Story by Bobish MP.
Category- Horror.
Submitted to kathaweb on 26/12/2021. © All rights reserved
Happy reading
"നിനക്ക് സത്യത്തിൽ ഈ പ്രേതങ്ങളിൽ എല്ലാം വിശ്വാസമുണ്ടോ?"
എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ചോദ്യം എന്നെ വല്ലാതെ ചിന്തിപ്പിച്ചു.
"അതൊക്കെ ചുമ്മാ കെട്ടുകഥകൾ അല്ലേ അനിത "
"ഓക്കേ... എന്നാൽ ഞാനൊരു കാര്യം പറഞ്ഞാൽ നീ എന്നെ കളിയാക്കുമോ..."
"ഇല്ലെന്നേ നീ കാര്യം പറ..."
അവൾക്ക് എന്താണ് ഈ പ്രേതവുമായി ബന്ധപ്പെട്ട കഥ പറയാനുള്ളതെന്ന് ആലോചിച്ച് എനിക്ക് വല്ലാതെ ആകാംക്ഷയായി
"ഈ സംഭവം നിന്നോടല്ലാതെ വേറെ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല.. കാരണം ഇത് സത്യം ആണോ, അതോ എന്റെ തോന്നലാണോ എന്ന് ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല"
ഇത്രയും നേരം കണ്ട അനിതയുടെ മുഖഭാവം ആകെ മാറി.. അവൾ എന്തോ ഒരു സീരിയസ് ആയ കാര്യം പറയാൻ ഒരുങ്ങുകയാണെന്ന് മനസ്സിലായി.. ശബ്ദം താഴ്ത്തി കൊണ്ട് അവൾ തുടർന്നു...
"കുട്ടിക്കാലത്ത് പലപ്പോഴും രാത്രി ഞാൻ ഞെട്ടി ഉണർന്നു പോകുമായിരുന്നു.. പക്ഷേ ഒരു എട്ടാംക്ലാസ് ഒക്കെ ആയപ്പോഴാണ് അത് ശ്രദ്ധിക്കാൻ തുടങ്ങിയത്.. ഞാൻ ഞെട്ടി ഉണരാറുള്ളത് മിക്കപ്പോഴും കറുത്തവാവ് ദിവസത്തിൽ ആയിരിക്കും...
"അതുമാത്രമല്ല പുറത്ത് പലപ്പോഴും അതിശക്തമായ വേഗത്തിൽ എന്തോ ഒന്ന് സഞ്ചരിക്കുന്ന പോലെ അനുഭവപ്പെടാറുണ്ട്.. "
"അതെന്താണ്... നിനക്ക് ജനൽ തുറന്നുനോക്കികൂടെ..."
"ആദ്യമൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല.. തോന്നലാണെന്ന് കരുതി.. പക്ഷേ പിന്നീട് എനിക്ക് തോന്നി ഇതെന്താണെന്ന് കണ്ടുപിടിക്കണമെന്ന്... ഒരുദിവസം രാത്രി ഏകദേശം ഒരു മണി ആയി കാണും... ഇതേപോലെ ഞാൻ ഞെട്ടിയുണർന്നു... പുറത്തു നോക്കിയപ്പോൾ ആരോ നടന്നു പോകുന്ന പോലെ തോന്നി.. "
"കലണ്ടർ നോക്കിയപ്പോൾ മനസ്സിലായി അന്നും കറുത്തവാവ് ദിവസമാണ്... എനിക്ക് ഉള്ളിൽ എന്തോ ഒരു ഭയം തോന്നിത്തുടങ്ങി... അതുമാത്രമല്ല എനിക്ക് മനസ്സിലാവാത്ത ഏതോ ഒരു കിളിയുടെ ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു.. അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല, പക്ഷേ വല്ലാത്ത ഒരു ഭീകര അന്തരീക്ഷം സൃഷ്ടിക്കാൻ ആ ശബ്ദത്തിന് കഴിഞ്ഞു..."
ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ മുഖമാകെ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു... ആ മുഖത്ത് ഒരു ഭീതി നിഴലിച്ചിരുന്നു... അവൾ സൈഡ് ബാഗിൽനിന്ന് വാട്ടർബോട്ടിൽ എടുത്തശേഷം അൽപം വെള്ളം കുടിച്ചു... എന്നിട്ട് വീണ്ടും തുടർന്നു...
"സത്യം പറഞ്ഞാല് കിളിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ ധൈര്യമൊക്കെ ചോർന്നുപോയിരുന്നു...ചെറിയ ഒരു ടോർച്ച് ഉണ്ടായിരുന്നു .അത് ഞാൻ പുറത്തേക്ക് അടിച്ച് നോക്കിയപ്പോൾ കണ്ട കാഴ്ച എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല...
തൊട്ടടുത്ത മതിലിൽ ഒരു പെൺകുട്ടി പുറം തിരിഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു... ചുവന്ന ഒരു പട്ടുസാരി ആണ് അവൾ ധരിച്ചിരുന്നത്... മുടി വാരി ഒതുക്കുകയാണ് ..."
ഇവൾ എന്തൊക്കെയാണ് ഈ പറയുന്നത്.... ഞാൻ ആകെ കൺഫ്യൂഷനിലായി... ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനത്തെ ഒരു കാര്യം പറയുന്നത്.. എല്ലാം നിന്റെ തോന്നലാണെന്ന് അവളോട് പറയാൻ മനസ്സിൽ തോന്നിയിരുന്നു...
"അല്ലാ നീ അവളെ വീണ്ടും കണ്ടിട്ടുണ്ടോ..."
അവൾ പറഞ്ഞത് വിശ്വസിച്ച് എന്ന രീതിയിൽ ഞാനവളോട് ചോദിച്ചു...
"തീർച്ചയായും പലതവണ... ആ പെൺകുട്ടി പ്രത്യക്ഷപ്പെടുന്ന കൊണ്ടാണ് ഞാൻ ഞെട്ടി ഉണരുന്നത് എന്ന് എനിക്ക് മനസിലായി"
ഇവൾ എന്നെ കളിയാക്കാൻ വേണ്ടി തമാശ പറയുന്നതാണോ... പക്ഷേ അങ്ങനെയല്ല എന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി...
"അല്ല നീ വീട്ടുകാരോട് പറഞ്ഞില്ലേ..."
"ഇല്ല ആരോടെങ്കിലും പറഞ്ഞാൽ എനിക്ക് മാനസിക പ്രശ്നം ആണെന്ന് അവർ കരുതും.. പക്ഷേ നിനക്ക് എന്നെ സഹായിക്കാൻ കഴിയും..."
"ഞാനോ..? ഞാനെങ്ങനെയാണ് സഹായിക്കുക?"
ഈശ്വരാ ഈ പ്രശ്നത്തിൽ ഞാനും കുടുങ്ങുമോ.. വീണ്ടും ഞാനാകെ ചിന്തയിലായി...
"നിനക്ക് ഇന്ന് ക്ലബ്ബിന്റെ പരിപാടി ഉള്ളതല്ലേ... ഇന്ന് കറുത്തവാവ് ആണ്... ആ ശബ്ദം കേട്ടാൽ ഉടനെ ഞാൻ നിന്നെ വിളിക്കാം... നീ ആ സമയം എന്റെ വീട്ടിനടുത്ത് വരണം.. ജനലിനുള്ളിലൂടെ ഞാൻ പുറത്തേക്കു നോക്കുന്നുണ്ട്... നീയും ഞാനും ഒരുമിച്ച് ആ രൂപത്തെ കണ്ടാൽ അത് എന്റെ തോന്നലല്ല എന്നെനിക്ക് ഉറപ്പിക്കാം. ഇതിന്റെ പിന്നിലുള്ള രഹസ്യം എനിക്ക് എങ്ങനെയെങ്കിലും മനസ്സിലാക്കണം.. നിനക്ക് പേടി ഉണ്ടോ?"
വല്ലാത്ത ഒരു കുരുക്കിലാണ് അകപ്പെട്ടത് എന്ന് എനിക്ക് മനസ്സിലായി... ഇതെല്ലാം അവളുടെ തോന്നലായിരിക്കും എന്നെനിക്കുറപ്പാണ്... പക്ഷേ എന്നാലും എന്തോ ഒരു പേടി പോലെ.....
ക്ലബ്ബിന് അടുത്ത് നിന്ന് കഷ്ടിച്ച് ഒരു 300 മീറ്റർ നടന്നാൽ അനിതയുടെ വീടാണ്...അവിടം വരെ പോയി നോക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല... പറ്റില്ലെന്നു പറഞ്ഞാൽ പേടിച്ചിട്ടാണ് പിന്മാറിയെന്ന് അവൾ കരുതും.എന്താണെങ്കിലും ഉറ്റസുഹൃത്ത് അല്ലേ അവളെ സഹായിക്കാമെന്ന് തോന്നി...
"ഷുവർ അനിത.. നമുക്ക് നോക്കാം.. പിന്നെ ഈ പ്രേതങ്ങളും ഭൂതങ്ങളും ഒക്കെ സത്യമാണോ എന്ന് മനസ്സിലാക്കുകയും ചെയ്യാമല്ലോ... നീ വിളിച്ചാൽ മതി... പോവാൻ സമയമായി... ക്ലബ്ബിൽ കുറച്ചു കാര്യങ്ങൾ കൂടി ചെയ്യാനുണ്ട് "
എന്തോരു സീരിയസ് ആയ കാര്യം പറയാനുണ്ടെന്നും വായനശാലയുടെ അടുത്ത് പെട്ടെന്ന് വരണം എന്നും പറഞ്ഞ് അനിതയുടെ കോൾ വന്നതുകൊണ്ട് ക്ലബ്ബിൽ നിന്നിറങ്ങിയതാണ്... എന്തായാലും രാത്രി പോകാമെന്ന് വാക്ക് കൊടുത്തുകൊണ്ട് അവളും സന്തോഷത്തോടെ പിരിഞ്ഞു വീട്ടിലേക്ക് പോയി...
സമയം രാത്രി ഏകദേശം ഒരു മണി ആവാറായി.... അനിത വിളിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ കൂടി കരുതിയിരുന്നില്ല. പക്ഷേ പെട്ടെന്ന് വീടിനടുത്തേക്ക് വരണമെന്ന് പറഞ്ഞ് അവളുടെ കോൾ വന്നു. നാടകം തീരാറായിട്ടുണ്ട്. കഴിഞ്ഞതിനേക്കാൾ മികച്ചതായിരുന്നു ഇക്കുറി ക്ലബ്ബിന്റെ എല്ലാ പരിപാടികളും.
ആ ഒരു സന്തോഷത്തിൽ രാവിലെ അനിത പറഞ്ഞ എല്ലാ പേടിപ്പെടുത്തുന്ന കാര്യങ്ങളും എന്റെ മനസ്സിൽനിന്ന് മാഞ്ഞുപോയിരുന്നു... യാന്ത്രികം എന്നപോലെ ഞാൻ ആ ഇടവഴിയിലൂടെ മുകളിലേക്ക് നടക്കാൻ തുടങ്ങി... അകലെ ഒരു വീട്ടിൽനിന്ന് ചെറിയ ഒരു പ്രകാശം കാണാൻ കഴിഞ്ഞു... ആരോ ഒരാൾ... ചെറിയ ടോർച്ച് ആണെന്ന് മനസ്സിലായി... തീർച്ചയായും അത് അനിതയുടെ വീട് തന്നെ... പെട്ടെന്ന് ഇതാ അനിതയുടെ കോൾ.
"നീ വേഗം വാ അവൾ ഇവിടെത്തന്നെയുണ്ട്... എനിക്കുറപ്പാണ് അതൊരു യക്ഷിയാണ്...."
അവൾ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല.. എന്താണെങ്കിലും ഞാൻ മുൻകരുതലെന്ന നിലയിൽ നിലത്തുനിന്ന് ഒരു വടിയെടുത്തു.. ഇപ്പോൾ അനിതയുടെ വീടിന് അടുത്തെത്തി...
പക്ഷേ ആ ടോർച്ച് വെളിച്ചം ഇപ്പോൾ ഇല്ല... പെട്ടെന്ന് അനിതയുടെ കോൾ...
"എടാ എന്റെ ടോർച്ച് വർക്ക് ചെയ്യുന്നില്ല.. അവള് മതിൽ തന്നെയുണ്ട് നീ ലൈറ്റ് അടിക്ക്.. പേടിയാവുന്നു നീ സൂക്ഷിക്കണം..."
ഒക്കെ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു... എനിക്കാകെ പേടി വരാൻ തുടങ്ങി... കൈകാലുകൾക് ഒക്കെ എന്തോ ഒരു വിറയൽ അനുഭവപ്പെട്ടു... ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കി ഞാൻ അനിതയുടെ വീടിന് മുന്നിലെ മതിലിൽ അടിച്ചു.... പേടികൊണ്ട് എന്റെ കണ്ണിലാകെ ഇരുട്ട് കയറി.... ആയിരം കത്തികൊണ്ട് നെഞ്ചിൽ കുത്തുന്ന പ്രതീതി... അനിത പറഞ്ഞത് സത്യമാണ്.. അവിടെ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു... ചുവന്ന പട്ടുസാരിയുടുത്ത്.. ഇതെല്ലാം സ്വപ്നമാണോ.. ശബ്ദം പുറത്തുവരുന്നില്ല.... ഓടി രക്ഷപ്പെട്ടാലോ എന്നു തോന്നി...
"ഇത് ഞാനാണ്.."
ആ പെൺകുട്ടി പറഞ്ഞു... ആ ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടി.. അനിത..! പോയ ധൈര്യമൊക്കെ എനിക്ക് തിരിച്ചു വന്നു...അപ്പോൾ എന്നെ പറ്റിക്കാൻ വേണ്ടിയാണോ അവളീ വേഷമണിഞ്ഞു ഇവിടെ വന്നത്.. എനിക്ക് എന്റെ കോപം നിയന്ത്രിക്കാനായില്ല..
ദേഷ്യത്തോടെ ഞാൻ മുന്നോട്ടു ചെന്നപ്പോൾ മനസ്സിലായി അവൾ കരയുകയാണ്..
"എടാ നീ എന്നെ വിശ്വസിക്കു..ഞാൻ നിന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതല്ല.. സത്യമായിട്ടും ഇവിടെ ഒരു പെൺകുട്ടിയുണ്ടായിരുന്നു... ഞാൻ റൂമിൽ നിന്നാണ് നിന്നെ ഫോൺ വിളിച്ചത്.. പക്ഷെ പെട്ടെന്ന് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി... ഉണർന്നപ്പോൾ ഞാനീ മതിലിൽ മുകളിലാണ്.. എന്നെ വിശ്വസിക്കു.."
അതും പറഞ്ഞ് അവൾ പൊട്ടിക്കരയാൻ തുടങ്ങി..
അനിതക്ക് കാര്യമായി ഒരു മാനസിക പ്രശ്നം ഉണ്ടെന്ന് എനിക്ക് മനസ്സിലായി...
അവളെ സമാധാനിപ്പിച്ചു ഞാൻ വീട്ടിലേക്ക് അയച്ചു...ഭാഗ്യം അവളുടെ വീട്ടുകാരാരും ഈ സംഭവം ഒന്നും അറിഞ്ഞിരുന്നില്ല...പക്ഷേ അനിതയെ പോലെ മിടുക്കിയായ ഒരു പെൺകുട്ടിക്ക് ഈ ഒരവസ്ഥ വന്നത് ആലോചിച്ച് എനിക്ക് വളരെ വിഷമം തോന്നി
ആകെ ഒരു മൂഡ് ഓഫ് ആയതുകൊണ്ട് ഞാൻ പിന്നെ ക്ലബ്ബിലേക്ക് പോയിരുന്നില്ല.. രാത്രി വീട്ടിലേക്ക് പോന്നു... സമയം ഏകദേശം പുലർച്ചെ 3 മണിയോട് അടുത്തിരുന്നു... പെട്ടെന്നാണ് എന്തോ ഒരു വിചിത്രമായ, അനിത പറഞ്ഞ പോലെ എന്തോ ഒരു ഭീതിപ്പെടുത്തുന്ന കിളിയുടെ ശബ്ദം.. പുറത്താരോ അതിവേഗത്തിൽ നടക്കുന്ന പോലെ തോന്നി....ഞാൻ മൊബൈലിലെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി പുറത്തേക്കടിച്ചു.... അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.... അനിത എന്നെ വിളിച്ചത് ലാൻഡ് ഫോണിൽ നിന്നാണ്... അപ്പോൾ അത്രയും കുറഞ്ഞ സമയം കൊണ്ട് അവൾക്ക് മതിലിനു മുകളിൽ വന്നിരിക്കാൻ സാധിക്കുമായിരുന്നില്ല..
ആ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ ഞാൻ പുറത്തു കണ്ടു... വലിയ ഒരു സ്ത്രീരൂപം മതിലിനു മുകളിൽ ഇരുന്ന് മുടി ഒതുക്കുന്നു.... നല്ല ചുവന്ന പട്ടുസാരിയാണ് വേഷം...
(..അവസാനിച്ചു...)
കഥ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത്.കൂടാതെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. Thanks for reading.