
Story by Sujin . Read by Basil Johny
Category- Thriller. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക .
"Please use headset for better experience"
ആളും ആരവങ്ങളും ഒഴിഞ്ഞു, രണ്ടു മാസത്തെ വേനലവധിക്ക് കോളേജ് അടച്ചു. ക്യാമ്പസും പീറ്ററും വീണ്ടും തനിച്ചായി.
"കുട്ട്യോളൊക്കെ പോയപ്പോ ആകെപ്പാടെ ഒരു വല്ലായ്മ, ഇനീപ്പോ രണ്ട് മാസം കഴിയണ്ടേ എല്ലാരേം ഒന്ന്
കാണാൻ"
കയ്യിൽ ഒരു ടോർച്ചും തെളിച്ച് ഒരു വടിയും പിടിച്ച് അയാൾ ആ ചുമരുകളോടും വരാന്തയോടും മരത്തിനോടുമൊക്കെ ഓരോന്നൊക്കെ സംസാരിച്ച് അവിടാകെ ചുറ്റി നടന്നു. മരങ്ങളിൽ എല്ലാം ഓരോ പേരുകൾ എഴുതി വച്ചിരിക്കുന്നത് കാണാം. നട്ടുപിടിപ്പിച്ചവരുടെയും നോക്കി വളർത്തിയവരുടെയും പേരിലായിരുന്നു ഓരോ മരങ്ങളും.
"എന്തായിരുന്നു കഴിഞ്ഞ ദിവസത്തെ ഒരു ആഘോഷം... ആട്ടവും പാട്ടും.... ഹോ... ഒരുത്സവം തന്നാർന്നു."
അയാൾ നടന്ന് നടന്ന് കാന്റീന്റെ അടുത്തുള്ള ഒരു ബഞ്ചിൽ
വന്നിരുന്നു.
"മടുത്തു.... ഇന്നിനി വയ്യ.... ഇനീപ്പോ നാളെതൊട്ട് ആരൂല്ലാന്ന് ഓർക്കുമ്പോ..... ശ്ശോ.... "
അയാൾ പതിയെ ആ ബഞ്ചിലേക്ക് കിടന്നു. എന്തൊക്കെയോ പിറുപിറുത്ത് അയാൾ ഉറക്കത്തിലേക്ക്
വീണു.
നിലാവെളിച്ചത്തിൽ കോളേജും പരിസരവും തിളങ്ങി നിന്നു. ചീവീടുകളുടെ കരച്ചിൽ മാത്രം.
പെട്ടെന്നൊരു സ്റ്റീൽ ഗ്ലാസ്സ് വന്ന് വീണ ശബ്ദം കേട്ട് പീറ്റർ ചാടി എഴുന്നേറ്റു.
"ഈ നാശം പിടിച്ച നായെ ഞാനിന്ന് തല്ലിക്കൊല്ലും .. "
അരിശം മൂത്തയാൾ ടോർച്ചും വടിയുമെടുത്ത് ശബ്ദം കേട്ട ഓഡിറ്റോറിയം കെട്ടിടത്തിന്റെ അടുത്തേക്ക് നടന്നു. നിലത്തുവീണ ഗ്ലാസ് അപ്പോഴും ചിലച്ചുകൊണ്ടേയിരുന്നു. അയാൾ ടോർച് തെളിച്ച് ചുറ്റിലും നോക്കി ഒന്നും കണ്ടില്ല.
"ശ്ശെടാ.... അതിനുമുന്നേ ഓടിപ്പോയോ.... ഇനീപ്പോ വല്ല കാറ്റോ മറ്റോ ആയിരിക്കുമോ...? ഏയ് അതിന് വഴിയില്ല. ഇതവൻ തന്നെയാ രാത്രി ആ
പൊളിഞ്ഞ മതിലിനിടയിലൂടെ കേറി വരുന്നതാ. ആ പ്രിൻസിപ്പലിനോട് ഞാൻ എത്ര തവണ പറഞ്ഞതാ ആ പൊളിഞ്ഞു കിടക്കുന്നതൊക്കെ ഒന്ന് കെട്ടാൻ.... "
അയാൾ വീണ്ടും ചുറ്റിലും ടോർച് തെളിച്ചു നോക്കി തിരിച്ചു നടന്നു. പെട്ടെന്നാണ് മറ്റൊരു ശബ്ദം അയാളുടെ ചെവിയിൽ പതിച്ചത്. കുതിരക്കുളമ്പടികൾ പോലെ ആരോ നടന്നു വരുന്ന ശബ്ദം. അതയാളുടെ തലക്കുമുകളിലൂടെ സഞ്ചരിച്ച് പടികളിറങ്ങി താഴേക്ക് വന്നു. പതിയെ അത് അടുത്തടുത്ത് വരാൻ തുടങ്ങി. അയാൾ ചുറ്റിലും നോക്കി, ആരെയും കണ്ടില്ല.
"ആരാ അവിടെ ? ....."
മറുപടി ഒന്നും ഉണ്ടായില്ല
"ആരാന്നല്ലേ ചോദിച്ചത്...
അയാളുടെ ശബ്ദം ഉയർന്നു.
അവിടമാകെ നിശബ്ദതയിൽ മുങ്ങി. അയാൾ മുന്നിലേക്ക് നടന്നു, ടോർച്ചിന്റെ വെളിച്ചത്തിൽ തൂണുകൾ മുന്നോട്ട് നീങ്ങി. അവിടെയെങ്ങും ആരെയും കണ്ടില്ല.
"ഇനീപ്പോ എനിക്ക് തോന്നിയതാകുമോ....?" അയാൾ ഒന്ന് സംശയിച്ചു
"അല്ല ഞാൻ കേട്ടതല്ലേ.....
അയാൾ തിരിഞ്ഞ് നടന്നു, പെട്ടെന്നൊരു ആൾരൂപം അയാളുടെ മുന്നിലൂടെ ഓടിപ്പോയി.
"ഡാ നിക്കെടാ അവിടെ....“
അയാൾ അലറി.
ഓടിപോയ ആൾരൂപത്തിന് പിറകെ അയാൾ സർവ്വ ശക്തിയുമെടുത്ത് ഓടി. ഓടി ഓടി
ഗ്രൗണ്ടിന് നടുവിലെത്തിയപ്പോ ആ രൂപം അവിടെ നിന്നു. പീറ്ററും ഓട്ടത്തിന്റെ വേഗതകുറച്ച് നിന്നു. അയാൾ ആ രൂപത്തിന് നേരെ ടോർച് തെളിച്ചു.
മുഴുവൻ കറുപ്പ് നിറത്താൽ ആവരണം ചെയ്ത വേഷം ധരിച്ച രൂപം. ആ രൂപം പീറ്ററിന് നേരെ തിരിഞ്ഞു. കണ്ണ് മാത്രം കാണാൻ പറ്റുന്ന രീതിയിൽ മുഖം മറച്ചിരിക്കുന്നു.പീറ്റർ ഒന്ന് ഭയന്നു. ധൈര്യം സംഭരിച്ചയാൾ വീണ്ടും ചോദിച്ചു..
"ആരാത്...???"
ആ രൂപം മുന്നിലേക്ക് അടിവച്ച് നടക്കുംതോറും പീറ്റർ പിന്നിലേക്ക് ചുവടുവച്ചു. പീറ്ററിന് പേടി കൂടി വന്നു.
"ആരാന്നല്ലേ ചോദിച്ചത് ..... ? "
വിറച്ചു കൊണ്ടായാൾ വീണ്ടും ചോദിച്ചു. അപ്പോഴും മറുപടി ഉണ്ടായില്ല. പിന്നിലേക്ക് നടന്ന പീറ്റർ ഒരു മരത്തിൽ തട്ടി നിന്നു. മുന്നിലേക്ക് വന്ന രൂപം ഒരുമീറ്റർ അകലെയായ് അയാൾക്ക് നേരെ വന്ന് നിന്നു.
"പീറ്റർ ......"
പീറ്ററുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു..
"ആരാണ് നീ....?"
"നീയെന്നെ ഇത്ര വേഗം മറന്നോ പീറ്റർ....?"
"ആരായാലും മറനീക്കി പുറത്ത് വാ....
പീറ്റർ ദേഷ്യം പൂണ്ട് അലറി, അയാൾ കയ്യിലിരുന്ന വടി ആ രൂപത്തിന് നേരെ എറിഞ്ഞു അയാൾ ഒഴിഞ്ഞു മാറി.
"എന്തു പറ്റി പീറ്റർ നിനക്ക് പേടി തോന്നുണ്ടോ..... ഞാൻ ആരെണെന്ന് അറിഞ്ഞാൽ നിന്റെ പേടിമാറുമെങ്കിൽ അങ്ങനെതന്നെയാകട്ടെ...."
അയാൾ മുഖത്തുനിന്നും ആ കറുത്ത തുണി അഴിച്ചു മാറ്റി. പീറ്റർ ടോർച് അയാളുടെ മുഖത്തേക്കടിച്ചു. ടോർച്ചിന്റെയും നിലാവിന്റെയും വെളിച്ചത്തിൽ ആ മുഖം പീറ്റർ വ്യക്തമായി കണ്ടു. അയാളുടെ മുഖത്ത് മുൻപത്തെക്കാളും ഇരട്ടിയിൽ ഭയം പ്രതിഭലിച്ചു.
"ക്രിസ്റ്റി ... ക്രിസ്റ്റഫർ..........!!!!"
അയാൾ പോലുമറിയാതെ അയാളുടെ നാവിൻതുമ്പിൽ ആ പേര് ഉച്ചരിച്ചു.
ക്രിസ്റ്റഫർ പൊട്ടിച്ചിരിച്ചു....
"അപ്പൊ നീയെന്നെ മറന്നിട്ടില്ല...."
ക്രിസ്റ്റി പീറ്ററിനടുത്തേക്ക് നടന്നടുത്തു. പീറ്റർ എന്ത് ചെയ്യണമെന്ന് പോലുമറിയാതെ അവിടെ നിന്നുപോയി. പീറ്ററിനടുത്തെത്തിയ ക്രിസ്റ്റി അരയിൽ നിന്നും അത്യാവശ്യം വലിപ്പമുള്ള ഒരു കത്തി പുറത്തെടുത്തു. നിലാവിന്റെ വെളിച്ചം അതിൽ തട്ടി പീറ്ററിന്റെ മുഖത്ത് വന്ന് വീണു. പീറ്ററിന്റെ കണ്ണുകൾ നിറഞ്ഞു, നെഞ്ചിടിപ്പ് കൂടി അയാൾ ആകെ വിയർത്തു വിറങ്ങലിച്ചു. ക്രിസ്റ്റി ആ കത്തി പീറ്ററിന്റെ മുടികളിലൂടെയും ശരീരത്തിലൂടെയും ഓടിച്ചു.
"നരയൊക്കെ വീണല്ലോ പീറ്ററെ...."
"ക്രിസ്റ്റി.... പ്ലീസ് എന്നെ ഒന്നും ചെയ്യരുത്, എനിക്കൊരു അബദ്ധം പറ്റിപ്പോയതാ.... നി ക്ഷമിക്കണം...
"
"ക്ഷമ.... അതെ അതിന് തന്നാണല്ലോ ഞാൻ വന്നത്, നിന്നോട് ക്ഷമിക്കാൻ, നിനക്ക് മാപ്പ് തരാൻ "
ക്രിസ്റ്റി ആ കത്തി പീറ്ററുടെ കഴുത്തിലേക്ക് വച്ച് മരത്തിലേക്ക് ചേർത്ത് നിർത്തി.
“പീറ്ററെ... നിനക്ക് മരം ഓർമ്മയുണ്ടോ...."
അപ്പോഴാണ് പീറ്ററും ആ മരം ശ്രദ്ധിച്ചത്, അതൊരു നെല്ലിമരം ആയിരുന്നു.
"താനുംകൂടെ ചേർന്നല്ലെടോ ഈ മരം ഇവിടെ നട്ടത്...
"
"ക്രിസ്റ്റി ... ഞാൻ......"
"മിണ്ടിപ്പോകരുത് താൻ..."
ക്രിസ്റ്റിയുടെ കണ്ണുകളിൽ കോപം ജ്വലിച്ചു അയാൾ പീറ്ററുടെ മുഖത്ത് ആഞ്ഞടിച്ചു.
"അവൾ കുഞ്ഞല്ലാരുന്നോ...... തന്നെ എന്ത് ഇഷ്ടാർന്നെടോ അവൾക്ക്. എന്നിട്ടും എങ്ങനെ തോന്നിയടോ... "
പീറ്റർ വിങ്ങിപൊട്ടി. അയാൾ തൊഴുകയ്യുകളോടെ ക്രിസ്റ്റിയുടെ മുന്നിൽ നിന്ന് മാപ്പപേക്ഷിച്ചുകൊണ്ടേയിരുന്നു.
"പന്ത്രണ്ട് വർഷങ്ങൾ.....സ്വന്തം സഹോദരിയെ ഭോഗിച്ച് കൊന്നവൻ എന്ന പേര് നീയെനിക്കു ചാർത്തി തന്നിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷങ്ങൾ കഴിയുന്നു. കോടതി എന്നെ ആജീവനാന്തം തടവിന് ശിക്ഷ വിധിച്ചപ്പോൾ നി ഒരിക്കലും കരുതിയില്ല ഒരിക്കൽ നിന്നെത്തേടി ഞാൻ വരുമെന്ന്. ആ കോടതി മുറിയിൽ എല്ലാം നേടിയവനെപ്പോലെ നിന്റെ മുഖത്ത് തെളിഞ്ഞ ആ ചിരി.... അതാ ഇന്ന് എന്നെ നിന്റെ മുന്നിലെത്തിച്ചത്. "
"ക്രിസ്റ്റി.. മോനെ വേണ്ടാ....അപ്പനൊരു അബദ്ധം പറ്റിയതാ.... ഒന്നും മനപ്പൂർവമല്ല. കള്ളും പുറത്ത് സംഭവിച്ച് പോയതാ... "
പീറ്റർ അയാളുടെ ജീവനുവേണ്ടി കെഞ്ചി.
“തെറ്റുകാരനല്ലാതിരുന്നിട്ടു പോലും അഴികളെണ്ണി പത്രണ്ട് കൊല്ലം ഞാൻ ജയിലിൽ കിടന്നു, ഇനിയുള്ള കാലം സന്തോഷത്തോടെ ഞാൻ അവിടെ കഴിയും. അപ്പനെ കൊന്നവൻ എന്ന കുറ്റബോധം ഒരംശം പോലും എനിക്കുണ്ടാകില്ല. "
മറുപടി പറയാൻ അവസരം നൽകാതെ ക്രിസ്റ്റി പീറ്ററിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. ദേഷ്യം തീരുവോളം ആ പച്ചമാംസത്തിൽ അയാൾ ആഞ്ഞു വെട്ടി. ചോരയിൽ കുളിച്ച് ആ നെല്ലിമരത്തിന് ചുവട്ടിൽ അയാൾ പിടഞ്ഞു വീണു. ചോരയിറ്റു വീഴുന്ന കത്തിയുമായി ക്രിസ്റ്റി ഇരുട്ടിലേക്ക് നടന്ന്
മറഞ്ഞു.
എവിടെനിന്നോ വന്ന കാറ്റിൽ നെല്ലിമരത്തിൽ തറച്ചുവച്ച ഒരു
ബോർഡ് ചലനമറ്റ പീറ്ററുടെ ശരീരത്തിൽ വന്ന് വീണു. ' കാതറിൻ '