കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by peeli_thewriter_girl.
Happy reading
'എങ്ങനെ ഇതൊക്കെയൊന്ന് മനസ്സിലാക്കും?'
അങ്കിൾ ഹോസ്റ്റലിന് വെളിയിലിറങ്ങി. കാറിൽ കയറി വളരെ വേഗത്തിലെങ്ങോട്ടോ പോയി. എങ്ങോട്ടായിരിക്കും പോയത്? ഇനി അയാളെ അങ്കിൾ അറിയുമോ? കൃഷ്ണേന്ദുവിന്റെ സംശയങ്ങൾ അവൾ സമയമൊട്ടും വൈകാതെ മേട്രനെയറിച്ചു. മേഘന ഉറങ്ങുകയായിരുന്നു. അവളെയുണർത്താതെ അടുത്ത റൂറൂമിൽ ഉള്ള ഒരു കുട്ടിയെ അവളെ
നോക്കാനേൽപ്പിച്ച് അവർ രണ്ടുപേരും മേട്രന്റെ കാറിൽ കയറി അങ്കിൾ പോയ വഴിയെ നീങ്ങി. ഒരു മിന്നൽ വേഗത്തിൽ ഇതെല്ലാമവിടെ സംഭവിച്ചു. മേട്രന് ആ മിസ്സിനെ അറിയാം. അങ്കിൾ പോയത് അവിടേക്കാണോ അല്ലയോ എന്നറിയില്ലെങ്കിലും അവർ മിസ്സിന്റെ വീട്ടിലേക്ക് പോവാൻ തീരുമാനിച്ചു. കൃഷ്ണേന്ദു മനസ്സിലുറച്ച് വിശ്വസിച്ചത് അങ്കിൾ അവിടേക്ക് തന്നെയാവും പോയതെന്നായിരുന്നു. അവർ വേഗത്തിൽ സഞ്ചരിച്ചു. മിസ്സിന്റെ വീടിന് മുന്നിലെ
ഗേറ്റിനടുത്തെത്തി. കൃഷ്ണേന്ദുവിന്റെ ഊഹം ശരിയായിരുന്നു. അങ്കിളിന്റെ
കാറതാ ആ വീട്ടുമുറ്റത്ത് കിടക്കുന്നു. മേട്രനും കൃഷ്ണേന്ദുവും കാറിൽ നിന്നിറങ്ങി. കൃഷ്ണേന്ദു പറഞ്ഞു.
"അങ്കിളിനിവരെ എങ്ങനെയറിയാമെന്ന് നമുക്ക് കണ്ടുപിടിക്കണം. ശബ്ദമുണ്ടാക്കാതെ പോകാം മാഡം" "ഓകെ. വരൂ ഇതുവഴി പോകാം"
മേട്രനും കൃഷ്ണേന്ദുവും ശബ്ദമുണ്ടാക്കാതെ അവരുടെ വീടിന്റെ സൈഡിലെ ജനാലയ്ക്കരികിലെത്തി. അകത്ത് സംസാരിക്കുന്ന ശബ്ദം കേൾക്കാം, കൃഷ്ണേന്ദു ശബ്ദമുണ്ടാക്കാതെ തുറന്ന് കിടന്ന ജനാലയിലൂടെ എത്തിനോക്കി. അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു. അങ്കിളും മിസ്സും തമ്മിൽ എന്തോ വഴക്ക് നടക്കുകയായിരുന്നു. അവൾ എന്താണെന്ന് കാതോർത്തു.
"നമ്മുടെ മകനെ വളർത്തുന്നതിൽ നീ വല്ലാത്ത പിഴവ് കാണിച്ചു. തെറ്റിൽ നിന്നും തെറ്റിലേക്ക് പോയ അവനെ നീ ശ്രദ്ധിച്ചില്ല. ഇന്നവനൊരു കൊലപാതകിയായിരിക്കുന്നു."
അങ്കിളിന്റെ ഈ വാക്കുകൾ കേട്ട് കൃഷ്ണേന്ദുവും മേട്രനും ഞെട്ടി.
"അങ്കിളിന്റെ മകനോ? അതിന് അങ്കിൾ വിവാഹം കഴിച്ചിട്ടില്ലല്ലോ? ഇതെങ്ങനെ?"
കൃഷ്ണേന്ദു മുൻവശത്തെ വാതിലിലൂടെ അകത്തേക്കു ചെന്നു.
"അങ്കിൾ"
അവൾ കുറച്ച് ദേഷ്യത്തോടെ വിളിച്ചു. കൃഷ്ണേന്ദുവിനെ കണ്ടതും അങ്കിൾ ഒന്ന് ഞെട്ടി.
"അങ്കിളും ഈ സ്ത്രീയും തമ്മിൽ എന്താണ് ബന്ധം? നിങ്ങളുടെ മകനാണല്ലേ ആ ദുഷ്ടനായ
കൊലപാതകി?"
കൃഷ്ണേന്ദുവിന്റെ കണ്ണുകളിൽ ദേഷ്യം സ്ഫുരിച്ചു.
"മോളെ നീ എങ്ങനെ ഇവിടെ? "
അപ്പോളേക്കും മേട്രനും അങ്ങോട്ടേക്ക് കടന്ന് വന്നു..
"നീ വിചാരിക്കുംപോലല്ല."
"വേണ്ട, അങ്കിൾ കൂടുതലൊന്നും പറയണ്ട. എനിക്കെല്ലാം മനസ്സിലായി."
"നീ സത്യമറിയണം. ഇവളെന്റെ ഭാര്യ തന്നെയാണ് വേറൊരു മോശമായ ബന്ധമല്ല."
"എന്നിട്ടെന്ത് കൊണ്ടിത് വീട്ടിൽ അറിയിച്ചില്ല, എന്തിന് ഒരു ബ്രഹ്മചാരിയായ് കഴിയുന്നത് പോലെ നടിച്ചു?"
"അത് മോളെ മന്ത്രവിദ്യകൾ അഭ്യാസിക്കുന്നവർ ബ്രഹ്മചര്യം സ്വീകരിക്കണമെന്ന് അമ്മാവന് നിർബന്ധമായിരുന്നു.. എന്നാൽ ഞാനും നീനയും തമ്മിൽ ചെറുപ്പം മുതൽ പ്രണയത്തിലായിരുന്നു. നാട്ടിൽ നിന്ന് ദൂരെ പഠിക്കാൻ പോവും മുന്നെ ആരുമറിയാതെ ഞങ്ങൾ വിവാഹം കഴിച്ചു. കത്തുകളിലൂടെ പിന്നീട് സംവദിച്ചു. എന്നാൽ കുറച്ചു മാസങ്ങൾക്കുശേഷം കത്തുകൾക്ക് മറുപടി വന്നില്ല. നീനയെ അന്വേഷിച്ചു നാട്ടിൽ എത്തിയപ്പോൾ അറിഞ്ഞത് അവർ
കുടുബത്തോടെ താമസം മാറിയെന്നാണ്. പിന്നീട് ഒരുപാട് അന്വേഷിച്ചു. കണ്ടെത്താനായില്ല. എന്നാൽ ഒരിക്കൽ ഒരു ആശുപത്രി വരാന്തയിൽ ഞങ്ങൾ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. അന്നവളുടെ കൂടെ ഒരു ചെറിയകുട്ടിയുണ്ടായിരുന്നു.
അവളുടെ മകൻ. എന്നാൽ അത് നമ്മുടെ മകനാണന്നവൾ പറഞ്ഞു. താൻ ഗർഭിണി ആണെന്നറിഞ്ഞ വീട്ടുകാർ നിർബന്ധിച്ച് ആ നാട്ടിൽ നിന്നു കൊണ്ടുപോയി. കുഞ്ഞിനെ നശിപ്പിക്കാൻ പറഞ്ഞു.
വേറെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ വീടുവിട്ടിറങ്ങി. ഒരു അഭയകേന്ദ്രത്തിൽ പ്രസവിച്ചു. കുറച്ച് വിദ്യാഭ്യാസമുള്ളത് കൊണ്ട് കുട്ടികളെ പഠിപ്പിച്ച് മുന്നോട്ട് പോകാരുന്നു.. കുഞ്ഞിനു വയ്യാതെ ആശുപത്രിയിൽ വന്നതായിരുന്നു അവൾ. വീട്ടിലേക്ക് കൊണ്ടുപോവാൻ
ധൈര്യമില്ലായിരുന്നു.. ഇവരെ ഒരു വീടെടുത്ത് താമസിപ്പിച്ചു. അവളുടെ പഠനം പൂർത്തിയാക്കി. അങ്ങനെ ഇവിടെ ടീച്ചറായ് ജോലി കിട്ടി.. ആ സമയത്തായിരുന്നു ഏറെ വൈകിയിട്ടും എതിർപ്പുകൾ അവഗണിച്ചും നിന്റെ അമ്മയുടെ വിവാഹം. ഇവരെ ഞാൻ ആരുടെയും
ശ്രദ്ധയിൽപെടാതെ അവിടെയെത്തിച്ചിരുന്നുവന്ന്. ഞങ്ങൾ നല്ലരീതിയിൽ തന്നെയാണവനെ വളർത്തിയത്. എന്നാൽ ചിലകൂട്ട്കെട്ടുകൾ അവനെ വഴിതെറ്റിച്ചു. എന്നാൽ ഒരിക്കലും അവനിങ്ങനെയൊരു തെറ്റ് ചെയ്യില്ല."
അങ്കിൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു നിർത്തി. കൃഷ്ണേന്ദു ഇതൊക്കെ കേട്ട് തരിച്ചുനിന്നു. ഒരു സിനിമാ കഥപോലുണ്ട്. അങ്കിൾ എന്തായാലും കള്ളം പറയില്ലല്ലോ!
"അങ്കിൾ, തെറ്റ് ചെയ്തിട്ടില്ലായെന്ന് നമുക്കെങ്ങനെ അറിയാം. മകനെ വിളിച്ചു ചോദിക്ക്." കൃഷ്ണേന്ദു പറഞ്ഞു.
"നീന... സിദ്ധാർഥ് എവിടെ?"
"അവൻ ഒരു മരണവീട്ടിൽ പോയിരിക്കുകയാണ്." നീന മറുപടി നൽകി.
"എവിടെ?"
"അത് കോച്ചിംഗ് സെന്ററിലെ ഒരു സാറ് മരിച്ചില്ലേ അവിടെ. അതവന്റെ കൂട്ടുകാരനായിരുന്നു."
"ഏഹ് , സുബിൻ സാറുമായി കൂട്ടോ?"
എവിടെയോ എന്തൊക്കെയോ കണക്റ്റഡ് ആയപോലെ കൃഷ്ണണേന്ദുവിന് തോന്നി. വൈദേഹിയുടെ മരണം, സുബിൻ സാറും സിദ്ധാർത്ഥമായുള്ള സൗഹൃദം, സുബിൻ സാറിന്റെ മരണം. എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഇപ്പോൾ ഇതെല്ലാം അവൾക്ക് വ്യക്തമായ ഒരു ചിത്രം നൽകുന്നു.
ഇനി വൈദേഹി എങ്ങനെ കൊല്ലപ്പെട്ടുവെന്നറിയണം. കൊലയാളിയെ ശിക്ഷിക്കണം. കൃഷ്ണേന്ദുവിന്റെ മനസ്സിൽ ഈ ചിന്തകളായിരുന്നു. ഒരു ബൈക്കിന്റെ ഹോൺ അവളുടെ ചിന്തകൾക്ക് ഭംഗം വരുത്തി.
"അത് സിദ്ധാർത്ഥിന്റെ വണ്ടിയുടെ ശബ്ദമാണ്. അവൻ വന്നു."