കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by peeli_thewriter_girl
Happy reading
"മാളു നീയായിരുന്നോ!!! നീ എന്നെ പേടിപ്പിച്ചു കൊന്നേനെ "
"നീ എന്തിനാ കിച്ചു നിലവിളിച്ചേ?"
"പിന്നെ ഒന്നാമത് ആ ശബ്ദം കേട്ട് പേടിച്ച് വിറക്കുകയായിരുന്നു. അപ്പോളാ നിന്റെ ഒരു കെട്ടിപ്പിടുത്തം... "
"ഏഹ് ശബ്ദമോ... എന്ത് ശബ്ദം?"
"അപ്പോൾ നീ കേട്ടില്ലേ? "
"ഇല്ലല്ലോ."
"പോത്തുപോലെ കിടന്നുറങ്ങിയാൽ പിന്നെ എങ്ങനെ കേൾക്കാനാ".
"അതിന് ആരുറങ്ങി?"
മാളു അവളെ തറപ്പിച്ചു നോക്കി.
"പിന്നെ നീ അവിടെ മൂടിപുതച്ചു കിടന്നുറങ്ങല്ലാരുന്നോ? എത്ര തവണ നീ ഒന്ന് എണീറ്റിരുന്നേലെന്ന് ഞാനാഗ്രഹിച്ചു ."
"ഞാൻ കിടന്നൂന്നുള്ളത് നേരാ. പക്ഷേ ഉറങ്ങാൻ പറ്റുന്നില്ല. അതാ നിന്നെ കെട്ടിപ്പിടിച്ച് ഉറങ്ങാമെന്ന് കരുതിയിങ്ങ് വന്നേ. അപ്പോളാ നിന്റെ വക ഒരു ഒടുക്കത്തെ നിലവിളി. നീ എന്നെയും കൂടി
പേടിപ്പിച്ചല്ലോ!..."
മാളു പരിഭവം പറഞ്ഞു.
"അപ്പോ നീ ഉറങ്ങുവല്ലാരുന്നു എങ്കിൽ ആ ശബ്ദം കേട്ടിരിക്കുമല്ലോ?"
"എന്ത് ശബ്ദം? കുറെ നേരെയല്ലോ നീ തുടങ്ങിയിട്ട്,തെളിച്ചു പറ".
"മാളു നീ ഞാൻ പറയണ ശ്രദ്ധിച്ച് കേൾക്കണം."
കൃഷ്ണേന്ദു അവളെ അടുത്തിരുത്തി പറയാൻ തുടങ്ങി.
"അതൊരു പെൺകുട്ടിയുടെ കരച്ചിലായിരുന്നു. ഏങ്ങലടിച്ചുള്ള കരച്ചിൽ. ജനലിലാരോ വന്ന് തട്ടി. ഞാൻ ശരിക്കും പേടിച്ചു. "
ടും ടും...
"അയ്യോ ദേ വീണ്ടും കേൾക്കുന്നു."
കിച്ചു ഒച്ചവെച്ചു.
"എടീ പൊട്ടി അത് ജനലിലല്ല അത് വാതിലിലാ...വാ പോയി നോക്കാം".
മാളു ചെന്ന് വാതിൽ തുറന്നു.
"മേട്രനോ... എന്താ മേട്രൻ?"
"ഇവിടെ നിന്നൊരു നിലവിളി കേട്ടല്ലോ .എന്താ ഇവിടെ പ്രശ്നം?"
മേട്രൻ ചോദിച്ചു. ഈ മേട്രന് ഉറക്കമില്ലേ...മാളു മനസ്സിലോർത്തു.
"അതൊന്നുമില്ല മേട്രൻ. കിച്ചു... അല്ല കൃഷ്ണേന്ദു ഒരു സ്വപ്നം കണ്ട് പേടിച്ചെണീറ്റതാ".
മേട്രൻ റൂമിലേക്ക് നോക്കി കൃഷ്ണേന്ദുവിന്റെ മുഖം വല്ലാതെ പേടിച്ചരണ്ടതായിരുന്നു. എന്നാൽ അതേ സമയം മാളു എന്തിനാണ് ഇതൊരു സ്വപ്നമാണെന്ന് പറഞ്ഞതെന്നായിരുന്നു അവളുടെ ചിന്ത. മേട്രൻ അവളുടെ അടുത്ത് ചെന്നിരുന്നു.
"പ്രാർത്ഥിച്ചിട്ടൊക്കെ കിടക്കൂ കുട്ടി. ഒന്നിനെയും പറ്റി കൂടുതൽ ചിന്തിക്കാതിരിക്കുക. പ്രത്യേകിച്ച് ഇവിടെ നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതുമായ കാര്യങ്ങളെപ്പറ്റി ചിന്ത കുറയ്ക്കുക."
ഇതും പറഞ്ഞ് മേട്രൻ അവരുടെ കഴുത്തിലെ കൊന്തയൂരി കൃഷ്ണേന്ദുവിന്റെ കൈയിൽ കൊടുത്തു.
"ഇത് വച്ചോളു നിനക്കുപകരിക്കും".
മേട്രൻ അവിടെ നിന്ന് പോയി. മാളു വാതിലടച്ചിട്ട് കൊന്തയിലേക്ക് തന്നെ നോക്കിയിരുന്ന കൃഷ്ണേന്ദുവിനെ തട്ടി വിളിച്ചു.
"എന്താ നീ ഇത്ര ആലോചിക്കുന്നത്?മേട്രൻ ഇപ്പോപറഞ്ഞത് നീ കേട്ടില്ലേ... ഒന്നിനെപറ്റിയും ആലോചിക്കരുത്."
"മാളു നീ ഞാൻ പറയണത് വിശ്വസിക്ക്. ഇതൊന്നും എന്റെ സ്വപ്നമോ തോന്നലോ ഒന്നുമല്ല സത്യമായിട്ടും ആ കരച്ചിൽ ഞാൻ കേട്ടതാണ്."
മാളു എന്തോ അതൊന്നും കാര്യമായെടുത്തില്ല .അനുഭവിക്കുമ്പോൾ മാത്രമേ അവൾക്ക് പലതും വിശ്വാസമായിരുന്നുള്ളൂ. കൃഷ്‌ണേന്ദുവിനെ വിഷമിപ്പിക്കേണ്ടന്ന് കരുതി അവൾ പറഞ്ഞു.
"നീ ടെൻഷനാവണ്ട. ശരി അതൊരു കരച്ചിലാണെന്ന് തന്നെ ഇരിക്കട്ടെ, അതുകൊണ്ട് നമുക്ക് എന്താ പ്രശ്നം?"
"അതെന്താണെന്ന് നിനക്കറിയണമെന്ന് തോന്നുന്നില്ലേ മാളു? "
"കിച്ചു നീ മേട്രൻ പറഞ്ഞ കാര്യങ്ങളോർക്കുക. നമ്മൾ കൂടുതൽ അന്വേഷിക്കാൻ നിക്കണ്ട,അതാ നല്ലത്. നീ കിടന്നുറങ്ങാൻ നോക്ക് ".
ഈ വാക്കുകൾക്കൊന്നും കൃഷ്ണേന്ദുവിനെ സമാധാനിപ്പിക്കാൻ കഴിയുമായിരുന്നില്ല. അവളുടെ മനസ്സിന്റെ ചിന്ത ഒരേ ഒരു ദിശയിലേക്കായിരുന്നു. വൈദേഹി...
അവളായിരിക്കുമോ? ആത്മാക്കൾ ഭൂമിയിലുണ്ടെന്നല്ലേ അങ്കിൾ പറഞ്ഞിട്ടുള്ളത്. അവളുടെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നുകൂടി.
"കിച്ചു, നീ എന്ത് ഓർത്തോണ്ടിരിക്കാ. രാവിലെ ക്ലാസ്സള്ളതാ.കിടന്നുറങ്ങാൻ നോക്ക് പെൺകൊച്ചെ." "അല്ല മാളു, മേട്രൻ എങ്ങനെ ഈ സമയത്ത് ഇവിടെ? അവര് രണ്ടുവീടപ്പുറത്തല്ലേ വാടകയ്ക്ക് താമസിക്കുന്നത്. പിന്നെ ഈ നേരത്ത് ഇവിടെ?"
"അത് നേരാണല്ലോ... നിലവിളികേട്ട് വന്നുന്ന് പറഞ്ഞു . ഞാനത് ഓർത്തില്ല.
മാളവിനും എന്തോയൊരു സംശയം തോന്നി. പക്ഷേ അവളത് കാര്യമാക്കിയില്ല.
" Something Fishy" കൃഷ്ണേന്ദു പറഞ്ഞു.
"അവളുടെ ഒരു Fishy..മര്യാദയ്ക്ക് കിടന്നുറങ്ങ്.. "
മാളു അവളെ വഴക്കിട്ടു. ഞാനുമുണ്ട് കൂടെ, ഇനി പേടിച്ച് അലറണ്ടായെന്ന് പറഞ്ഞവൾ ചേർന്ന് കിടന്നു. കൃഷ്‌ണേന്ദുവിന്റെ മനസ്സിപ്പോഴും പഴയ ടോപ്പിക്കിൽ തന്നെ നിൽക്കുന്നു.
വൈദേഹി...അവളായിരിക്കുമോ? നാളെ എന്തായാലും ആ ജനലുകൾക്കപ്പുറം പോയ് നോക്കണം. ആ മരവുമൊന്നു കാണാം. അങ്കിളിനോടൊന്ന് സംസാരിച്ചാലോ? കുറച്ച് ആശ്വാസം കിട്ടും. പണ്ടും അവൾക്കിതുപോലുള്ള പേടികൾ വന്നാൽ അവളുടെ ഡോക്ടർ എപ്പോഴും അങ്കിളാണ്.
എല്ലാം ശരിയാവുമെന്ന് അങ്കിൾ പറഞ്ഞാൽ പിന്നെ അവൾ ഓക്കെയാണ്. - എന്തൊക്കെയോ ചിന്തിച്ചുകൂട്ടി എപ്പോഴോ അവളുറങ്ങി.
രാവിലെ എല്ലാവരുടെയും ബഹളം കേട്ടാണവളുണർന്നത്. തൊട്ടടുത്ത് മേഘനയെ കാണുന്നില്ല. എല്ലാകുട്ടികളും എങ്ങോട്ടോ ഓടുകയാണ്. എന്താണ് സംഭവം? അവൾ പടികളിറങ്ങി അവർ പോയ വഴിയിലൂടെ താഴേക്കിറങ്ങി. താഴേക്കിറങ്ങവേ പടികളിൽ രക്തത്തുള്ളികൾ!...
"ചോരയോ? എന്താ പറ്റിയെ"?
കൃഷ്ണേന്ദു എന്തുപറ്റിയെന്നറിയാതെ പടികൾ ഓടിയിറങ്ങി. ഹോസ്റ്റൽ മുറ്റത്ത് വല്ലാത്ത ആൾക്കൂട്ടം. "എന്താ പറ്റിയത്?"
"എത്ര നല്ല ആളായിരുന്നു. എന്തിനാ ഇങ്ങനെ ചെയ്തത്? എന്തായാലും വീട്ടുകാർക്ക് പോയി." ഇങ്ങനെയുള്ള സംസാരങ്ങൾ അവളെ കൂടുതൽ ഭയപ്പെടുത്തി. മാളുവിനെ കാണുന്നില്ലല്ലോ... കൃഷ്ണനു ആൾക്കൂട്ടത്തിനിടയിലൂടെ മുന്നിലേക്ക് നടന്നു. മുന്നിലെത്തിയതും അവൾ ഞെട്ടിത്തരിച്ചു.അവളുടെ കണ്ണുകളിൽ ഇരുട്ട് കേറി.