Story by Pangalees.
Submitted to kathaweb on 05/01/2022. © All rights reserved
Happy reading
അമരാപുരിയിലേക്കുള്ള അവസാനബസ്സിൽ വന്നിറങ്ങുമ്പോൾ വിനയന്റെ മുഖത്ത് വല്ലാത്തൊരു നിരാശ നിഴലിച്ചിരുന്നു.കൈയ്യിലെ കൂട്ടിപ്പിടിച്ച സർട്ടിഫിക്കറ്റുകൾക്ക്
അവന്റെ സ്വപ്നങ്ങളേക്കാൾ ഭാരം തോന്നി. ഏറെ വൈകി
വീട്ടിലെത്തിയ വിനയനെയും കാത്ത് സുമിത്ര ഉമ്മറത്ത് തന്നെ
നിൽപ്പുണ്ടായിരുന്നു.
വിനയന്റെ വാടിയ മുഖം കണ്ടപ്പോഴേ കാര്യം മനസിലായ സുമിത്ര
പറഞ്ഞു..
"വിനയേട്ടൻ ഇന്നൊരുപാട് വൈകിയല്ലോ,വേഗംപോയ് കുളിച്ച്
വരൂ, ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്."
അവൻ ഒന്നും മിണ്ടിയില്ല.. അവന്റെ എല്ലാ സ്വപ്നങ്ങളുടെയും
കാതലാണവൾ..അത്രമേൽ അവനെ മനസിലാക്കിയ ആരും
തന്നെയില്ല.
എന്നാലും തുടരെയുള്ള
പരാജയങ്ങൾ ആകെ തളർത്തിയിരുന്നു.ഒരുപാട്
കമ്പനികളെ സമീപിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.എന്നാലും
പഠിച്ചെടുത്ത കോഴ്സ്കളോടുള്ള വല്ലാത്ത പ്രണയം
കൊണ്ട് വീണ്ടും വീണ്ടും കമ്പനികൾ കയറിയിറങ്ങാൻ
പ്രേരിപ്പിക്കുന്നു. മറ്റൊരു ജോലിക്ക് ശ്രമിക്കാത്തതിന്റെ
കാരണവും അത് തന്നെയാണ്.
അന്ന് രാത്രി വിനയന് ഉറക്കം വന്നില്ല.. വീട്ടിലെ ബുദ്ധിമുട്ടുകൾ
കണ്ടില്ലെന്ന് നടിച്ച് ഇനിയും
സ്വപ്നങ്ങൾക്ക് പുറകെ പോവാൻ വയ്യ.പണമാണ് പ്രശ്നം...!
പെട്ടന്ന് കുറച്ച് പണം വന്നാൽ കടങ്ങളൊക്കെ തീർത്ത്
സ്വസ്ഥമാകാമായിരുന്നു. നല്ലൊരു വീട്..നല്ല ജോലി..പക്ഷേ പെട്ടന്ന്
പണം എങ്ങനെ ഉണ്ടാക്കും..!
ഓരോന്ന് ചിന്തിച്ച് എപ്പോഴോ അറിയാതെ
അവനുറങ്ങിപ്പോയ്. ഉറക്കമുണർന്ന വിനയനെ ചിന്തകൾ
പിന്തുടർന്ന് കൊണ്ടേയിരുന്നു. അത് പിന്നെ കൂട്ടുകാരുമൊത്ത്
സമയം ചിലവഴിക്കാറുള്ള തങ്ങൾ മുക്കിലെ കല്ലുങ്ക് വരെയെത്തി.
"എന്റെ വിനയേട്ടാ ഇത് തന്നെയാണ് നമ്മുടെയൊക്കെ
പ്രശനം..വീട്ടില് കയറാൻ പറ്റാത്ത അവസ്ഥയാണ്..പെട്ടന്ന് കുറച്ച്
പണം ശരിയായില്ലെങ്കിൽ വീട് ബാങ്ക് കാര് കൊണ്ട് പോവും"
ജയന്റെ വികാരം കൊണ്ട വാക്കുകൾ വിനയനെ കൂടുതൽ അസ്വസ്ഥനാക്കി.
"നമുക്കീ പ്രശ്നത്തിൽ നിന്നൊക്കെ രക്ഷപെടണമെങ്കിൽ വല്ല നിധിയും കിട്ടേണ്ടി വരും അല്ലാതെ കള്ളക്കടത്തിനും
കൊലപാതകത്തിനൊന്നും പറ്റില്ല"
ജയൻ കൂട്ടിച്ചേർത്തു. ഇത് കേട്ട്
പൊട്ടിച്ചിരിച്ചുകൊണ്ട് മനു പറഞ്ഞു..
"നിധി കിട്ടാനാണേൽ വേറെ എവിടേം പോവണ്ടോ,നേരെ
ആലൂർ മനയിലേക്ക് പോയോ, അവിടെയാവുമ്പോ നിധിയും കിട്ടും
കൂട്ടിന് വല്ല ചാത്തനേം മാടനേം
കിട്ടുകയും ചെയ്യും.."
മനു ചിരിച്ചു..!
പണ്ടു മുതൽക്കേ നാട്ടിൽ പ്രചരിച്ച
ഒരു കെട്ട് കഥയാണ് ആലൂർമനയും അവിടുത്ത നിധിയും.പക്ഷേ
എത്രയോ വർഷങ്ങളായ് പൂട്ടി
കിടക്കുന്ന മനയിൽ ആരും പോവാറില്ല.മനയും അതിനെ
ചുറ്റിപ്പറ്റിയുള്ള പേടിപ്പിക്കുന്ന കെട്ട് കഥകളും തന്നെ കാരണം.മനു തമാശ പറഞ്ഞതാണെങ്കിലും വിനയന്റെയും ജയന്റെയും മനസ്സിൽ
ഒരു തെളിച്ചം വന്നു. ഒപ്പം ഭയവും ...!
.