കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by peeli_thewriter_girl.
Happy reading
ഇവിടെ വന്നിട്ടിന്ന് ഒന്നാം ദിവസം. വളരെ ശാന്തമായ അന്തരീക്ഷം, നല്ല കൂട്ടുകാർ. എന്തുകൊണ്ടും സന്തോഷം മാത്രം നിറഞ്ഞ ഒരു ദിവസമായിരുന്നുവിന്ന്. ആകെയൊരു സങ്കടം ആശ്രമത്തിലെ അമ്മമാരെ പിരിഞ്ഞതാണ്. കുഞ്ഞായിരിക്കുമ്പോൾ ആരാലോ ഉപേക്ഷിക്കപ്പെട്ടയെന്നെ പൊന്നുപോലെ നോക്കിയതവരാണ്. അവർക്കെന്നെ പിരിയാൻ ഇഷ്ടമുണ്ടായിട്ടല്ല.
ഇത്രയും ദൂരം പോയിവന്ന് പഠിക്കുന്നത് സാധ്യമല്ലെന്നറിവുള്ളതു കൊണ്ടാണ്. സിസ്റ്ററമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നു. എന്നെയിവിടെയാക്കി പോകുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. പാവം, എന്നെപ്പറ്റിയായിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്.
സിസ്റ്ററമ്മയെപോലെ എനിക്കിവിടെയൊരു ' മേട്രനെകിട്ടിയിരിക്കുകയാണ്. അവരെന്നോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ എന്തുകൊണ്ടാ ' എനിക്ക് നല്ല ആശ്വാസം തോന്നുന്നു. അവരോടെന്തോ വല്ലാത്ത ആത്മബന്ധം തോന്നുന്നു.
ഇത് വരെ കണ്ടിട്ടില്ലാത്ത തന്റെ അമ്മകൂടെയുള്ളതുപോലെ. വന്നപാടെ കിട്ടിയ കൂട്ട് വർഷയുടേതാണ്. കലപില ഇങ്ങനെ സംസാരിച്ചോണ്ടിരിക്കും. റൂംമേറ്റായി ഇവളെതന്നെ
കിട്ടിയത് നന്നായി. സമയം പോകുന്നതറിയില്ല. കക്ഷി ഇപ്പോൾ നല്ല ഉറക്കമാണ്. ഇല്ലേൽ ഈ ഡയറിയെഴുത്ത് പരിപാടി മുടക്കിയേനെ. വന്നപ്പോൾ തുടങ്ങിയ വർത്തമാനം
കുറച്ചു മുൻപാ ഒന്ന് നിർത്തിയെ. ഒരു വായാടി. ഇങ്ങനെയൊരു അനിയത്തികുട്ടിയുണ്ടാരുന്നേലെന്ന് പലപ്പോഴും പണ്ട് വിചാരിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു കൂട്ടുകാരിയെ കിട്ടിയങ്ങനെ. ഹർഷൻ ഇപ്പോളെന്തെടുക്കായിരിക്കും വല്ലാണ്ടവനെ മിസ്സ് ചെയ്യുന്നു. അവനും ഇങ്ങനെ തന്നായിരുക്കുവോ. ആദ്യമായ് അവൻ ആശ്രമത്തിൽ വന്നപ്പോൾ മുതൽ ഞാനായിരുന്നു അവന് കൂട്ട്.
സമപ്രായക്കാരായതുകൊണ്ടാണോയെന്തോ ഞങ്ങൾക്കൊരേ മനസ്സായിരുന്നു. അവനെ ഒന്ന് പിരിഞ്ഞപ്പോൾ നെഞ്ചിനുള്ളിൽ വല്ലാത്തൊരു വിങ്ങൽ.
ഇത്രേം നാൾ ഇങ്ങനെയൊന്നും തോന്നീട്ടില്ലല്ലോ. ഇപ്പോൾ എന്താണിങ്ങനെ. ആവോ...
എല്ലാ ആഴ്ചയും കത്തെഴുതണമെന്ന് സിസ്റ്ററമ്മയും ഹർഷനും പറഞ്ഞിട്ടുണ്ട്. അപ്പോളവനോട് ചോദിക്കണം.. എന്നെ നീ മിസ്സ് ചെയ്യുന്നുണ്ടോന്ന്.
സമയം 12 ആവുന്നു. നാളെ കോച്ചിംഗ് സെന്ററിലെ ആദ്യ ദിവസമാണ്. 'എങ്ങനെയാകുമോ...?' "കൃഷ്‌ണേന്ദു...."
ആ വിളി അവളെ ആ ഡയറിയുടെ ലോകത്ത് നിന്ന് പുറത്തുകൊണ്ടുവന്നു.
"മേട്രനോ? " അവരെ കണ്ടതും അവളാ ഡയറി ഒളിപ്പിക്കാൻ നോക്കി. കാരണം അത് അങ്കിളിന്റെയും മേട്രന്റെയും കൈയിൽ കിട്ടിയാൽ ചിലപ്പോൾ അവരതിലെ ഉള്ളടക്കം അവളോട് പറയണമെന്നില്ല. എന്നെ കരുതി അങ്കിൾ പലതും മറച്ചുവെയ്ക്കാം എന്ന ചിന്തയായിരുന്നു അവളുടെ മനസ്സുനിറയെ.
എന്നാൽ അവളൊളിപ്പിക്കാൻ നോക്കിയത് മേട്രൻ നേരത്ത തന്നെ കണ്ടു. അപ്പോളേക്കും അങ്കിൾ അവിടേയ്ക്ക് വന്നു. മേട്രൻ അങ്കിളിനോട് കൃഷ്‌ണേന്ദു ആ ഡയറി വായിക്കുവായിരുന്നുവെന്ന് പറഞ്ഞു. അങ്കിളത് അവളുടെ കൈയിൽ നിന്ന് മേടിച്ചു.
"അങ്കിൾ അതെനിക്ക് തരൂ എനിക്കത് മുഴുവൻ വായിക്കണം."
"മോളെ നിനക്കിത് വായിക്കാൻ ഞാൻ തരാം, എന്നാൽ ഇപ്പോൾ എനിക്കിത് വേണം. വൈദേഹിയുടെ മരണത്തിന് കാരണമായ എന്തെങ്കിലും ഒരു സൂചന അതിൽ നിന്ന് കിട്ടും."
"അത് അങ്കിളിനെങ്ങനെയറിയാം? "
അങ്കിൾ ആദ്യമൊന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.
"അവളതെന്നോട് പറഞ്ഞു?"
"ആരു വൈദേഹിയോ?"
"ഉം. അതെ"
"ഏഹ് അതെങ്ങനെ? അവളുടെ ആത്മാവാണോ പറഞ്ഞത്? "
കൃഷ്‌ണേന്ദു ചോദിച്ചു. അങ്കിൾ എന്തോ ആലോചനയിൽ മുഴുകിയെന്നിട്ട് പറഞ്ഞു.