നിധി | Malayalam audio story |


Authors

"Please use headset for better experience"

Story by Girish

Copyright © kathaweb. Enjoy listening



അടിയെന്നു പറഞ്ഞാൽ നല്ല പൊരിഞ്ഞ അടി. ഇന്നലെ രാത്രി ഒരു 8 മണിയോടെ തുടങ്ങിയതാണ്. അടി തുടങ്ങിയപ്പോ രഖുവിന്റെ  സംഘവും ഹുസൈന്റെ സംഘവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പൊൾ പത്മനാഭന്റെയും ജോണിയുടേയും  സംഘങ്ങളും ഉണ്ട്. പിന്നെ പേരറിയാത്ത ഒന്നുരണ്ടു സംഘങ്ങൾ വേറെയും .  മുളവടിയും , മടലും  ആയുധമാക്കി തുടങ്ങിയ അടി, രാവിലെ ആയപ്പോളേക്കും വെട്ടുകത്തിയിലേയ്ക്കും വടിവാളിലേയ്ക്കുമൊക്കെ വഴുതിമാറി. ഈ അടിയുടെ പിന്നാമ്പുറ കഥ വളരെ ഹ്രസ്വവും  എന്നാൽ കുറെ വർഷങ്ങൾ നീണ്ടതുമാണ്. ആ കരയിൽ  ഒരു വല്യ കോട്ടയുണ്ടായിരുന്നു. ആൾ താമസമില്ലാത്ത ആ കോട്ടയിൽ ഒരു നിധിശേഖരം ഉണ്ടെന്നു പറയപ്പെടുന്നു. അവകാശികൾ ഇല്ലാത്തതു കൊണ്ട് നാട്ടുകാർക്കിടയിൽ പല സംഘങ്ങളും ആ കോട്ടയുടെയും അവിടെ സൂക്ഷിച്ചിട്ടുണ്ടെന്നു പറയപ്പെടുന്ന നിധിയുടെയും പുറത്തു അവകാശം ഉന്നയിച്ചിരുന്നു. ഭയപ്പെടുത്തുന്ന കുറെ  കഥകൾ ആ കോട്ടയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നതുകൊണ്ട് ആരും അങ്ങോട്ട് കയറുവാൻ ധൈര്യപ്പെട്ടിരുന്നില്ല. മുമ്പ് പല അവസരങ്ങളിലും ഈ സംഘങ്ങൾ തമ്മിലുള്ള തർക്കം കൈയാങ്കളിയുടെ വക്കോളം എത്തിയിരുന്നു. കോട്ടയും നിധിയ്ക്കുമായി ബന്ധപ്പെട്ട ചർച്ചകൾ ആ നാട്ടുകാരുടെ ദിനചര്യയുടെ ഭാഗമായി മാറിയിരുന്നു. 

 എന്നാൽ ഇന്നലെ സന്ധ്യ കഴിഞ്ഞ് ആരുടെയോ ഫോണിൽ വന്നൊരു സന്ദേശമാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. ഹുസൈന്റെ സംഘം ആളെ കൂട്ടി കോട്ട പിടിച്ചടക്കാൻ പോകുന്നു . നാട്ടിൽ ഈ വാർത്ത കാട്ടുതീ പോലെ പടർന്നു. ഇതേ സന്ദേശം  സംഘത്തിന്റെ പേര് മാത്രം മാറ്റി മറ്റു സംഘങ്ങളിലും ആരോ പ്രചരിപ്പിച്ചിരുന്നു. ഹാലിളകിയതു പോലെ സംഘങ്ങളെല്ലാം കോട്ടയുടെ മുന്നിലേയ്ക്ക് പാഞ്ഞെത്തി. അനുരഞ്ജനത്തിനും ചർച്ചകൾക്കും ഉള്ള സമയം  കഴിഞ്ഞിരുന്നു. കാലങ്ങളായുള്ള വൈരം  അണപൊട്ടി ഒഴുകി. ഒരു പക്ഷേ കോട്ടയോടും നിധിയോടുമുള്ള അഭിനവേശത്തേക്കാൾ ആ വൈര്യമാണ് അവർ അക്രമത്തിനു പ്രചോദനമായത്. അവിടം രക്തക്കളമായി. നൂറുകണക്കിന് ആളുകൾ മരിച്ചു  വീണു. കുറേപ്പേർ അവിടെ നിന്ന് ഓടി രക്ഷപെട്ടു . ഉച്ചകഴിഞ്ഞപ്പോൾ അവിടെയെങ്ങും നിശബ്ദമായി. ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു. ശവശരീരങ്ങൾക്കിടയിൽ വന്നിരുന്ന ഒരാൾക്ക് ബോധം വന്നു. തലയിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. വേദന സഹിച്ച് അയാൾ എഴുന്നേറ്റ് കോട്ടയുടെ വാതിലിനു  നേരെ നടന്നു. ആ വലിയ കവാടം അകത്തുനിന്നു  പൂട്ടിയിരിക്കുകയായിരുന്നു. അയാൾ തന്റെ സർവശക്തിയുമെടുത്ത് കവാടത്തിൽ ആഞ്ഞടിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആ കവാടം ഇരുന്നു. താടിയും മുടിയും വളർന്നു ജടപിടിച്ചു നിൽക്കുന്ന പേടിപ്പെടുത്തുന്ന ഒരു രൂപം. 

"നിധി?" 

ആ രൂപം കണ്ട് പേടിച്ച അയാൾ ചോദിച്ചു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ആ രൂപം പറഞ്ഞു  

"അതൊക്കെ ഒരു വിശ്വാസം അല്ലേ ?  പക്ഷേ, പൂർണമനസ്സോടെ അന്വേഷിച്ചാൽ ചിലപ്പോൾ.."

മുഴുവൻ കേൾക്കാൻ നിൽക്കാതെ ആ രൂപത്തെ തട്ടി മാറ്റി നിധിയെടുക്കാനായി അയ്യാൾ കോട്ടയുടെ അകത്തേക്കോടി . "ആരെങ്കിലും വന്നു ഈ വാതിലിൽ തട്ടുന്ന കാലം വരെ നിനക്ക് സ്വസ്ഥമായി നിധി തിരയാം " പുറത്തേക്കു നോക്കിയാ രൂപം കണ്ടത് ശവ ശരീരങ്ങളുടെ നീണ്ട നിരയാണ് . വര്ഷങ്ങള്ക്കു മുൻപ് താൻ ഈ കോട്ടയിൽ കയറുന്നതിനു മുൻപ് കണ്ട അതെ കാഴ്ച . അയ്യാൾ ഊറി ചിരിച്ചു . കാലം ഇത്ര കഴിഞ്ഞിട്ടും ഒന്നിനും ഒരു മാറ്റവും ഇല്ല . ആ ശവ ശരീരങ്ങൾക്കിടയിലൂടെ അയ്യാൾ പുറത്തേക്കു നടന്നു .

COMMENTS

Name *

Email *

Write a comment on the story *

വളരെ പുതിയ വളരെ പഴയ