുള്ളികൾക്കും എന്തെന്നില്ലാത്ത സ്വാദുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു..ആ ശരീരത്തിലെ ഓരോ മാംസ കഷ്ണങ്ങളും ഞങ്ങൾ കടിച്ചു തിന്നുകൊണ്ടേ ഇരുന്നു..കുറച്ചു നിമിഷങ്ങൾക്ക് ശേഷം എന്റെ വയർ നിറഞ്ഞു.. എന്റെ വായിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.. കൈകൾ രക്തത്താൽ മൂടിയിരുന്നു..വിരലുകൾ വായിലേക്ക് വെച്ചു ഞാൻ അതിലെ ചോര മുഴുവൻ നക്കി എടുത്തു.. ആ രണ്ടു ശരീരങ്ങളോട് എനിക്ക് അനുകമ്പ തോന്നി, പക്ഷെ എനിക്ക് യാതൊരു കുറ്റബോധവും ഇല്ലായിരുന്നു..വിശപ്പാണ് ഏറ്റവും വലിയ വികാരം..വിശക്കുമ്പോൾ ഭക്ഷണം കഴിക്കണം..അതിനേക്കാൾ വലുതല്ല എന്റെ അതിഥികൾ..

ഇപ്പോൾ തന്നെ കുറേ ആളുകളെ ഞങ്ങൾ കൊന്നു തിന്നിട്ടുണ്ട്..ഇന്നത്തെ സംഭവം കൂടി ആകുമ്പോൾ പോലീസ് ഞങ്ങളെ തേടി എത്താനുള്ള സാധ്യത കൂടുതലാണ്..ഉടനെ ഇവിടന്ന് സ്ഥലം വിടണം..പക്ഷേ,ഞാൻ ഇത് ഒരിക്കലും അവസാനിപ്പിക്കില്ല..മനുഷ്യ മാംസത്തിന്റെ രുചി എനിക്കെങ്ങനെ വേണ്ടെന്ന് വെക്കാൻ കഴിയും... ഡിന്നർ  ആസ്വദിച്ചുകൊണ്ട് ഡൈനിങ് മുറിയിലെ ഭിത്തിയിൽ ചുവന്ന അക്ഷരത്തിൽ എഴുതിവെച്ചിരുന്ന വാക്കുകൾ ഞാൻ വായിച്ചു.. 

 "നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്കു ജീവൻ ഉണ്ടായിരിക്കുകയില്ല" 'ആമേൻ' എല്ലാവരും ഉറക്കെ പറഞ്ഞു.. എല്ലാവരുടെയും പല്ലുകളിൽ നിന്ന് അപ്പോഴും ചോര ഇറ്റു വീഴുന്നുണ്ടായിരുന്നു..!

COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ