ഇര | Malayalam audio story |


Authors

"Please use headset for better experience"

Story by Sujin

Copyright © kathaweb. Enjoy listening



ഹെയർപിൻ വളവുകൾ തിരിഞ്ഞ് ജോബിന്റെ കാർ ഇരുട്ടിനെ കീറിമുറിച്ച് മുന്നോട്ട് നീങ്ങി. വയനാടിനടുത്ത് ഒരു ഏലത്തോട്ടവും ബംഗ്ലാവുമായിട്ട് കുടുംബവഴി കിട്ടിയ കുറച്ചു സ്ഥലമുണ്ട്. ജോലിതിരക്കിനിടയിൽ ഒരല്പം ഇടവേളയെടുത്ത് ഇതുപോലെ തനിച്ചൊരു മലക്കയറ്റം ഇടയ്ക്കുള്ളതാ. കോടമഞ്ഞിനെ തുളച്ചുമാറ്റി കാറിന്റെ ഹെഡ് ലൈറ്റ് വെളിച്ചം ഒരു വലിയ ഇരുമ്പ് ഗേറ്റിൽ പതിച്ചു. നീട്ടിയുള്ള ഹോൺ അടിയിൽ ഒരു മധ്യവയസ്കൻ ഓടി വന്ന് ഗേറ്റ് തുറന്നു. കാർ പതിയെ മുന്നോട്ട് നീങ്ങി ബംഗ്ലാവിന്റെ മുന്നിൽ വന്ന് നിന്നു. മധ്യവയസ്കനായ കാവൽക്കാരൻ കാറിനടുത്തേക്ക് ഓടിവന്നു നിന്നു. ജോബ് തന്റെ ബാഗുമെടുത്തു പുറത്തേക്കിറങ്ങി 

 "എന്നാ ഉണ്ട് പീലിപ്പോസച്ചായാ.... സുഖം തന്നെ?.... "

"ഓ... നമ്മക്കെല്ലാം ഒരുപോലാ കുഞ്ഞേ..... കുഞ്ഞിന് സുഖാണോ...? "  

ജോബ് ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു. പിറകെ പീലിപ്പോസും. 

 "ലിസ്സിമോളും മോളിക്കുട്ടിയും എന്ത് പറയുന്നു....? ലിസിമോൾ സ്കൂളിലൊക്കെ പോയിതുടങ്ങിയോ.... ? " 

പീലിപ്പോസ് വീണ്ടും ചോദിച്ചു. 

 ജോബ് ഒന്ന് മൂളി. തീൻമേശയിലെ ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളമെടുത്തുകൊണ്ട് ജോബ് പറഞ്ഞു, 

 "അച്ചായൻ എന്നാ വിട്ടോ.... നല്ല ക്ഷീണം ഉണ്ട്, ഒന്ന് കിടക്കട്ടെ ഞാൻ"  

"ശരി കുഞ്ഞേ ഞാൻ പോയേച്ചും കാലത്ത് വരാം..."  

പീലിപോസ്സ് തിരിഞ്ഞ് നടന്നു. 

 "അച്ചായാ... "പിറകീന്നു ജോബ് വിളിച്ചു. 

 "എന്താ കുഞ്ഞേ...?  "

"അച്ചായാ ഡിക്കിയിൽ ഒരു ബാഗ് ഇരിപ്പുണ്ട്.... അതൊന്ന് എടുത്ത് വച്ചിട്ടേ പോകാവേ... " 

പീലിപ്പോസ് കാറിന്റെ ഡിക്കി തുറന്നു, അത്യാവശ്യം വലിയൊരു ബാഗായിരുന്നു അത്. വളരെ ആയാസപ്പെട്ട് അയാൾ അതിനെ ചുമ്മന്ന് അകത്തേക്കെത്തിച്ചു. ഫർണ്ണസ്സിനരികെ ഒരു ചുരുട്ടും കത്തിച്ച് ചാരുകസേരയിൽ ജോബ് ഇരിപ്പുണ്ടായിരുന്നു. 

 "ഞാൻ എന്നാ പോട്ടെ കുഞ്ഞേ..... ?" 

പീലിപോസ്സ് ചോദിച്ചു. 

 "മം..." ജോബ് വീണ്ടുമൊന്ന് മൂളി ചുരുട്ടിന്റെ ഉന്മാധാവസ്ഥയിലേക്ക് ആഴ്ന്നിറങ്ങി. പീലിപ്പോസ് അപ്പോഴേക്കും പോയിരുന്നു. ഫർനസിൽ തീ അണഞ്ഞു തുടങ്ങിയിരുന്നു, ചാരുകസേരക്ക് ചുറ്റിലുമായി ചുരുട്ട് കുറ്റികൾ ചിതറിക്കിടന്നു. ആ ചാരുകസേര ജോബിനെ മുന്നിലേക്കും പിന്നിലേക്കും താളത്തിലാട്ടി. സമയമണി പന്ത്രണ്ടു തവണ ഉച്ചത്തിൽ ശബ്ദിച്ചു. ജോബ് പതിയെ ചാരുകസേരയിൽ നിന്നെണീറ്റ് പീലിപോസ്സ് കൊണ്ട് വന്ന പെട്ടിയുടെ അടുത്തെത്തി, കുറച്ചു നേരം അതിനെ നോക്കി നിന്നു,പിന്നീടയാൾ അത് വലിച്ച് അകത്തേക്ക് കൊണ്ട് പോയി. 

 ഇരുട്ടിന്റെ കട്ടി കുറഞ്ഞുതുടങ്ങി, മലയിടുക്കുകളിൽ നിന്നും മരച്ചില്ലകൾക്കിടയിലൂടെ സൂര്യന്റെ നേർത്ത വെളിച്ചം മഞ്ഞുതുള്ളികൾ ചിത്രം വരച്ച ബംഗ്ലാവിന്റെ ജനൽ പാളിയിൽ മഴവിൽ വർണങ്ങളേകി. കയ്യിൽ വലിയൊരു ഫ്ലാസ്കുമായി പീലിപ്പോസ് ബംഗ്ലാവിലേക്കെത്തി. കതക് തുറന്ന് തന്നെ കിടപ്പുണ്ടായിരുന്നു. ഫ്ലാസ്ക് അവിടെ കിടന്ന ഒരു ബഞ്ചിൽ വച്ചു. "കുഞ്ഞേ....... കുഞ്ഞേ..........." പീലിപ്പോസ് അകത്തേക്ക് നോക്കി വിളിച്ചു. പക്ഷേ മറുപടി ഒന്നും ഉണ്ടായില്ല. 

 "കുഞ്ഞേ..... കുഞ്ഞേ......" അയാൾ വീണ്ടും വിളിച്ചു. ഇത്തവണയും മാറ്റമൊന്നുമില്ലായിരുന്നു. പീലിപ്പോസ്സ് ചുറ്റിലും നോക്കി ആരെയും കണ്ടില്ല. അയാൾ അകത്തേക്ക് നടന്നു. ബംഗ്ലാവ് മുഴുവൻ നോക്കി പക്ഷെ അകത്ത് ആരും ഉണ്ടായിരുന്നില്ല. ജോബ് കൊണ്ട് വന്ന വലിയ പെട്ടിയൊഴികെ ബാക്കി സാധനങ്ങളൊക്കെ അകത്ത് തന്നെയുണ്ടായിരുന്നു, കാർ വെളിയിലും കിടപ്പുണ്ടായിരുന്നു. പെട്ടെന്ന് വല്ലാത്തൊരു ദുർഗന്ധം പീലിപ്പോസിനു അനുഭവപ്പെട്ടു, അയാൾ പുറത്തേക്കിറങ്ങി ദുർഗന്ധം വന്ന ഭാഗത്തേക്ക് നടന്നു.ബംഗ്ലാവിന് പിന്നിലായി കാടുപിടിച്ചു കിടന്ന സ്ഥലത്താണ് ആ ദുർഗന്ധം പീലിപ്പോസിനെ കൊണ്ടെത്തിച്ചത്. താൻ കഴിഞ്ഞ രാത്രി എടുത്തുവച്ച ഭാരമേറിയ പെട്ടി അവിടെ കിടക്കുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. ഈച്ചകൾ അതിനുചുറ്റും കൂട്ടം കൂടി പറക്കുന്നുണ്ടായിരുന്നു. 

 അതിൽ നിന്നായിരുന്നു ദുർഗന്ധം, അത് അസ്സഹനീയമാകും വിധം അയാളെ കിഴ്പെടുത്തി. കയ്യിലുണ്ടായിരുന്ന തൂവാല കൊണ്ടയാൾ വായും മൂക്കും മുറുകെ കെട്ടി. പീലിപ്പോസ് പെട്ടിയുടെ അരികിലേക്ക് ചെന്നു, പതിയെ അത് തുറന്നു. ആ കാഴ്ചകണ്ടായാൾ ഞെട്ടി.... ദൂരത്തേക്ക് തെറിച്ചു വീണു. അർദ്ധ നഗ്നനായ ജോബിന്റെ ശരീരം....! കണ്ണുകൾ ചൂഴ്ന്നെടുത്തു ദേഹമാസകാലം പുഴുവരിച്ച നിലയിൽ വളരെ വികൃതമായ നിലയിലായിരുന്നത്. പീലിപ്പോസ് ഭയന്ന് ഓടി. അയാൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. അയാൾ ഓടി ബംഗ്ലാവിന്റെ മുന്നിലെത്തി നിശ്ചലമായി നിന്നു. 

 അയാൾ കൊണ്ടുവന്ന ഫ്ലാസ്കിൽ നിന്നും ചായ പകർന്ന് കുടിച്ച ശേഷം ബാക്കി അവിടെ വച്ചിരിക്കുന്നു. അയാൾക്കൊന്നും മനസ്സിലായില്ല. അകത്തു നിന്നും ഗ്രാമഫോണിൽ പാട്ട് കേൾക്കുന്നു. പീലിപ്പോസ് ഭയന്നു, ധൈര്യം സംഭരിച്ച് അയാൾ അകത്തേക്ക് നടന്നു. ഫർണ്ണസ്സിൽ തീ പടർന്നിരിക്കുന്നു, വിലകൂടിയ ചുരുട്ടിന്റെ ഗന്ധം അവിടമാകെ പടരുന്നുണ്ടായിരുന്നു. മുന്നിലേക്കും പിന്നിലേക്കുമാടുന്ന ചാരുകസേരയുടെ ശബ്ദം പീലിപ്പോസിന്റെ കാതുകളിൽ പതിച്ചു. അകത്തേക്ക് കയറിയ പീലിപ്പോസ് വിറങ്ങലിച്ചു പോയി. 

 ജോബ്.....! കൈ കാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ അയാൾ നിന്നു. ജോബ് ചാരുകസേരയിൽ നിന്നും എഴുന്നേറ്റ് അയാളുടെ അടുത്തേക്ക് വന്നു. പീലിപ്പോസ് വലിയ ഉച്ചത്തിൽ നിലവിളിച്ചു 

 "ആ..."  പീലിപ്പോസ് ഞെട്ടിയുണർന്നു, ചുറ്റിലും ഇരുട്ട്. 

ബംഗ്ലാവിന്റെ ഗേറ്റിനുമുന്നിൽ ഒരു കാർ വന്ന് നിന്ന് ഹോൺ അടിച്ചു. അയാൾ കിടന്നിരുന്ന ബഞ്ചിൽ നിന്നും ചാടി എണീറ്റു. അയാളാകെ വിയർത്തിരുന്നു. ഗേറ്റിനു മുന്നിൽ കാർ വീണ്ടും ഹോൺ അടിച്ചു കൊണ്ടേയിരുന്നു. പീലിപ്പോസ് ഓടിപ്പോയി ഗേറ്റ് തുറന്നു. ആ കാർ ബംഗ്ലാവിന് മുന്നിലേക്ക് ചെന്ന് നിന്നു. പീലിപ്പോസ് പിറകെ ഓടിച്ചെന്നു. കാറിൽ നിന്നും ജോബ് ഒരു ഹാൻഡ് ബാഗും തൂക്കിയിറങ്ങി. 

 "എവിടെപ്പോയി ചത്ത് കിടക്കുവാടോ താനൊക്കെ.... എത്ര നേരം കൊണ്ട് ഹോൺ അടിക്കുന്നതാ . തന്റെ സൗകര്യത്തിനൊത്ത് ഞാൻ കാത്ത് നിൽക്കണോ..." 

  പീലിപ്പോസ് അമ്പരപ്പ് മാറാതെ കേട്ട് നിന്നു. 

" പൊക്കോ... തന്റെ ആവശ്യം വല്ലതും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം.."

  ഇത്രയും പറഞ്ഞ് ജോബ് അകത്തേക്ക് നടന്നു, പീലിപ്പോസ് പുറത്തേക്കും. "എഡോ ....." ജോബിന്റെ ശബ്ദമുയർന്നു പീലിപ്പോസ് തിരിഞ്ഞ് നോക്കി. 

 "കാറിന്റെ ഡിക്കിയിൽ ഒരു പെട്ടി ഇരിപ്പുണ്ട്, അതെടുത്ത് അകത്ത് വച്ചിട്ട് പോ..."  

ജോബ് വീണ്ടും അകത്തേക്ക് നടന്നു. പീലിപ്പോസ് കാറിനരികിലേക്ക് ചെന്ന് ഡിക്കി തുറന്നു. അതെ പെട്ടി ! അയാളുടെ മുഖം വിളറി. പെട്ടി താങ്ങിയെടുത്ത് അകത്ത് കൊണ്ട് ചെന്ന് വച്ച ശേഷം പീലിപ്പോസ് തന്റെ കൈകളിലേക്ക് നോക്കി. അതിൽ രക്തം പറ്റിപിടിച്ചിരുന്നു. അയാൾ ഭയന്നു. പീലിപ്പോസ് മുഖമുയർത്തി ജോബിനെ നോക്കി, ജോബിന് യാതൊരുവിധ ഭാവ വ്യത്യാസവും ഇല്ലായിരുന്നു. അയാൾ കയ്യിൽ കരുതിയ മദ്യ കുപ്പിയിൽ നിന്നും മദ്യം ഗ്ലാസ്സിലേക്ക് പകന്നൊഴിക്കുകയായിരുന്നു. 

 "ഹാ കൊണ്ട് വന്നോ? ....." 

 ഗ്ലാസ്സിലേക്കൊഴിച്ച മദ്യം കുറേശ്ശേയായി കുടിച്ചുകൊണ്ട് ജോബ് പറഞ്ഞു. 

 “എന്നാ താൻ പൊക്കോ..... ഇനി തന്റെ ആവശ്യം ഇവിടെയില്ല.... സംഭവിക്കുന്നതെന്താണെന്ന അമ്പരപ്പ് വിട്ട് മാറാതെ പീലിപ്പോസ് ബംഗ്ലാവിന്റെ പടിക്കെട്ടുകളിറങ്ങി പുറത്തേക്ക് നടന്നു. ഗ്രാമഫോൺ പാടിതുടങ്ങി, ഫർണ്ണസ്സിൽ തീ പടർന്നു, ചുരുട്ട് പുകഞ്ഞു തുടങ്ങി, ചാരുകസേര താളം പിടിച്ചു, സമയമണി ഉച്ചത്തിൽ കരഞ്ഞു. ഗേറ്റിന് അടുത്തെത്തിയ പീലിപ്പോസ് ഒന്ന് തിരിഞ്ഞു നോക്കി, വാതിക്കൽ ജോബ് അയാളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ജോബിന്റെ മുഖത്ത് ഒരു ചിരി പ്രത്യക്ഷപ്പെട്ടു, പീലിപ്പോസിൽ പരിഭ്രാന്തി പരന്നു. നിമിഷാർദ്രനേരത്തിൽ ബംഗ്ലാവും പരിസരവും ഇരുട്ടിൽ മുങ്ങി. പട്ടികൾ കൂട്ടം കൂട്ടമായി ഓരിയിട്ടു, പീലിപ്പോസിന്റെ അലർച്ച അവിടെയെങ്ങും മുഴങ്ങികേട്ടു.... 

 "ആ...........!!!!"

COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ