വേശ്യ | Malayalam audio story |


Authors

"Please use headset for better experience"

Story by Sujin Sundareshan

Copyright © kathaweb. Enjoy listening



തിരക്കൊഴിഞ്ഞ കടൽത്തീരം, അങ്ങിങ്ങായി കുറച്ചു പേർ മാത്രം. ആഴകടലിലേക്ക് സൂര്യൻ ആത്മഹത്യ ചെയ്ത് കഴിഞ്ഞിരുന്നു. അവിടെ സുന്ദരിയായ ഒരു യുവതി ആരെയോ പ്രതീക്ഷിച്ച് നിൽക്കുന്നുണ്ട്. ഇരുൾ വീണു തുടങ്ങിയിട്ടും തിളക്കമാർന്ന സാരി, അരക്കെട്ടിനും താഴെ നിൽക്കുന്ന ഇരു കൈകൾ കൂട്ടിപ്പിടിച്ചാൽ പോലും എത്താത്ത കനത്തിൽ പിന്നിയിട്ടിരിക്കുന്ന മുടി, അതിന് മേൻപൊടിയെന്നോണം ഒരല്പം മുല്ലപ്പൂ. നല്ല നിറം, ചായം പൂശിയ ചുണ്ടുകൾ, ആരെയും വശീകരിക്കാൻ കെൽപ്പുള്ളവണ്ണം നീട്ടിയെഴുതിയ കണ്ണുകൾ, ഒരു മുപ്പത്തിയഞ്ചിനോട് അടുത്ത് പ്രായം. 

'ഡെയ്സി'യെന്നു നാമകരണം ചെയ്യപ്പെട്ട അവൾ ഒരു വേശ്യയാണ്. തന്നെത്തേടിയെത്തുന്ന ആവശ്യക്കാരെ പൂർണ്ണ സംതൃപ്തിയോടെ മടക്കി അയക്കുന്നവൾ. പതിവ് പോലെ അന്നും അവൾക്കൊരു ആവശ്യകാരനുണ്ടായിരുന്നു, അയാളെക്കാത്താണ് ആ നിൽപ്. ഉച്ചത്തിൽ ശബ്ദിച്ചുകൊണ്ട് ഒരു ബുള്ളറ്റ് ബൈക്ക് കടൽത്തീരത്തിനടുത്തേക്ക് വന്ന് നിന്നു . പത്തിരുപത്തിരണ്ട് വയസ്സ് തോന്നിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു ആ വണ്ടിയിൽ, അയാൾ ഹോൺ ഉച്ചത്തിൽ മുഴക്കി. 

 ഡെയ്സി തിരിഞ്ഞ് നോക്കി, അവളുടെ മുഖത്ത് ഒരു ചിരി പ്രത്യക്ഷപ്പെട്ടു. അവൾ ആ ചെറുപ്പക്കാരനടുത്തേക്കു  നടന്നടുത്തു. 

 "വിനു..?" ഡെയ്സി ചോദിച്ചു . 
   
അതേയെന്നമട്ടിൽ ആ ചെറുപ്പക്കാരൻ തലയാട്ടി. ഡെയ്സി  ബൈക്കിനു പിറകിലേക്ക് കയറി. ആൾ തിരക്ക് കുറഞ്ഞു വരുന്ന നഗരവീഥിയിലൂടെ ആ ബൈക്ക് അവരുമായി കുതിച്ചു. ഡെയ്സി വിനുവിനെ ചുറ്റിപിടിച്ച് അവന്റെ വീതിയുള്ള മുതുകിലേക്ക് ചേർന്നിരുന്നു. നഗരത്തിൽ നിന്നും വിട്ടുമാറി കുറച്ച് അകത്തേക്ക് ബൈക്ക് നീങ്ങി. ഒരല്പം ദൂരത്തായി ബൈക്കിന്റെ ഹെഡ്ലൈറ്റ് വെളിച്ചം ചിതലരിച്ചു പൊളിഞ്ഞു വീഴാറായ ഒരു തടി  ബോർഡിൽ പതിഞ്ഞു. 

  'ലൂസി ലോഡ്ജ്'  . ബൈക്ക് അതിനു മുന്നിലായി വന്ന് നിന്നു. അവർ അകത്തേക്ക് നടന്നു. മതിലിൽ തൂക്കിയിട്ടിരുന്ന താക്കോൽ കൂട്ടങ്ങൾക്കിടയിൽ നിന്നും പതിനഞ്ച് എന്നെഴുതിയ താക്കോൽ ഒരു വൃദ്ധൻ അവർക്ക് കൈമാറി. പിരിയൻ ഗോവണി കയറി അവർ മുകളിലേക്ക് നടന്നു. മുന്നോട്ട് പോകവേ പിന്നിലേക്ക് സഞ്ചരിച്ച മുറികളിൽ നിന്നും പലവിധ ശബ്ദങ്ങൾ കേൾക്കാമായിരുന്നു. അവരതൊന്നും ശ്രദ്ധിച്ചില്ല. മുകൾ വരാന്തയുടെ അവസാനം ഇരുട്ടുകേറിയ ഭാഗത്ത് ഒരു ചെറിയ മുറി, നേരിയ വെളിച്ചത്തിൽ അവിടെ പതിനഞ്ച് എന്ന് തെളിഞ്ഞു. 

വിനു മുറി തുറന്ന് അകത്ത് കയറി ലൈറ്റ് ഇട്ടു. ഒരു അരണ്ട വെളിച്ചം അവിടെ പരന്നു. വല്ലാത്തൊരു ഗന്ധം ആ മുറിയിൽ നിറഞ്ഞു നിന്നു. വിനുവിന്റെ മുഖത്ത് വല്ലാത്തൊരു പരിഭ്രമം ഉണ്ടായിരുന്നു. അവൻ നന്നായി വിയർത്തിരുന്നു. ഡെയ്സി പതിയെ അവനെ കിടക്കയിലേക്ക് പിടിച്ചിരുത്തി. 

 "ആദ്യമായിട്ടാ അല്ലേ.....?" 

 ഡെയ്സിയുടെ ചോദ്യം വിനുവിനെ കൂടുതൽ പരിഭ്രാന്തനാക്കി. അവളൊന്ന് ചിരിച്ചു. 

 "പേടിക്കണ്ട.... എന്റെ മുഖത്തേക്കൊന്നു നോക്കിയേ അവൾ പതിയെ കൈകൊണ്ട് വിനുവിന്റെ മുഖമുയർത്തി, പതിയെ അവന്റെ കവിളിൽ തലോടി. പെട്ടെന്നവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. 

 "എന്നോട് ക്ഷമിക്കണം.... എനിക്കിതിന് കഴിയില്ല " 

വിനു തന്റെ   കൈകൾ കൂപ്പി ഡെയ്സിക്ക് മുന്നിലിരുന്നു. 

"നിന്നോടൊപ്പം ബൈക്കിൽ കയറിയപ്പോഴേ എനിക്കത് മനസ്സിലായിരുന്നു."  

ആ മറുപടി വിനു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. 

 "ഒരുപാട് പേരോടൊപ്പം ഞാൻ പോയിട്ടുണ്ട്, അതുകൊണ്ട് എന്നെത്തേടി വരുന്നവരെ എനിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. നിന്റെ നിഷ്കളങ്കത ഞാൻ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. നി ഇതിന് തയ്യാറാകില്ലായെന്ന് എനിക്കുറപ്പായിരുന്നു, അഥവാ തയ്യാറായാലും ഞാൻ സമ്മതിക്കിലായിരുന്നു. പണത്തിനും ശരീരസുഖത്തിനുമായി സ്വയം വിൽപ്പന ചരക്കായിമാറിയ ഒരു വേശ്യയാണ് ഞാൻ. ഞാൻ കാരണം മറ്റൊരുവന്റെ ജീവിതം ഇല്ലാണ്ടാകാൻ ഞാൻ സമ്മതിക്കില്ല." 

 അവനൊന്നും മിണ്ടിയില്ല. ഡെയ്സി പതിയെ എഴുന്നേറ്റ് ജനലിനടുത്തേക്ക് നീങ്ങി പുറത്തേക്കു നോക്കി നിന്നു. കുറച്ചപ്പുറത്തായി തെരുവ് വിളക്കിന് താഴെ ഒരു കാർ നിർത്തിയിട്ടിരിക്കുന്നു.  

"അവരാണ് നിന്നെ എന്റടുക്കലേക്കു പറഞ്ഞുവിട്ടത്.. അല്ലേ..?" 

 ഡെയ്സി ആ നിർത്തിയിട്ടിരുന്ന കാറിലേക്ക് നോക്കി ചോദിച്ചു. അവളുടെ പെട്ടെന്നുള്ള ആ ചോദ്യം വിനുവിൽ ഒരു ഞെട്ടൽ ഉളവാക്കി.  

"നിങ്ങൾക്കതെങ്ങനെ മനസ്സിലായി..?" 

വിറച്ചുകൊണ്ട് ജിജ്ഞാസയോടെ അവൻ ചോദിച്ചു. 

 "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആ കാർ എന്റെ പിറകെയുണ്ട്, നമ്മൾ കടപ്പുറത്തുനിന്ന് പുറപ്പെടുമ്പോൾ മുതൽ അത് നമ്മുടെ കൂടെ വരുന്നുണ്ടായിരുന്നു. ആ കാറും അതിനുള്ളിൽ ഉള്ളവരും എനിക്ക് അപരിചിതരല്ല. അവരുടെ ആവശ്യമെന്താണെന്നും എന്തിനാണ് നി എന്നെയും കൂട്ടി ഇവിടെ വന്നതെന്നും എനിക്കറിയാം. ഡെയ്സിയുടെ മറുപടി കേട്ട് അവനാകെ അമ്പരന്ന് പോയി. 

 "പിന്നെന്തിനാണ് നിങ്ങൾ എന്നോടൊപ്പം വന്നത്.. വരാതിരിക്കാമായിരുന്നില്ലേ..?  "

" ഞാൻ നിന്നോടൊപ്പം വന്നില്ലായിരുന്നുവെങ്കിൽ നഷ്ടം സംഭവിക്കുന്നത് നിനക്ക് മാത്രമായിരിക്കും, നിനക്ക് വേണ്ടി.. നിന്നെ  രക്ഷക്കാണ് ഞാൻ ഒപ്പം വന്നത്." 

വിനു ആകെ തളർന്നിരുന്നു. അവൻ പൊട്ടിക്കരഞ്ഞു. 

 "നിങ്ങളെപ്പോലൊരു സ്ത്രീ എന്തിനാണ് തികച്ചും അപരിചിതനായ എനിക്ക് വേണ്ടി ഇങ്ങനൊക്കെ ചെയ്യുന്നത്. "

" നിന്റെ കുടുബത്തിൽ നിന്നൊരാൾ എന്റെ വഴിയിലേക്ക് പിറവിയെടുക്കാതിരിക്കാൻ."  

"അപ്പോൾ നിങ്ങൾക്ക് എല്ലാമറിയാമല്ലേ...? എങ്ങനെ...?" 

 അവൻ വീണ്ടും ചോദിച്ചു. 

 "ആ കാറിലുള്ളവർ നിന്നെ സമീപിച്ചപ്പോൾ മുതൽ ഞാൻ നിന്നോടൊപ്പമുണ്ട്. അവർ എന്തിനാണ് നിന്നെ തേടി വന്നതെന്നും, എന്തുകൊണ്ടാണ് അവർക്കു വേണ്ടി നി വന്നതെന്നും എനിക്കറിയാമായിരുന്നു. ഇത്രയും പറഞ്ഞുകൊണ്ട് ഡെയ്സി കിടക്കയിലെക്കിരുന്നു. അവളുടെ കൈകൾ പതിയെ വിനുവിന്റെ ഇടുപ്പിലേക്ക് സഞ്ചരിച്ചു, ഷർട്ട് ഒരല്പം പൊക്കി മാറ്റി അവന്റെ ഇടുപ്പിന്റെ ചൂടേറ്ററങ്ങിയ ഒരു കൈതോക്ക് അവൾ എടുത്തു. പിന്നീടവൾ അതിനെ തന്റെ വിരിമാറിൽ ഒളിപ്പിച്ചു. വിനു എന്തോ പറയാനൊരുങ്ങി, ഡെയ്സി അതിനെ തടയിട്ടുകൊണ്ട് പറഞ്ഞു 

 "വേണ്ടാ....ഒന്നും പറയണ്ട. നമ്മുക്ക് പോകാം. നി എന്നെ അവരുടെ അടുക്കലേക്ക് എത്തിക്ക്."  

വിനു ഭയന്നു, ഭയത്താൽ അവന്റെ കൈകൾ വിറച്ചു. 

 "ഭയം വേണ്ടാ, നിനക്ക് ഒന്നും സംഭവിക്കില്ല. നിന്റെ കുടുംബത്തിന് ഒരാപത്തും സംഭവിക്കാൻ പോണില്ല. ഡെയ്സി വിനുവിനെ അനുനയിപ്പിച്ചു. അവർ ലോഡ്ജിനു പുറത്തേക്കിറങ്ങി ആ കാറിനെ ലക്ഷ്യമാക്കി നടന്നു. കാറിന് ഒരു നൂറ്മീറ്റർ മുന്നേ അവർ നിന്നു. 

 " ഇനി നി വരണമെന്നില്ല, തിരിച്ച് പൊയ്ക്കോളൂ. നിന്നെ അന്വേഷിച്ച് ആരും വരില്ല, നമ്മൾ ഇനി തമ്മിൽ കണ്ടെന്നും വരില്ല." 

ഇത്രയും പറഞ്ഞ് ഡെയ്സി കാറിനടുത്തേക്ക് നടന്നു. വിനു അവളെത്തന്നെ നോക്കി നിന്നു. കാറിനടുത്തെത്തിയപ്പോഴേക്കും അത് സ്റ്റാർട്ട് ചെയ്ത് നിർത്തി, പിറകിലെ ഡോർ തുറന്നു വന്നു, ഡെയ്സി അകത്തേക്ക് നോക്കി. കറുത്ത് രോമാവൃതമായ ഒരു കൈ അവളുടെ അരക്കെട്ടിൽ വന്നു വീണു, ആ കൈ അവളെ അകത്തേക്ക് കൊണ്ട് പോയി. കാറിന്റെ ഡോർ അടഞ്ഞു. ചീറിപ്പാഞ്ഞുകൊണ്ട് ആ കാർ മുന്നോട്ട് നീങ്ങി. ഇരുട്ട് വിഴുങ്ങിയ കാർ അപ്രത്യക്ഷമായി. കുറച്ചകലെയായി ഇരുട്ടിൽ മൂന്ന് തവണ വെടിയൊച്ച മുഴങ്ങികേട്ടു...!

COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ