ചുവന്ന കണങ്ങൾ | Malayalam audio story |


Authors

"Please use headset for better experience"

Story by Bobish

Copyright © kathaweb. Enjoy listening



സ്വന്തം കാമുകിയെ പോസ്റ്റ് മോർട്ടം ടേബിളിൽ കാണുക എന്നത് ഒരാൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അവളെ എനിക്ക് വളരെയധികം ഇഷ്ടമായിരുന്നു. അവളെ കണ്ടു മുട്ടുന്നത് വരെ തീർത്തും വിരസമായിരുന്നു ജീവിതം. മെഡിക്കൽ കോളേജിലെ ഡോക്ടർ ആയതുകൊണ്ട് ഞാൻ എപ്പോഴും തിരക്കിൽ തന്നെയായിരുന്നു. ഷിഫ്റ്റ് കഴിഞ്ഞാൽ കോട്ടേഴ്സിൽ കിടന്ന് ഉറക്കം തന്നെ ആയിരുന്നു പതിവ്. അങ്ങനെ ആണ് ജീവിതത്തിൽ അവൾ കടന്നു വന്നത് . മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിൽ ദിവസ വേതനത്തിൽ പുതുതായി ജോലിക്ക് വന്ന പെൺകുട്ടി ആയിരുന്നു അവൾ. നൈറ്റ് ഷിഫ്റ്റ് എടുക്കാൻ എല്ലാവർക്കും പൊതുവേ മടിയായിരുന്നു. താൽക്കാലികക്കാരി ആയതുകൊണ്ടും കാശിനു അത്യാവശ്യം ഉള്ളത് കൊണ്ടും അവൾക്ക് അതിന് യാതൊരു മടിയും ഇല്ലായിരുന്നു. അവൾ അധികമാരോടും സംസാരിക്കാറില്ല. രാത്രി ഉറങ്ങാതെ ഇരിക്കുന്ന അവളോടുള്ള ചെറിയ കുശാലാന്വേഷണം പിന്നീട് ഒഴിച്ച് കൂടാൻ പറ്റാതെയായി മാറി. ഞങ്ങളുടെ ചെറിയ സൗഹൃദം മെല്ലെ പ്രണയമായി മാറുന്നുണ്ടെന്ന് എനിക്ക് മനസ്സിലായിത്തുടങ്ങിയിരുന്നു. 

 "ഡോക്ടർ ഹെയർ സ്റ്റൈൽ ഒക്കെ മാറ്റിയല്ലോ... ഡോക്ടർ ചെറുപ്പമായല്ലോ... ആ പെൺകുട്ടി വന്നതിൽ പിന്നെ ഡോക്ടർ ആളാകെ മാറിയല്ലോ .... " 

ഡെയിലി എല്ലാവരുടെയും കമന്റുകൾ വന്ന് തുടങ്ങി.   "ഇപ്പോൾ നൈറ്റ് ഡ്യൂട്ടി ഇല്ലാത്തപ്പോഴും ഡോക്ടർ ഹോസ്പിറ്റലിൽ ആണല്ലോ.. " 

റിസപ്ഷനിലെ പെൺകുട്ടി ഇടക്ക് കളിയാക്കും. ഞാനതെല്ലാം ഇഷ്ടപ്പെട്ടു വരികയായിരുന്നു. പക്ഷെ ഞങ്ങളുടെ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒരിക്കലും പ്രക്ഷിക്കാതെ അവൾ ഈ ലോകത്തോട് വിട പറഞ്ഞു. അവളുടെ മരണത്തിന് ഞാനും ഒരു കാരണക്കാരനാണ്. അവൾ പലപ്പോഴും അയാളെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഞാനത് കാര്യമാക്കിയിരുന്നില്ല. അവളെ ആരോ പിന്തുടരുന്നുണ്ട് എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു. എല്ലാം അവളുടെ തോന്നലായിരിക്കും എന്ന് പറഞ്ഞ് ഞാനവളെ സമാധാനിപ്പിക്കും. പക്ഷേ ഒരിക്കൽ ഞാൻ അയാളെ കണ്ടിരുന്നു. ഞങ്ങളെ നോക്കി ദൂരെ ഒരാൾ. പലപ്പോഴും അയാൾ ഹോസ്പിറ്റലിന്റെ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടിട്ടുണ്ട് . 

 പിന്നെ ഒരു ദിവസം മുതൽ അവളെ ജോലിക്ക് കാണാതെയായി. അവൾ ലീവ് പറഞ്ഞതുകൊണ്ട് പകരം ഒരാൾ ജോലിക്ക് കയറിയിരുന്നു. ജീവിതത്തിൽ എന്തോ ഒന്ന് നഷ്ടമായെന്ന് ആദ്യമായി തോന്നിയ ദിവസം. ഒരു ദിവസം ഞാനവളുടെ വീട്ടിൽ പോയി. ഞാനെത്ര നിർബന്ധിച്ചിട്ടും അവൾ എന്നെ കാണാൻ കൂട്ടാക്കിയിരുന്നില്ല. എന്റെ സങ്കടം ദിനം പ്രതി കൂടാൻ തുടങ്ങി. അവളെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ ആണ് അവൾ പറഞ്ഞതിലും ഒത്തിരി സത്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയത്.  അവളുടെ അച്ഛനും അമ്മയും അതി ദാരുണമായി കൊല്ലപ്പെട്ടതായിരുന്നു. ആ കൊലയാളിയെ ഇതുവരെ ആർക്കും കണ്ടെത്താൻ പറ്റിയിരുന്നില്ല. ഇതൊക്കെ അവൾ എന്നിൽ നിന്നും മറച്ചു വച്ചിരുന്നു. ഒരുപക്ഷേ പേടിച്ച് ഞാൻ പിന്മാറിയെങ്കിലോ എന്നു ഭയന്നിട്ടായിരിക്കാം. അല്ലെങ്കിൽ എന്റെ ജീവൻ അപകടത്തിൽ ആവാതിരിക്കാൻ വേണ്ടി ആയിരിക്കാം. എന്താണെങ്കിലും അന്ന് രാത്രി അവളെ കാണാൻ സാധിച്ചു. നേരം പുലരുവോളം ഞങ്ങൾ സംസാരിച്ചു. ആ കൊലപാതകങ്ങളുടെ കാര്യം ഞങ്ങൾ സംസാരിച്ചിരുന്നില്ല. അന്നത്തെ ആ സന്തോഷത്തിന് അധികം ആയുസ്സില്ലായിരുന്നു.  പിന്നെ ഞാനവളെ കണ്ടത് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ ആയിരുന്നു. തണുത്ത് വിറച്ചു കിടക്കുന്ന ആ ശരീരം ഒരു നോക്കി കാണാനേ എനിക്ക് സാധിച്ചുള്ളൂ. 

"ഇത്രയും ദാരുണമായി.. ആരായിരിക്കും..." അവളുടെ ബോഡി കണ്ടപ്പോൾ എല്ലാവരും ചോദിച്ച കാര്യമാണത്. തലേ ദിവസം രാത്രി ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞത് കൊണ്ട് അന്വേഷണം മെല്ലെ എന്നിലേക്കും എത്തുമെന്ന് ഉറപ്പായിരുന്നു. ഞാൻ ജോലിക്ക് പോകാതെ വീട്ടിൽ തന്നെ ഇരുപ്പായി. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഡോക്ടർ ഗിരീഷ്. അവൻ എന്നെ ഒത്തിരി വിളിച്ചെങ്കിലും ഫോൺ എടുക്കാൻ എനിക്ക് മനസ്സ് വന്നിരുന്നില്ല. അവരുടെ ഉപദേശം എന്തൊക്കെയായിരിക്കും എനിക്കറിയാമായിരുന്നു.  പക്ഷെ അവളെ മറക്കുക എന്നത് എനിക്ക് പെട്ടെന്ന് സാധിക്കുന്ന ഒരു കാര്യമല്ലായിരുന്നു. കയ്യിലുള്ള ആന്റി ഡി പ്രസൻസ് ടാബ്ലെറ്റുകൾ എല്ലാം തീർന്നു തുടങ്ങിയിരുന്നു. പുറത്ത് പോയിട്ട് ആഴ്ചകളായി. വിഷാദ രോഗം മെല്ലെ എന്നെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു. 

 പുറത്തൊരു കോളിംഗ് ബെൽ ശബ്ദം കേട്ടപ്പോൾ ഞാൻ ആദ്യം കരുതിയത് ഗിരീഷ് ആയിരിക്കും എന്നാണ്. പക്ഷേ ഉള്ളിലെ പേടി സത്യമായി മാറിയിരുന്നു. അവളെ പിന്തുടർന്ന ആ ചെറുപ്പക്കാരൻ. അയാൾ എന്നേയും തേടി വരുമെന്ന് എനിക്കുറപ്പായിരുന്നു. വാതിൽ തുറന്നതും അയാൾ പെട്ടെന്ന് അകത്തേക്ക് കയറി വന്നു. എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങിയിരുന്നു. കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങി. മുഖം വിറയ്ക്കുന്നത് കൊണ്ട് എനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയിരുന്നില്ല. അത് അയാളായിരുന്നു. അവളെ പിന്തുടർന്ന അതെ ചെറുപ്പക്കാരൻ. ശബ്ദിക്കരുത് എന്ന ആംഗ്യത്തിൽ അയാൾ കത്തിയുമായി മുന്നോട്ട് വന്നു. ഡോക്ടർ ഗിരീഷിന്റെ ഫോൺ വീണ്ടും വന്നിരുന്നു. അത് അറ്റൻഡ് ചെയ്യാൻ അയാൾ സമ്മതിക്കില്ല എന്നായിരുന്നു ഞാൻ ആദ്യം കരുതിയത്. പക്ഷെ അയാൾ ഫോൺ എടുക്കാൻ പറഞ്ഞു. വേറെയൊന്നും സംസാരിക്കരുതെന്ന് അയാൾ ചുണ്ടിൽ വിരൽ വെച്ച് ആംഗ്യം കാണിച്ചു. അയാൾ കാണാതെ ഫോണിന്റെ അരികിൽ വെച്ച സർജിക്കൽ ബ്ലേഡ് ഞാൻ മെല്ലെ എടുത്തു. 

 "ഗിരീഷേ.. ഞാൻ നാളെ ജോലിക്ക് വീണ്ടും ജോയിൻ ചെയ്യും " 

മാക്സിമം നോർമൽ ആയി സംസാരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ആ കൊലയാളിയുടെ നോട്ടം എന്നിൽ തന്നെയായിരുന്നു. 

" ഡോക്ടർ താങ്കൾ ഫ്രീ ആണെങ്കിൽ ഇന്ന് തന്നെ ഇവിടേക്ക് വരണം"  

"എന്ത് പറ്റി ഗിരീഷ്"  

“അവളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്.. ഐ ഡോണ്ട് നോ വാട്ട് ടു സേ.." 

 “എന്ത് പറ്റി ഗിരീഷ് "  

"ഡോക്ടർ എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല " 

" ഗിരീഷ്.. നീ വളച്ചൊടിക്കാതെ കാര്യം പറയൂ .. ഡോക്ടർ നമ്മൾ കണ്ട പോലെ തന്നെ അവളുടെ മരണം നടന്നത് കൂർത്ത ഒരു കത്തി നെഞ്ചിൽ കുത്തി കയറിയിട്ടാണ് " 

ഞാൻ ഇടം കണ്ണുകൊണ്ട് ആ കൊലയാളി ഒന്ന് നോക്കി. അയാൾ കയ്യിലുള്ള കൂർത്ത കത്തി മെല്ലെ പുറത്തെടുത്ത് വെച്ചിരുന്നു. 

 “അതെ.. ഞാൻ അത് ശ്രദ്ദിച്ചിരുന്നു "

" ഡോക്ടർ അവളുടെ വയറ്റിൽ നിന്ന് ദഹിക്കാത്ത രക്തവും പല്ലിൽ നിന്ന് മാംസ ഭാഗങ്ങളും കിട്ടിയിരുന്നു " 

"    What ?? "  

"ഡോക്ടർ സത്യമാണ് ഞാൻ പറയുന്നത്..അവളുടെ വയറ്റിൽ നിന്ന് കിട്ടിയ രക്തം വേറെ ആരുടെയോ ആണ്. അവൾ ആരെയോ കടിച്ച് രക്തം കുടിച്ചിട്ടുണ്ടെന്ന് പല്ലിൽ നിന്ന് കിട്ടിയ മാംസഭാഗം ചെക്ക് ചെയ്തപ്പോൾ മനസ്സിലായി " 

"എന്താണ് താൻ ഈ പറയുന്നത് " 

 എനിക്ക് ദേഷ്യം സഹിക്കാൻ വയ്യാതെ ഞാൻ ഫോൺ കട്ട് ചെയ്തു. എന്ത് അസംബന്ധമാണ് അവൻ പറയുന്നത്. 

" ഡോക്ടർ എന്തിനാണ് ഈ മുറി ഇപ്പോഴും അടച്ചു മൂടി ഇട്ടിരിക്കുന്നത് " 

 അയാൾ കത്തി തുടച്ചു കൊണ്ട് എന്നെ നോക്കി സംസാരിക്കാൻ തുടങ്ങി. സത്യത്തിൽ എനിക്കും അത് അറിയില്ലായിരുന്നു. ഇപ്പോൾ പുറത്തേക്ക് പോകാൻ മടി കൂടി വന്നിരുന്നു. ഇരുളിൽ താമസിക്കാൻ തന്നെ ആയിരുന്നു താൽപര്യം. ഞാൻ പേടിച്ചു ഒന്നുകൂടി പുറകിലേക്ക് നീങ്ങി. അയാൾ മെല്ലെ ജനലിലെ കർട്ടൻ മാറ്റി. സൂര്യപ്രകാശം മെല്ലെ മുറിയിലേക്ക് കടന്നു വന്നപ്പോൾ എനിക്ക് ദേഹമാകെ പൊള്ളുന്ന പോലെ തോന്നി. സൂര്യ പ്രകാശത്തിൽ തിളങ്ങിയ സർജിക്കൽ ബ്ലേഡ് ചുട്ടുപൊള്ളാൻ തുടങ്ങി. വേദനകൊണ്ട് ഞാനത് നിലത്തെറിഞ്ഞു. ഞാൻ മെല്ലെ ഇരുളിലേക്ക് നീങ്ങി നിന്നു. കണ്ണാടിയിലെ എന്റെ രൂപം വളരെ വിചിത്രമായിരുന്നു. ശരീരം ആകെ വിളറി വെളുത്തിരുന്നു. മുന്നിലെ ചെറുപ്പക്കാരനെ കണ്ടപ്പോൾ വല്ലാത്ത ദാഹം വരുന്ന പോലെ തോന്നി. ആ കൊലപാതകിയെ ഇപ്പോൾ പേടി ഇല്ലാത്ത പോലെ തോന്നി.  അയാൾ എന്റെ കഴുത്തിൽ തന്നെ നോക്കുന്നത് കണ്ടപ്പോൾ ആണ് അവിടെ ചെറിയ രണ്ട് മുറിപ്പാടുകൾ ഞാൻ ശ്രദ്ദിച്ചത്. അന്ന് രാത്രി അവളുടെ ഒപ്പം കഴിഞ്ഞതിനു ശേഷം സംഭവിച്ചതാണ്.എന്റെ പല്ലുകളിൽ നിന്ന് വല്ലാത്ത ഒരു വേദന വന്ന് തുടങ്ങിയിരുന്നു. അവ മെല്ലെ പിശാച്ചിന്റെ പല്ല് പോലെ പുറത്തേക്ക് വരാൻ തുടങ്ങി . എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. പക്ഷേ ഞാൻ സർവ്വശക്തിയുമെടുത്ത് അയാളെ ആക്രമിക്കാൻ മുന്നോട്ടുവന്നു. പക്ഷേ അയാൾ പെട്ടെന്ന് വാതിൽ തുറക്കും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. സൂര്യപ്രകാശം മുഴുവൻ മുറിയിലെത്തിയതും ദേഹമാസകലം വേദനകൊണ്ട് ഞാൻ നിലത്തു വീണു. 

ദേഹത്തിലെ തൊലി ആരോ പൊളിച്ചെടുക്കുന്ന പോലെ തോന്നി. വേദന സഹിക്കാൻ വയ്യാതെ ബോധം മെല്ലെ പോകുന്ന പോലെ തോന്നി. 

 "നീ എന്തിനാ അവളെയും ഫാമിലിയെയും കൊന്നത്.. എന്നെ കൊന്നാലും നീ നിയമത്തിന്റെ മുന്നിൽ എത്തും " ഞാൻ ഇടറിയ സ്വരത്തിൽ അവനോട് പറഞ്ഞു. 

 "ഐ ആം സോറി ഡോക്ടർ.. അവളെ പോലെ നിങ്ങൾക്കും ഇനി പകൽ വെളിച്ചത്തിൽ ജീവിക്കാനാകില്ല.. നിങ്ങളും അവളെ പോലെ ആയി മാറിയിരിക്കുന്നു " 

അവൻ മെല്ലെ എന്റെ എടുത്ത് വന്നിരുന്നു. "നിങ്ങൾ ആരാണ്.. എന്താണീ പറയുന്നത്?" 

 "ഡോക്ടർ, ഒരു വാമ്പയറിനെ ആണ് നിങ്ങൾ പ്രണയിച്ചത് " 

"എന്ത്?" 

 "വിശ്വസിക്കാൻ പ്രയാസമാണെന്ന് എനിക്കറിയാം.. പക്ഷെ അവളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് നേരത്തെ ഫോണിൽ പറയുന്നത് ഞാൻ കേട്ടിരുന്നു.. മറ്റൊരാളുടെ രക്തം അവളുടെ വയറ്റിൽ ഉണ്ട്... ചിലപ്പോൾ നിങ്ങളുടേതും ആകാം എനിക്ക് ആകെ തല കറങ്ങുന്ന പോലെ തോന്നി. സത്യമാണ്. അവളെ പകൽ വെളിച്ചത്തിൽ ഞാൻ കണ്ടിട്ടില്ല. എനിക്കും എന്തെല്ലാമോ മാറ്റങ്ങൾ വന്നിട്ടുണ്ട്. എപ്പോഴും ഇരുളിൽ താമസിക്കാൻ താല്പര്യം കൂടി വരുന്നു. പല്ലുകൾ കൂർത്തു വരുന്നു. എന്താണ് ഇതൊക്കെ. അയാൾ മെല്ലെ മൂർച്ചയുള്ള കത്തി പുറത്തെടുത്തു.   

" ഡോക്ടർ.. ഇനി സമയമില്ല.. ഐ ആം സോറി... വർഷങ്ങളോളം മരിക്കാതെ ഒരു രക്ത രക്ഷസ്സായി ഇരിക്കുന്നതിനും നല്ലത് സന്തോഷത്തോടെ ഈ ലോകത്ത് നിന്ന് വിട പറയുന്നതാണ് " 

 അവന്റെ ശബ്ദം മെല്ലെ എനിക്ക് കേൾക്കാം, ഒപ്പം മൂർച്ചയുള്ള അവന്റെ കത്തി മെല്ലെ എന്റെ നെഞ്ചിൽ അമരുന്നതും ഞാൻ അറിഞ്ഞു. (അവസാനിച്ചു ) 

 "How do we seem to you? Do you find us beautiful and magical? Our white skin, our fierce eyes? 'Drink,' you ask me. Do you have any idea of the things you will become." -Anne Rice, Interview with The Vampire

COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ