ഒരു പ്രണയ കാലത്ത് | Malayalam audio story |


Authors

"Please use headset for better experience"

Story by Lisha

Copyright © kathaweb. Enjoy listening



പതിവുപോലെ ആ ഞായറാഴ്ചയും രാവിലെ അയാൾ അവിടേക്കെത്തി. തണൽമരങ്ങൾ നിഴൽ വീശുന്ന നടവഴിയോരത്തെ മരബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. പ്രഭാതസവാരിക്കിറങ്ങിയവർ പലരും ആ വഴി കടന്നു പോയി. ദൂരേക്ക് കണ്ണും നട്ട് അയാൾ മാത്രം ആരെയോ കാത്തിരുന്നു. ഏറെ വൈകാതെ ദൂരെ നിന്നും ഒരു സ്ത്രീരൂപം അടുത്തേക്കെത്തുന്നത് അയാൾ കണ്ടു. പണ്ട് ഇടവഴിയോരങ്ങളിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടായിരുന്ന നാണം ഇന്ന് ആ മുഖത്ത് കാണാനില്ല. എങ്കിലും സദാ കണ്ടു വരുന്ന ഐശ്വര്യം തുളുമ്പുന്ന പുഞ്ചിരിക്ക് ഇന്നും കോട്ടം തട്ടിയിട്ടില്ല. 

 അവർ അടുത്ത് വന്നതും ഇരുന്നതും അയാൾ ശ്രദ്ധിച്ചു. വൈകി വന്നതിന് ചൊടിക്കുമെന്ന് കരുതിയെങ്കിലും അയാൾ തീർത്തും ശാന്തനായിരുന്നു. മരബെഞ്ചിനു മുകളിൽ  ചേർത്തു വച്ചിരുന്ന കൈകൾക്കു മുകളിലേക്ക് അയാൾ തൻറെ കൈകൾ   വച്ചു. നേർത്ത ചുളിവുകൾ വീണു തുടങ്ങിയ കൈകൾ വിറക്കുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. അതേ... ഇരുവരെയും വാർദ്ധക്യം ബാധിച്ചു തുടങ്ങിയിരിക്കുന്നു. മധ്യവയസ്സിന്റെ അവസാനകാലങ്ങളിലേക്ക് എത്തിയിട്ടില്ലെങ്കിൽ കൂടിയും ജീർണിച്ചു തുടങ്ങിയ ഓർമ്മകളും പേറി നടക്കുന്നതിനാലാവാം ശരീരവും പ്രായത്തിനപ്പുറം ക്ഷീണം പ്രകടിപ്പിക്കുന്നത്. പ്രത്യേകിച്ച് ഒന്നും പറയാനില്ലാ തിരുന്നതിനാലോ ഹൃദയങ്ങൾ തമ്മിൽ പരസ്പരം മന്ത്രിച്ചു കൊണ്ടിരുന്നതിനാലോ അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു. 

 ഏറെ നേരത്തെ നിശബ്ദതയ്ക്കപ്പുറം അയാൾ തന്റെ കൈയ്യിൽ കരുതിയിരുന്ന പുതിയ പുസ്തകം അവളുടെ കൈയ്യിലേക്കു വച്ചു നൽകി. അല്ലെങ്കിലും പുസ്തകങ്ങളോട് അവൾക്ക് പണ്ടേ പ്രണയമായിരുന്നല്ലോ. പുതിയ പുസ്തകത്തിന്റെ ഗന്ധം ആസ്വദിച്ച് അത് തന്റെ നെഞ്ചിലേക്ക് ചേർത്തു. താൻ ഓമനിച്ചു വളർത്തിയ ഞാവൽമരത്തിൽ നിന്നും അയാൾക്കായി കൊണ്ടുവന്ന ഞാവൽപ്പഴങ്ങൾ സമ്മാനിച്ചു. പ്രണയത്തിന്റെ മധുരവും വിരഹത്തിൻറെ ചവർപ്പുമുള്ള ഞാവൽപ്പഴങ്ങളോട് അയാൾക്കുള്ള പ്രിയം അവൾക്ക് പണ്ടേ അറിവുള്ളതാണല്ലോ. അധികം വൈകാതെ കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് അവർ ഇരു ദിക്കിലേക്ക് നീങ്ങി. വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്കായുള്ള കാത്തിരിപ്പോടെ... 

 ഇരുപതിറ്റാണ്ടുകൾക്കു മുൻപേ ഹൃദയം കൊണ്ട് ഒന്നായവർ. മതത്തിൻറെ വേലിക്കെട്ടുകൾ വില്ലനായി വന്നപ്പോഴും കുടുംബക്കാർ ഒന്നടങ്കം എതിർത്തപ്പോഴും പ്രണയം കൈവിടാൻ അവർ ഒരുക്കമായിരുന്നില്ല. ഒരുമിച്ചൊരു ജീവിതത്തിന് തടസ്സങ്ങൾ ഏറെയെന്നറിഞ്ഞപ്പോഴും മതിൽക്കെട്ടുകൾക്കുള്ളിലും ആ പ്രണയം പന്തലിച്ചു. എതിർപ്പ് അറിയിച്ചവരൊക്കെയും മൺമറഞ്ഞപ്പോഴും തമ്മിൽ ചതിക്കാനോ ചതിക്കപ്പെടാനോ അനുവദിക്കാതെ പ്രണയത്തിൻറെ വേരുകൾ ആഴത്തിൽ പടർന്നിറങ്ങി. ഇങ്ങനെയും പ്രണയിക്കാമല്ലോ... ഒന്നുമൊന്നും പ്രതീക്ഷിക്കാതെ ...! 

 അങ്ങനെയൊരു ഞായറാഴ്ച ഏറെ കാത്തിരുന്നിട്ടും അവൾ എത്തിയില്ല. തന്നെ വിടാതെ പിന്തുടർന്നു കൊണ്ടിരുന്ന അസ്വസ്ഥത എന്തെന്നു തിരിച്ചറിഞ്ഞ പോലെ അയാളുടെ ഹൃദയം ക്രമാതീതമായി ഒന്നു മിടിച്ചു. ഉളളിൽ അലയടിച്ചുകൊണ്ടിരുന്ന ഗദ്ഗദത്തിൻറെ മുറവിളിയെന്ന പോലെ കണ്ണിൽ നിന്നും തീക്ഷ്ണമായ രണ്ടിറ്റു കണ്ണുനീർ പൊഴിഞ്ഞു. വേച്ചുതുടങ്ങിയ കാലടികളോടെ അയാൾ തിരികെ നടന്നു അടുത്ത ഞായറാഴ്ച പതിവുപോലെ താൻ കരുതി വച്ച പുതിയ പുസ്തകവുമായി അയാൾ നടന്നു തുടങ്ങി. ഏപ്രിൽ മാസത്തിൻറെ ലില്ലിപ്പൂക്കൾ വഴിയൊരുക്കിയ സെമിത്തേരിയിലേക്ക് അയാൾ കാലടികൾ വച്ചു. പ്രിയപ്പെട്ടവളുടെ കല്ലറക്കരികിൽ മുട്ടുകുത്തി. ഏറെ നേരത്തെ നിശബ്ദയ്ക്കു ശേഷം കരുതിവച്ച പുസ്തകത്തിന്റെ താളുകൾ മറിച്ചു. വിറയാർന്ന സ്വരത്തിൽ അവൾക്കായി വായിച്ചു തുടങ്ങി. ലില്ലിപ്പൂക്കളുടെ ഗന്ധം പേറിയൊരിളംകാറ്റ് മെല്ലെ അയാളെ കടന്നു പോയി. ബദാംമരങ്ങൾ ഇലകൾ കൊഴിക്കുകയും ഇണക്കുരുവികൾ അവർക്കായി പാടുകയും ചെയ്തു. അയാൾക്കായി മാത്രം പൂവിട്ടിരുന്ന ഞാവൽമരത്തിൽ നിന്നും അപ്പോഴും ഞാവൽപ്പഴങ്ങൾ അടർന്നു വീഴുന്നുണ്ടായിരുന്നു...!

COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ