Story by Girish Babu
Category- Mystery
Submitted to kathaweb on 28/12/2021. © All rights reserved
Happy reading
ഒരാൾക്ക് രണ്ടു ജീവിതമുണ്ട്. ആന്തരികമായും ബാഹ്യമായും ഉള്ള രണ്ടു ജീവിതങ്ങൾ.. ചിലരുടെ, ഒന്നിനോടു മറ്റൊന്ന് ചേർന്ന് കിടക്കുന്നു. ചിലരുടേത്, രണ്ടും തീർത്തും വിഭിന്നമായിരിക്കും.
തിരിച്ചു കാറിൽ വീട്ടിലേക്കു വരും വഴി ഈ ചിന്ത ആയിരുന്നു എന്റെ മനസ്സിൽ. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ ഗേറ്റ് ന്റെ അടുത്ത് കാത്ത്നിൽക്കുക ആയിരുന്നു. പുറകിൽ അച്ഛനും.
അമ്മയുടെ വക അടക്കി പിടിച്ച ഒരു ചീത്തവിളിയും കിട്ടി.
“ഇത്രയും രാവിലെ എവിടെ പോയേക്കുകയായിരുന്നു ” അമ്മ ചോദിച്ചു.
ആരോടും മറുപടി പറയാതെ ഞാൻ മുറിയിലേക്ക് പോയി. നേരെ കുളിക്കാനായി ബാത്‌റൂമിലേക്കും കയറി. ഷവറിൽ നിന്ന് തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ ചില പഴയ ഓർമ്മകൾ തെളിഞ്ഞു വന്നു. ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ആണ് ഒരു ദിവസം ഹരി വളരെ ആവേശത്തോടെ എന്നോട് ഒരു സ്വകാര്യം പറയുവാൻ വന്നത് .എന്നെ വിളിച്ചു ക്ലാസിനു പുറത്തേക്കു കൊണ്ടുപോയി. ആവേശത്തോടൊപ്പം ഒരു ചെറിയ ചളിപ്പും അവനുണ്ടായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള ഒരാളായിരുന്നു ഹരി. ഇത് വരെ അവന്റെ മുഖത്ത് അധികം കാണപ്പെടാത്ത ഈ ജാള്യത എന്നെ ചെറുതായൊന്നു അത്ഭുതപ്പെടുത്തി.
“ഡാ.. ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു.. ഭയങ്കര സുന്ദരി ആയൊരു പെണ്ണ് എന്നോട് കുറെ നേരം സംസാരിച്ചു. അവസാനം എന്നെ ഇഷ്ടമാണെന്നു പറഞ്ഞു…
പക്ഷേ ഞാൻ മറുപടി പറയാൻ പോകുന്നതിനു മുന്നേ സ്വപ്നത്തിൽ നിന്ന് എണീറ്റു . ”
“..ഇതിനു മുന്നേ ഞാൻ ആ പെൺകുട്ടിയെ കണ്ടിട്ടില്ല.. നമ്മുടെ സ്കൂളിൽ അങ്ങനെ ഒരു ആളെയില്ല .. നീ അവളെ കണ്ടെത്താൻ ഒന്ന് സഹായിക്കണം”
നീ സ്വപ്നത്തിൽ കണ്ട പെണ്ണിനെ എനിക്ക് എങ്ങനെ മനസിലാകാനാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എന്തും വെട്ടിത്തുറന്നു പറയാറുള്ള നീ സ്വപ്നത്തിൽ കണ്ട പെണ്ണിനെ എനിക്ക് എങ്ങനെ മനസിലാകാനാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എന്തും വെട്ടിത്തുറന്നു പറയാറുള്ള അവനോടു എനിക്ക് ചെറിയ വിധേയത്വം കലർന്ന പേടിയുണ്ട് . അതുകൊണ്ട് ഞാൻ ചോദിച്ചില്ല.
തുടർന്നുള്ള ദിവസങ്ങളിൽ അവൻ ആ പെൺകുട്ടിയെ കുറിച്ച് വിവരിച്ചു തരുമായിരുന്നു.. കണ്ണുകൾ മൂക്ക് ചെവി അങ്ങനെയെല്ലാം വർണിക്കും.
ആ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നു അര മണിക്കൂർ അതെ ഇരിപ്പു കട്ടിലിൽ ഇരുന്നത് അവൻ എത്രയോ തവണ എന്നോട് പറഞ്ഞിരിക്കുന്നു.
തടിച്ചു ഇരുണ്ട നിറമുള്ള അവനെ ഒരു സുന്ദരി ഇങ്ങോട്ട് ഇഷ്ടമാണെന്ന് പറയുന്നത് കുറച്ചു കടന്ന കയ്യല്ലേ എന്ന് അന്ന് ആലോചിച്ചിരുന്നു. പക്ഷെ മുൻപേ സൂചിപ്പിച്ച ആ പേടി ഈ സംശയവും ചോദിക്കാൻ അനുവദിച്ചില്ല.
കുറച്ചു മാസങ്ങൾ ഇത് തുടർന്നു. എനിക്ക് ബോറടിച്ചു തുടങ്ങി ഈ വിഷയം. ചില കല്യാണങ്ങൾക്കോ മറ്റോ പോകുമ്പോൾ ആ രൂപ സാദൃശ്യം ഉള്ള ഒരു പെൺകുട്ടിയെ കണ്ട കഥ പറയും .. പക്ഷെ സ്വപ്നത്തിലെ പെൺകുട്ടി ആണെന്ന് ഉറപ്പിച്ചു പറയാനും പറ്റില്ല- എന്ന രീതിയിൽ ഉള്ള സംഭവങ്ങൾ ഇടക്കിടെ നടക്കാറുണ്ടായിരുന്നു.
ഈ സ്വപ്നത്തിന്റെ സ്വാധീനത്തിലായിരുക്കും അവൻ ചിത്രകല പഠിക്കാൻ അവധി ദിവസങ്ങളിൽ പോയി തുടങ്ങിയത് .
ഈ കഥകളിൽ നിന്നും രക്ഷപെടാൻ ഞാൻ താൽപര്യക്കുറവ് ചെറുതായി പ്രകടിപ്പിച്ചു തുടങ്ങി.
അതെന്തായാലും ഫലം കണ്ടു. ആ സ്വപ്നത്തെ കുറിച്ചുള്ള സംസാരം ഞങ്ങൾക്കിടയിൽ കുറഞ്ഞു വന്നു.
കാലങ്ങൾ കടന്നുപോയി.. പത്താം ക്ലാസ്സ് കഴിഞ്ഞു ഞാൻ മറ്റൊരു സ്കൂളിലേക്ക് മാറി.
ആ കാലം വരെയും ആത്മാർത്ഥ സുഹൃത്തുക്കളായിരുന്ന ഞങ്ങൾ അതിനു ശേഷം വല്ലപ്പോഴും ഉള്ള ഫോൺ കോളുകളിൽ മാത്രമായി ഞങ്ങളുടെ ബന്ധം ചുരുക്കി.
അടുത്തടുത്ത കോളേജുകളിൽ ആണ് എഞ്ചിനീറിംഗിന് പഠിച്ചതെങ്കിലും ഞങ്ങൾ തമ്മിൽ കണ്ടത് വളരെ വിരളമായിട്ടായിരുന്നു.
ഗുവാഹത്തിയിൽ ജോലി ലഭിച്ചു അവിടെ ഒറ്റപെട്ടു താമസിക്കുന്ന സമയത്താണ് പഴേ സുഹൃത്തുക്കളെ വിളിക്കുന്ന ഒരു ശീലം തുടങ്ങിയത്.
അങ്ങനെ വർഷങ്ങൾക്കു ശേഷം ഞാൻ ഹരിയെ വിളിച്ചു.
പഴയ സുഹൃത്ത് ബന്ധത്തിന്റെ യാതൊരു അവിശേഷിപ്പുകളും ഇല്ലാത്ത ഒരു സംഭാഷണം ആയിരുന്നു അന്ന് നടന്നത്.
ഞങ്ങൾ വളരെ അധികം അകന്നുപോയിരിക്കുന്നു. ഫേസ്ബുക്കിൽ ഹരി വരച്ച ചില ചിത്രങ്ങൾ ഇടയ്ക്ക് കാണുന്നതല്ലാതെ അവനെ വിളിക്കാനോ അവനെ പറ്റി മറ്റു സുഹൃത്താകളോട് സംസാരിക്കാനോ ഞാൻ പിന്നെ ശ്രമിച്ചില്ല. എന്റെ കല്യാണം വിളിക്കാനാണ് ഞാൻ അവനെ അവസാനമായി വിളിക്കുന്നത്. ഒരു മാസം മുൻപ്. ഗുവാഹത്തിയിൽ മലയാളിയായ സീനിയർ ഉദ്യോഗസ്ഥന്റെ മകളാണ് വധു, ആലപ്പുഴയിൽ എന്റെ വീടിന്റെ അടുത്ത് ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹം, തുടങ്ങിയ വിശദംശങ്ങൾക്കപ്പുറം ഞങ്ങളുടെ സംഭാഷണം നീണ്ടു നിന്നില്ല. വരുമെന്ന് അവൻ പറഞ്ഞു.
ഇന്നലെ ആയിരുന്നു കല്യാണം. കല്യാണത്തിനും വൈകിട്ട് നടന്ന റിസെപ്ഷനും അവനെ കണ്ടില്ല. റിസപ്ഷനു വന്ന മറ്റു സുഹൃത്തുക്കളിൽ ഒരാളോട് casual ആയി ഹരിയെ പറ്റി അന്വേഷിച്ചിരുന്നു.പക്ഷെ അവന് ഹരിയെ കുറിച്ച് അറിവുണ്ടായിരുന്നില്ല.
റിസപ്ഷൻ കഴിയാറായപ്പോൾ ശക്തമായ മഴയായിരുന്നു.
വീട്ടിൽ തിരിച്ചെത്തി ബന്ധുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആരോ വന്നു പറഞ്ഞത് ഒരു കൂട്ടുകാരൻ കാണാൻ വന്നിട്ടുണ്ടെന്ന്.
ഹരി ആയിരുന്നു അത്. മഴയിൽ കുളിച്ചു നിൽക്കുകയാണ് അവൻ.
” ഡാ.. സോറി.. ഞാൻ മറന്നേ പോയി.. റിസപ്ഷൻ ന്റെ ഫോട്ടോസ് fb ഇൽ കണ്ടപ്പോള ഓർമ വന്നേ.. നേരെ ഇങ്ങോട്ട് ഇറങ്ങി”
വല്യ താടി ഒക്കെ വെച്ച് ഒരു ആജാനബാഹു ആയി അവൻ മാറിയിരുന്നു.
ഞാൻ റീനയെ വിളിച്ചു ഹരിയെ പരിചയപ്പെടുത്തി. അവൻ ഞങ്ങളോട് കുറച്ചു നേരം സംസാരിച്ചിട്ട് മടങ്ങി..
ഇന്ന് രാവിലെ 7 മണിയോടെ സ്കൂളിലെ സുഹൃത്ത് സജിത്ത് വിളിച്ചു. ഒരു നടുക്കുന്ന വാർത്തയാണ് അവൻ പറഞ്ഞത്.
ഹരി ആത്മഹത്യ ചെയ്തു.
വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. ഇന്നലെ അവനെ കണ്ടതിൽ നിന്നും എന്തെങ്കിലും ഒരു പ്രശ്നം അലട്ടിയതായി തോന്നിയിരുന്നില്ല.
എനിക്ക് ഹരിയുടെ വീട്ടിലേക്കു പോകാൻ തോന്നിയില്ല. പക്ഷെ സജിത്ത് എനിക്ക് വാട്സാപ്പിൽ അയച്ച ഒരു ഫോട്ടോ കണ്ടപ്പോൾ എനിക്ക് പോകാതിരിക്കാൻ സാധിച്ചില്ല.
എന്നെ കണ്ടപ്പോൾ തന്നെ ആൾക്കൂട്ടങ്ങളുടെ ഇടയിൽ നിന്ന് മാറ്റി നിറുത്തി സജിത്ത് ചോദിച്ചു
” നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ.. വരണ്ടാന്നു ഞാൻ പറഞ്ഞതല്ലേ ”
സജിത്ത് ഒന്ന് അടങ്ങിയതിനു ശേഷം തുടർന്നു.
” പിന്നെ ഞാൻ അയച്ച ഫോട്ടോ ശ്രദ്ധിചിരുന്നോ . അതിൽ ഒരു ഡേറ്റ് കാണാം. . കഴിഞ്ഞ കൊല്ലം ജൂണിലെ ആണ്.. ഇതുപോലെ പല സമയത്തെ പടങ്ങൾ ഉണ്ട് ”
ഞാൻ വല്ലാത്ത ഒരു അവസ്ഥയിലേക്കെത്തി. സജിത്ത് എന്നോട് തിരിച്ചുപോയ്ക്കൊള്ളാൻ പറഞ്ഞു.. ആ സമയം ഹരിയുടെ മൃതശരീരം പുറത്തേക്കെടുക്കുക ആയിരുന്നു. ദൂരെ നിന്ന് കണ്ടതേ ഉള്ളു. തിരിച്ചു നടന്നു കാറിൽ കയറി വീട്ടിലേക്കു തിരിച്ചു.
ചിന്തകളിലും ഓർമകളിലും വിഹരിച്ചു സമയം പോയതറിഞ്ഞില്ല.
ബാത്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ റീന കണ്ണാടിയുടെ മുന്നിൽ നിന്ന് മേക്കപ്പ് ചെയ്യുകയായിരുന്നു.
“എവിടെക്കാ രാവിലെ തന്നെ പോയെ ”
അവൾ ചോദിച്ചു.
മറുപടി ഒന്നും പറഞ്ഞില്ല.
കുറച്ചുകഴിഞ്ഞു ഞാൻ ചോദിച്ചു..
“റീന ആദ്യമായിട്ടല്ലേ ആലപ്പുഴയിൽ വരുന്നത്? ”
“അതേല്ലോ.. ”
നാടുമായുള്ള ബന്ധം വല്ലപ്പോഴും കണ്ണൂര്, റീനയുടെ അച്ഛന്റെ വീട്ടിൽ വരുന്നത് മാത്രേ ഉള്ളു എന്ന് കല്യാണത്തിന് മുന്നേയുള്ള സംസാരത്തിൽ അവൾ പറഞ്ഞതായി ഓർക്കുന്നു.
അപ്പോളാണ് അവൾ കണ്ണാടിയിൽ നിന്ന് എന്റെ മുഖം ശ്രദ്ധിച്ചത്. ഒന്നും പറയാനാവാതെ സ്തബ്ധനായി നിൽക്കുന്ന എന്നെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു.
ഹരി വരച്ച പോട്രെയ്റ്റിലെ സുന്ദരിയുടെ അതെ മുഖം.. അതെ ചിരി..